സഖാവ്: മലയാളം അറിഞ്ഞുവിളിച്ച യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്

സഖാക്കളെ മുന്നോട്ട്, ലാല്‍സലാം

സഖാവെന്ന വാക്കിൻെറ പര്യായമായി മാറിയ ചെന്താരകത്തിൻെറ അവസാന കുറിപ്പിലുണ്ടായിരുന്ന വിപ്ലാവാഹ്വാനം ഇങ്ങനെയായിരുന്നു. കേരളം ഉണ്ടാകും മുമ്പേ മലയാളനാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ വേരാഴ്ത്തിയ വ്യക്തി. രാജ്യത്തിൻെറ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ജ്വലിച്ചു നിന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ്. പി കൃഷ്ണപിള്ള എന്ന് പറഞ്ഞാല്‍ മലയാളിക്ക് കോട്ടയത്തെ വൈക്കത്ത് നിന്ന് പടര്‍ന്നു പന്തലിച്ച് കേരളക്കരയാകെ വേരാഴ്ത്തിയ വിപ്ലവ പ്രസ്ഥാനത്തിന്റെ ആദ്യ പേരാണ്. കമ്യൂണിസവും മാര്‍ക്സിസവും പോരാട്ട വീര്യമായി അടിമത്തച്ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ പാത വെട്ടിത്തെളിച്ച പേര്. പി കൃഷ്ണപിള്ള. മലയാളനാടിൻെറ ആദ്യ സഖാവ്. തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന മലയാള ഭൂമികയില്‍ വിപ്ലവാവേശത്തിൻെറ കനല്‍ ഊതി കത്തിച്ച കൃഷ്ണപിള്ള. തുക്ടി സായിപ്പിൻെറ ലാത്തിയടികള്‍ക്ക് മുന്നില്‍ പുഞ്ചിരിച്ചു നിന്ന വിപ്ലവചരിത്രം വിസ്മരിക്കുവതെങ്ങനെ.

പാർട്ടിയും പ്രത്യയശാസ്ത്രവും പ്രതിസന്ധിയിലായ കാലത്ത് ഒരു പാഠപുസ്തകം പോലെ വായിച്ചറിയാൻ കൃഷ്ണപിള്ളയുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച സംഘാടകന്‍. മനസ് തൊട്ട് സഖാവെന്ന് തലമുറകള്‍ വിളിച്ച നേതാവ്. അടിയാന്മാരും കുടിയാന്മാരും ബ്രിട്ടീഷ് അടിമത്തത്തിൻെറയും തൊട്ടുകൂടായ്മയുടേയും തീണ്ടായ്കയുടേയുമെല്ലാം ജന്മിത്വ നാട്ടുരാജവാഴ്ചകളുടെ സവര്‍ണ ചുഴിയില്‍പ്പെട്ടു കറങ്ങുമ്പോള്‍ വിപ്ലവത്തിൻെറ വിത്തുപാകി ഒരു സമൂഹത്തെ സ്വാതന്ത്ര്യ പോരാട്ടത്തിനായി സംഘടിപ്പിച്ച കേരളക്കര കണ്ട ഏറ്റവും വലിയ സംഘാടകനായിരുന്നു പി കൃഷ്ണപിള്ള. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ സ്ഥാപകനേതാവും ആദ്യ സെക്രട്ടറിയുമായ കൃഷ്ണപിള്ള അതിന് മുമ്പേ തന്നെ സമരമുഖത്തെ അചഞ്ചലമായ പോരാട്ട വീര്യത്തിൻെറ ഒറ്റപ്പേരായിരുന്നു. വൈക്കം സത്യഗ്രഹത്തിൻെറ അലയൊലികള്‍ രൂപപ്പെടുത്തിയെടുത്ത രാഷ്ട്രീയ പ്രവേശനം. ഗാന്ധിജിയുടെ ഉപ്പു സത്യഗ്രഹം കേരളക്കരയില്‍ ശക്തമായ സമരമാക്കി കെ കേളപ്പൻെറ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോയ ഉപ്പുസത്യഗ്രഹ ജാഥയില്‍ മൂവര്‍ണക്കൊടി പിടിച്ച് ആദ്യന്തം മുന്നില്‍ നിന്ന ചെറുപ്പക്കാരന്‍ പിന്നീട് രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് മലയാളനാടിൻെറ സമരോജ്ജ്വല ജീവിതത്തിലെ എണ്ണം പറഞ്ഞ പേരായത് ചരിത്രം. ഭരണകൂടം വേട്ടയാടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ പാര്‍ട്ടി സെക്രട്ടറി തൻെറ ഒളിവുജീവിത കാലത്ത് പാമ്പുകടിയേറ്റ്  മരിക്കുമ്പോള്‍ പോലും പാര്‍ട്ടി കമ്മിറ്റിയില്‍ താന്‍ അവതരിപ്പിക്കേണ്ടിയിരുന്ന റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വേവലാതിയിലായിരുന്നു.

വിമര്‍ശനമുണ്ട്, സ്വയം വിമര്‍ശനമില്ലെന്ന തലക്കെട്ടിലെഴുതിയ ആ റിപ്പോര്‍ട്ട് എഴുതി അവസാനിപ്പിച്ചാണ് കൃഷ്ണപിള്ള പാമ്പിന്‍ വിഷത്തിന് കീഴടങ്ങിയത്. സഖാവിന് പാമ്പു കടിയേറ്റ വിവരമറിഞ്ഞെത്തിയ മറ്റു സഖാക്കളോട് കൃഷ്ണപിള്ള പറഞ്ഞത് സംഭവിക്കേണ്ടത് സംഭവിച്ചു, സാരമില്ല, എല്ലായിടത്തും വിവരമറിയിച്ചേക്കുക എന്നാണ്. മുഹമ്മയിലെ കണ്ണാര്‍ക്കാട്ടുള്ള ചെല്ലിക്കണ്ടത്തില്‍ നാണപ്പൻെറ വീട്ടില്‍ സഖാവ് രാമനെന്ന പേരിലുള്ള ഒളിവുജീവിതത്തിൻെറ അവസാനം വിഷംതീണ്ടുമ്പോള്‍ സഖാവ് എഴുതി അവസാനിപ്പിച്ച റിപ്പോര്‍ട്ടിലെ അവസാന വാചകങ്ങള്‍ ഇങ്ങനെയായിരുന്നു.

എൻെറ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എൻെറ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളേ, മുന്നോട്ട്. ലാല്‍സലാം…

ഒരു ഓഗസ്റ്റ് 19ന് ജനിച്ച് മറ്റൊരു ഓഗസ്റ്റ് 19ന് കാലയവനികയ്ക്ക് പിന്നിലേക്ക് നാൽപത്തിരണ്ടാമത്തെ വയസില്‍ മറഞ്ഞപ്പോഴേക്കും പി കൃഷ്ണപിള്ള കേരളത്തിൻെറ ചരിത്രത്തെ മാറ്റിമറിച്ചൊരു വിപ്ലവപ്രസ്ഥാനത്തിന് രൂപം നല്‍കിക്കഴിഞ്ഞിരുന്നു. വേട്ടയാടപ്പെടുന്ന കമ്യൂണിസ്റ്റുകളില്‍ നിന്ന് ഭരണം പിടിക്കുന്ന തലത്തിലേക്ക് ആ പ്രസ്ഥാനത്തെ വളര്‍ത്തി വിട്ടിരുന്നു. മികച്ച സംഘാടകനെന്നതിനപ്പുറം പില്‍ക്കാലത്തേക്ക് ഒരുപിടി നല്ല സംഘാടകരെ തിരഞ്ഞെടുത്ത് പ്രസ്ഥാനത്തെ വളര്‍ത്താന്‍ നിയോഗിച്ചാണ് കൃഷ്ണപിള്ള വിടവാങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതില്‍ കൃഷ്ണപിള്ളയോളം ചാലകശക്തിയായ മറ്റൊരു നേതാവില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താന്‍ പാകത്തിനുള്ള പ്രവര്‍ത്തകരെ കണ്ടുപിടിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ആളുകളുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് ചുമതല നല്‍കുന്നതിലും കൃഷ്ണപിള്ള കാണിച്ച സാമര്‍ഥ്യം രാജ്യത്ത് ഒരു സംസ്ഥാനത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ എത്തിനിന്നു. കൃഷ്ണപിള്ള മരിച്ച് ഒൻപത് കൊല്ലത്തിനുശേഷം കേരളത്തില്‍ ആദ്യമായി ഉണ്ടായത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു.

ഇഎംസും ഇകെ നായനാരുമെല്ലാം തങ്ങളെ രൂപപ്പെടുത്തിയെടുത്ത സഖാവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 1932 ജനുവരിയില്‍ കോഴിക്കോട് സബ്ജയിലില്‍വച്ചാണ് ഇ എം എസും പി കൃഷ്ണപിള്ളയും ആദ്യം കണ്ടതെന്നും അന്ന് ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളര്‍ത്തിയത് സഖാവാണെന്നും ഇ എം എസു പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയില്‍ തന്നെ ചേര്‍ത്തത് അന്ന് കല്യാശേരി അടക്കമുള്ള മലബാർ മേഖലയിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്ന് ഇ കെ നായനാരും ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. വിഎസ് അച്യുതാനന്ദനെന്ന നേതാവിനെ പരുവപ്പെടുത്തിയെടുത്തതും തൊഴിലാളികളേയും കര്‍ഷകരേയും കയര്‍ത്തൊഴിലാളികളേയും സംഘടിപ്പിക്കാന്‍ ചുമതലയേല്‍പ്പിച്ചു നല്‍കിയതും കൃഷ്ണപിള്ള തന്നെയാണ്.

യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരുടെ മനസില്‍ ചെങ്കൊടിയുടെ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്ന പി കൃഷ്ണപിള്ള വൈക്കത്ത് 1906ൽ ജനിച്ചു. മയിലേഴത്തു മണ്ണാപ്പിള്ളി നാരായണന്‍നായരുടെയും പാര്‍വതിയുടെയും മകനായി ഇടത്തരം കുടുംബത്തില്‍ ജനിച്ച കൃഷ്ണപിള്ളയ്ക്ക് 14 വയസിനിടയില്‍ അമ്മയേയും അച്ഛനേയും നഷ്ടമായി. അഞ്ചാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയിരുന്ന കൃഷ്ണപിള്ള പിന്നീട് കുറച്ചു കാലം കയര്‍ത്തൊഴിലാളിയായി. 1920ഓടെ നാട് വിട്ടു നാഗര്‍കോവിലില്‍ ചുറ്റിത്തിരിഞ്ഞുവെന്ന് പറയപ്പെടുന്നു. 1922ല്‍ വൈക്കത്തേയ്ക്ക് തിരിച്ചെത്തി ജീവിതം കെട്ടിപ്പെടുക്കാന്‍ ശ്രമം തുടങ്ങി. ഹിന്ദി പഠിക്കാന്‍ ആ കാലഘട്ടം ഉപയോഗിച്ചത് പില്‍ക്കാലത്ത് സ്വാതന്ത്രസമര മുന്നേറ്റങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി സമരമുഖത്തെ സംഘാടകനാകാന്‍ സഹായിച്ചു. 1924ല്‍ വൈക്കം സത്യഗ്രഹത്തിൻെറ തീക്കനലിൽ രൂപപ്പെട്ടതാണ് കൃഷ്ണപിള്ളയെന്ന രാഷ്ട്രീയക്കാരന്‍. ഗാന്ധിയനായും കോണ്‍ഗ്രസുകാരനായും സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരനായും ഒടുക്കം കമ്യൂണിസ്റ്റുകാരനായും പരിവര്‍ത്തനം ചെയ്യപ്പെട്ട ഇരുപതാണ്ട്. രാഷ്ട്രീയജിവിതത്തിൻെറ തുടക്കം വൈക്കത്തമ്പലത്തിന് ചുറ്റുമുള്ള വഴികളിലെ അവര്‍ണരുടെ സഞ്ചാരസ്വതന്ത്ര്യം വിലക്കപ്പെട്ട വ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ്. വൈക്കത്തേയ്ക്ക് ഗാന്ധിജിയും പെരിയാറുമടക്കം നേതാക്കള്‍ ഒഴുകിയെത്തിയപ്പോള്‍ പ്രസംഗങ്ങള്‍ കേട്ടു രൂപപ്പെട്ട പൊതുബോധമാണ് പിന്നീട് സമരോജ്ജ്വല യുവത്വത്തിന് വഴികാട്ടിയായത്. സ്വാതന്ത്ര്യ സമരത്തിൻെറ തീച്ചൂളയില്‍ രാജ്യം വേകുമ്പോഴാണ് ബനാറസിലേക്ക് കൃഷ്ണപിള്ള പോവുകയും സാഹിത്യ വിശാരദ് പരീക്ഷയെഴുതി ഹിന്ദി പ്രചാരകനായി തിരിച്ചെത്തുകയും ചെയ്തത്. ഹിന്ദി പ്രചാരകനായി ജോലി കിട്ടിയെങ്കിലും അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.


മഹാത്മ ഗാന്ധിയുടെ ഉപ്പു സത്യഗ്രഹം കൃഷ്ണപിള്ളയുടെ സമര ജീവിതത്തെ പ്രക്ഷുബ്ധമാക്കി. ഗാന്ധിജിയുടെ ഉപ്പു നിര്‍മ്മിച്ചു നിയമം ലംഘിക്കാനുള്ള ആഹ്വാനവും ദണ്ഡി യാത്രയും കേരളത്തിലും വലിയ മുന്നേറ്റമുണ്ടാക്കി. അന്ന് കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോയ സത്യഗ്രഹയാത്രയിലേക്ക് കൃഷ്ണപിള്ള തെരഞ്ഞടുക്കപ്പെട്ടു. കേളപ്പൻെറ നേതൃത്വത്തിൽ പയ്യന്നൂരെത്തിയ സത്യഗ്രഹികൾ ഉപ്പുകുറുക്കി നിയമം ലംഘിച്ചു ഗാന്ധിയുടെ ആഹ്വാനം പൂര്‍ത്തീകരിച്ചു. ബ്രിട്ടീഷ് പൊലീസിൻെറ ക്രൂരമര്‍ദ്ദനത്തിനിടയിലും ത്രിവര്‍ണ പതാക പിടിച്ച ആ ഇരുപത്തിനാലുകാരൻ തലകുനിച്ചില്ല. ലാത്തിയടിയേറ്റ് വീണിട്ടും ബൂട്ടിട്ട കാലുകള്‍ ചവിട്ടിക്കൂട്ടിയിട്ടും കലക്ടറുടെ ബംഗ്ലാവിലേക്ക് വലിച്ചിഴച്ചിട്ടും മൂവര്‍ണക്കൊടി ചുറ്റിയ കമ്പ് മാറോടടക്കി പിടിച്ചു. അറസ്റ്റ് ചെയ്‌തെന്ന തുക്ടി സായിപ്പിൻെറ വാക്കുകള്‍ കേട്ടപ്പോഴാണ് ത്രിവര്‍ണ പതാക കൃഷ്ണപിള്ള വിട്ടുനല്‍കിയത്.  അറസ്റ്റ് ചെയ്താല്‍ കൊടി വിട്ടുകൊടുക്കണമെന്ന് മഹാത്മജി നേരത്തേ പറഞ്ഞതിനാലാണ് കൊടിയ പീഡനങ്ങളിലും കൈവിടാതിരുന്ന കൊടി ആ സമരനായകന്‍ വിട്ടുനല്‍കിയത്. പിന്നീടങ്ങോട്ട് മലയാള നാട്ടിലെ സമരവേദികള്‍ കീഴടക്കിയ നേതാവിൻെറ ഉദയമായിരുന്നു അത്. കണ്ണൂര്‍ ജയിലിലടച്ചപ്പോള്‍ തടവുകാരെ ഹിന്ദി പഠിപ്പിച്ച് സമരോല്‍സുകരാക്കി സ്വാതന്ത്ര്യ പോരാട്ടത്തിന് സജ്ജരാക്കി. 1931ല്‍ പുറത്തെത്തിയപ്പോഴേക്കും നാട് ഗുരുവായൂര്‍ സത്യഗ്രഹത്തിൻെറ തീച്ചൂളയിലായിരുന്നു.  സത്യഗ്രഹത്തിൻെറ ആദ്യ ദിനം തന്നെ സഖാവും എകെജിയും അറസ്റ്റിലായി. മാസങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തുവന്നപ്പോഴേക്കും സത്യഗ്രഹം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരുന്നു. ക്ഷേത്ര സോപാനത്തിലെ മണിയടിക്കാന്‍ ബ്രാഹ്‌മണര്‍ക്ക് മാത്രം അവകാശമുണ്ടായിരുന്ന കാലത്ത് വിലക്ക് ലംഘിച്ച് സോപാനത്തില്‍ കയറി മണിയടിച്ചു കൃഷ്ണപിള്ള. ആ മണി മുഴങ്ങുമ്പോള്‍ ക്ഷേത്ര കാവല്‍ക്കാര്‍ കൃഷ്ണപിള്ളയുടെ പുറത്ത് വടി കൊണ്ടടിച്ചു പൊളിക്കുകയായിരുന്നു. അന്ന് അക്ഷോഭ്യനായി നിന്ന് അടിയെല്ലാം കൊണ്ട് മണിയടിച്ചു കൊണ്ട് പി കൃഷ്ണപിള്ള ഒരു വാചകം വിളിച്ചു പറഞ്ഞു.

ഉശിരുള്ള നായര്‍ മണിയടിക്കട്ടെ, എച്ചില്‍പെറുക്കി നായര്‍ അവരുടെ പുറത്തടിക്കട്ടെ.

ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുന്നതിനായുള്ള സമരപരിപാടികളും ഈ കാലയളവില്‍ ശക്തമാക്കി. പിന്നീടങ്ങോട്ട് തൊഴിലാളി വര്‍ഗത്തെ സംഘടിച്ച് ശക്തരാകാന്‍ പ്രാപ്തരാക്കിയ കൃഷ്ണപിള്ള വടക്കന്‍ കേരളത്തിലേക്ക് മുന്നേറി. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിൻെറ സാധാരണ സമരസേവകനായി തുടങ്ങി നേതൃനിരയിലേക്ക് ഉയര്‍ന്ന് സെക്രട്ടറി, അഖിലേന്ത്യാ പ്രവര്‍ത്തകസമിതിയംഗം എന്നീ നിലകളിലെത്തി. തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ചുവെങ്കിലും സ്വാതന്ത്ര്യ സമരപോരാട്ടം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നീണ്ടുപോകുമെന്ന തോന്നല്‍ പാര്‍ട്ടിക്കുള്ളില്‍ ദേശവ്യാപകമായി ഉണ്ടായി. കോണ്‍ഗ്രസിനുള്ളില്‍ പരിവര്‍ത്തനവാദികളായ യുവാക്കള്‍ മാറ്റത്തിനുവേണ്ടി രംഗത്തെത്തിയതോടെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസുണ്ടായി. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, പി കൃഷ്ണപിള്ള, ഇ എംഎസ്, എകെജി തുടങ്ങി ഇന്ത്യയാകെ വളര്‍ന്ന യുവനേതൃത്വം സോഷ്യലിസ്റ്റുകളായി സ്വാതന്ത്ര്യ സമരം ശക്തമാക്കുന്നതിനുവേണ്ടി വാദിച്ചു. 1934ല്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി കൃഷ്ണപിള്ള. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ആശയപരമായി ഉണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരെന്നും വലതുപക്ഷ സോഷ്യലിസ്റ്റുകളെന്നും രണ്ട് ചേരിയുണ്ടായി. ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ചത്.

1937-ല്‍ കോഴിക്കോടിനടുത്ത് തിരുവണ്ണൂരില്‍വെച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രഹസ്യമായി രൂപംകൊണ്ടു. രഹസ്യഗ്രൂപ്പിൻെറ നേതാവ് കൃഷ്ണപിള്ളയായിരുന്നു. ടിവികെ എഴുതിയ കൃഷ്ണപിള്ളയുടെ ജീവചരിത്രഗ്രന്ഥമായ സഖാവില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 1939 ഡിസംബര്‍ 31ന് തലശ്ശേരിക്കടുത്ത് പിണറായിയിലെ പാറപ്പുറത്തെ ഐതിഹാസിക സമ്മേളനത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. സിപിഐ കേന്ദ്ര കമ്മിറ്റിയംഗം എസ് വി ഖാട്ടെ മദ്രാസില്‍ നിന്നെത്തിയിരുന്നു. കോഴിക്കോട്ടുനടന്ന ആദ്യസമ്മേളനത്തില്‍ കൃഷ്ണപിള്ളയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം പി കൃഷ്ണപിള്ള നടന്നുകയറി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തി. സഖാവ് നടന്നെത്താത്ത ഒരു വഴിയുണ്ടോ ഈ നാട്ടില്‍ എന്നൊരു ശ്രുതി പരന്നത് തന്നെ ചടുലഗതിയില്‍ നടന്നുനീങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കൃഷ്ണപിള്ളയെ ചൂണ്ടിക്കാണിച്ചായിരുന്നു.

മലബാറില്‍ മദ്രാസ് കേന്ദ്രീകരിച്ചുള്ള ബ്രിട്ടീഷ് കമ്പനി ഭരണത്തിനും നാടുവാഴികളുടെ സവര്‍ണ വാഴ്ചയ്ക്കുമെതിരെ കലാപക്കൊടി ഉയര്‍ന്നതിന് പിന്നില്‍ സഖാവിന്റെ തീപ്പൊരി പ്രസംഗങ്ങളും സംഘാടക മികവുമുണ്ടായിരുന്നു. പുന്നപ്ര- വയലാര്‍ സമരങ്ങളില്‍ കര്‍ഷക- തൊഴിലാളി വര്‍ഗത്തെ ഒത്തൊരുമിപ്പിച്ചു നിര്‍ത്യതില്‍ സഖാവിൻെറ ആസൂത്രണ മികവുണ്ടായിരുന്നു. സമരകേന്ദ്രങ്ങളില്‍ താമസിക്കുകയും സമരമുഖത്തുള്ളവരുമായി ചര്‍ച്ചനടത്തുകയും സമരത്തിൻെറ അടവുകള്‍ രൂപപ്പെടുത്തുകയും ചെയ്താണ് പി കൃഷ്ണപിള്ള ഒരു കാലഘട്ടത്തിലെ സമരോജ്ജ്വല ഗാഥയുടെ അമരക്കാരനായത്. സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തേയും അധഃസ്ഥിതരെയും മാറ്റിനിര്‍ത്തപ്പെട്ടവരേയും സംഘടിക്കാന്‍ പഠിപ്പിച്ച് നിരവധി ബഹുജന സംഘടനകള്‍ക്ക് തുടക്കം കുറിച്ചത് സഖാവാണ്. ദുഷ്പ്രഭുത്വത്തിനെതിരെ അരിവാളുയര്‍ത്താന്‍ ഒരു ജനതയെ പ്രാപ്തനാക്കിയതും ചൂഷണത്തിനും മര്‍ദനത്തിനുമെതിരായി മുതലാളിത്തത്തോട് സന്ധിയില്ലാതെ സമരം ചെയ്യാന്‍ പഠിപ്പിച്ചതും മുന്നില്‍ നിന്നതും കൃഷ്ണപിള്ളയാണ്. സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകരേയും കയര്‍ ഫാക്ടറി തൊഴിലാളികളേയും അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായി സൈന്യമുണ്ടാക്കിയതും സഖാവാണ്. ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് ഒരു നാരങ്ങക്കച്ചവടക്കാരനായാണ് സഖാവ് എത്തിയതും നേതൃത്വം നല്‍കിയതും.

ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിൻെറ സംഘാടനത്തിലെ നെടുംതൂണായതും കൃഷ്ണപിള്ളയായിരുന്നു. സമരത്തിന് മുന്നോടിയായി നടന്ന പണിമുടക്കും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവും ഒളിവുകാലത്ത് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ സഖാവ് കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനമായിരുന്നു. ഓഗസ്റ്റില്‍ തന്നെ സഖാവ് ആലപ്പുഴയിലെത്തിയിരുന്നു. പുന്നപ്ര വയലാര്‍ സമരശേഷം നേതാക്കളെ കൂട്ടത്തോടെ ദിവാന്‍ സര്‍ സിപിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടച്ചു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചതോടെ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സമരപോരാട്ടത്തില്‍ നേതൃത്വം നല്‍കാനും സഖാവ് കൃഷ്ണപിള്ള ആലപ്പുഴയില്‍ തന്നെ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു. കല്‍ക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യവ്യാപകമായി നിരോധിക്കപ്പെട്ടതോടെ ആലപ്പുഴയില്‍ ഒളിവു ജീവിതത്തിലായിരുന്നു സഖാവ്. അതിനിടയിലാണ് പാമ്പുകടിയേറ്റ് 1948 ഓഗസ്ത് 19ന് മരിക്കുന്നത്.

സഖാക്കളെ മുന്നോട്ടെന്ന് അന്ത്യവാചകം കുറിച്ച സഖാവ് വിപ്ലവത്തെ കണ്ടത് വര്‍ഗസമര പോരാട്ടമായാണ്. രണ്ടു കാര്യങ്ങളാണ് ഒരു വിപ്ലവ മുന്നേറ്റത്തില്‍ സഖാവ് ശ്രദ്ധവെച്ചിരുന്നതത്രേ. ഒന്ന് പ്രാദേശികമോ ദേശീയമോ ആയ വിഷയമാകട്ടെ വിപ്ലവത്തിന് ബന്ധപ്പെട്ട ജനത തയ്യാറാണോ എന്നത്. രണ്ട്, വിപ്ലവം നടത്താനുള്ള പാര്‍ട്ടി അഥവാ സംഘടന ശക്തമാണോ?. ഇതുരണ്ടും അനുകൂലമെങ്കില്‍ ഭരണ അധികാര വര്‍ഗത്തിനെതിരായ പ്രക്ഷോഭം നടത്തണം, അത് വിജയിക്കുമെന്ന് സഖാവ് കൃഷ്ണപിള്ള അടിവരയിട്ടിരുന്നു. വിപ്ലവ സംഘടനയില്ലാതെ ഒരു വിപ്ലവവും സാധ്യമാകില്ലെന്ന തത്വവും ഭരണകൂടവുമായി ഏറ്റുമുട്ടുന്ന ഏതു പ്രക്ഷോഭവും ഒരു വിപ്ലവമാകുമെന്നും പറഞ്ഞു പഠിപ്പിച്ചിട്ടാണ് സഖാവ് കടന്നുപോയത്. അടിസ്ഥാന വര്‍ഗത്തെ മറന്നൊരു കമ്മ്യൂണിസ്റ്റില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് കൃഷ്ണപിള്ളയുടെ ജീവിതം. സഖാവ് എന്നത് കൃഷ്ണപിള്ളയെ ഒരു ജനത മനസ്സറിഞ്ഞു വിളിച്ചതാണ്, ഇനിയുള്ള തലമുറകളും അക്ഷരം തെറ്റാതെ ആ വിളിതുടരും. പക്ഷേ ആ വിളി ആവര്‍ത്തിക്കപ്പെടാന്‍ യോഗ്യതയുള്ള എത്ര കമ്മ്യൂണിസ്റ്റുകാര്‍ നിലവിലുണ്ടെന്ന ചോദ്യം ചെങ്കൊടിയേന്തുന്നവര്‍ക്ക് മുന്നിലെന്നും ഉണ്ടാവും. ജനങ്ങളത് ആവര്‍ത്തിച്ച് ചോദിക്കുക തന്നെ ചെയ്യും. അങ്ങനെ അധികാര വര്‍ഗത്തെ ചോദ്യം ചെയ്യാന്‍ തന്നെയാണ് കേരളത്തിൻെറ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍ സഖാവ് പഠിപ്പിച്ചത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്