ബിജെപിയ്ക്ക് ഇനി ബില്ല് പാസാക്കാന്‍ മുന്നണിക്ക് പുറത്തുള്ളവര്‍ കനിയണം; രാജ്യസഭയിലും ബിജെപിയുടെ 'മൃഗീയ ഭൂരിപക്ഷ' കണക്കുകള്‍ വീണു

ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം വീണതിന് പിന്നാലെ രാജ്യസഭയിലും ബിജെപിയുടെ അപ്രമാദിത്യത്തിന് കോട്ടം തട്ടികഴിഞ്ഞിരിക്കുന്നു. രാജ്യസഭയിലെ ഭൂരിപക്ഷത്തിന് ഇപ്പോള്‍ 12 അംഗങ്ങളുടെ എണ്ണത്തിന്റെ കുറവാണ് ബിജെപിയ്ക്കുള്ളത്. നാല് നോമിനേറ്റഡ് എംപിമാര്‍ വിരമിച്ചതോടെ ബിജെപിയുടെ അംഗബലം 86 ആയും പാര്‍ട്ടി നയിക്കുന്ന എന്‍ഡിഎയുടെ അംഗബലം 101 ആയും കുറഞ്ഞു. 245 അംഗ രാജ്യസഭയില്‍ നിലവിലെ ഭൂരിപക്ഷം 113 ആണ്. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊണാല്‍ മാന്‍സിംഗ്, മഹേഷ് ജഠ്മലാനി എന്നീ ബിജെപി എംപിമാരാണ് കാലാവധി പൂര്‍ത്തിയാക്കിയത്. രാജ്യസഭയുടെ നിലവിലെ അംഗബലം എന്നത് 225 ആണ്.

പ്രതിപക്ഷം രാജ്യസഭയില്‍ കരുത്താര്‍ജ്ജിക്കുന്നതോടൊപ്പം ഇനി അപ്പര്‍ ഹൗസില്‍ ബില്ലുകള്‍ പാസാക്കിയെടുക്കലെന്നത് ബിജെപിയ്ക്ക് പണ്ടത്തെ പോലെ പ്രതിപക്ഷത്തെ ഇറക്കി വിട്ടു നടത്താന്‍ സാധിക്കുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയ്ക്ക് 87 ആണ് രാജ്യസഭയിലെ അംഗബലം. പ്രതിപക്ഷ മുന്നണിയുടെ 87 അംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്നില്‍ അണിനിരക്കും. ഈ 87ല്‍ അതില്‍ കോണ്‍ഗ്രസിന് 26 എംപിമാരുണ്ട്. ബംഗാള്‍ ഭരിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 13 എംപിമാരും തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്ക്ക് 10 എംപിമാരുമുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കും 10 എംപിമാര്‍ രാജ്യസഭയിലുണ്ട്.

ബിജെപിയുമായോ ഇന്ത്യ മുന്നണിയുമായോ നിലവില്‍ സഖ്യത്തിലില്ലാത്ത കക്ഷികളുടെ തീരുമാനം രാജ്യസഭയില്‍ നിര്‍ണായകമാകുമെന്ന് ചുരുക്കം. എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ്, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ അടക്കം പാര്‍ട്ടികളുടേയും സ്വതന്ത്ര നോമിനേറ്റഡ് എംപിമാരുടേയും എണ്ണമാണ് ബാക്കിയുള്ളത്. ഇനി ബില്ല് പാസാക്കാന്‍ ഇവരടക്കം കനിയാതെ ഏകപക്ഷീയ നീക്കങ്ങള്‍ നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും കഴിയില്ല എന്നതാണ് ഈ കണക്കിലെ കളികളുടെ പ്രത്യേകത.

പണ്ട് മോദി കി ഗ്യാരന്റി മോദി സര്‍ക്കാര്‍ എന്ന് പറഞ്ഞയിടത്ത് നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്‍ഡിഎ സര്‍ക്കാര്‍ എന്ന് പറയിപ്പിച്ച പോലെയാണ് രാജ്യസഭയിലേയും കാര്യം. സഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാരിന് ഇനി ആശ്രയം എന്‍ഡിഎ ഇതര കക്ഷികളെയാണെന്ന് ചുരുക്കം. തമിഴ്നാട്ടിലെ മുന്‍ സഖ്യകക്ഷിയായ എഐഎഡിഎംകെയും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമെല്ലാം കനിഞ്ഞാലെ സഭയിലെ ബില്ല് പാസാക്കല്‍ ബിജെപി വിചാരിക്കുന്ന പോലെ നടക്കൂ.

ബിജെപിയ്ക്ക് 86 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ മറ്റ് എന്‍ഡിഎ പാര്‍ട്ടികളുടെ എംപിമാരുടെ 15 വോട്ടുകള്‍ കൂടി ബിജെപിക്ക് നിലവില്‍ തങ്ങളുടെ വോട്ടായി കണക്കാക്കാന്‍ കഴിയും. എന്നാല്‍ പിന്നേയും ഭൂരിപക്ഷത്തിന് കുറഞ്ഞത് 13 എംപി വോട്ടുകള്‍ കൂടി ആവശ്യമാണെന്നതാണ് സാഹചര്യം. വൈഎസ്ആര്‍സിപിയ്ക്ക് 11ഉം അണ്ണാഡിഎംകെയ്ക്ക് 4ഉം സീറ്റുകള്‍ രാജ്യസഭയിലുണ്ട്. ആന്ധ്രയില്‍ ടിഡിപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ബിജെപിയ്ക്ക് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയുടെ പിന്തുണ എളുപ്പമല്ല. പ്രതികാര രാഷ്ട്രീയമാണ് ചന്ദ്രബാബു നായിഡുവിന്റേതെന്ന ആക്ഷേപവുമായി പല നിയമനടപടികളും നേരിടുന്ന ജഗനും പാര്‍ട്ടിയ്ക്കാരും നായിഡുവിനനൊപ്പം ഭരിക്കുന്ന ബിജെപിയ്ക്ക് ഈസി വാക്കോവറിന് അവസരം കൊടുക്കില്ലെന്ന് കരുതാം. കാരണം രാഷ്ട്രീയമായി അത് സംസ്ഥാനത്ത് അവരെ ദുര്‍ബലപ്പെടുത്തു. അണ്ണാഡിഎംകെയാകട്ടെ തമിഴ് നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്താണ് സഖ്യം വിട്ടത്. അവരും കൈയ്യഴിഞ്ഞ് ബിജെപിയെ സഹായിക്കുമെന്ന് കരുതാനാവില്ല.

ഒഡീഷയില്‍ ബിജെപി പുറത്താക്കി അധികാരം നേടിയ നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും മോദിയോടും കൂട്ടരോടും ഇതുവരെ കാട്ടിയ പച്ചക്കൊടി ഇനി കാണിക്കില്ല. ബിജെഡിയ്ക്ക് 9 എംപിമാരാണ് സഭയിലുള്ളത്. 12 നോമിനേറ്റഡ് സ്വതന്ത്ര അംഗങ്ങള്‍ രാജ്യസഭയിലുണ്ട്. ഇവരെ നാമനിര്‍ദേശം ചെയ്തത് സര്‍ക്കാരായതിനാല്‍ അവര്‍ക്ക് ബിജെപി സര്‍ക്കാരിനോട് ഒരു കൂറുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

20 സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ 11 സീറ്റ് ലോക്‌സഭയിലേക്ക് മല്‍സരിച്ച് ജയിച്ചവരുടെ ഒഴിവിലുള്ളതാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സീറ്റുകള്‍ മഹാരാഷ്ട്ര, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. രണ്ട് സീറ്റുകള്‍ വീതമാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളത്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളില്‍ ഒരു സീറ്റിലേക്കും തിരഞ്ഞെടുപ്പുണ്ടാകും. ജമ്മു കശ്മീരില്‍ 4 സീറ്റുകളിലും ഒഴിവുണ്ട്. ഇതില്‍ എത്ര സീറ്റ് ബിജെപിയ്ക്ക് പിടിക്കാനാകുമെന്നതിന് അനുസരിച്ചാണ് രാജ്യസഭയിലെ ഇനിയുള്ള പോരാട്ടം.