കോണ്‍ഗ്രസിന്റെ തിരിച്ചുവരവുകള്‍!; 'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

ഹരിയാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ വിജയം പ്രഖ്യാപിക്കുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരിച്ചടികള്‍ മാത്രമാണ് ബിജെപിയ്ക്കുണ്ടാകുന്നുവെന്നത് വ്യക്തമാവുകയാണ്. എട്ട് എക്‌സിറ്റ് പോളുകളാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വിജയം പ്രവചിക്കുന്നത്. ജമ്മുകശ്മീരിലും കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മുന്നേറ്റമുണ്ടാകുമെന്ന് അഞ്ച് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഹരിയാനയില്‍ ഹാട്രിക് പ്രതീക്ഷിച്ചിറങ്ങുന്ന ബിജെപിയ്ക്ക് കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകിയ മണ്ണ് കൃത്യമായ മറുപടി നല്‍കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെ അക്ഷരംപ്രതി ശരിവെച്ചാണ് എക്‌സിറ്റ് പോള്‍ ഫലപ്രവചനങ്ങള്‍.

ഭൂരിഭാഗം സര്‍വ്വേകളും പറയുന്നത് ഹരിയാനയില്‍ കോണ്‍ഗ്രസ് വളരെ എളുപ്പത്തില്‍ തന്നെ പാതിവഴി കടക്കുമെന്ന് കടക്കുമെന്നാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റവും ചുരുങ്ങിയത് 44-61 സീറ്റുകള്‍ 90 അംഗ നിയമസഭയില്‍ കിട്ടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. ബിജെപി 18-32 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡ തന്നെയാണ് കോണ്‍ഗ്രസിനായി അമരത്തുണ്ടായിരുന്നത്. ഒക്ടോബര്‍ 8ന് ഫലം വരുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനം പോലെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയായി ഹൂഡ തന്നെയെത്തുമെന്ന കാര്യം ഉറപ്പാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാന ബിജെപിയെ തള്ളികൊണ്ടുള്ള നയം വ്യക്തമാക്കിയതാണ്. 2019ല്‍ 10ല്‍ 10 ജയിച്ചു നിന്ന ബിജെപി 2024ല്‍ അഞ്ചിലേക്ക് കൂപ്പുകുത്തി. പൂജ്യത്തില്‍ നിന്ന് അഞ്ചിലേക്ക് കോണ്‍ഗ്രസ് കുതിച്ചു കയറുകയും ചെയ്തതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനിടയില്‍ സര്‍ക്കാര്‍ വീഴുമോയെന്ന് പേടിച്ച് ഹരിയാനയില്‍ വല്ലാത്ത പങ്കപ്പാടിലായിരുന്നു ബിജെപി. അട്ടിമറിക്കാന്‍ താല്‍പര്യമില്ലാതെ ഉടന്‍ വരുന്ന തിരഞ്ഞെടുപ്പിനായി കാത്തിരുന്ന കോണ്‍ഗ്രസ് തന്ത്രമാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ ബിജെപിയുടെ നായബ് സിങ് സെയ്നിയുടെ സര്‍ക്കാരിനെ അനുവദിച്ചത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാന്‍ തയ്യാറായതും ബിജെപിയ്ക്കൊപ്പമുണ്ടായ സ്വതന്ത്രര്‍ കൈവിട്ടതും ചില്ലറ പൊല്ലാപ്പല്ല ഹരിയാനയില്‍ കാവിപ്പാര്‍ട്ടിയ്ക്ക് ആ നാളുകളില്‍ ഉണ്ടാക്കിയത്. അതിന്റെ ബാക്കിയായാണ് നിയമസഭാ ഫലത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ സാധ്യത തെളിഞ്ഞത്.

മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി സെയ്നിയെ മുഖ്യമന്ത്രിയാക്കി ഭരണവിരുദ്ധ വികാരം മാറ്റാനുള്ള ശ്രമമൊന്നും ബിജെപിയ്ക്ക് വലിയ ഗുണമുണ്ടാക്കിയിട്ടില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തെളിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കാക്കിയാണ് ഒബിസി വോട്ട് ലക്ഷ്യം വെച്ച് മനോഹര്‍ ലാല്‍ ഖട്ടാറിനെ മാറ്റി നായബ് സിങ് സെയ്‌നിയെ മോദി- ഷാ ടീം മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും 10 വര്‍ഷത്തെ ഭരണവിരുദ്ധ വികാരം ഹരിയാനയില്‍ ബിജെപി തണ്ടൊടിച്ചു.

ഹരിയാന അതിര്‍ത്തിയിലൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ കര്‍ഷകരെ അടിച്ചമര്‍ത്തിയത് അനുഭവിച്ച ഹരിയാനക്കാര്‍ ഒത്ത മറുപടി ബിജെപിയ്ക്ക് നല്‍കുമെന്ന് ഉറപ്പാണ്. ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലപ്പത്തുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പോരാട്ടവും ഡല്‍ഹിയില്‍ അവരെ വലിച്ചിഴച്ചതും ഹരിയാനയിലെ വോട്ടര്‍മാര്‍ മറക്കില്ലെന്ന് വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് മെഡല്‍ നഷ്ടത്തിന് ശേഷമുള്ള തിരിച്ചുവരവോടെ വ്യക്തമായതാണ്. ബ്രിജ് ഭൂഷണെന്ന ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന പ്രതിയെ പൊതിഞ്ഞു കാത്ത ബിജെപിയ്ക്ക് ഹരിയാനയില്‍ വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് മെഡല്‍ നഷ്ടമടക്കം തിരിച്ചടിയായതാണ്. ഗുസ്തി താരങ്ങളുടെ സമരത്തിന് മുന്‍നിരയില്‍ നിന്ന വിനേഷ് ഫോഗട്ടും ബജ് രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. വിനേഷാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജുലാനയില്‍ മല്‍സരിക്കുകയും ചെയ്തു. ഇന്നലെ നടന്ന ഹരിയാനയിലെ വോട്ടെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാന വോട്ടിംഗ് ശരാശരിയേക്കാള്‍ ഉയര്‍ന്ന വോട്ട് ശതമാനം വിനേഷിന് അനുകൂലമാക്കും കാര്യമെന്നാണ് കരുതപ്പെടുന്നത്.

ജമ്മുകശ്മീരിലാകട്ടെ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 90 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് സെപ്തംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യ സഖ്യം തന്നെ വിജയക്കൊടി പാറിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. കശ്മീര്‍ താഴ്‌വാരത്തിലും ഹരിയാനയിലെ കുഷ്തി അഖാഡയിലും ബിജെപി തോറ്റമ്പി കുഴഞ്ഞുവീഴുന്നത് പോലൊരു കാവ്യനീതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉടനടി വേറൊന്ന് ഉണ്ടാവാനില്ല.

Latest Stories

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം

"മൊട കാണിച്ചാൽ നീ വീണ്ടും പുറത്താകും, ഞാൻ ആൾ ഇച്ചിരി പിശകാ"; പിഎസ്ജി താരത്തിന് താകീദ് നൽകി പരിശീലകൻ

ബൈക്കപകടത്തില്‍ പെണ്‍സുഹൃത്തിന് ദാരുണാന്ത്യം; പിന്നാലെ ബസിന് മുന്നില്‍ ചാടി യുവാവും ജീവനൊടുക്കി

ഒന്നേകാൽ ലക്ഷം രൂപ വരെ വിലക്കുറവിൽ കാറുകൾ വിൽക്കാൻ ഹോണ്ട!