സ്വപ്‌നതുല്യമായ തിരിച്ചുവരവാണ് ആന്ധ്രപ്രദേശ് തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് നല്‍കിയത്. ചന്ദ്രബാബു നായിഡു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് അധികാര കസേര തിരിച്ചുപിടിക്കുക മാത്രമല്ല ചെയ്തത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു തൂക്കുമന്ത്രിസഭ വന്നപ്പോള്‍ അതിലെ കിങ് മേക്കറായി മാറുകയും ചെയ്തു. നായിഡുവിന്റെ തിരിച്ചുവരവോടെ ശാപമോക്ഷം കിട്ടുന്നത് അമരാവതിയ്ക്ക് കൂടിയാണ്. ഉപേക്ഷിക്കപ്പെട്ട ഒരു തലസ്ഥാന നഗരി അതിന്റെ പ്രൗഢി തിരിച്ചുപിടിക്കാനായി മുഖം മാറ്റുകയാണ്. എന്‍ഡിഎയ്‌ക്കൊപ്പം ദേശീയ രാഷ്ട്രീയത്തില്‍ ചന്ദ്രബാബുവിന്റെ ടിഡിപി തിളങ്ങുമ്പോള്‍ പണ്ടത്തെ എതിരാളി കെസിആറിന്റെ ദേശീയ രാഷ്ട്രീയത്തിലെ മോഹങ്ങളാണ് നായിഡു നേടിയെടുത്തത്.
തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്നില്‍ പരാജയപ്പെട്ട കെസിആര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഒന്നുമല്ലാതായപ്പോഴാണ് ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്തി നായിഡും സംസ്ഥാന ഭരണവും പാര്‍ലമെന്റില്‍ വന്‍ വിജയവും നേടിയത്. ആന്ധ്ര വിഭജന ശേഷം പലതും പയറ്റിയിട്ടും തെലങ്കാന പിടിച്ചിട്ടും ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന്റെ നേരെ മുഖം തിരിക്കുന്നത് പാര്‍ട്ടിയെ വലിയ വിഷമഘട്ടത്തിലാക്കിയിട്ടുണ്ട്. ജഗന്റെ പെങ്ങള്‍ ശര്‍മ്മിളയെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാക്കിയിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. തെലങ്കാനയിലാവട്ടെ കെസിആറിനെ അപ്രസക്തരാക്കി കോണ്‍ഗ്രസ് വിഎസ് ബിജെപി പോരാണ് നടന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് സീറ്റ് അധികം നേടി എട്ടിലും ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നാല് സീറ്റ് അധികം നേടി എട്ടിലും എത്തിയപ്പോള്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സംപൂജ്യരായി.
ഈ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ വിജയം പ്രസക്തമാകുന്നത്. ടിഡിപി 16 സീറ്റും ബിജെപി 3 സീറ്റും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി രണ്ട് സീറ്റും പിടിച്ചപ്പോള്‍ ആകെ 25ല്‍ 21ഉം എന്‍ഡിഎയ്‌ക്കൊപ്പമായി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 4 സീറ്റ് മാത്രമാണ് നേടാനായത്. വോട്ട് ഷെയറിന്റെ കാര്യത്തില്‍ മുന്നില്‍ ജഗന്റെ പാര്‍ട്ടിയായിട്ടും കോണ്‍ഗ്രസിന്റെ വോട്ടുപിടുത്തമാണ് ജഗന് തിരിച്ചടിയായതെന്ന് വേണമെങ്കില്‍ പറയാം. ടിഡിപിയ്ക്ക് അത് ചിലയിടങ്ങളിലെങ്കിലും വിജയത്തിന് സഹായകരമായി.
ആന്ധ്ര പിടിച്ച ചന്ദ്രബാബു നായിഡു അമരാവതിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ജഗന്‍ താല്‍പര്യം കാണിക്കാതിരുന്ന ആന്ധ്രയുടെ തലസ്ഥാനം വീണ്ടം രാഷ്ട്രീയ പോരിന്റേയും അധികാരത്തര്‍ക്കത്തിന്റേയും അടയാളമായി മാറുകയാണ്. അഴിമതി കേസില്‍ തൂക്കിയെടുത്ത് അകത്തിട്ടപ്പോള്‍ നായിഡുവിന്റെ തിരിച്ചുവരവിന് ആ കൈയ്യാമം കാരണമാകുമെന്ന് ജഗനും കരുതിയിട്ടുണ്ടാവില്ല. ബുള്‍ഡോസറുകളുടെ മുഴക്കവും നിര്‍മ്മാണ തൊഴിലാളികളും നിറഞ്ഞു അമരാവതി തിരിച്ചുവരുമ്പോള്‍ അത് ഒരു രാഷ്ട്രീയ പകപോക്കലിന്റെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.
കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വിജയിപ്പിച്ച ആന്ധ്രപ്രദേശ് 2014ലെ വിഭജനത്തിന് ശേഷം കേന്ദ്രം ഭരിച്ച പാര്‍ട്ടിയെ ഒരു സീറ്റിന് പോലും അനുവദിക്കാതെ തളര്‍ത്തിയിട്ടുവെന്നതാണ് ചരിത്രം. ആ വിഭജനത്തിന് മുറവിളി കൂട്ടിയ കെസിആറും വിഭജനത്തിനെതിരെ നിന്ന നായിഡുവും പുതിയ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി. ആന്ധ്ര വിഭജനത്തെ എതിര്‍ത്ത ആന്ധ്രയിലെ തീരപ്രദേശവും റായല്‍സീമയും ചേര്‍ന്ന സീമാന്ത്ര, കോണ്‍ഗ്രസിനെ ശത്രുവായി കണ്ടതോടെ ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന് കിട്ടാക്കനിയായി. നായിഡുവാകട്ടെ തരംപോലെ നിലപാട് മാറ്റി കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി പോരാട്ടം വൈഎസ്ആറിന്റെ മകന്‍ ജഗനുമായാക്കി.
വിഭജനശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി നായിഡു. 2019 വരെ മുഖ്യമന്ത്രിയായിരുന്ന നായിഡു ഈ കാലയളവില്‍ അമരാവതിയെ തലസ്ഥാന നഗരമായി ഉയര്‍ത്തി. പക്ഷേ 2019ലെ തിരഞ്ഞെടുപ്പില്‍ ജഗന്‍ വമ്പിച്ച വിജയം നേടിയതോടെ നായിഡുവും അമരാവതിയും വിസ്മൃതിയിലായി. അമരാവതിയിലെ തലസ്ഥാന നഗരം പദ്ധതി പൂര്‍ത്തിയാക്കാതെ വൈഎസ്ആര്‍സിപി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ തലസ്ഥാനമായി കണ്ടു ഭരിച്ചു. അമരാവതിയെ നിയമനിര്‍മ്മാണ തലസ്ഥാനമായും വിശാഖപട്ടണം ഭരണതലസ്ഥാനമായും കര്‍ണൂലിനെ ജുഡീഷ്യല്‍ തലസ്ഥാനമാക്കിയും സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത വികസനം എന്ന ആശയം റെഡ്ഡി അവതരിപ്പിച്ചിരുന്നുവെങ്കിലും അമരാവതിയെ കാര്യമായി പരിഗണിച്ചില്ല.
നായിഡു കണ്ടെത്തിയ തലസ്ഥാന നഗരിയെ അംഗീകരിക്കാന്‍ മടിച്ച് ജഗന്‍ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചപ്പോള്‍ സുപ്രീം കോടതിയില്‍ വരെ കേസെത്തിയിരുന്നു. അമരാവതിയായിരിക്കും നമ്മുടെ തലസ്ഥാനം എന്ന് ശപഥം ചെയ്താണ് പുതിയ മുഖ്യമന്ത്രി ഇപ്പോള്‍ അധികാരത്തിലേറിയിരിക്കുന്നത്.
ഞങ്ങള്‍ ക്രിയാത്മക രാഷ്ട്രീയമാണ് പിന്തുടരുക, അല്ലാതെ പ്രതികാര രാഷ്ട്രീയമല്ല. വിശാഖപട്ടണം സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമാകും. മൂന്ന് തലസ്ഥാനമെന്ന പേരെല്ലാം പറഞ്ഞു അതിനുവേണ്ടി ശ്രമിക്കുന്നുവെന്ന് കാട്ടുന്നത് പോലെ അത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഞങ്ങള്‍ ജനങ്ങളെ കബളിപ്പിക്കില്ല.
ജഗന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി അമരാവതി ഉയര്‍ത്തി കൊണ്ടുവന്ന് വീണ്ടും ആന്ധ്രയില്‍ രാഷ്ട്രീയമായി ഉറച്ചുനില്‍ക്കാനാണ് നായിഡുവിന്റെ ശ്രമം. തുടക്കത്തില്‍ തന്നെ എതിരാളിയുടെ തീരുമാനത്തെ തച്ചുടച്ച് താനാണ് ഇനി ഇവിടെ കാര്യം തീരുമാനിക്കുന്ന ആളെന്ന സന്ദേശമാണ് നായിഡു അമരാവതിയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ജഗന്‍ അഴിമതി കേസില്‍ ജയിലില്‍ കിടന്നിട്ട് വന്നപ്പോള്‍ മുഖ്യമന്ത്രി കസേര നല്‍കിയ ആന്ധ്രക്കാര്‍ നായിഡു അഴിമതി കേസില്‍ ജയിലില്‍ പോയി തിരിച്ചുവന്നപ്പോളും മുഖ്യമന്ത്രി കസേര നല്‍കിയെന്നത് ആന്ധ്രാ രാഷ്ട്രീയത്തിലെ വല്ലാത്തൊരു സമാനതയാണ്.