തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

വര്‍ഷങ്ങളായി ഇളക്കം തട്ടാത്ത മമതാ ബാനര്‍ജിയുടെ കോട്ടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തുവെന്നതാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള വിവരം. തൃണമൂല്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി മമതാ ബാനര്‍ജി ഒറ്റകേന്ദ്രമായി നിലനില്‍ക്കുമ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നില്ല. വിശ്വസ്തരായി നിന്ന സുവേന്ദു അധികാരി അടക്കം ബിജെപി പാളയത്തില്‍ പോയി ചേക്കേറി അവിടെ നേതൃത്വം ഏറ്റെടുത്തിട്ടും പശ്ചിമ ബംഗാളില്‍ മമതയ്ക്ക് കാലിടറിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നെടുനായകത്വം വഹിക്കുന്ന മമത പാര്‍ട്ടി ചുമതല കയ്യാളുമ്പോള്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് വിശ്വസ്തതയോടെ കൊണ്ടുവന്നത് സ്വന്തം അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ മാത്രമാണ്. മമതയ്ക്ക് പിന്നില്‍ നിന്ന് തൃണമൂലിന്റെ അടുത്ത നേതാവെന്ന ഇമേജ് ഉണ്ടാക്കിയ അഭിഷേക് ബാനര്‍ജിയും അമ്മായി മമത ബാനര്‍ജിയും തമ്മിലുള്ള ശീതസമരം ഇപ്പോള്‍ തൃണമൂലില്‍ രണ്ട് വിഭാഗത്തിന്റെ ഉദയത്തിന് ഇടയാക്കിയിരിക്കുകയാണ്.

മമത ബാനര്‍ജിയ്ക്കും അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയ്ക്കും ഇടയിലുണ്ടായ ഉരസല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ രണ്ട് വിഭാഗങ്ങളായി വിഭജിച്ച് കടുത്ത കലഹത്തിനിടയിലാക്കി കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയ്ക്കുള്ളിലെ രാഷ്ട്രീയം മമതാ ബാനര്‍ജിയെ ആദ്യമായി അസ്വസ്ഥയാക്കുന്നുണ്ട്. ഇരുവര്‍ക്കും ഇടയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ വിയോജിപ്പില്‍ പാര്‍ട്ടിയുടെ ഭാവി തുലാസിലാടുകയാണ്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് പ്രതിഷേധത്തിനിടെ പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഗായകരെ ബഹിഷ്‌കരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ ആഹ്വാനം ടിഎംസിയുടെ രണ്ടാമന്‍ ചോദ്യം ചെയ്തതാണ് മമത ബാനര്‍ജിയ്ക്ക് ദഹിക്കാഞ്ഞത്.

മമത ബാനര്‍ജിക്ക് ശേഷം രണ്ടാമത്തെ കമാന്‍ഡായി തൃണമൂല്‍ അണികള്‍ കണക്കാക്കുന്ന പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന അഭിഷേക് ബാനര്‍ജി കലാകാരന്മാരുടെ ബഹിഷ്‌കരണത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാടിനോട് പരസ്യമായി വിയോജിച്ചിരുന്നു. ഒരു നിര്‍ണായക വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളെ ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള പാര്‍ട്ടിയുടെ ഈ നീക്കത്തെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അഭിഷേക് പ്രകടിപ്പിക്കുകയും ചെയ്തു. കലാകാരന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പക്ഷം ചേരാന്‍ ആവശ്യപ്പെടുകയോ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയോ പാടില്ലെന്നും സര്‍ക്കാരിന്റെ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അഭിഷേക് പറഞ്ഞു.കലാകാരന്മാരെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച പാര്‍ട്ടിയിലെ പല നേതാക്കളില്‍ നിന്നും അദ്ദേഹത്തിന്റെ നിലപാട് വ്യത്യസ്തമായിരുന്നു.

ബഹിഷ്‌കരണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ച അഭിഷേക് ബാനര്‍ജി, പാര്‍ട്ടി നേതൃത്വം ഇതിന് ഔദ്യോഗികമായി അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചു. ഇക്കാര്യം സംബന്ധിച്ച് മമത ബാനര്‍ജിയോ താനോ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”പാര്‍ട്ടിക്കുവേണ്ടി ആരെങ്കിലും ഇത് പറഞ്ഞോ? നിങ്ങള്‍ എന്തെങ്കിലും അറിയിപ്പുകള്‍ കണ്ടിട്ടുണ്ടോ? എവിടെ, ആരുടെ കൂടെ, എപ്പോള്‍ പാടണം എന്ന് തീരുമാനിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്,”

വ്യക്തിസ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തു കൊണ്ട് അഭിഷേക് ബാനര്‍ജി ഇക്കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു കൊണ്ടേയിരുന്നു. മമതയെന്നാല്‍ തനിക്കെതിരെ നീങ്ങിയവരെ പാഠം പഠിപ്പിക്കണമെന്ന ഭൂരിപക്ഷ താപ്പാനകളുടെ നിലപാടിനൊപ്പം നിന്നതോടെ അനന്തരവനുമായി അഭിപ്രായഭിന്നതയിലായി. അഭിഷേകിന്റെ പരാമര്‍ശത്തിന് പിന്നാലെ ടിഎംസിയുടെ മുതിര്‍ന്ന വക്താവ് കുനാല്‍ ഘോഷ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണം മമതയുടെ നിലപാടിന്റെ വിളിച്ചോതല്‍ കൂടിയായിരുന്നു. ടിഎംസി പ്രവര്‍ത്തകരുടെ മനസാക്ഷിയാണ് ഇക്കാര്യത്തില്‍ തീരുമാനിക്കുകയെന്നും മമതാ ബാനര്‍ജി എന്ത് പറഞ്ഞാലും അത് വിഷയത്തില്‍ അന്തിമ വാക്ക് ആയിരിക്കുമെന്ന് ഘോഷ് വ്യക്തമാക്കി. ഘോഷിന്റെ പ്രസ്താവന മമത ബാനര്‍ജിയുടെ കഴിഞ്ഞ മാസത്തെ പ്രതികരണവുമായി ചേര്‍ന്ന് പോകുന്നതായിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ ”അവസാന വാക്ക്” തനിക്കാണെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ തന്നെ പാര്‍ട്ടി കാര്യങ്ങളില്‍ മമതയുടെ ആധിപത്യവും അഭിഷേക് ബാനര്‍ജി തനിക്ക് കീഴിലാണെന്ന ചൂണ്ടിക്കാണിക്കാലും താനാണ് നേതൃസ്ഥാനത്തെന്ന ഓര്‍മ്മപ്പെടുത്തലുമായിരുന്നു.

മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം പുകയുന്നതിനിടയില്‍ മമത പിന്നാലെ അഭിഷേകിന്റെ അടുത്ത അനുയായികളെ ലക്ഷ്യം വെച്ചതാണ് ഇരുവര്‍ക്കും ഇടയില്‍ വീണ്ടും വലിയ അകലം ഉണ്ടാക്കിയത്. സിനിമ പ്രവര്‍ത്തകരോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന രീതിയെ ചോദ്യം ചെയ്ത അഭിഷേകിനെ പാഠം പഠിപ്പിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത അഭിഷേക് ബാനര്‍ജിയോട് അടുപ്പമുള്ള മന്ത്രിമാരെ പല വിഷയങ്ങളിലും മയമില്ലാതെ നേരിട്ടതാണ് പാര്‍ട്ടിയ്ക്കുള്ളില്‍ രണ്ട് വിഭാഗത്തെ ഉണ്ടാക്കിയത്. അഭിപ്രായ വ്യത്യാസങ്ങള്‍ കഴിഞ്ഞ കുറച്ചുനാളായി ഉണ്ടായിരിന്നെങ്കിലും പ്രകടമായത് ഈ സംഭവത്തോടെയാണ്. എന്തായാലും ബംഗാളില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച് വലിയ മെച്ചം കിട്ടാതിരുന്ന ബിജെപി തൃണമൂലിലെ തമ്മില്‍ തല്ല് പുത്തന്‍ സുവര്‍ണാവസരമായി കണ്ടു രംഗത്തിറങ്ങിയിട്ടുണ്ട്.