കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തില്‍ ഇരുന്നത് കിട്ടുകയും ചെയ്തില്ലെന്ന അവസ്ഥയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ക്ഷീണത്തിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപി അവസ്ഥ. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 10ഉം പിടിച്ച് ഇന്ത്യ മുന്നണി കരുത്തുകാട്ടി. ബിജെപിയ്ക്ക് കയ്യിലുള്ള സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു വിലകൊടുത്ത് എടുത്തവര്‍ മല്‍സരിച്ച ഇടങ്ങളില്‍ കനത്ത പരാജയമേറ്റു വാങ്ങേണ്ടി വരുകയും ചെയ്തു. കോണ്‍ഗ്രസ് നാലും തൃണമൂല്‍ കോണ്‍ഗ്രസ് നാലും സീറ്റുകള്‍ പിടിച്ചെടുത്ത് ഇന്ത്യ മുന്നണിയില്‍ കരുത്തുകാട്ടി. ബിജെപിയുടെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം നേടിയത്. മല്‍സര സമയത്ത് ബിജെപി മൂന്ന് തൃണമൂല്‍ ഒന്ന് എന്നിങ്ങനെ നിന്നിടത്ത് നിന്നാണ് നാലിടവും സ്വന്തമാക്കി ദീദിയുടെ പാര്‍ട്ടി ഉപതിരഞ്ഞെടുപ്പിലെ ഒന്നാമനായത്. ഇതില്‍ മൂന്നിടത്തും ബിജെപി വിട്ടു തൃണമൂലില്‍ ചേര്‍ന്നവരാണ് മല്‍സരിച്ചതും വിജയിച്ചതും.
13ല്‍ അഞ്ച് ആയിരുന്നു തിരഞ്ഞെടുപ്പിന് മുമ്പത്തെ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് നിലയെങ്കില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം അത് 10ലേക്ക് ഉയര്‍ന്നു. എന്‍ഡിഎയ്ക്ക് നാല് സീറ്റുണ്ടായിരുന്നയിടത്താണ് രണ്ടെന്ന സ്ഥിതിയുണ്ടായത്. ബിഹാറില്‍ എന്‍ഡിഎയ്ക്ക് വേണ്ടി മല്‍സരിച്ച നിതീഷ് കുമാറിന്റെ ജെഡിയുവിന് സീറ്റ് നഷ്ടമായി. ഉത്തരാഖണ്ഡില്‍ സിറ്റിംഗ് സീറ്റ് അടക്കം നഷ്ടപ്പെട്ടാണ് ബിജെപി രണ്ടിലേക്ക് ഒതുങ്ങിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് പിടിച്ചുവെന്നതാണ് ബിജെപിയുടെ ഏക മുന്നേറ്റം. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലാകട്ടെ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേക്കേറിയ രാജേന്ദ്ര ഭണ്ഡാരിയെ കോണ്‍ഗ്രസ് തോല്‍പ്പിക്കുകയും സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ബദ്രിനാഥ് സീറ്റാണ് ബിജെപിയ്ക്ക് നഷ്ടമായതെന്ന പ്രത്യേകതയുണ്ടാക്കുന്ന രാഷ്ട്രീയ ചലനം ചില്ലറയല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അയോധ്യയടങ്ങിയ ഫൈസാബാദ് നഷ്ടമായതിന് പിന്നാലെ ഹിന്ദുത്വയുടെ കാവിവല്‍ക്കരണത്തിന് അനുകൂലമണ്ണെന്ന് ബിജെപി കരുതിയ ബദ്രിനാഥും കൈവിട്ടത് ബിജെപിയെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ലഖപത് സിങ് ബുട്ടോളയാണ് ഈ സീറ്റില്‍ ജയിച്ചത്.
മായാവതിയുടെ ബിഎസ്പിയ്ക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ ഉത്തരാഖണ്ഡിലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടും കോണ്‍ഗ്രസ് തന്നെ നേടി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ ബിജെപി ഇറക്കിയപ്പോള്‍ ആംആദ്മി പാര്‍ട്ടി ചതിച്ചു പോയവനെ മോഹിന്ദര്‍ ഭഗത്തിനെ ഇറക്കി തോല്‍പ്പിച്ചു വിട്ടു. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ ഡിഎംകെ തങ്ങളുടെ എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ഒഴിയേണ്ടി വന്ന സീറ്റ് ഉപതിരഞ്ഞെടുപ്പിലും നിലനിര്‍ത്തി.
കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അട്ടിമറി ശ്രമം പരാജയപ്പെട്ട് ഉപതിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയ്ക്ക് സംസ്ഥാനത്ത് കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. കോണ്‍ഗ്രസില്‍ നിന്നു എംഎല്‍എയായവര്‍ കാലുമാറി ബിജെപിയിലെത്തി വോട്ട് തേടയപ്പോള്‍ ജയിച്ചത് ഒരാള്‍ മാത്രമായി പോയി. ഹമിര്‍പൂരിലെ ആശിഷ് ശര്‍മ്മ മാത്രമാണ് ഹിമാചലില്‍ ബിജെപിയ്ക്ക് തുണയായത്.
ഹിമാചല്‍ പ്രദേശില്‍ സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ താമരതന്ത്രവുമായി ഇറങ്ങിയവര്‍ക്ക് കനത്ത പ്രഹരമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ ഇതോടെ ഒതുങ്ങി. മുഖ്യമന്ത്രി സുഖുവിന് കരുത്തുപകര്‍ന്ന് ഭാര്യ കമലേഷ് ഠാക്കൂര്‍ ഹിമാചലിലെ ഡെഹ്‌റയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. നലഗഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവയും ജയിച്ചതോടെ ഹിമാചലില്‍ കോണ്‍ഗ്രസ് സേയ്ഫായി. സംസ്ഥാന സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ ചരടുവലിച്ചവര്‍ക്ക് പത്തിക്ക് കിട്ടിയ അടികൂടിയാണ് ഹിമാചലിലെ തിരഞ്ഞെടുപ്പ് ഫലം. 68ല്‍ 40 സീറ്റ് എന്ന നിയമസഭയിലെ പഴയ സംഖ്യയിലേക്ക് എത്തി ഇതോടെ സുഖു സര്‍ക്കാര്‍ കരുത്തുകാട്ടി. പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്ന മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേരും തോറ്റമ്പിയതോടെ പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു ഓപ്പറേഷന്‍ ലോട്ടസിന്റെ ആവലാതി ഇനി ഉണ്ടാവില്ല.
ഹിമാചലില്‍ നേടിയ വിജയത്തിനൊപ്പം ഉത്തരാഖണ്ഡിലെ വിജയവും കോണ്‍ഗ്രസിനെ ശക്തമാക്കുന്നുണ്ട്. പാന്‍ ഇന്ത്യ തലത്തില്‍ കോണ്‍ഗ്രസ് വീണ്ടും കരുത്തു കാട്ടുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നുമുണ്ട്. ദേവഭൂമിയെന്ന് വിളിക്കുന്ന ഉത്തരാഖണ്ഡിലെ ചാര്‍ ധാം യാത്രയ്ക്കും മതപരമായ വിനോദസഞ്ചാരത്തിനും ബിജെപി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ബദരീനാഥ് സീറ്റ് നേടാമെന്ന് ബിജെപി ഉറച്ച് വിശ്വസിച്ചിരുന്നു. അതിന് തിരിച്ചടിയേറ്റതോടെ പാര്‍ട്ടിയിയ്ക്ക് വലിയ ആകുലതയുണ്ട്. മറ്റൊന്ന് ഇനി ബിജെപിയ്ക്ക് ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല. ചാക്ക് കെട്ടില്‍ കോടികളുമായി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിയിട്ട ഓപ്പറേഷന്‍ ലോട്ടസ് ജനങ്ങള്‍ തള്ളിക്കളഞ്ഞു തിരിച്ചടി നല്‍കുന്നുവെന്നത് ചാണക്യനും ഗുജറാത്ത് ലോബിയ്ക്കും നല്‍കുന്ന പാഠം ചെറുതല്ല. കൂറുമാറിയെത്തിയവരെ ഇറക്കിയ ആറിടത്ത് നാലിടത്തും ബിജെപി തോറ്റുവെന്നത് ഓപ്പറേഷന്‍ ലോട്ടസ് ഇനി പഴയപോലെ ഫലിക്കില്ലെന്നതിന്റെ താക്കീതാണ്. ഇനി ഇതിന്റെ മറ്റൊരു വശം കൂടിയുണ്ട്.
ഹിമാചല്‍ പ്രദേശിലെ സ്വതന്ത്രര്‍, ജലന്ധര്‍ വെസ്റ്റിലെ ശീതള്‍ അംഗുറല്‍, ബദരീനാഥിലെ രജീന്ദര്‍ ഭണ്ഡാരി എന്നിങ്ങനെ പാര്‍ട്ടിയിലേക്ക് കൂറുമാറിയ ഭൂരിഭാഗം നേതാക്കളും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍, പശ്ചിമ ബംഗാളില്‍ ബിജെപി വിട്ടു തൃണമൂലില്‍ ചേര്‍ന്നവരെല്ലാം വിജയിച്ചു.