‘വരിപോടാത അരസാങ്കമില്ലൈ…’ എന്ന് ഒരു തമിഴ് പാട്ടിലെ വരിയുണ്ട്. അതിനര്‍ത്ഥം നികുതിയില്ലാതെ ഭരണമില്ല എന്നാണ്. ശരിയാണ്. നികുതിയില്ലാതെ ഈ ലോകത്ത് ഒരു ഭരണവും ഇക്കാലംവരെ നടന്നിട്ടില്ല. എന്നാല്‍ നികുതി എങ്ങനെയായിരിക്കണം ? അത് പ്രജ അല്ലെങ്കില്‍ സ്വന്തം വീടിന്റെ കഴുക്കോലൂരി വിറ്റിട്ട് കൊടുക്കേണ്ടിവരരുത് എന്നുമാത്രം.
കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി അടിക്കടി വര്‍ദ്ധിച്ചുവന്ന ഇന്ധനക്കൊള്ള തന്നെയാണ് വിഷയം. 70 നടുത്ത് വില നിന്നിരുന്ന പെട്രോളിന് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നത് ഇപ്പോള്‍ 113 രൂപ ആയതിനുശേഷമാണ് അഞ്ചുരൂപ ഇപ്പോള്‍ കുറച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ടുമാത്രമാണ് 9 രൂപ കൂടിയത്. അതില്‍നിന്നും ഇപ്പോള്‍ നാമമാത്രമായ കുറവുവരുത്തിയത് ആശ്വസിക്കാനുള്ള വകയൊന്നുമല്ല. ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയംമൂലം തത്ക്കാലം വില ഉയര്‍ത്തുന്നത് നിര്‍ത്തി എന്നുമാത്രം കരുതിയാല്‍ മതി. പിന്നെ ന്യായീകരണതിലകങ്ങളായ അനുയായികള്‍ക്ക് ആനന്ദത്തിലാറാടാന്‍ ഒരവസരവും. പക്ഷെ ഇതുവരെ തുടര്‍ന്നുപോന്നതുവെച്ചു നോക്കിയാല്‍ പുലി പതുങ്ങുന്നത് പിന്‍വാങ്ങാനല്ല കുതിക്കാനാണ് എന്നുപറഞ്ഞതുപോലെയാകാനേ സാദ്ധ്യത കാണുന്നത്. കാരണം ഇപ്പോള്‍ എടുത്തിരിക്കുന്നത് നയപരമായ ഒരു തീരുമാനമല്ല. അവശ്യവസ്തുക്കള്‍ ന്യായവിലക്ക് സാധാരണക്കാരന് ലഭ്യമാക്കുക എന്നത് നിലവിലുള്ള ഭരണകൂടത്തിന്റെ ലക്ഷ്യമല്ല എന്നതുതന്നെ കാരണം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലകുറഞ്ഞിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് വിലവര്‍ദ്ധിക്കുന്നു എന്നു ചോദിച്ചപ്പോള്‍ അവിടെ വിലകുറയുന്നതിനനുസരിച്ചേ ഇവിടെ വില കൂടുന്നുള്ളൂ കൂടേണ്ടത്രയും കൂടുന്നില്ല എന്ന ഏടാകൂടം പിടിച്ച മറുപടി പറഞ്ഞു മുങ്ങിയ മന്ത്രിയുടെ നിലവാരം ഏതൊരു നേതാവിനും എപ്പോഴും എടുത്തണിയാവുന്നതാണ്. അതിനേക്കാള്‍ സകലരെയും അതിശയപ്പെടുത്തിയത് യുക്തിവാദി പ്രഭാഷകനായ സി രവിചന്ദ്രന്‍ പെട്രോളിന് വിലകൂടുന്നത് കാറ്റുവീശുന്നതുപോലെയും പുഴയൊഴുകുന്നതുപോലെയും സൂര്യനുദിക്കുന്നതുപോലെയുമെല്ലാമുള്ള ഒരു പ്രകൃതിപ്രതിഭാസമാണ് എന്ന രീതിയിലുള്ള ന്യായീകരണവുമായി മുന്നോട്ടുവന്നതാണ്. ഇതൊന്നും ആര്‍ക്കും തടയാന്‍ കഴിയുന്നതല്ല എന്ന വിശദീകരണം യൂണിയന്‍ ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകള്‍ക്ക് സര്‍വ്വാധികാരങ്ങളും വിട്ടുകൊടുക്കുന്നതിനെ പച്ചയായി ന്യായീകരിക്കുന്ന രീതിയിലായത് അനുയായികളെപ്പോലും അതിശയിപ്പിച്ചതോടെയാണ് ആധുനിക സവര്‍ക്കര്‍ എന്ന പേരുപോലും അദ്ദേഹത്തിന് നേടാനായത്. ഒരു പൈസപോലും വിലയോ നികുതിയോ കുറയ്ക്കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടില്ല എന്നതാണ് അതിശയകരം. മന്‍മോഹന്‍സിംഗിന്റെ കാലത്തെ നികുതി അനുസരിച്ചാണെങ്കില്‍ ഇന്ന് 52 രൂപയ്ക്ക് ഡീസല്‍ കിട്ടേണ്ടതാണ്.
ഈയവസരത്തില്‍ കേരളസര്‍ക്കാര്‍കൂടി തങ്ങളുടെ ഭാഗത്തുനിന്നും ഒരു സംഭാവന നല്‍കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഓരോതവണ വിലകൂടുംതോറും പ്രതിഷേധിക്കുന്നതോടൊപ്പം തങ്ങളുടെ പങ്കുംകൂടി കൂട്ടിവാങ്ങുക എന്നതാണ് സംസ്ഥാനഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍നിന്നും അഞ്ചുരൂപയെങ്കിലും കുറയ്ക്കാന്‍ ഈയവസരത്തില്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് ന്യായീകരണമില്ലാതാകും. കാരണം പെട്രോളിന് 70 രൂപ ഉണ്ടായിരുന്ന കാലത്തുള്ള നികുതി മാത്രം ഇപ്പോള്‍ വാങ്ങിയാലും അതിന്റെ നാലിരട്ടി ഇപ്പോള്‍ പിരിഞ്ഞുകിട്ടും കാരണം അത്രയധികം ഉപഭോഗം വര്‍ദ്ധിച്ചിരിക്കുന്നു.
ഉപഭോഗസംസ്ഥാനമായി മാറിയിരിക്കുന്ന കേരളത്തില്‍ ഇനിയെങ്കിലും ചെറുകിടവ്യവസായം വളരണമെങ്കില്‍ ഏറ്റവും പ്രധാനം ഡീസലിന് വില കുറയുകയാണ്. കോവിഡ് കാലമായപ്പോള്‍ അടച്ചുപൂട്ടിപ്പോയത് ആയിരക്കണക്കിന് വ്യാപാര-വ്യവസായ സ്ഥാപനങ്ങളാണ്. അവയോരോന്നും ഇനിയും പുനര്‍ജ്ജനിച്ചുവരണമെങ്കില്‍ കേവലം 6.30 രൂപ കുറഞ്ഞതുകൊണ്ട് കാര്യമില്ല. ഇനിയും ഒരു പത്തുരൂപകൂടി കുറയ്ക്കാന്‍ സംസ്ഥാനഗവണ്‍മെന്റ് തയ്യാറായാല്‍ മാസങ്ങള്‍കൊണ്ട് ആ നഷ്ടം നികത്താന്‍ ഇവിടെ ഉയര്‍ന്നുവരുന്ന കമ്പോളം നല്‍കുന്ന വില്പനനികുതികൊണ്ട് സാധിക്കും. വിതച്ചുകൊണ്ടുമാത്രമേ കൊയ്യാന്‍ സാധിക്കുകയുള്ളൂ. അതോടൊപ്പം വ്യവസായവകുപ്പ് അഴിച്ചുപണിയുകയും സംരംഭകന്‍ ആത്മഹത്യചെയ്യാത്ത വ്യവസായസൗഹൃദ നിലപാടുകള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. പരസ്പരം പഴിചാരുന്ന രാഷ്ട്രീയസംസ്‌കാരം നിലനില്‍ക്കുന്ന ഏതൊരു നാട്ടിലും ജനജീവിതം ദുസ്സഹമായിരിക്കും. ചോരനീരാക്കി എങ്ങനെയെല്ലാമോ മനുഷ്യര്‍ ജീവിച്ചുപോകുന്നു എന്നുമാത്രം.
ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ധനനികുതിയില്‍ ഇളവുനല്‍കാന്‍ സാധിക്കില്ല എന്നാണ്. അതിന്റെ ന്യായീകരണമായി പറയുന്നതോ മുന്‍പ് യുഡിഎഫ് ഭരിക്കുമ്പോള്‍ 13 തവണ നികുതി കൂട്ടിയിരിക്കുന്നു എന്നാണ്. ഇത് ഏതുതരം ന്യായീകരണമാണ് സര്‍ ? അവരേക്കാള്‍ ഭേദമാണ് നിങ്ങള്‍ എന്നു തോന്നിയതുകൊണ്ടാണല്ലോ ജനം നിങ്ങളെ വീണ്ടും അധികാരത്തിലേറ്റിയത്. എന്നിട്ടും എന്തിനാണ് ഇത്തരം മുട്ടാന്യായങ്ങള്‍ നിരത്തുന്നത് ?
ഇവിടത്തെ ജനങ്ങള്‍ എല്ലാത്തരം രാഷ്ട്രീയക്കാരെയും ഇതിനകം കണ്ടുകഴിഞ്ഞു. നിങ്ങളുടെ കൊടിയുടെ നിറമോ പ്രവര്‍ത്തനപാരമ്പര്യമോ ഒന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ എത്രത്തോളം ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ എന്തുസംഭാവന ചെയ്യാന്‍ കഴിയും എന്നതാണ്. ഇല്ലാത്തപക്ഷം ഈ രാഷ്ട്രീയ തമ്മിലടികള്‍ ഏതു പാര്‍ട്ടി ചെയ്താലും പ്രാകൃതം എന്നുതന്നെയേ പറയാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളാകെയും കല്ലും വടിയുമായി പായുന്ന ശിലായുഗമനുഷ്യരെപ്പോലെയായിരിക്കുന്നു എന്നാണ് തോന്നുന്നത്. വേട്ടയാടുന്നത് ഇരമൃഗത്തെയല്ല എന്നുമാത്രം. കഴിഞ്ഞദിവസം ലക്ഷ്യം മറന്ന് വഴിതെറ്റിപ്പോയ ഒരു വഴിതടയല്‍സമരം നമ്മള്‍ കണ്ടതാണ്.
താത്കാലിക വിജയങ്ങളില്‍ നിങ്ങള്‍ മതിമറക്കുമ്പോള്‍ മറന്നുപോകുന്നത് നിങ്ങളടക്കം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വയലായ പൊതുജനത്തെയാണ്. പരസ്പരം പഴിചാരി സ്വയം ചെയ്യാന്‍ കഴിയുന്നത് ചെയ്യാതിരിക്കുന്തോറും അരാഷ്ട്രീയം എന്ന് നിങ്ങള്‍ വിളിക്കുന്ന പ്രസ്ഥാനങ്ങള്‍ വേരുറച്ചുകൊണ്ടിരിക്കും എന്നത് മറക്കരുത്. ഡല്‍ഹിയില്‍ ഒരു എഎപി അധികാരത്തില്‍ വന്നെങ്കില്‍ നിലവിലുള്ള എല്ലാ രാഷ്ട്രീയശക്തികള്‍ക്കും അതീതമായ ചിലത് അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നത് വിസ്മരിക്കരുത്. അതുപോലെ പലതും ലോകത്ത് സംഭവിച്ചിട്ടുള്ളതാണ്.