ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസിന് മറുപണിയുമായി കോണ്‍ഗ്രസിന്റെ ഓപ്പറേഷന്‍ ഹസ്ത. കിട്ടിയ അടിയെല്ലാം തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ തുടക്കം കുറിക്കുന്നത് ഞെട്ടലോടെയാണ് ബിജെപി കാണുന്നത്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കളമറിഞ്ഞ് കളിച്ചു തുടങ്ങിയതോടെ ബിജെപിക്ക് കര്‍ണാടകയില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പടലപ്പിണക്കത്തില്‍ ഒതുക്കിയിരുത്തിയ പഴയ പടക്കുതിര യെഡ്ഡിയെ ഇറക്കാതെ നിര്‍വ്വാഹമില്ലെന്നായി. കോണ്‍ഗ്രസിന്റെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചാക്കിലാക്കിയവര്‍ മറുകണ്ടം ചാടി രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ബി എസ് യെദ്യൂരപ്പ വീണ്ടും അനുനയ തന്ത്രം പയറ്റുന്നുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ എംഎല്‍എമാരെ തിരികെ പാര്‍ട്ടിയിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളെയാണ് ‘ഓപ്പറേഷന്‍ ഹസ്ത’ എന്ന പേരില്‍ വിളിക്കുന്നത്.
കൈപ്പത്തിയുടെ ഓപ്പറേഷന്‍ തുടങ്ങിയതോടെ അങ്കകലി പൂണ്ട ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി കൈ എങ്ങനെ മുറിച്ചു കളയണമെന്ന് തനിക്ക് അറിയാമെന്ന് പരിഹസിച്ചിരുന്നു. എന്നാല്‍ പറഞ്ഞു നാക്ക് വായിലിടും മുമ്പ് ഡികെ ശിവകുമാര്‍ എന്ന കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കിംഗ് മേക്കര്‍ രവിക്ക് മറുപടിയും ചൂടോടെ കൊടുത്തു.
”കൈ വെട്ടിക്കളയുമെന്നാണ് സി ടി രവിയുടെ ഭീഷണി. മുന്‍പ് കോണ്‍ഗ്രസില്‍നിന്നും ജെഡിഎസില്‍നിന്നും എംഎല്‍എമാരെ കൊണ്ടുപോയപ്പോള്‍ ഇതൊന്നും തോന്നിയില്ലേ?. നിങ്ങള്‍ക്ക് മറ്റുള്ളവരെ ഭീഷണിപ്പെടുത്താമെങ്കില്‍, തിരിച്ച് എങ്ങനെ ഭീഷണിപ്പെടുത്തണമെന്ന് ബാക്കിയുള്ളവര്‍ക്കും അറിയാം. ഞങ്ങളുടെ സഖ്യസര്‍ക്കാരിനെ വീഴ്ത്തി സര്‍ക്കാര്‍ രൂപീകരിച്ചവരാണ് നിങ്ങള്‍’
കടുത്ത ഭാഷയില്‍ ഇതും പറഞ്ഞ് മറ്റൊരും തഗ് ഡയലോഗും ഡികെയുടെ വകയായി ഉണ്ടായി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉള്ള കോണ്‍ഗ്രസിന് ഇങ്ങോട്ട് ആരേയും വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന്. ഇഡിയെ കൊണ്ട് വേട്ടയാടിച്ച് ജയിലിലടച്ചതൊന്നും ഡികെ അത്ര വേഗം മറക്കില്ലെന്ന് ബിജെപിയെ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് കര്‍ണാടകയിലെ പാര്‍ട്ടി അധ്യക്ഷന്റെ ഓരോ നീക്കവും. ഇങ്ങോട്ട് കിട്ടിയതില്‍ തിരിച്ചടി കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരിടത്തു നിന്നും തുടങ്ങുകയാണ്.
ഇന്ത്യയൊട്ടാകെ പല സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയിരുന്ന ‘ഓപ്പറേഷന്‍ താമരയ്ക്ക് ബദലായി അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പദ്ധതി. കൈപ്പത്തിയുടെ ‘ഓപ്പറേഷന്‍ ഹസ്ത’ 2024 പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് കടുത്ത പ്രഹരമായിരിക്കുകയാണ്. കൂടുതല്‍ സീറ്റുള്ള ഒറ്റകക്ഷിയായിട്ടും ജനാതാദളിന് മുഖ്യമന്ത്രി സ്ഥാനം കൊടുത്ത് വിട്ടുവീഴ്ച മനോഭാവത്തില്‍ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് ബിജെപി 2019ല്‍ കര്‍ണാടകയില്‍ ഭരണം പിടിച്ചത്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്കുപോയ 17 എംഎല്‍എമാരില്‍ പലരും ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിലാണ്.
2023ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഒറ്റകക്ഷിയായി തന്നെ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഇന്ത്യയിലൊട്ടാകെ ചലനം സൃഷ്ടിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പാര്‍ട്ടി വിട്ടുപോയ പലര്‍ക്കും മാതൃപാര്‍ട്ടിയിലേക്ക് മടങ്ങാന്‍ മോഹം തോന്നി തുടങ്ങിയത്. കര്‍ണാടകയില്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പല കടമ്പകളും മറികടക്കുമ്പോള്‍ ഉരുളയ്ക്കുപ്പേരി പോലെ ബിജെപിക്ക് മറുപടി കിട്ടുന്നുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ചൊല്ലിയുണ്ടായ കലഹം പക്ഷേ പാര്‍ട്ടിയുടെ തളര്‍ച്ചയ്ക്ക് കാരണമാകാതിരിക്കാന്‍ ഇരുനേതാക്കളും ശ്രദ്ധിക്കുന്നുവെന്നത് തന്നെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തലപ്പൊക്കത്തിന് കാരണം.
ഇപ്പോള്‍ ‘ഓപ്പറേഷന്‍ ഹസ്ത’ ചര്‍ച്ചയാവുമ്പോഴും ഇരുനേതാക്കളുടേയും പങ്കാളിത്തവും പ്രകടമാണ് ഓരോ നീക്കത്തിലും. 2019-ല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി.യിലേക്കുപോയ 17 എം.എല്‍.എ.മാരില്‍ ഉള്‍പ്പെട്ട എസ്.ടി. സോമശേഖര്‍, ബൈരതി ബസവരാജ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി തുടര്‍ച്ചായ ചര്‍ച്ച നടത്തുന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ പലരും ഒരുങ്ങുന്നതായി കണ്ട് കഴിഞ്ഞ കുറി തന്റെ മുഖ്യമന്ത്രി മോഹം തല്ലിക്കെടുത്തിയ ബിജെപി കേന്ദ്രനേതൃത്വവുമായി കലഹിച്ചു പിണങ്ങി നിന്ന ബിഎസ് യെദ്യൂരപ്പ തങ്ങളുടെ എംഎല്‍എമാരെയെല്ലാം വിളിച്ച് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ആ യോഗത്തില്‍ നിന്നും എസ് ടി സോമശേഖറും ബൈരതി ബസവരാജ് എന്നിവരും വിട്ടുനിന്നതും ബിജെപിയെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ബിജെപി കാലുമാറ്റി കൊണ്ടുവന്ന് ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ മന്ത്രിമാരാക്കിയ എസ്ടി സോമശേഖറും ബൈരതി ബസവരാജിനുമൊപ്പം 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന സൂചനകളുണ്ടായതോടെ അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും ബിജെപി നേതൃത്വത്തിന് കഴിയുന്നില്ല.
യശ്വന്ത്പുരില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ എസ് ടി സോമശേഖര്‍ ഞായറാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതോടെയാണ് ഓപ്പറേഷന്‍ ഹസ്ത അഭ്യൂഹങ്ങള്‍ ബലപ്പെട്ടത്. ‘മണ്ഡലത്തിന്റെ വികസന കാര്യങ്ങള്‍ സംസാരിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന്’ സോമശേഖര്‍ വിശദീകരിച്ചെങ്കിലും അടുത്തിടെയായി കോണ്‍ഗ്രസ് നേതാക്കളുമായി പതിവായി കൂടിക്കാഴ്ച നടത്തുന്ന സോമശേഖര്‍ കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെ തന്റെ രാഷ്ട്രീയ ഗുരുവായും വിശേഷിപ്പിച്ചതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമായിട്ടുണ്ട്. ജെഡിഎസ് നേതാവ് അയനൂര്‍ മഞ്ജുനാഥും ഡി കെയെ കണ്ടതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് വിചാരിച്ചിടത്താണെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. തന്നെ ഒട്ടേറെ നേതാക്കള്‍ കാണാറുണ്ടെന്നും അതിന്റെയെല്ലാം വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ശിവകുമാര്‍ പ്രതികരിച്ചതും അടിക്ക് തിരിച്ചടി നല്‍കുന്ന ഡികെ രീതിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഓപ്പറേഷന്‍ ഹസ്ത അന്തിമ ഘട്ടത്തിലാണെന്നതിന്റെ സൂചനയാണ്.
Read more
നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രമുഖ നേതാക്കളെയെല്ലാം ഇറക്കി കളിച്ച കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളില്‍ ജനപിന്തുണയുള്ള പലരേയും ഇറക്കാനുള്ള ശ്രമത്തിലാണ്. തിരിച്ചുവരാന്‍ ഒരുങ്ങുന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന സൂചനയും ഇതിനാലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും ബെംഗളുരു തദ്ദേശ തെരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരും നേതാക്കളും പാര്‍ട്ടിയിലേക്കു വരുന്നതിനോടു ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിനും അനുകൂല നിലപാടാണ്. പിന്നെ ഓപ്പറേഷന്‍ ലോട്ടസ് കളിക്കുന്ന ബിജെപിയുടെ ചാക്കിട്ടുപിടിക്കലില്‍ ഒരു അടിയും കൂടി കൊടുത്ത് ഇറങ്ങാന്‍ തീരുമാനിച്ചാല്‍ എന്തും തങ്ങള്‍ക്കാവുമെന്ന് കാണിക്കാനൊരു വെമ്പലും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.