'am ഉം pm ഉം തിരിച്ചറിയാത്തവര്‍ എങ്ങനെ പ്രധാനമന്ത്രിയുടെ ഓഫീസ് ചലിപ്പിക്കും?'

കോണ്‍ഗ്രസ് എന്ന മുത്തശ്ശിപ്പാര്‍ട്ടിയുടെ നെടുനായകത്വം ഏറ്റെടുക്കും മുമ്പു തന്നെ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു രീതികളെ കുറിച്ചും നേതൃപാടവത്തെ കുറിച്ചുമെല്ലാം പലകുറി സംസാരം ഉയര്‍ന്നതാണ്. പക്വതയില്ലാത്ത വ്യക്തി എന്നതായിരുന്നു പലവുരു പലകോണുകളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറെ പ്രധാനം. അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു നടക്കുന്ന കൊച്ചുപയ്യന്‍ ഇമേജില്‍ രാഹുലിനെ തളച്ചിടാന്‍ എതിരാളികള്‍ കണ്ടെത്തിയ പേരാണ് ‘പപ്പു’ എന്നത് പോലും. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിക്കാര്‍ ഒന്നടങ്കം രാഹുലിന്റെ രാഷ്ട്രീയ പ്രസംഗങ്ങളേയും ചോദ്യങ്ങളേയുമെല്ലാം റദ്ദ് ചെയ്യാന്‍ ശ്രമിച്ചത് ഈ പപ്പു വിളികളിലൂടേയും അമൂല്‍ ബേബി ഇമേജ് പൊലിപ്പിച്ച് കാണിക്കുന്നതിലൂടേയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് തെലങ്കാന എന്ന പച്ചത്തുരുത്തിനപ്പുറം ബിജെപിയ്ക്ക് മുന്നില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ മൂന്നിടങ്ങളില്‍ തോറ്റമ്പിയത് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കിയിരിക്കുന്നത്. അപ്പോഴും ചോദ്യങ്ങളുടെ മുന രാഹുലിന്റെ നേതൃഗുണത്തിലേക്ക് നീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളും മുന്‍രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നത്.

കോണ്‍ഗ്രസിനെ പോലുള്ളൊരു പാര്‍ട്ടിയെ നയിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവിനെ പ്രണബ് മുഖര്‍ജി സംശയിച്ചിരുന്നതായി അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ എഴുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. ‘ഇന്‍ പ്രണബ് മൈ ഫാദര്‍, എ ഡോട്ടര്‍ റിമെമ്പേഴ്‌സ്’ എന്ന പുസ്തകത്തില്‍ ശര്‍മിഷ്ഠ രാഹുല്‍ ഗാന്ധിയുടെ ചില സമീപനങ്ങളില്‍ പ്രണബിന് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്നും ഭാവി പ്രധാനമന്ത്രി ആകാനുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവില്‍ ചോദ്യം ഉയര്‍ത്തുന്ന തരത്തില്‍ തന്നെ പ്രണബ് സംശയിച്ചിരുന്നുവെന്നും ശര്‍മ്മിഷ്ഠ വെളിപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടും നിര്‍ണായക ഘട്ടങ്ങളില്‍ ഇടയ്ക്കിടെ അപ്രത്യക്ഷനാകുന്ന രാഹുലിന്റെ സ്വഭാവത്തില്‍ പ്രണബ് നിരാശനായിരുന്നുവെന്നാണ് പുസ്തകത്തില്‍ ശര്‍മ്മിഷ്ഠ പറയുന്നത്. പ്രണബ് മുഖര്‍ജിയെ കുറിച്ച് മകള്‍ ശര്‍മിഷ്ഠ എഴുതിയ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയുടെ പക്വത ഇല്ലായ്മയെ കുറിച്ചും വിവരണമുണ്ട്.

ഇനിയും പക്വത എത്തിയിട്ടില്ലാത്തവന്‍ എന്നാണ് പണ്ട് രാഹുല്‍ ഗാന്ധിയെ കുറിച്ചു പ്രണബ് മുഖര്‍ജി പറഞ്ഞിന്നതെന്നാണ് പുസ്തകത്തിലുള്ളത്. ഏറെ വിനയവും നിറയെ ചോദ്യങ്ങളുമുള്ള ആള്‍ എന്നാണ് രാഹുല്‍ ഗാന്ധിയെ കുറിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പറഞ്ഞത്. രാഹുല്‍ രാഷ്ട്രീയമായി പക്വത ആര്‍ജിച്ചിട്ടില്ലെന്ന പ്രണബിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അക്കാലത്തും ഉണ്ടായിരുന്നു. ചിലരെങ്കിലും അത് പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

രാഹുലിന്റെ പഠിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമായാണ് പ്രണബ് പക്ഷേ രാഹുലിന്റെ ചോദ്യങ്ങളെ കണ്ടിരുന്നതെന്ന് പുസ്തകത്തില്‍ ശര്‍മ്മിഷ്ഠ വിവരക്കുന്നുണ്ട്. രാഹുലിന്റെ സ്വഭാവത്തിലെ പല കാര്യങ്ങളും വമര്‍ശനബുദ്ധിയോടെ പ്രണബ് കണ്ടിരുന്നുവത്രേ.

മന്ത്രിസഭാംഗമാകാനും ഭരണനിര്‍വഹണത്തില്‍ നേരിട്ട് അനുഭവ പരിചയം കൈവരിക്കാനും രാഹുലിനെ ഉപദേശിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാത്തതില്‍ പ്രണബിന് നിരാശ തോന്നിയിരുന്നു. 2013 മാര്‍ച്ചിലെ ഒരു സംഭവം പുസ്തകത്തി ശര്‍മ്മിഷ്ഠ പറയുന്നതിങ്ങനെ. രാഹുല്‍ പ്രണബിനെ സന്ദര്‍ശിച്ചതിന് പിന്നാലെ പ്രണാബ് രാഹുലിനെ കുറിച്ച് ഒരു കാര്യം പറഞ്ഞുവത്രേ.

വിവിധ മേഖലകളിലെ വിഷയങ്ങളില്‍ രാഹുലിന് താല്‍പര്യമുണ്ട്. പക്ഷേ ഒരു വിഷയത്തില്‍നിന്ന് അതിവേഗം അടുത്ത വിഷയത്തിലേക്ക് പോകുന്നു. എനിക്കറിയില്ല, അദ്ദേഹം എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും ഉള്‍ക്കൊള്ളുന്നുണ്ടെന്നും.

വിഷയങ്ങളറിയാന്‍ താല്‍പര്യം കാണിക്കുന്ന രാഹുല്‍ ആ വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാത്തത് വലിയ പ്രശ്‌നമായി തന്നെയാണ് പ്രണബ് കണ്ടത്. പലപ്പോഴും രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പലകോണുകളില്‍ നിന്നും വിമര്‍ശനം നേരിട്ടതുമാണ്. ഒരു വിഷയം അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുന്നതില്‍ പലപ്പോഴും വീഴ്ച പറ്റിയെന്നതും വിഷയങ്ങളില്‍ നിന്നുള്ള മാറിപ്പോക്കുമെല്ലാം രാഷ്ട്രീയ നിരീക്ഷകരടക്കം വിമര്‍ശിച്ചതാണ്.

രാഹുലിന്റേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും ശ്രദ്ധയില്ലായ്മയും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ച ഒരവസരം പുസ്തകത്തിലുണ്ട്. ഒരു ദിവസം രാവിലെ മുഗള്‍ ഗാര്‍ഡനില്‍ നടക്കാനിറങ്ങിയപ്പോള്‍ രാഹുല്‍ പ്രണബിനെ കാണാന്‍ വന്ന സംഭവമാണത്. നടക്കാന്‍ പോകുമ്പോഴും പൂജയ്ക്കിടയിലും മറ്റ് തടസങ്ങളുണ്ടാകുന്നത് ഇഷ്ടക്കേടുണ്ടായിട്ടും പ്രണബ് രാഹുലുമായി അന്ന് കൂടിക്കാഴ്ച നടത്തി. വൈകുന്നേരം നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയ്ക്കാണ് രാഹുല്‍ ഗാന്ധി രാവിലെ എത്തിയതത്രേ. രാഹുലിന്റെ ഓഫീസിന് രാവിലത്തേയും വൈകുന്നേരത്തേയും സമയം മാറിപ്പോയ ഈ സംഭവത്തില്‍ പ്രണബിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

എഎമ്മും പിഎമ്മും തിരിച്ചറിയാത്തവര്‍ എങ്ങനെ പിഎം ഓഫീസ് നടത്തിക്കോണ്ട് പോകും?.രാവിലെ ഏതാണ് രാത്രി ഏതാണ് എന്ന് തിരിച്ചറിയാന്‍ രാഹുലിന്റെ ഓഫിസിന് കഴിയുന്നില്ലെങ്കില്‍ ഇവരെങ്ങനെ ഏതെങ്കിലും കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിക്കൊണ്ട് പോകും.

എങ്ങനെയാണ് ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ചലിപ്പിക്കാനാകുമെന്ന പ്രതീക്ഷ ഇത്തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ ഉണ്ടാവുകയെന്ന പ്രണബിന്റെ ചോദ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. എത്ര തഴമ്പിന്റെ കഥ പറഞ്ഞാലും മോദി- ഷാ കാലത്ത് രാഹുലിന്റെ ഓരോ ഇടപെടലും അളന്നുമുറിച്ച് അളക്കപ്പെടുന്നുണ്ട്. ഒരൊറ്റ വീഴ്ചയില്‍ തന്നെ ഒന്നുമല്ലാതാക്കി കളയാന്‍ പാകത്തിന് പിആര്‍- വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി യുദ്ധം കാശിറക്കി തന്നെ ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലും സ്‌നേഹത്തിന്റെ ചന്തയിലും വിശ്വസിച്ച് ഒപ്പം നിന്നവരും ഒട്ടനവധിയാണ്. തന്റെ നേതൃപാടവത്തെ കുറിച്ച് വലിയ ചോദ്യങ്ങള്‍ താങ്ങാനാവാതെ വന്നപ്പോഴാണ് അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്ന് വെച്ച് രാഹുല്‍ മാറി നിന്നത്. സ്ഥാനത്തിനപ്പുറം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആരെന്ന് അറിയുന്നവര്‍ക്ക് അറിയാം തീരുമാനങ്ങളുടെയെല്ലാം ഒടുവിലത്ത് കൈയ്യൊപ്പ് ആരുടേതാണെന്ന്. അങ്ങനെയിരിക്കുമ്പോള്‍ വീണ്ടും പക്വതയുടെ പേരില്‍ രാഹുല്‍ ചര്‍ച്ചയാവുകയാണ്, പ്രത്യേകിച്ചും രാഹുലിനെ അളന്ന വാക്കുകള്‍ പ്രണബ് മുഖര്‍ജിയുടേതാകുമ്പോള്‍..

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം