വെല്ലുവിളികളും ശാഠ്യങ്ങളുമില്ലാതെ ബിജെപി, മറാത്തയില്‍ മയപ്പെടുന്ന ഭാഷാരാഷ്ട്രീയം; തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ത്രിഭാഷ നയത്തിന്റെ പേരില്‍ തമിഴരോട് പോരടിച്ച വീറും വാശിയും ഒന്നും മറാത്തഭൂമിയിലേക്ക് എത്തിയപ്പോള്‍ കാവിപ്പാര്‍ട്ടിയ്ക്കില്ല. മഹാരാഷ്ട്രയില്‍ ഹിന്ദിയുടെ കാര്യത്തില്‍ ദേശീയ വിദ്യാഭ്യാസ നയവുമായി ചെല്ലുമ്പോള്‍ ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടില്‍ എടുത്ത കടുംപിടുത്തം ബിജെപിക്കാര്‍ക്കില്ല. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബിജെപി നേതാക്കള്‍ ഓരോരുത്തരായി നടത്തിയ വാഗ്വാദങ്ങളൊന്നും മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇല്ല. ദക്ഷിണേന്ത്യയില്‍ ഹിന്ദിയെ ‘ദേശീയ ഭാഷ’ മുഖമായി നിര്‍ബന്ധിച്ചു കെട്ടിയേല്‍പ്പിക്കാന്‍ കാണിച്ച വാശിയും വീറുമെല്ലാം മറാത്തക്കാരുടെ മുന്നിലെത്തിയപ്പോള്‍ സംഘപരിവാരത്തിനില്ല. മറാത്തഭൂമിയില്‍ തങ്ങളുടെ ‘അതിദേശീയത ഭാഷാരാഷ്ട്രീയം’ വിലപ്പോവില്ലെന്ന് അറിയാവുന്ന സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മയപ്പെടലിന്റെ മറ്റൊരു മുഖമാണ് പുറത്തെടുത്തിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ദ്വിഭാഷ നയത്തേയും ദ്രാവിഡ സംസ്‌കാരത്തേയും സനാതന വിഷയത്തിലടക്കം കടന്നാക്രമിച്ചവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് അച്ചടക്കം പാലിച്ചു നില്‍ക്കാനറിയാം. അതീവ ശ്രദ്ധയോടെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ എന്‍ഇപി അഥവാ നാഷണല്‍ എജ്യുക്കേഷന്‍ പോളിസി നടപ്പാക്കുന്നത്. ത്രിഭാഷ നയം മഹാരാഷ്ട്രയില്‍ അംഗീകരിക്കുമ്പോള്‍ ശിവസേനയേയും മറ്റ് മറാത്താവാദി സംഘടനകളേയും മയപ്പെടുത്താനും സമരസപ്പെടുത്താനും മറാത്ത ഭാഷയുടെ മേന്മയും മറാത്താവാദവും പ്രകീര്‍ത്തിച്ചാണ് ബിജെപി സര്‍ക്കാര്‍ ഓരോ പടിയായി മുന്നോട്ട് വെയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ ത്രിഭാഷ നയം അംഗീകരിക്കാതെ ഹിന്ദിക്കെതിരായി സ്റ്റാലിന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ ഫണ്ട് വിതരണം തടസപ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പകവീട്ടി സംസ്ഥാനത്തെ ഞെരുക്കിയത്. എന്നാല്‍ മഹാരാഷ്ട്രയുടെ കാര്യം വരുമ്പോള്‍ മറാത്ത ബെല്‍റ്റില്‍ ഒരു തര്‍ക്കത്തിനുള്ള ധൈര്യം ബിജെപിയ്ക്കില്ല.

ഇപ്പോള്‍ 1 മുതല്‍ 5 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കി മാറ്റുന്ന ത്രിഭാഷാ നയത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് മറാത്താവാദം പേറുന്ന പാര്‍ട്ടികള്‍ സടകുടഞ്ഞെണീറ്റിട്ടുണ്ട്. മറാത്താവാദികളുടെ പാര്‍ട്ടികളും സംഘടനകളുമെല്ലാം ഭൂരിഭാഗവും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ കൂടിയാണെന്നതും ശ്രദ്ധേയമാണ്. മറാത്താവാദം ഉയര്‍ത്തി ബാല്‍താക്കറെ രൂപീകരിച്ച ശിവസേന രണ്ട് കഷണമായി മാറിയെങ്കിലും അടിസ്ഥാന തത്വത്തില്‍ രണ്ടിനും മാറ്റമില്ല. ഉദ്ദവ് താക്കറെയുടെ ശിവസേന യുബിടി പ്രതിപക്ഷത്തിരുന്നു കൊണ്ട് ബിജെപിയെ മഹാരാഷ്ട്രയില്‍ തളയ്ക്കാന്‍ കിട്ടിയ ഒരവസരമായി വിഷയത്തെ കാണുമ്പോള്‍ ബിജെപിയ്‌ക്കൊപ്പം പോയ ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേന ആകെ കുടുങ്ങിയിരിക്കുകയാണ്. ഭരണത്തിലായതിനാല്‍ മുന്നണിയില്‍ തളയ്ക്കപ്പെട്ട അവസ്ഥ.

എന്നാല്‍ ബാല്‍ താക്കറെയുടെ അനന്തരവന്‍ ശിവസേന വിട്ടു പണ്ടേ തീവ്രനിലപാടുകളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഉണ്ടാക്കുകയും ചെയത രാജ് താക്കറെ വിഷയത്തില്‍ ഏറ്റവും കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറാത്തക്കാരുടെ കാര്യവന്നപ്പോള്‍ തന്റെ കുടുംബക്കാരനോട് ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെയും ഒന്നിച്ചു ചേര്‍ന്നു. കോണ്‍ഗ്രസ് എന്‍സിപി ശിവസേന യുബിടി സഖ്യത്തിന്റെ മഹാവികാസ് അഘാഡിയും മഹാരാഷ്ട്രയിലെ ബിജെപി നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കാന്‍ പ്രാദേശിക പാര്‍ട്ടികളോടൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി നിലപാടും വ്യക്തമായി കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൈപൊള്ളുമോയെന്ന പേടിയിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വിദ്യാഭ്യാസ നയം മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്. തമിഴ്‌നാട്ടിലടക്കം വിദ്യാഭ്യാസ നയത്തിന് വേണ്ടി ശക്തമായി കച്ചകെട്ടി ഇറങ്ങിയവര്‍ മഹാരാഷ്ട്രയില്‍ വലിയ ആരവമില്ലാതെ കാര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ഡബിള്‍എഞ്ചിന്‍ സര്‍ക്കാരായതിനാല്‍ ഒച്ചപ്പാടും ബഹളവുമില്ലാതെ സംസ്ഥാനത്തിന്റെ അനുവാദം നല്‍കി കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് കരുതിയവര്‍ മറാത്താവാദികളുടെ മുന്നിലാണ് അകപ്പെട്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജാഗരൂകരായി നിന്ന പ്രതിപക്ഷത്തം സമയം ഒത്തുവന്നതായി കണ്ടു ഭരണകക്ഷിക്കെതിരെ തിരിച്ചു. പ്രത്യേകിച്ചും മുംബൈ എന്ന സാമ്പത്തിക തലസ്ഥാനത്ത് മറാത്തി VS നോണ്‍ മറാത്തി പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന കാലത്ത് കൂടിയാണ് ഈ വിദ്യാഭ്യാസ നയമെന്നത് ബിജെപിയ്ക്ക് വെല്ലുവിളിയാണ്.

മഹാരാഷ്ട്ര ചരിത്രത്തില്‍ മറാത്താവാദം ഉണ്ടാക്കിയ കാലുഷ്യവും ഇന്നും മറാത്ത ഇതര വിഭാഗങ്ങളോട് രാജ്യത്തെ ഏറ്റവും വലിയ മെട്രോനഗരത്തിലുണ്ടാകുന്ന അന്യവല്‍ക്കരണവും വലിയ പ്രാധാന്യത്തോടെ നേരിടുന്ന കാലത്ത് ഈ വിഷയത്തിന് വലിയ പ്രാധാന്യമുണ്ട്. മറ്റേതൊരു ഭാഷയുടെ കടന്നുകയറ്റത്തേയും പ്രതിരോധിക്കാനുണ്ടായ മറാത്താവദത്തിന്റെ അലയൊലികളില്‍ വല്ലാത്ത ഭയം ബിജെപിയ്ക്കുമുണ്ട്. ആവശ്യത്തിലധികം മറാത്താവാദം തിരഞ്ഞെടുപ്പുകളില്‍ അടക്കം വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ച ബിജെപിയ്ക്ക് ഇപ്പോഴത്തെ വിദ്യാഭ്യാസ നയം തങ്ങളെ മറാത്തവിരുദ്ധരാക്കുമോയെന്ന ഭയവുമുണ്ട്. തമിഴ്‌നാട്ടുകാരുടെ തമിഴ് സ്‌നേഹത്തെ പിന്തിരിപ്പനായി കണ്ടു കുറ്റംപറഞ്ഞ ബിജെപിക്കാര്‍ മഹാരാഷ്ട്രക്കാരുടെ മറാത്താവാദത്തിന് മുന്നില്‍ മുട്ടിടിച്ച് മയപ്പെടുന്നതിന്റെ സാക്ഷ്യമായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ബിജെപി മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മഹാരാഷ്ട്രയിലെ എല്ലാവരും മറാത്തി അറിയണമെന്ന് തന്നെയാണ്  വിശ്വസിക്കുന്നതെന്ന് അടിവരയിട്ടു പറയുന്നു. രാജ്യത്തുടനീളം ഒരു ആശയവിനിമയ മാധ്യമം എന്ന ചിന്തയിലേക്ക് വരുമ്പോള്‍ ഹിന്ദി ഒരു സൗകര്യപ്രദമായ ഭാഷയായി മാറിയിരിക്കുകയാണ്, അത് പഠിക്കുന്നത് ഉപയോഗപ്രദമാണ്.

ഹിന്ദി എതിര്‍പ്പ് ഏറ്റവും കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിലെ വിദര്‍ഭയിലും മറാത്ത്വാഡയിലും ഹിന്ദി സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. ഹിന്ദി വിരോധത്തേക്കാള്‍ മറാത്തി സ്വത്വത്തിന്റെ മാത്രമല്ല മറ്റ് പ്രാദേശിക ഭാഷാ സ്വത്വങ്ങളുടെ നിലനില്‍പ്പാണ് പ്രതിപക്ഷം നിര്‍ബന്ധിത വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നതിന് പിന്നില്‍. മറാത്താവാദത്തിന് ആറ് ഏഴ് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1950-കളുടെ മധ്യത്തിലാണ് ഇന്നത്തെ ഗുജറാത്തിലേയും വടക്കുപടിഞ്ഞാറന്‍ കര്‍ണാടകയുടെ ചില ഭാഗങ്ങളും ഉള്‍പ്പെട്ട അന്നത്തെ ബോംബെ സംസ്ഥാനത്തിനുള്ളില്‍, മറാത്തി സംസാരിക്കുന്ന ഒരു പ്രത്യേക സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം ‘സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം’ ആരംഭിച്ചത്. അങ്ങനെയാണ് 1960ല്‍ ഗുജറാത്ത് എന്ന പുതിയ സംസ്ഥാനവും മുംബൈ തലസ്ഥാനമായി മഹാരാഷ്ട്രയുമുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്താ മാനൂസ് എന്ന വാക്യം ഉയര്‍ത്തി മറാത്തികളെ സംരക്ഷിക്കാനെന്ന പേരില്‍ ബാല്‍താക്കറെ വന്നു. ദക്ഷിണേന്ത്യക്കാരും മറ്റ് ഉത്തരേന്ത്യക്കാരും അങ്ങനെ ശിവസേനയുടെ വളര്‍ച്ചയില്‍ വ്യാവസായിക തലസ്ഥാനത്ത് നേരിട്ട പ്രതിസന്ധികള്‍ ചില്ലറയല്ല.

ഇപ്പോഴും തൊട്ടാല്‍ കത്തുന്ന രീതിയില്‍ ഭാഷാവാദവും സ്വത്വവാദവും നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഹിന്ദി നയം അത്ര എളുപ്പത്തില്‍ സ്വീകരിക്കുന്ന ഒന്നല്ല. നിലവില്‍ ഇംഗ്ലീഷ്- മറാത്തി എന്നി ദ്വിഭാഷ സംവിധാനമാണ് സ്‌കൂള്‍ തലത്തില്‍ മഹാരാഷ്ട്രയിലുള്ളത്. ഗുജറാത്തി പഠിപ്പിക്കുന്ന സ്‌കൂളില്‍ ഗുജറാത്തി- ഇംഗ്ലീഷ് എന്ന നിലയിലും ഭാഷാ പഠനം സാധ്യമാണ്. ഇവിടേയ്ക്കാണ് ഹിന്ദി തിരുകി കയറ്റാന്‍ നിര്‍ബന്ധിത നയവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ജനങ്ങളെ ഭാഷയുടെ പേരില്‍ തരംതിരിക്കാനും വിഭജിക്കാനുമാണ് ബിജെപിയുടെ നീക്കമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ ആരോപിച്ചു കഴിഞ്ഞു. ഹിന്ദി ത്രിഭാഷ നയത്തിന്റെ പേരില്‍ തിരുകി കയറ്റാന്‍ തങ്ങള്‍ഡ അനുവദിക്കില്ലെന്ന് രാജ് താക്കറേയും വ്യക്തമാക്കി കഴിഞ്ഞു. മറാത്തികള്‍ക്കും മറാത്തികളല്ലാത്തവര്‍ക്കും ഇടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഒരു തന്ത്രം ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് മനസിലാകുന്നുണ്ടെന്നും രാജ് താക്കറെ വ്യക്തമാക്കി കഴിഞ്ഞു. ഭാഷാ രാഷ്ട്രീയം ധ്രുവീകരണത്തിനാണെന്നും ബിജെപി അതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് വിഭജനമാണെന്നും വ്യക്തമായി അറിഞ്ഞാണ് സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ നയത്തെ നേരിടുന്നതെന്ന് മഹാരാഷ്ട്രയുടെ കാര്യത്തിലും തെളിഞ്ഞിരിക്കുകയാണ്. പഴയ പോലെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന തന്ത്രം തങ്ങളുടെ തലയ്ക്ക് മുകളില്‍ തന്നെ വീഴുമോയെന്ന ഭയം മറാത്തയിലേക്ക് എത്തിയപ്പോള്‍ ബിജെപിയ്ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്.

Read more