അയോദ്ധ്യയെ രാഷ്ട്രീയ പരിപാടിയാക്കിയ ബിജെപിയെ ന്യായ് യാത്ര കൊണ്ട് പിടിച്ചുകെട്ടാനാകുമോ?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കളമൊരുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുമ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണ് ബിജെപി. പൂര്‍ത്തിയാകാത്ത അയോധ്യ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപിയ്‌ക്കെതിരെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദു സന്യാസിമാരും ആചാര്യന്മാരും രംഗത്തുവന്നിട്ടും പൂര്‍ത്തിയാകാത്ത രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണ്. മറ്റൊരിടത്ത് ആദ്യഘട്ടം വിജയമായിരുന്ന ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് അടുത്തതോടെ രാഹുല്‍ ഗാന്ധി പുനരാംരംഭിച്ചിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം ദിവസം മുന്നേറുമ്പോള്‍ മണിപ്പൂരിന്റെ മുറിവില്‍ മരുന്നാകാനുള്ള ശ്രമമാണ്.
കലാപത്തിന് ശേഷം പ്രതീക്ഷയറ്റ മണിപ്പൂരില്‍ രാഹുലിന്റെ യാത്ര തുടക്കമിട്ടത് തന്നെ ഒന്നിച്ച് അന്യായത്തിനെതിരെ പോരാടുക എന്ന ശബ്ദമുയര്‍ത്തിയായിരുന്നു. മണിപ്പൂരിലെ ഇംഫാലില്‍ രാഹുലിനെ കാത്തിരുന്നത് വന്‍വരവേല്‍പ്പായിരുന്നു. നേരത്തെ കലാപ സമയത്തും രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. മണിപ്പൂരിലെ ജനങ്ങളെ കേള്‍ക്കാനും വേദനകള്‍ പങ്കുവെക്കാനും വേണ്ടിയാണ് ഞങ്ങള്‍ എത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു.

എന്തായാലും കോണ്‍ഗ്രസിന് മാത്രമല്ല അഞ്ച് സംസ്ഥാനങ്ങളിലെ ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പകച്ചു പോയ ഇന്ത്യമുന്നണിയ്ക്കും രാഹുലിന്റെ ഭാരത് ജോഡോ രണ്ടാം പതിപ്പ് രാഷ്ട്രീയമായി ഉണര്‍വ്വ് നല്‍കുന്നുണ്ട്. ഇന്നലെ നടന്ന ഉദ്ഘാടനത്തില്‍ ഇന്ത്യ മുന്നണിയില്‍ നിന്നുള്ള വിവിധ നേതാക്കളും പങ്കെടുത്തതും വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് മുന്നണി ശ്രമിക്കുന്നതിന്റെ കാഴ്ച കൂടിയായിരുന്നു. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. അതിനിടയില്‍ ഇന്ത്യ മുന്നണിയുടെ തലപ്പത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് നിര്‍ദേശിക്കപ്പെട്ടതും മുന്നണിയില്‍ കോണ്‍ഗ്രസിന്റെ നെടുനായകത്വം ഉറപ്പിക്കുന്നുണ്ട്.

രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലാണ് യാത്ര ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിക്കുക. അയോധ്യ രാമക്ഷേത്രത്തെ എല്ലാ കാലത്തും രാഷ്ട്രീയമായി ഉയര്‍ത്തിയ ബിജെപി ജനുവരി 22ന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ അതേ രീതിയില്‍ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുമ്പോള്‍ ചടങ്ങിനില്ലെന്ന് പറഞ്ഞു കോണ്‍ഗ്രസ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം കന്യാകുമാരിയില്‍ നിന്ന് കശ്മീര്‍ വരെ നടത്തിയ 4080 കിലോമീറ്റര്‍ ദൂരം യാത്രയുടെ രണ്ടാം പതിപ്പ് 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ്. 67 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന യാത്ര 6713 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് 20-ന് മുംബൈയിലാണ് സമാപിക്കുക. 150 ദിവസം കൊണ്ട് പൂര്‍ണ്ണമായും കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇന്ത്യയുടെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുള്ള ഭാരത് ജോഡോ ന്യായ് യാത്ര ബസ്സിലും കാല്‍നടയായുമാണ് രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുത്തതിനാലാണ് പ്രത്യേകം തയ്യാറാക്കിയ ബസിലേക്ക് യാത്ര മാറ്റിയത്.

എന്തായാലും മികച്ച സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. ഐക്യം, സാഹോദര്യം, സമത്വം എന്നിവയില്‍ അധിഷ്ഠിതമായ വിദ്വേഷവും അക്രമവും കുത്തക നിലപാടും ഇല്ലാത്ത ഒരു പുതിയ കാഴ്ചപ്പാട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യക്കായി മുന്നോട്ട്വെയ്ക്കുന്നുവെന്ന് പറഞ്ഞാണ് ന്യായ് യാത്ര തുടങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതര നിലപാടിനും മുന്‍തൂക്കം നല്‍കി പ്രതിപക്ഷം തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുമ്പോള്‍ അയോധ്യയില്‍ ഒരു മത ചടങ്ങിനെ സാമുദായിക ധ്രുവീകരണത്തിന് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ഭരിക്കുന്ന പാര്‍ട്ടിയും ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ അയോധ്യയെ എങ്ങനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നത് ഏവര്‍ക്ക് മുന്നിലും വെളിവായ കാര്യമാണ്. അതേ അയോധ്യ 2024 തിരഞ്ഞെടുപ്പിനായി സുവര്‍ണാവസരമാക്കുന്ന ബിജെപിയെ നേരിടാന്‍ മതേതര മനസുള്ള ഒരു ഭൂരിപക്ഷ സമൂഹം രാഷ്ട്രീയ ഇന്ത്യയിലുണ്ടോ എന്നത് മാത്രമാണ് വോട്ടെടുപ്പിലൂടെ ഇനി അറിയാനുള്ളത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍