ഒന്നിന് പുറകെ ഒന്നായി വിവാദത്തിന് തിരിയിട്ട്, അതില്‍ ചര്‍ച്ച മുറുകുമ്പോള്‍ പാര്‍ലമെന്റില്‍ പ്രത്യേക സെഷന്‍ വിളിച്ച് ചേര്‍ത്ത് രാജ്യത്താകമാനം പുകമറ സൃഷ്ടിക്കുകയാണ് ഭരണമുന്നണി. ബിജെപി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് പ്രത്യേക അജണ്ടകള്‍ സെറ്റ് ചെയ്താണ് ‘ഇന്ത്യ- ഭാരത്’ വിവാദമുണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷത്തിനും വ്യക്തമാണ്. സെപ്തംബര്‍ 18ന് പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിച്ച് ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ എന്താണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയെന്ന് വ്യക്തമാക്കാത്തതും പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കുളം കലക്കിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ 5 കാര്യങ്ങള്‍ക്കാകാം എന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്.
1. ലോകസഭയിലെ മൃഗീയ ഭൂരിപക്ഷത്തില്‍ ഏതോ ബില്ല് ഏകപക്ഷീയമായി പാസാക്കിയെടുക്കാനുള്ള ത്വരയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന്റെ പിന്നിലെന്ന് ഇന്ത്യ മുന്നണി സംശയിക്കുന്നു.
2. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തെ പേടിച്ച് പൊതു തിരഞ്ഞെടുപ്പ് നേരത്തെയാക്കി പ്രഖ്യാപിക്കാനാണ് മോദി സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം സംശയിക്കുന്നു. ഡിസംബറില്‍ പൊതുതിരഞ്ഞെടുപ്പ്
നടത്താനുള്ള നീക്കമുണ്ടാകുമെന്നാണ് അഭ്യൂഹം ഉയരുന്നത്.
3.ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനായി ബില്ല് അവതരിപ്പിക്കാനുള്ള ഏകപക്ഷീയ ശ്രമം ബിജെപി നടത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം സംശയിക്കുന്നു.
4.രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് ഔദ്യോഗികമായി മാറ്റാനുള്ള പ്രമേയം പാര്‍ലമെന്റ് സെഷനില്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
5.പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗണേശ ചതുര്‍ത്ഥിയിടെ അന്ന് മാറാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണിതെന്നും സംശയിക്കുന്നു. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം 18ന് പഴയ കെട്ടിടത്തില്‍ ആരംഭിച്ച് ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് 19ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുമെന്നാണ് പുറത്തുവരുന്ന വിവരം.
ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ കഴിഞ്ഞ് അധിക ദിവസം കഴിയും മുമ്പാണ് പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ഈ അഞ്ച് കാര്യങ്ങള്‍ പ്രതിപക്ഷം സംശയിക്കുന്നുണ്ടെങ്കിലും ‘ഭാരത്’ വിഷയത്തില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ കളിയെ കൃത്യമായി നിരീക്ഷിക്കണമെന്ന് പ്രതിപക്ഷം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. എന്തോ വലിയ കാര്യം ചുളുവില്‍ നടത്തിയെടുക്കാന്‍ ‘ഭാരത്’ വിവാദം കൊണ്ട് ബിജെപി പുകമറ സൃഷ്ടിക്കുകയാണെന്ന് ഇന്ത്യ മുന്നണി കരുതുന്നു. വലിയ രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ‘ഭാരത്’ വിഷയം ബിജെപി ഉയര്‍ത്തുന്നതെന്ന് പ്രതിപക്ഷത്തിനറിയാം, ഒരു ഇന്ത്യ – ഭാരത് തര്‍ക്കമുണ്ടാക്കി ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളെ ഭാരത് വിരോധികളാക്കി തീര്‍ക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് മോദിയും കൂട്ടരും പയറ്റുന്നതെന്ന് ഇന്ത്യ മുന്നണി കരുതുന്നു. പ്രതിപക്ഷത്തിന്റെ ഇന്ത്യയും ഭരണപക്ഷത്തിന്റെ ഭാരതും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മാറ്റാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇത്തരം ചര്‍ച്ചയ്ക്ക് വെടിമരുന്ന് തൂകിയതിന് പിന്നിലെന്നാണ് ഇന്ത്യ മുന്നണി കരുതുന്നത്.
ഇന്ത്യയെന്നത് പോലെ തന്നെ ഭരണഘടനയിലടക്കം കാലങ്ങളായി ഉപയോഗിച്ച് പോരുന്നതാണ് ഭാരത് എന്നുള്ള പേരും. പക്ഷേ ബിജെപി ഇത് വിവാദമാക്കുന്നതിന്റെ പൊരുള്‍ കോണ്‍ഗ്രസിനടക്കം തിരിഞ്ഞിട്ടുണ്ട്. കരുതലോടെ വിഷയം നേരിടാന്‍ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കക്ഷികള്‍ക്കിടയില്‍ ധാരണയുമായിട്ടുണ്ട്. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കി മാറ്റാനുള്ള നീക്കം ശരിയല്ലെന്ന നിലപാട് വിശദീകരിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഭാരത് എന്ന പേരിനോട് കോണ്‍ഗ്രസ് അടക്കം കക്ഷികള്‍ക്കാര്‍ക്കും എതിര്‍പ്പില്ലെന്ന് മാത്രമല്ല എതിര്‍ക്കാന്‍ ഉദ്ദേശവുമില്ല, പക്ഷേ ഇന്ത്യയെ ഒഴിവാക്കാനുള്ള നീക്കത്തെ ശക്തമായി ചോദ്യംചെയ്യാനാണ് പ്രതിപക്ഷ നീക്കം. ഇന്ത്യയും ഭാരതും ഒന്നുതന്നെയെന്ന വാദമുയര്‍ത്തി ബിജെപിയുടെ ‘സ്വദേശി’ തന്ത്രത്തെ പ്രതിരോധിക്കാനാണ് ഇന്ത്യ ബ്ലോക് ലക്ഷ്യമിടുന്നത്. ഭാരതത്തെ തങ്ങളുടേതെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ബിജെപി നീക്കം അനുവദിച്ചു കൊടുക്കാതെ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയും ഇന്ത്യ ബ്ലോക്കിന്റെ ‘ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ’ മുദ്രാവാക്യം ഉയര്‍ത്തിയും ബിജെപിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പ്രതിപക്ഷം തീരുമാനിച്ചു കഴിഞ്ഞു.
മറ്റെന്തോ കാര്യസാധ്യത്തിനായി രാജ്യത്തുടനീളം രാജ്യനാമത്തിന്റെ പേരില്‍ അനാവശ്യ ചര്‍ച്ചയ്ക്കു വഴിവച്ചു രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണു ബിജെപിയുടെ ലക്ഷ്യമെന്നും ആ കെണിയില്‍ വീഴരുതെന്നുമാണ് ഇന്ത്യ മുന്നണി പറയുന്നത്. പേര് ചര്‍ച്ചകളില്‍നിന്നു പരമാവധി അകലം പാലിക്കാന്‍ മുന്നണി തീരുമാനിച്ചതിന് പിന്നില്‍ നരേന്ദ്ര മോദിയുടെ മൗനവും കാരണമാണ്. ഇന്ത്യ- ഭാരത് പേര് മാറ്റല്‍ വിവാദത്തില്‍ ‘ഒന്നും മിണ്ടരുതെന്ന്’ മന്ത്രിമാര്‍ക്ക് നരേന്ദ്ര മോദിയുടെ താക്കീതുണ്ട്. ആരും ഒരു പ്രസ്താവനയും ഇറക്കരുതെന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് നരേന്ദ്ര മോദി കര്‍ശനമായി പറഞ്ഞത്. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്നലെ പ്രതികരിച്ചതിന് പിന്നാലെയാണ് ആരും വിഷയത്തില്‍ അഭിപ്രായം പറയണ്ടെന്ന മോദിയുടെ ഉത്തരവ് മന്ത്രിമാര്‍ക്ക് നേരെ ഉണ്ടായത്.
ഈ സാഹചര്യത്തില്‍ തങ്ങള്‍ മിണ്ടാതിരുന്ന് പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിട്ട് ആ പ്രസ്താവനകളില്‍ ജനാഭിപ്രായം രൂപപ്പെടുത്താനുള്ള ബിജെപി ശ്രമത്തില്‍ കരുതല്‍ പുലര്‍ത്തുന്നതോടൊപ്പം എന്തിനാണ് ബിജെപി ഈ പുകമറ സൃഷ്ടിക്കുന്നതെന്ന് ജാഗ്രതയോടെ നിരീക്ഷിക്കുകയാണ് പ്രതിപക്ഷ ഐക്യം. ഒപ്പം തങ്ങള്‍ക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ദേശീയ തലത്തില്‍ തന്നെ വിഷയം ചര്‍ച്ചയാക്കാനുള്ള മറുതന്ത്രവും കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ പയറ്റുന്നുണ്ട്. കര്‍ണാടകയില്‍ അരി പ്രശ്‌നം ഉയര്‍ത്തി സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
ബിജെപി സര്‍ക്കാര്‍ നീചവും മനുഷ്യത്വരഹിതവുമാണെന്നാണ് അരിപ്രശ്‌നത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ അരി നല്‍കാനുള്ള സംസ്ഥാനത്തിന്റെ നീക്കത്തെ തടഞ്ഞിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആരോപണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല മുതലാളിമാര്‍ക്ക് വേണ്ടിയാണ് രാജ്യം ഭരിക്കുന്നതെന്ന ആക്ഷേപം ശക്തമായി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. ദരിദ്രരെ സഹായിക്കാന്‍ അരിയുടെ അഡീഷണല്‍ സപ്ലൈയ്ക്കുള്ള ശ്രമങ്ങള്‍ നിഷേധിച്ചതിലാണ് സിദ്ധരാമയ്യ പ്രതിഷേധിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണ് കേന്ദ്രം. സിദ്ധരാമയ്യ കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി 7 കിലോ അരി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ അത് നാലായി വെട്ടിച്ചുരുക്കി. തിരഞ്ഞെടുപ്പില്‍ അധികമായി അഞ്ച് കിലോ അരി നല്‍കുമെന്ന വാഗ്ദാനം ഇതോടെ കോണ്‍ഗ്രസ് കന്നഡിഗര്‍ക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എഫ്‌സിഐയുമായി കര്‍ണാടക സര്‍ക്കാര്‍ അരിയ്ക്കായി കരാര്‍ ഉറപ്പിച്ചിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇത് തടയുകയാണെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ ആരോപണം.