നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടുന്ന കോണ്‍ഗ്രസ്. ഗുജറാത്തിലേയും മധ്യപ്രദേശിലേയും ഓരോ സീറ്റുകളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ അപ്രസക്തരായ കോണ്‍ഗ്രസിന്റെ പുത്തന്‍പോര്‍മുഖം ഇത്തരത്തിലാണ്. വോട്ടര്‍മാരെ ബെഞ്ചിലിരുത്തി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗുജാറാത്ത് മോഡലില്‍ ബിജെപിയെ വീഴ്ത്താന്‍ നോട്ടയ്ക്ക് കുത്താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിയ്ക്കുന്ന കോണ്‍ഗ്രസ് പുത്തന്‍ കാഴ്ചയാണ്. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ സമരമുറയിലേക്ക് കോണ്‍ഗ്രസ് മാറിയത് വോട്ടര്‍മാര്‍ സ്ഥിരമായി ബെഞ്ചിലാകാതിരിക്കാന്‍ കൂടിയാണ്. ഗുജറാത്തിലെ സൂററ്റില്‍ എതിരാളികളില്ലാതെ ബിജെപി തിരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചെങ്കില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മറുകണ്ടം ചാടിയെങ്കിലും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും ബിജെപി ഭീഷണിയില്‍ ഇതുവരെ വീഴാത്തതിനാല്‍ ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അടക്കം പിന്‍വലിപ്പിക്കാനുള്ള ശ്രമം ബിജെപി നടത്തുമ്പോള്‍ അതിന് തടയിടാന്‍ ശക്തമായ പ്രചാരണം കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ഗുജറാത്തിലെ സൂററ്റില്‍ വിജയിച്ച, സ്ഥാനാര്‍ത്ഥിയെ തട്ടിയെടുക്കല്‍ തന്ത്രം ഇന്‍ഡോറിലും കോണ്‍ഗ്രസിനെതിരെ ബിജെപി പയറ്റിയതോടെ ശക്തമായ പ്രതിരോധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അതാണ് നോട്ടയ്ക്ക് വോട്ട് തേടി ടോര്‍ച്ച് റാലിയും പോസ്റ്റര്‍ പ്രചാരണവുമായി ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍ റോഡിലിറങ്ങിയതിന് പിന്നില്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന ചതിയുടെ തന്ത്രം ഗുജറാത്തിലാണ് ബിജെപി പരീക്ഷിച്ച് വിജയിച്ചത്. രാഷ്ട്രീയ ധാര്‍മ്മികത തീരെയില്ലാതെ സ്വന്തം പാര്‍ട്ടിയെ ചതിച്ചു പോകുന്ന സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയ്ക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അവസരം ഇല്ലാതാക്കിയാണ് മറുകണ്ടം ചാടുന്നത്. എത്ര സജ്ജരാണെന്ന് പറഞ്ഞാലും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയവും കാലവുമെല്ലാം കഴിഞ്ഞതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പിന്നീട് ആ പാര്‍ട്ടിയ്ക്ക് അവസരം കിട്ടില്ല. ഇത്തരത്തില്‍ സമയത്തിന്റേയും നിയമത്തിന്റേയും തിരഞ്ഞെടുപ്പ് ചട്ടത്തിന്റേയും സാധ്യതതകള്‍ കണ്ടുകൊണ്ടാണ് താമര പാര്‍ട്ടി ഗുജറാത്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പുത്തന്‍ ചതി ആവിഷ്‌കരിച്ചതും നടപ്പാക്കിയതും.

വോട്ടര്‍മാരെ ബെഞ്ചിലിരുത്തി ഗുജറാത്തിലെ സൂററ്റിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും എതിരാളികളില്ലാതെ വിജയിച്ചു കയറാന്‍ ബിജെപി നടത്തിയ ചതിയ്ക്ക് തിരിച്ചടിയുമായി കോണ്‍ഗ്രസ് ഇറങ്ങയത് നോട്ടയ്ക്ക് വോട്ട് തേടിയാണ്. നിരൂപാധികം കീഴടങ്ങാതെ തങ്ങളാല്‍ ഇനി കഴിയും വിധം ബിജെപിയുടെ കുടിലതന്ത്രം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസുകാര്‍. ഇന്‍ഡോറിലെ താമര ചതിയ്ക്ക് ടോര്‍ച്ച് റാലിയും ഭിത്തിയിലും ഓട്ടോറിക്ഷകളിലുമടക്കം പോസ്റ്റര്‍ പ്രചരണവുമായി കോണ്‍ഗ്രസ് അണികള്‍ നോട്ടയ്ക്ക് വോട്ട് തേടി തെരുവിലുണ്ട്.

ബിജെപിയെ ഒരു’പാഠം’ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ആഭിമുഖ്യത്തില്‍ പലയിടങ്ങളിലും ഇന്‍ഡോറില്‍ യോഗങ്ങള്‍ നടത്തുന്നുണ്ട്. പോസ്റ്ററുകളിലും ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഒന്നിച്ചിറങ്ങി നോട്ടയ്ക്ക് കുത്താനുള്ള ആവശ്യം ഉയരുന്നുണ്ട്. ഗുജറാത്തിലെ സൂററ്റിലെ നിലേഷ് കുംഭാനിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളലും പിന്നാലെയുള്ള അയാളുടെ ബിജെപി ചാട്ടത്തിനും ശേഷമാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപി പാളയത്തിലെത്തിയത്. ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം അവസാന നിമിഷമാണ് നാമനിര്‍ദ്ദേശക പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാക്കളോടൊപ്പം എത്തിയായിരുന്നു കോണ്‍ഗ്രസുകാരനായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിപ്പോയതോടെ സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാതായി. സമയം കഴിഞ്ഞതിനാല്‍ പുതിയ സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും കഴിയാത്ത അവസ്ഥയില്‍ പെട്ട് ഉഴറിയ പാര്‍ട്ടി ഇപ്പോള്‍ ശക്തമായി ബിജെപിയ്‌ക്കെതിരെ തിരിച്ചടിക്കാനാണ് നോട്ടയ്ക്ക് വേണ്ടി വോട്ട് തേടുന്നത്.

മെയ് 13 ന് വരൂ, നോട്ടയെ തിരഞ്ഞെടുക്കൂ, ബിജെപിയെ ഒരു ‘പാഠം’ പഠിപ്പിക്കൂ. ജനങ്ങള്‍ ഈ രാഷ്ട്രീയ കുറ്റകൃത്യത്തെ എതിര്‍ത്തില്ലെങ്കില്‍, ഇന്‍ഡോറിലെ രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളെ ഭയപ്പെടുകയില്ല.

വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മതിലുകളിലും ഓട്ടോറിക്ഷകളിലും പോസ്റ്ററുകള്‍ ഒട്ടിച്ചു കഴിഞ്ഞു. ടോര്‍ച്ച് റാലികളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും സജീവമാക്കി കഴിഞ്ഞിട്ടുണ്ട്. മേയ് 13ന് നടക്കുന്ന മധ്യപ്രദേശിലെ വോട്ടെടുപ്പില്‍ ചതിച്ചു ജയിക്കാന്‍ നോക്കുന്ന ബിജെപിയ്ക്ക് തക്ക തിരിച്ചടി കൊടുക്കണമെന്ന് കോണ്‍ഗ്രസ് അണികള്‍ തെരുവുകളില്‍ ആവര്‍ത്തിച്ച് ആരവം മുഴക്കുകയാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറിയതിന് പിന്നാലെ ഇന്‍ഡോറിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്മാറാന്‍ ബിജെപി സമീപിച്ചതോടെ. നേരത്തെ സൂററ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ മറ്റെല്ലാ സ്ഥാനാര്‍ത്ഥികളും ബിഎസ്പിയുടെ അടക്കം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ബിജെപി ജയം ഉറപ്പാക്കുകയായിരുന്നു. കോണ്‍ഗ്രസ് പറയുമ്പോലെ ജനങ്ങള്‍ ഈ രാഷ്ട്രീയ കുറ്റകൃത്യത്തെ എതിര്‍ത്തില്ലെങ്കില്‍ ജനാധിപത്യ മര്യാദകളെല്ലാം ലംഘിക്കുന്ന പതിവ് രീതി ഒരു തുടര്‍ശൈലിയാക്കി ഇന്ത്യയെ ജനാധിപത്യത്തിന്റെ ശവപ്പറമ്പാക്കും ബിജെപി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ