കേന്ദ്ര ബജറ്റും ആണവോർജ്ജവും: ആണവാപകടത്തിന്മേലുള്ള സിവിൽ ബാദ്ധ്യതാ നിയമം ഭേദഗതി ചെയ്യുന്നത് ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളി

 ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ ആണവ പദ്ധതികൾക്ക് വിപുലമായ ബജറ്റ് നീക്കിവെപ്പുമായിട്ടാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് രേഖകൾ അനുസരിച്ച് 2047 ആകുമ്പോഴേക്കും 100 ഗിഗാ വാട്ട് ആണവോർജ്ജം ഉത്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചെറുകിട മോഡുലാർ റിയാക്ടറുകളുടെ വികസനത്തിനും ഗവേഷണത്തിനുമായി ഒരു ന്യൂക്ലിയർ എനർജി മിഷൻ രൂപീകരിക്കാനും 20,000 കോടി രൂപ അതിലേക്കായി നീക്കിവെക്കാനുമാണ് തീരുമാനം. 2033 ആകുമ്പോഴേക്കും തദ്ദേശീയമായി വികസിപ്പിച്ച 5 ചെറുകിട ആണവ നിലയങ്ങൾ പ്രവർത്തന സജ്ജമാക്കുവാനും ബജറ്റിൽ പദ്ധതിയിട്ടിട്ടുണ്ട്.

ആണവോർജ്ജ ഉത്പാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി, ആറ്റമിക് എനർജി ആക്ടും ആണവാപകടങ്ങളിന്മേലുള്ള സിവിൽ ബാദ്ധ്യതാ നിയമവും ഭേദഗതി ചെയ്യാനും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്. ഈ നിയമഭേദഗതികൾ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കാൻ പോകുന്നതെന്നതിൽ സംശയമൊന്നുമില്ല. ചെറുകിട മോഡുലാർ റിയാക്ടറുകളുടെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനറൽ ഇലക്ട്രിക്കിനെയും അദാനി പവറിനെയും പോലുള്ള സ്വകാര്യ സംരംഭകരെയും നേരത്തെ തന്നെ ഗവൺമെന്റ് വക്താക്കൾ സമീപിച്ചിരുന്നുവെങ്കിലും മേൽപ്പറഞ്ഞ കമ്പനികൾ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതിന് പ്രധാന തടസ്സമായി നിൽക്കുന്ന ആണവാപകടങ്ങളിന്മേലുള്ള സിവിൽ ബാദ്ധ്യതാ നിയമം തന്നെ ഭേദഗതി ചെയ്യാനുള്ള ഏറ്റവും അപകടകരമായ തീരുമാനമാണ് ഈ ജനവിരുദ്ധ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.

സാമ്പ്രദായിക ആണവ പദ്ധതികളിൽ ഭിന്നമായി ചെറുകിട ആണവ നിലയങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവരുമ്പോൾ അവയെ സംബന്ധിച്ച അവകാശവാദങ്ങളിൽ ഒട്ടും തന്നെ കഴമ്പില്ലെന്നാണ് ആഗോളതലത്തിൽ ചെറുകിട മോഡുലാർ റിയാക്ടറുകൾ സംബന്ധിച്ച അനുഭവങ്ങൾ തെളിയിക്കുന്നത്. യൂണിറ്റ് വൈദ്യുതിയുടെ ചെലവ്, മാലിന്യ ഉത്പാദനം എന്നിവയിൽ സാമ്പ്രദായിക നിലയ മാതൃകകളേക്കാൾ കൂടുതലാണ് മോഡുലാർ റിയാക്ടറുകളുടെ ചെലവും മാലിന്യോത്പാദനവും എന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളവർ കണ്ടെത്തിയിട്ടുള്ളതാണ്.

അമേരിക്കയിലെ ഇദാഹോയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നതും ഇപ്പോൾ ഉപേക്ഷിച്ചതുമായ, 77 മെഗാവാട്ട് ശേഷിയുള്ള, ആറ് ചെറുകിട റിയാക്ടറുകൾ നിർമ്മാണച്ചെലവിന്റെ കാര്യത്തിൽ ഈ അന്തരം പ്രകടമാക്കുകയുണ്ടായി. അമേരിക്കയിലെ തന്നെ ജോർജിയയിൽ നിർമിക്കുന്ന 2,200 മെഗാവാട്ട് ആണവ നിലയത്തിനായി പ്രതി മെഗാവാട്ട് ചെലവ് കണക്കാക്കിയതിനേക്കാൾ 250 ശതമാനം കൂടുതലാണ് ഇദാഹോയിലെ എസ്എംആർ നിലയത്തിൽ ഒരു മെഗാവാട്ട് ഉത്പാദിപ്പിക്കാൻ വേണ്ടിവരികയെന്ന് കണ്ടെത്തുകയുണ്ടായി. അമേരിക്ക മുമ്പ് നിർമ്മിച്ച പല ചെറുകിട റിയാക്ടറുകളും സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ടെത്തിയതിനാൽ പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. ചെറുകിട ആണവ റിയാക്ടറുകളുടെ നിർമ്മാണച്ചെലവിലെ ഈ അസാധാരണമായ വർധനവ് സ്വാഭാവികമായും വൈദ്യുതി ഉത്പാദനച്ചെലവിലേക്ക് പരിവർത്തനം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

അതുപോലെത്തന്നെ വികിരണ മാലിന്യങ്ങളുടെ ഉത്പാദനത്തിലും സാമ്പ്രദായിക നിലയ മാതൃകകളിൽ നിന്നും ഒട്ടും ഭിന്നമല്ല മോഡുലാർ റിയാക്ടർ മാതൃകകളെന്നും ഇതേക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള പ്രൊഫ. എം.വി.രമണ, സിയ മിയാൻ എന്നീ ആണവ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇരുവരുടെയും അഭിപ്രായത്തിൽ ”ഇത്തരം നിലയ മാതൃകകളിൽ ഉൽപാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തിന്റെ ആകെ അളവ് ലൈറ്റ് വാട്ടർ റിയാക്ടറുകളേക്കാൾ വളരെ കൂടുതലാണ്. ഏറ്റവും പ്രധാനമായി, ചെലവഴിച്ച ഇന്ധനത്തിലെ പ്ലൂട്ടോണിയത്തിന്റെ സാന്ദ്രത ലൈറ്റ് വാട്ടർ റിയാക്ടറുകളിലെ ഇന്ധനത്തേക്കാൾ ഏകദേശം 6-7 മടങ്ങ് കൂടുതലാണ്” എന്നാണ്.
ഇതുകൂടാതെ, ചെറുകിട റിയാക്ടറുകളുടെ നിർമ്മാണത്തിൽ ആണവോർജ്ജവുമായി ബന്ധപ്പെട്ട് പൊതുവിൽ ഉയർത്തപ്പെടുന്ന എല്ലാ ആശങ്കകളും നിലനിൽക്കുന്നു. ഗുരുതരമായ അപകട സാധ്യതകൾ, ആണവായുധ വ്യാപനവുമായുള്ള ബന്ധം, ആണവ മാലിന്യ പ്രശ്‌നങ്ങൾ എന്നിവയൊക്കെയും പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ആണവ ബാദ്ധ്യതാ നിയമങ്ങളടക്കം ഭേദഗതി ചെയ്തുകൊണ്ട് സ്വകാര്യ കുത്തക കമ്പനികളെ പൊതുപണം മുടക്കി ആനയിച്ചുകൊണ്ടുവരുന്നതിനെ ജനങ്ങൾ ഒറ്റക്കെട്ടായി ചോദ്യം ചെയ്യേണ്ടതുണ്ട്.

Read more