അയോധ്യയെന്ന ബിജെപി കുടുക്കില്‍ ശ്വാസംമുട്ടുന്ന കോണ്‍ഗ്രസ്

അയോധ്യ രാമക്ഷേത്രമെന്ന എക്കാലത്തേയും ബിജെപി തുറുപ്പുചീട്ടില്‍ ശ്വാസംമുട്ടുന്നത് കോണ്‍ഗ്രസിനാണ്. രാഷ്ട്രീയ പരിപാടിയായി അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മാറ്റിയ ബിജെപി- ആര്‍എസ്എസ് കൗശലത്തിന് മുന്നില്‍ അടിപതറി നിന്ന കോണ്‍ഗ്രസ് ഇന്നലെയാണ് ചടങ്ങിനില്ലെന്ന തീരുമാനം പോലും പറഞ്ഞത്. ദീര്‍ഘനാളത്തെ ആലോചനയ്ക്കും കൂട്ടലിനും കുറയ്ക്കലിനും ശേഷം അത്തരത്തിലൊരു തീരുമാനത്തിലേക്ക് കഷ്ടപ്പെട്ടെത്തിയ കോണ്‍ഗ്രസിന് എന്നിട്ടും പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് നിലയ്ക്ക് നിര്‍ത്താനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി പണിപൂര്‍ത്തിയാകാത്ത ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ഇറങ്ങുമ്പോള്‍ ആര്‍ജ്ജവത്തോടെ ഇല്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് ആദ്യം തന്നെ കഴിയാതിരുന്നത് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികളെ പേടിച്ചിട്ടാണ്.

ഇപ്പോള്‍ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ തീരുമാനം വന്നയുടനെ ഉണ്ടായ പൊട്ടിത്തെറി കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അര്‍ജ്ജുന്‍ മോദ്‌വാഡിയയാണ് പരസ്യപ്രതികരണവുമായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ജയറാം രമേശിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പാര്‍ട്ടി തീരുമാനത്തെ മോദ് വാഡിയ വിമര്‍ശിച്ചത്.

ശ്രീരാമന്‍ ആരാധ്യനായ ദൈവമാണ്. രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തിന്റെയും ആരാധനയുടേയും പ്രശ്‌നമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നു.

എന്തായാലും ഇത്തരം പാര്‍ട്ടിക്കുള്ളിലെ പ്രതികരണങ്ങളില്‍ ആശങ്കയുള്ളത് കൊണ്ടുതന്നെയാണ് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം അയോധ്യയിലേക്കില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനമായത്. കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയില്‍ കേരളത്തില്‍ സിപിഎം ശക്തമായി കടന്നാക്രമിച്ചപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ മൗനം കേരള ഘടകത്തെ വലിയ രീതിയില്‍ തന്നെ ബാധിച്ചിരുന്നു. സിപിഎമ്മിന്റെ വാക്കുകളല്ല പക്ഷേ മുസ്ലിം ലീഗിന്റെ നിലപാടെന്താകുമെന്ന പേടിയായിരുന്നു കെപിസിസിയുടെ പ്രശ്‌നം. സിപിഎം അടുത്തിടെ മുസ്ലീം ലീഗിനോട് കാണിക്കുന്ന അതിരുകടന്ന സ്‌നേഹവും തിരിച്ച് ലീഗിന് പിണറായി വിജയന്റെ സര്‍ക്കാരിനോടും പാര്‍ട്ടിയോടുമുള്ള മമതയും കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടി. ‘പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോണ്‍ഗ്രസ്’ എന്ന് സമസ്ത ഇകെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം തലക്കെട്ടടിച്ച് എഡിറ്റോറിയല്‍ എഴുതിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് വല്ലാത്ത രാഷ്ട്രീയ ചുഴിയിലകടപ്പെട്ടു.

കേന്ദ്രത്തിലാകട്ടെ അവസാനം നടന്ന ഹിന്ദി ഹൃദയഭൂമിയിലെ തിരഞ്ഞെടുപ്പില്‍ മലര്‍ന്നടിച്ചു വീണ കോണ്‍ഗ്രസിന് വലിയ രീതിയിലൊരു രാഷ്ട്രീയ തീരുമാനമെടുക്കാനാവതില്ലായിരുന്നു. ഇനിയൊരിക്കല്‍ കൂടി ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉള്ള വോട്ടുകൂടി പോകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് എടുപിടിയില്‍ ഒരു തീരുമാനമെടുക്കാതെ ആലോചനയിലായി. ഇന്ത്യ മുന്നണിയിലെ മറ്റുപാര്‍ട്ടികളെല്ലാം കോണ്‍ഗ്രസ് ബിജെപിയുടെ രാഷ്ട്രീയ പ്രഹരത്തില്‍ അടിമുടി ഉലയുന്നത് നോക്കിനിന്ന് വിമര്‍ശിച്ചു.

കോണ്‍ഗ്രസ് രാമക്ഷേത്രത്തിലേക്ക് വരില്ലെന്ന് പറഞ്ഞാലും വന്നാലും അതൊരു രാഷ്ട്രീയ വിജയമാക്കി ആഘോഷിക്കാന്‍ പാകത്തിന് സാഹചര്യങ്ങള്‍ അയോധ്യയില്‍ ബിജെപി സൃഷ്ടിച്ചിട്ടുണ്ട്. ആ അവസരത്തിലാണ് അയോധ്യയിലേക്ക് ഇല്ലെന്ന് രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൊരു ആശ്വാസമാണെങ്കില്‍ ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസുകാര്‍ക്ക് അത് അത്ര സുഖകരമായ തീരുമാനമല്ല. കോണ്‍ഗ്രസിന് രാവണ മനോഭാവമാണെന്ന് പറഞ്ഞു ഹിന്ദുവികാരം ഉണര്‍ത്താന്‍ ബിജെപി ശ്രമവും തുടങ്ങി.

മതം വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ ദീര്‍ഘകാലമായി ഒരു രാഷ്ട്രീയ പദ്ധതിയായാണ് ബിജെപിയും ആര്‍എസ്എസും അയോധ്യ ക്ഷേത്രത്തെ കാണുന്നതെന്നും വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആര്‍എസ്എസ്- ബിജെപി നീക്കമാണെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്. 2019ലെ സുപ്രീം കോടതി വിധി മാനിക്കുകയും രാജ്യത്ത് ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ വികാരത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോഴും രാഷ്ട്രീയ പരിപാടിയായി ബിജെപി മാറ്റിയ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ ക്ഷണം നിരസിക്കുന്നുവെന്നാണ് ആ പ്രസ്താവന.

പാര്‍ട്ടിക്കുള്ളില്‍ വിവിധ അഭിപ്രായങ്ങള്‍ രൂപപ്പെടുമ്പോള്‍ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അയോധ്യയിലേക്ക് ഇല്ലെന്ന നിലപാട്. കോണ്‍ഗ്രസ് വന്നാലും ഇല്ലെങ്കിലും ലോട്ടറിയെന്ന് തീരുമാനിച്ച ബിജെപി ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് മുദ്രകുത്തി തുടങ്ങി. രാമായണത്തിലെ രാവണനാണ് കോണ്‍ഗ്രസ് എന്നതാണ് സംഘപരിവാരത്തിന്റെ ഹിന്ദി ഹൃദയഭൂമിയിലെ പ്രചരണം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത് രാമദേവനെ ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ 2024ല്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ്. ഇത് തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പണിതീരാത്ത രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കിറങ്ങിയ നരേന്ദ്ര മോദിയും അമിത് ഷായുടെ ചാണക്യ ബുദ്ധിയും ലക്ഷ്യമിട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യയില്‍ ഒരു സാമുദായിക ധ്രൂവികരണവും അതിലൂടെ തങ്ങളുടെ വോട്ട് ഷെയര്‍ ഉറപ്പിച്ചു നിര്‍ത്തലും. എന്തുചെയ്താലും തിരിച്ചടിക്കുമെന്ന ഉറപ്പില്‍ തന്നെയാണ് ഒടുവില്‍ കോണ്‍ഗ്രസ് അയോധ്യയിലേക്ക് ഇല്ലെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. അത്തരമൊരു പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുന്നതില്‍ ബിജെപി വിജയിക്കുകയും അയോധ്യ രാമക്ഷേത്രമെന്ന സുവര്‍ണാവസരം 2024ല്‍ കൃത്യമായി മുതലെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്തു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍