ഒന്നിപ്പിച്ച് നിര്‍ത്താനുള്ള യുപിയിലെ കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി

ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനിറങ്ങാന്‍ സീറ്റ് വീതംവെയ്പ്പിലടക്കും വിട്ടുവീഴ്ചകള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഒന്നിച്ച് നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടപെടലുകള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ കോണ്‍ഗ്രസിന് കുറച്ചു കാലങ്ങളായി വലിയ സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഉത്തര്‍പ്രദേശില്‍ എസ്പിയേയും ബിഎസ്പിയേയും ഒറ്റ കുടയുടെ കീഴിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ അമ്പിനും വില്ലിനുമടക്കാത്ത രീതിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും യുപിയില്‍ തമ്മില്‍തല്ല് തുടരുന്ന കാഴ്ച തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്.

എസ്പിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാരിനോട് സഹായം ചോദിക്കാന്‍ പോലും മായാവതി തയ്യാറായതോടെ ഉത്തര്‍പ്രദേശിലെ ഒരുമിച്ച് നില്‍ക്കല്‍ പ്രതിപക്ഷത്തിന് ബാലികേറാമലയായി കഴിഞ്ഞു. ഒരു വേദിയില്‍ അഖിലേഷ് യാദവിനേയും മായാവതിയേയും എത്തിച്ച് മഞ്ഞുരുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു മായാവതിയുടെ അടുത്തിടെ ഉണ്ടായ പ്രസ്താവന. 1995ലെ യുപിയിലെ കുപ്രസിദ്ധമായ ഗസ്റ്റ് ഹൗസ് വിവാദത്തിന്റെ കാര്യം ഓര്‍മ്മിപ്പിച്ചാണ് മായാവതി എസ്പിയ്‌ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കും തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമാജ്‌വാദി പാര്‍ട്ടി ഒരു ഭീഷണിയാണെന്നായിരുന്നു മായാവതിയുടെ പ്രതികരണം.

ഇനി എന്താണ് 1995ലെ ഗസ്റ്റ്ഹൗസ് വിവാദം എന്നല്ലേ. 1993ല്‍ എസ്പി മേധാവിയായിരുന്ന മുലായം സിങ് യാദവും ബിഎസ്പി അധ്യക്ഷന്‍ കാന്‍ശി റാമും ചേര്‍ന്ന് യുപിയില്‍ സഖ്യമുണ്ടാക്കി. രഥയാത്രയും ബാബ്‌റി മസ്ജിദ് പൊളിക്കലുമായി രാമക്ഷേത്ര വിഷയത്തില്‍ ബിജെപി കത്തിക്കയറുന്ന സമയത്ത് സംഘപരിവാരത്തെ യുപിയ്ക്ക് പുറത്താക്കാനായിരുന്നു ആ കൂട്ടുകെട്ട്. എസ്പി- ബിഎസ്പി സഖ്യം 176 സീറ്റ് നേടിയ അന്നത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി 177 സീറ്റ് നേടി. പക്ഷേ കോണ്‍ഗ്രസിന്റെ പിന്തുണ കൂടി കിട്ടിയതോടെ മുലായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടായി. പക്ഷേ രണ്ട് വര്‍ഷത്തിന് ശേഷം മായാവതി പിന്തുണ അങ്ങ് പിന്‍വലിച്ച് ബിജെപിയ്ക്ക് കൈകൊടുത്ത് മറുകണ്ടം ചാടി. ഇതില്‍ വളരെ രൂക്ഷമായാണ് എസ്പി പ്രവര്‍ത്തികര്‍ പ്രതികരിച്ചത്. ലക്‌നൗവിലെ ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി യോഗം ചേരുന്ന മായാവതിയെ അന്ന് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഈ സംഭവം ഓര്‍മ്മിപ്പിച്ചാണ് എസ്പി പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് മായാവതി പറഞ്ഞത്.

ഇപ്പോള്‍ ബിഎസ്പിയുടെ ഹെഡക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ച പാലം പാര്‍ട്ടിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മായാവതി പറയുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് പാലം മാറ്റി നിര്‍മ്മിക്കാനോ കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് ബിഎസ്പി കാര്യാലയം മാറ്റിത്തരാനോ അപേക്ഷിക്കാന്‍ ബിഎസ്പി അധ്യക്ഷ മടിച്ചില്ല. ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കണമെന്നും മായാവതി പറഞ്ഞു.

ലഖ്നൗവിലെ ബിഎസ്പി സംസ്ഥാന ഓഫീസിന് സമീപം നിര്‍മ്മിക്കുന്ന പാലം’ സുരക്ഷാ ഭീഷണിയാണെന്നും അത് തന്റെ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഢാലോചനയ്ക്കും അക്രമത്തിനും ഇടയാക്കുമെന്നാണ് മായാവതി പറഞ്ഞത്. എസ്പി പിന്നോക്കക്കാരുടെ പാര്‍ട്ടി മാത്രമല്ലെന്നും ദളിത് വിരുദ്ധ സംഘമാണെന്നും മായാവതി കുറ്റപ്പെടുത്തിയതോടെയാണ് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്കാരും ബിഎസ്പിക്കാരും തമ്മിലുള്ള ബന്ധം വഷളായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുടെ ദളിത് വിരുദ്ധത കുറയ്ക്കാനാണ് ഒപ്പം ചേര്‍ന്നതെന്നും എന്നാല്‍ പാര്‍ട്ടിയുടെ സ്വഭാവം മാറ്റാന്‍ കഴിഞ്ഞില്ലെന്നും മായാവതി പറയുന്നു.

എസ്പിയുമായുള്ള അടുത്ത തിരഞ്ഞെടുപ്പിലെ സഹകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എസ്പി അധ്യക്ഷന്‍ ആരുമായി സഖ്യത്തിനെ കുറിച്ച് സംസാരിച്ചാലും ബിഎസ്പിയുമായി സഖ്യം വേണ്ടെന്നാണ് പറയുന്നതെന്നും മായാവതി പറയുന്നുണ്ട്. എന്തായാലും പാര്‍ട്ടിയെ പറയുന്നത് കേട്ടുനില്‍ക്കാന്‍ തയ്യാറാവാതെ അഖിലേഷ് യാദവും തിരിച്ചടിച്ചു. ബാബയുടെ കയ്യില്‍ അദ്ദേഹത്തിന്റെ ആവശ്യാനുസരണം ബുള്‍ഡോസര്‍ ഉണ്ടെന്നും പറഞ്ഞാല്‍ പാലം ഇടിച്ചുനിരത്തി തരുമെന്നും അഖിലേഷ് യാദവ് മായാവതിയെ പരിഹസിച്ചു. ഇതോടെ സഖ്യ ശ്രമത്തിന് മുന്‍കൈയ്യെടുത്ത കോണ്‍ഗ്രസ് എന്തിനി ചെയ്യുമെന്ന അവസ്ഥയിലായി.

എന്തായാലും അടികണ്ട് രസിക്കുന്നതിന് ഇടയില്‍ ബിജെപിയും എരിതീയില്‍ എണ്ണ ഒഴിക്കാന്‍ മടിച്ചില്ല. മായാവതിക്കും പാര്‍ട്ടിക്കും സുരക്ഷാഭീഷണി തോന്നുന്നതിന് കാരണം എസ്പി അതിന്റെ പഴയ സ്വഭാവത്തില്‍ നിന്ന് മാറിയിട്ടില്ലെന്നതിന്റെ ഉദാഹരണമാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഗസ്റ്റ് ഹൗസ് വിവാദ കാലത്ത് എസ്പി ഗൂണ്ടകള്‍ മായാവതിയെ കൊല്ലാന്‍ തന്നെയാണ് ശ്രമിച്ചതെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു. ബഹന്‍ജിയുടേയും ജനങ്ങളുടേയും സുരക്ഷയില്‍ ബിജെപി സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധാലുവാണെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയും ബിഎസ്പിയും തമ്മിലുള്ള അനുരഞ്ജന സമീപനത്തില്‍ പ്രതിപക്ഷത്തിനും സംശയമൊന്നുമില്ല. കാരണം അഴിമതി കേസുകളുടെ കാര്യത്തില്‍ മായാവതിക്ക് പഞ്ഞമില്ല, ആ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് കഴിഞ്ഞ കുറച്ചു നാളുകളായി മായാവതിയുടേതും ബിഎസ്പിയുടേതും. ഇതിനിടയിലാണ് പ്രതിപക്ഷ ഐക്യം കരുത്താക്കുന്നതിന് അഖിലേഷ് യാദവിനേയും മായാവതിയേയും ഒരു വേദിയിലെത്തിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗസ്റ്റ് ഹൗസ് സ്‌കാന്‍ഡന്‍ പ്രസ്താവന വന്നതും അടിയും തിരിച്ചടിയുമായതും.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു