തമ്മില്‍തല്ലിയും കാലുവാരിയും മാറ്റമില്ലാതെ വടക്ക് വെടക്കായി കോണ്‍ഗ്രസ്

2024ന്റെ ചൂണ്ടുപലകയാകുമോ എന്ന ചോദ്യം ഉയര്‍ത്തിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലേക്ക് എത്തിയത്. ഫലപ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ തെലങ്കാന എന്ന തെക്കന്‍ തുരുത്ത് ഒഴിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ നിലംതൊടാനായില്ല കോണ്‍ഗ്രസിന്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും തിരഞ്ഞെടുപ്പിലേക്ക് നടക്കുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു. കാലങ്ങളായി കൈമോശം വന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തുടര്‍ഭരണ ചരിത്രത്തില്‍ ഭൂപേഷ് ബാഗല്‍ എന്ന കോണ്‍ഗ്രസുകാരന്‍ മാറ്റം കൊണ്ടുവരുമെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത് പോലത്തെ പോരാട്ടമാണ് ഛത്തീസ്ഗഢില്‍ ബിജെപി മുന്നോട്ട് വെച്ചത്.

കേവലഭൂരിപക്ഷവും കഴിഞ്ഞ് മധ്യപ്രദേശില്‍ ബിജെപി നടത്തുന്ന സ്വപ്‌നതുല്യ മുന്നേറ്റം 2018ല്‍ മധ്യപ്രദേശും രാജസ്ഥാനും പിടിച്ച കോണ്‍ഗ്രസിന് കണ്ടുനില്‍ക്കാനേ കഴിയുന്നുള്ളു. പലതും കൊണ്ടും നിര്‍ണായകമായിരുന്നു കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഈ തിരഞ്ഞെടുപ്പ്. പ്രാദേശിക നേതാക്കളുടെ അപ്രമാദിത്വത്തെ വകവെയ്ക്കാതെ കേന്ദ്ര ഓപ്പറേഷനിലാണ് ബിജെപി രാജസ്ഥാനിലും മധ്യപ്രദേശിലും ഇറങ്ങി കളിച്ചതെങ്കിലും പ്രാദേശിക നേതാക്കളുടെ ഭീഷണിയില്‍ വഴങ്ങി നില്‍ക്കാനെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞുള്ളുവെന്നതിന്റെ അടിവരയിടല്‍ കൂടിയാണ് മധ്യപ്രദേശ് – രാജസ്ഥാന്‍ ഫലങ്ങള്‍.

കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഉറപ്പായും പിടിക്കുമെന്ന് പറഞ്ഞ മധ്യപ്രദേശ് കോണ്‍ഗ്രസിന് ജ്യോതിരാതിദ്യ സിന്ധ്യ ബ്രിഗേഡിന്റെ അഭാവത്തില്‍ അപ്രാപ്യമെന്ന് ഉറപ്പാക്കുകയായിരുന്നു ചമ്പരന്‍ മേഖലയിലെ തിരിച്ചടി. സിന്ധ്യയെ പിണക്കി ബിജെപി പാളയത്തിലേക്ക് വിട്ടത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നല്ലൊരു വിഭാഗം വോട്ടര്‍മാരെ ഇല്ലാതാക്കിയെന്ന് വ്യക്തമാക്കുന്നുണ്ട് ഇന്നത്തെ ഫലസൂചനകള്‍. 2018ല്‍ ജ്യോതിരാതിദ്യ സിന്ധ്യയുടെ ചിറകിലേറി വിജയിച്ചെത്തിയ ശേഷം കമല്‍നാഥിന്റെ മുഖ്യമന്ത്രി കസേരയുടെ പേരില്‍ പണിയെടുത്ത സിന്ധ്യയേയും കൂട്ടരേയും എക്‌സിപീരിയന്‍സിന്റെ പേരില്‍ മാറ്റി നിര്‍ത്തി പണി വാങ്ങിയ കോണ്‍ഗ്രസ് രാജസ്ഥാനിലും അതേ മണ്ടത്തരമാണ് കാണിച്ചത്. അന്ന് സിന്ധ്യ പോയ പോലെ സച്ചിന്‍ പൈലറ്റ് ബിജെപി പാളയത്തിലേക്ക് പോയില്ലെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലെ കസേര കളിയില്‍ തുടര്‍ഭരണ പ്രതീക്ഷയുണ്ടായിരുന്ന രാജസ്ഥാനും കോണ്‍ഗ്രസിന് ഇപ്പോള്‍ നഷ്ടമായി.

കടല്‍ക്കിഴവന്‍മാര്‍ക്ക് വേണ്ടി പാര്‍ട്ടിയ്ക്കുള്ളില്‍ പണിയെടുത്ത യുവരക്തങ്ങളെ തള്ളിക്കളയുന്ന പതിവ് പണിയില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി നിലംപരിശായെന്ന് അടിവരയിടുകയാണ് ഡിസംബര്‍ 3ന്റെ ഫലങ്ങള്‍. രാജസ്ഥാനില്‍ മുഖ്യമന്ത്രി കസേരയില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ മാറ്റിനിര്‍ത്തിയപ്പോള്‍ 2018ല്‍ ഒന്നടങ്കം കോണ്‍ഗ്രസിനെ പിന്തുണച്ച ഗുജ്ജര്‍ വിഭാഗം പാര്‍ട്ടി തങ്ങളെ ചതിച്ചുവെന്ന് കരുതി. അതിന് ശേഷം ഗുജ്ജര്‍ സമുദായത്തെ അനുനയിപ്പിക്കാനോ ചതിക്കപ്പെട്ടുവെന്ന മുറിവുണക്കാനോ കോണ്‍ഗ്രസിനായില്ല എന്ന് വ്യക്തമാക്കി രാജസ്ഥാനിലെ ആദ്യഘട്ടം മുതലുള്ള ഫലസൂചന. സച്ചിന്‍ പൈലറ്റ് വിഭാഗം തിരഞ്ഞെടുപ്പില്‍ വലിയ ആവേശം കാണിക്കാതെ മടിച്ചപ്പോള്‍ മുഖ്യമന്ത്രി കസേര തന്നേ വിട്ടു പോകില്ലെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ അശോക് ഗെഹ്ലോട്ടും ടീമും കിണഞ്ഞു പരിശ്രമിച്ചിട്ടും രാജസ്ഥാന്‍ ഒപ്പം നിന്നില്ല. മൂന്ന് പതിറ്റാണ്ടായി തുടര്‍ഭരണം നല്‍കില്ലെന്ന ചരിത്രമുള്ള രാജസ്ഥാന്‍ ബിജെപി നേടിയത് വലിയൊരു പിടിച്ചെടുക്കല്‍ അല്ല. പക്ഷേ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയില്‍ നരേന്ദ്ര മോദി ബ്രാന്‍ഡ് ഷോയാണ് പരമപ്രധാനമെന്ന അരക്കിട്ട് ഉറപ്പിക്കല്‍ കൂടിയാണ് മധ്യപ്രദേശ്- രാജസ്ഥാന്‍ ഫലങ്ങള്‍.

ബിജെപിയുടെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവെന്ന ചരിത്രമുള്ള ശിവ് രാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാതെ നരേന്ദ്ര മോദി മുന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. മോദിക്ക് വോട്ട് ചെയ്യൂവെന്നതായിരുന്നു മുദ്രാവാക്യം. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ ചൗഹാന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടായിരുന്ന മധ്യപ്രദേശില്‍ 150ന് മേലെ പായുന്ന ബിജെപി ലീഡ് നില വ്യക്തമാക്കുന്നത് മോദിക്ക് വോട്ട് കിട്ടിയെന്ന് തന്നെയാണ്. ആരേയും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാതെ ചൗഹാനെ വെട്ടിയൊതുക്കി നിര്‍ത്തി നരേന്ദ്ര മോദി ബ്രാന്‍ഡ് ഷോയില്‍ മധ്യപ്രദേശ് ബിജെപി പിടിക്കുമ്പോള്‍ പുതിയൊരു മുഖ്യമന്ത്രിക്ക് കളമൊരുങ്ങുന്നുവെന്ന് വ്യക്തം.

രാജസ്ഥാനിലും മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ വെട്ടിയൊതുക്കിയാണ് തിരഞ്ഞെടുപ്പിലേക്ക് നരേന്ദ്ര മോദിയും സംഘവും കടന്നത്. വസുന്ധര ക്യാമ്പ് ഇടഞ്ഞുനിന്നെങ്കിലും മെരുക്കിയെടുത്ത് തിരഞ്ഞെടുപ്പിലേക്ക് നടന്ന ബിജെപി അവിടേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. മോദിയ്ക്കായി വോട്ട് എന്നതായിരുന്നു രാജസ്ഥാനിലും ബിജെപി രാഷ്ട്രീയം. അതില്‍ ബിജെപി വിജയിച്ചുവെന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കരുത്തരാക്കി കഴിഞ്ഞു. എങ്ങനെയാവും ഹിന്ദി ഹൃദയഭൂമി പ്രതികരിക്കുക എന്നതിന്റെ ഉദാഹരണമായി തന്നെ മധ്യപ്രദേശിനേയും രാജസ്ഥാനേയും കാണേണ്ടി വരും. നരേന്ദ്ര മോദി എന്ന ബ്രാന്‍ഡിന് ഇനിയും തിരഞ്ഞെടുപ്പ് ബിജെപിയ്ക്കായി ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുമെന്ന പരീക്ഷ പരീക്ഷണത്തോടെ പാസാക്കിയെടുത്തിരിക്കുകയാണ് ബിജെപി.

കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് – രാജസ്ഥാന്‍- ഛത്തീസ്ഗഢ് ഓവര്‍ കോണ്‍ഫിഡന്‍സില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളല്ല 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നിശ്ചയിക്കുക എന്ന് പറഞ്ഞ ബിജെപി കേന്ദ്രനേതൃത്വം ഈ അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിനെ ഒരു ടെസ്റ്റായി മാത്രമാണ് കണ്ടത്. പ്രാദേശിക നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള ബിജെപിയുടെ പരീക്ഷണശാലയായിരുന്നു മധ്യപ്രദേശും രാജസ്ഥാനും. ശിവ് രാജ് സിങ് ചൗഹാനെ മധ്യപ്രദേശിലും വസുന്ധര രാജെ സിന്ധ്യയെ രാജസ്ഥാനിലും മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള ബിജെപിയുടെ പരീക്ഷണമായിരുന്നു രണ്ട് സംസ്ഥാനവത്തും നടന്നത്. പ്രാദേശിക നേതൃത്വത്തിന്റെ ചക്കിളത്തിപ്പോരില്‍ കോണ്‍ഗ്രസ് തോക്കുന്നിടത്ത് സംഘടനാപരമായി എങ്ങനെ വിജയിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിജെപി. പഴയ മുഖങ്ങളെ മാറ്റി പുതിയ മുഖങ്ങളെ രണ്ടിടത്തും പ്രതിഷ്ടിക്കാനാകും ബിജെപി നീക്കം. അതിനാണ് പാര്‍ട്ടി കളമൊരുക്കിയത്. എല്ലാത്തിനുമപ്പുറം 2024ല്‍ മോദി ബ്രാന്‍ഡ് ഷോയ്ക്ക് മേല്‍ക്കൈ ഉണ്ടാകുമോയെന്ന് പരീക്ഷിച്ച് ഉറപ്പാക്കുകയായിരുന്നു ബിജെപി. ഹിന്ദി ഹൃദയഭൂമിയില്‍ പണ്ടേ ഒപ്പമുള്ള ഉത്തര്‍പ്രദേശിനൊപ്പം മധ്യപ്രദേശിനേയും രാജസ്ഥാനേയും കൂടി ചേര്‍ത്തു വെച്ച് കാവി നിറം ഉറപ്പിക്കുകയാണ് ബിജെപി. വീണ്ടും ഒരു തിരഞ്ഞെടുപ്പിന് ‘മോദി’ തന്നെ തുറുപ്പുചീട്ടെന്ന ബിജെപി കാഹളമാണ് മുഴങ്ങി കേള്‍ക്കുന്നത്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും