പനീര്‍സെല്‍വത്തിനും മുകളില്‍ പളനിസാമി തന്നെ, കൈവിട്ടു മദ്രാസ് ഹൈക്കോടതി

തമിഴ് മണ്ണിലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ അണ്ണാഡിഎംകെയ്ക്ക് അടിപതറി തുടങ്ങിയത് ജയലളിതയുടെ മരണത്തോടെയാണ്. എംജിആറിന് ശേഷം ആദ്യമായി തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച നേടിയെടുത്തിട്ട് പുരട്ചി തലൈവി അധികം വൈകാതെ മരണപ്പെട്ടപ്പോള്‍ അണ്ണാഡിഎംകെയില്‍ തമ്മിലടി തുടങ്ങി. തോഴിയായെത്തിയ ശശികലയും അവരുടെ മണ്ണാര്‍ഗുഡി മാഫിയയും അധികാരം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ജയലളിതയുടെ അസാന്നിധ്യത്തില്‍ അവര്‍ വിശ്വസിച്ച് മുഖ്യമന്ത്രി പദം നല്‍കിയ ഒ പനീര്‍സെല്‍വം തഴയപ്പെട്ടു. ശശികല കേസില്‍ കുടുങ്ങിയപ്പോള്‍ തന്റെ സ്ഥാനം പോകാതിരിക്കാന്‍ ‘കാവല്‍ മുഖ്യമന്ത്രി’യാക്കിയ എടപ്പാടി പളനിസാമി പിന്നീടങ്ങോട്ട് ശശികലയേയും അവരുടെ അനന്തരവന്‍ ദിനകരനെയുമൊക്കെ ചവിട്ടി പുറത്താക്കിയത് സിനിമ സ്റ്റൈല്‍ ട്വിസ്റ്റ്.

കഴിഞ്ഞ കുറേനാളുകളായി പളനിസാമിയും പനീര്‍സെല്‍വവും തമ്മിലാണ് പോര്. അണ്ണാഡിഎംകെ അഥവാ എഐഎഡിഎംകെയുടെ അധികാരത്തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയതോടെ പനീര്‍സെല്‍വം പാര്‍ട്ടിയ്ക്ക് പുറത്തായിരിക്കുകയാണ്. ഒറ്റ നേതൃത്വം എന്ന മുന്‍കാല തന്ത്രത്തിലേക്ക് അണ്ണാഡിഎംകെ തിരിച്ചുവരുമ്പോള്‍ ഒപിഎസിന് മുന്നില്‍ നിയമ വഴികളും അടഞ്ഞു തുടങ്ങുകയാണ്.

പാര്‍ട്ടിയിലെ ഇരട്ട നേതൃസ്ഥാനത്തെ തുടര്‍ന്നുണ്ടായ തുടര്‍ പരാജയങ്ങളാണ് ഒറ്റ അധ്യക്ഷന്‍ എന്ന തീരുമാനത്തിലേക്ക് നേരത്തെ എഐഎഡിഎംകെയെ എത്തിച്ചത്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും ജൂലൈയില്‍ എടപ്പാടി പളനിസ്വാമിയെ ഇടക്കാല അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പനീര്‍സെല്‍വ്വത്തേയും മൂന്ന് കൂട്ടാളികളേയും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. ഇത് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെത്തിയ പനീര്‍ശെല്‍വത്തിന് പരാജയം രുചിക്കേണ്ടി വന്നിരിക്കുകയാണ്. ജയലളിതയുടെ മരണത്തെതുടര്‍ന്ന്, ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ- ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കോ- ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയാണ് എഐഎഡിഎംകെ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ പളനിസ്വാമി വിഭാഗം പ്രത്യേക ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് പാര്‍ടി നിയമാവലികളില്‍ ഭേദഗതികള്‍ കൊണ്ടുവരുകയായിരുന്നു. പ്രക്ഷുബ്ധമായ യോഗത്തില്‍ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

2022 ജൂലായ് 11-ന് കൊണ്ടുവന്ന അണ്ണാഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ വിലക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് മുന്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും പുറത്താക്കപ്പെട്ട മറ്റ് മൂന്ന് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി അംഗങ്ങളും സമര്‍പ്പിച്ച അപ്പീലുകളിലുള്ളത്. എന്നാല്‍ പാര്‍ട്ടി കൗണ്‍സില്‍ എടുത്ത തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മദ്രാസ് ഹൈക്കോടതി ഈ ഹര്‍ജി തള്ളിയത്. പനീര്‍സെല്‍വത്തെ അടക്കം പുറത്താക്കിയ പ്രമേയങ്ങള്‍ തള്ളാനാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് ഒപിഎസ് പക്ഷം എത്തിയത്. നേരത്തെ സുപ്രീം കോടതിയില്‍ ഒ പനീര്‍ശെല്‍വം തിരിച്ചടി നേരിട്ടിരുന്നു. എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി കെ പളനിസാമിക്ക് തുടരാമെന്ന് അന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നതും തെരഞ്ഞെടുപ്പിന്റെ സാധുത ശരിവെച്ചതുമാണ്. പളനിസാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ഒ പനീര്‍ശെല്‍വം വിഭാഗം ഹര്‍ജി നല്‍കിയത്.

നിയമ പോരാട്ടങ്ങളില്‍ പളനിസാമിക്ക് മേല്‍ക്കൈ കിട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ ഒ പനീര്‍സെല്‍വത്തിന്റെ വിമത വിഭാഗം അണികളെ തങ്ങളോടടുപ്പിക്കാനുള്ള ശ്രമത്തിലാണ്. എഐഎഡിഎംകെയിലെ ഒ.പനീര്‍ശെല്‍വവും എടപ്പാടി പളനിസാമിയും തമ്മിലുള്ള തര്‍ക്കം മുതലാക്കി സഖ്യമുണ്ടാക്കിയ ബിജെപി തമിഴ്‌നാട്ടില്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. തമ്മിലടിച്ചു നില്‍ക്കുന്ന അണ്ണാഡിഎംകെയെ അസ്ഥിരപ്പെടുത്തി ആ വോട്ട് ബാങ്ക് തങ്ങളിലേക്ക് മാറ്റാനാണ് ബിജെപി തന്ത്രം.

ഇതിനിടയില്‍ ഒ പനീര്‍ശെല്‍വം അണികളെ ഒപ്പം നിര്‍ത്താനും പളനിസാമിയില്‍ നിന്ന് അണ്ണാഡിഎംകെ തിരിച്ചുപിടിക്കാനും സംസ്ഥാന പര്യടനത്തിന് ഒരുങ്ങുകയാണ്. പുരട്ചി പയനം എന്നു പേരിട്ട പര്യടനം സെപ്റ്റംബര്‍ മൂന്നിന് കാഞ്ചീപുരത്തുനിന്ന് തുടങ്ങും.

പാര്‍ട്ടിയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ മധുരയില്‍ കഴിഞ്ഞ ദിവസം നടന്ന എഐഎഡിഎംകെ സംസ്ഥാന സമ്മേളനം എടപ്പാടിയുടെ അരിയിട്ട് വാഴിക്കല്‍ ചടങ്ങായിരുന്നു. പനീര്‍സെല്‍വത്തെ പുറത്താക്കി പാര്‍ട്ടി തന്റെ കൈപ്പിടിയില്‍ ഒതുക്കിയതിന്റെ പ്രഖ്യാപനം. ഭരണകക്ഷിയായ ഡിഎംകെയ്ക്ക് മുന്നില്‍ ശക്തിയുള്ള പ്രതിപക്ഷമാണ് തങ്ങളെന്ന് തെളിയിക്കാനും കേന്ദ്രത്തിലുള്ള ബിജെപിയക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശ്വസിക്കാനാകുന്ന സഖ്യകക്ഷിയാണ് തങ്ങളെന്ന് തെളിയിക്കുകയും ചെയ്യാനുള്ള ശക്തിപ്രകടനമാണ് പളനിസാമി നടത്തിയചത്.

പാര്‍ട്ടി വിമതനായ ഒ. പനിനീര്‍ശെല്‍വത്തിനും തന്റെ ശക്തി ബോധ്യപ്പെടുത്തിക്കൊടുക്കുക മറ്റൊരു ലക്ഷ്യവും. ഇതിന് മറുപടിയാണ് സെപ്തംബര്‍ മൂന്നിനുള്ള പനീര്‍ശെല്‍വത്തിന്റെ യാത്ര. ഇതിനിടയില്‍ ശശികലയുടെ സഹോദര്‍ ടിടിവി ദിനകരനുമായി പനീര്‍സെല്‍വം കൈകൊടുത്തതും രാഷ്ട്രീയ ചര്‍ച്ചയാവുന്നുണ്ട്. ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഒപിഎസ് കോടനാട് എസ്‌റ്റേറ്റ് കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത് പളനിസ്വാമിയെ ലക്ഷ്യമിട്ടാണ്. പനീര്‍സെല്‍വത്തെ പുറത്താക്കാന്‍ എടപ്പാടിക്ക് അധികാരമില്ലെന്നും എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നവര്‍ അധികാരമോഹികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും വി കെ ശശികലയും പ്രതികരിച്ചു.

തമിഴ്‌നാട്ടിലെ രണ്ട് വോട്ട്ബാങ്ക് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് പനീര്‍സെല്‍വവും പളനിസാമിയും. ഗൗണ്ടര്‍ സമുദായക്കാരനായ ഇപിഎസും തേവര്‍ സമുദായക്കാരനാണ് പനീര്‍സെല്‍വവും തങ്ങളുടെ അണികളുടെ പിന്തുണയിലാണ് പടലപ്പോരില്‍ ശക്തരായി നില്‍ക്കുന്നത്. പിന്‍ഗാമിയായി ജയലളിത പനീസെല്‍വത്തെയാണ് കണ്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ അധികാരം നിലനിര്‍ത്താന്‍ വി കെ ശശികല പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിച്ചു. ഡെപ്യുട്ടി ജനറല്‍ സെക്രട്ടറിയായി അനന്തരവന്‍ ടി ടി വി ദിനകരനെയും നിയമിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായപ്പോള്‍ ശശികല ചെയ്ത ഈ കാര്യങ്ങള്‍ മുതലെടുത്ത് 2017ല്‍ മുഖ്യമന്ത്രിയായ പളനിസാമി എഐഎഡിഎംകെയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചതോടെയാണ് പാര്‍ട്ടി പലതായി പിരിഞ്ഞതും ഡിഎംകെയ്ക്കും സ്റ്റാലിനും കാര്യങ്ങള്‍ എളുപ്പമായതും.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം