പനമ്പിള്ളി ഗോവിന്ദ മേനോന്‍, കെ കരുണാകരന്‍, ഇ ബാലാനന്ദന്‍ തുടങ്ങിയ വമ്പന്‍മാരെല്ലാം മുകുന്ദപുരമായിരുന്ന ചാലക്കുടിയിലെ വമ്പന്‍മാരായിരുന്നു. 2009 മുതല്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ചാലക്കുടിയായ മുകുന്ദപുരത്തിന് നിയമസഭാ മണ്ഡലങ്ങളില്‍ കൂടുതലും എറണാകുളത്ത് നിന്നാണെങ്കിലും സ്വഭാവം തൃശൂരിന്റേതാണെന്നാണ് വെയ്പ്.
തൃശൂര്‍ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങളും പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈ എന്ന വിശേഷണം രാഷ്ട്രീയത്തിലുണ്ടായിരുന്ന ബെന്നി ബഹനാനാണ് ചാലക്കുടിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കുറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംപി തന്നെ. മണ്ഡലത്തിലുള്ള ആള്‍ തന്നെയാണ് എംപി എന്നതാണ് ബെഹനാന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം. വലത്തോട്ട് ചായാന്‍ ഒരു മടിയും കാണിക്കാത്ത ചാലക്കുടിയുടെ ചരിത്രം 2024ലും കോണ്‍ഗ്രസ് പ്രതീക്ഷകള്‍ വളര്‍ത്തുന്നു. 2014ല്‍ തങ്ങളുടെ കയ്യിലായിരുന്ന മണ്ഡലം വിട്ടുപോയതില്‍ വിഷമിക്കുന്ന സിപിഎം മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ ഇറക്കിയാണ് മണ്ഡലം പിടിക്കാന്‍ കോപ്പുകൂട്ടുന്നത്. 2014ല്‍ സിപിഎം സ്വതന്ത്രനായി മല്‍സരിച്ച ചലച്ചിത്ര താരം ഇന്നസെന്റാണ് ചാലക്കുടിയില്‍ സിപിഎമ്മിന് മണ്ഡലം പിടിച്ചു നല്‍കിയത്. പക്ഷേ 2019ല്‍ വിജയം ആവര്‍ത്തിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയില്‍ നിന്ന് സിപിഎം ചിഹ്നത്തിലേക്ക് എത്തിയ ഇന്നസെന്റിന് കഴിഞ്ഞില്ല.
ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂരുകാരനായ ബെന്നി ബഹനാന്‍ 2019ല്‍ 132,274 വോട്ടിനാണ് ഇന്നസെന്റിനെ തോല്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ബഹനാന്‍ യുഡിഎഫ് കണ്‍വീനറായിരിക്കെയാണ് കഴിഞ്ഞ തവണ സ്ഥാനാര്‍ഥിയാകുന്നത്. കോണ്‍ഗ്രസ് കോട്ടയായിരുന്ന ചാലക്കുടി തിരിച്ചു പിടിക്കാന്‍ 2019ല്‍ അവസാന നിമിഷമായിരുന്നു ബെന്നി ബഹനാന്റെ രംഗപ്രവേശം. പക്ഷേ പ്രചാരണത്തില്‍ പിന്നോട്ട് പോയ യുഡിഎഫ് ചാലക്കുടിയില്‍ ഒരു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു പോലുമില്ലെന്നതാണ് വാസ്തവം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹനാന്‍ ആശുപത്രിയിലായതിനാല്‍ പ്രചരണ കാലത്ത് സ്ഥാനാര്‍ഥിയില്ലാതെയാണ് യുഡിഎഫ് പ്രചരണം നടത്തിയത്. കയ്യില്‍ നിന്ന് പോയെന്ന് കരുതിയെങ്കിലും രാഹുല്‍ ഗാന്ധിയുടെ വയനാട് എന്‍ട്രി തരംഗത്തില്‍ വമ്പന്‍ അട്ടിമറിയിലൂടെ ഇന്നസെന്റിനെ വീഴ്ത്തി സ്ഥാനാര്‍ത്ഥിയില്ലാ പ്രചരണത്തിനൊടുവില്‍ കോണ്‍ഗ്രസ്.
ട്വന്റി20യുടെ സാന്നിധ്യമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം ചാലക്കുടിയിലെ രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ കെഎ ഉണ്ണികൃഷ്ണനും ട്വന്റി 20യിലെ ചാര്‍ളി പോളും ചാലക്കുടിയെ ഇടതിനും വലതിനും വെല്ലുവിളിയാക്കി മാറ്റുന്നുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി രവീന്ദ്രനാഥിനെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുമ്പോള്‍ സീറ്റ് നിലനിര്‍ത്താനുള്ള ദൗത്യം സിറ്റിംഗ് എംപി ബെന്നി ബഹനാനെ യുഡിഎഫ് വിശ്വസിച്ചേല്‍പ്പിച്ചിരിക്കുന്നു.
മണ്്ഡല ചരിത്രത്തിലേക്ക് പോയാല്‍ വലത്തോട്ട് തന്നെയാണ് ചാലക്കുടിയ്ക്ക് ചായ്വെന്ന് വ്യക്തമാകും. തിരുകൊച്ചിയുടെ ഭാഗമായിരുന്ന കാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ 1952ല്‍ കോണ്‍ഗ്രസിന്റെ കെ ടി അച്യുതന്‍ ജയിച്ചു. പിന്നീട് കേരള രൂപീകരണത്തിന് ശേഷം മുകുന്ദപുരമായ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ 1957ല്‍ സിപിഐയുടെ നാരായണ്‍കുട്ടി മേനോന്‍ ജയിച്ചു. പനംമ്പിള്ളി ഗോവിന്ദ മേനോന്‍ എന്ന കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയും തിരുകൊച്ചി മുഖ്യമന്ത്രിയും സര്‍വ്വോപരി സ്വാതന്ത്രസമര സേനാനിയും കോണ്‍ഗ്രസിലെ അതികായനുമായ നേതാവ് മുകുന്ദപുരം 1962ലും 67ലും പിടിച്ചെടുത്തു. 1971ല്‍ കോണ്‍ഗ്രസിന്റെ തന്നെ എ സി ജോര്‍ജും മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 1980ല്‍ സിപിഎമ്മിന്റെ ഇ ബാലാനന്ദന്‍ മണ്ഡലം നേടിയെടുത്തു. എന്നാല്‍ സിപിഎമ്മിനെ വീഴ്ത്തി കേരള കോണ്‍ഗ്രസ് ജെയുടെ കെ മോഹന്‍ദാസ് 84ല്‍ മണ്ഡലം പിടിച്ചു. 89ല്‍ സിപിഎമ്മിന്റെ പൗലോസ് മാസ്റ്ററെ വീഴ്ത്തി മുകുന്ദപുരം സാവിത്ര ലക്ഷമണന്‍ കോണ്‍ഗ്രസ് കോട്ടയാക്കി. 89 മുതല്‍ 2004 വരെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു മുകുന്ദപുരം. 2004ല്‍ സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനാണ് ഒന്നര പതിറ്റാണ്ടിന് ശേഷം മണ്ഡലം തിരിച്ചു പിടിച്ചത്. 89ലെ വിജയം 91ലും സാവിത്രി ലക്ഷമണന്‍ ആവര്‍ത്തിച്ചു. 96ല്‍ കോണ്‍ഗ്രസ് പി സി ചാക്കോയിലൂടെ മണ്ഡലം നിലനിര്‍ത്തി. 89ല്‍ എ സി ജോസ് കോണ്‍ഗ്രസിനായി ഇറങ്ങി മണ്ഡലം ഉറപ്പിച്ചു തന്നെ നിര്‍ത്തി. 99ല്‍ സാക്ഷാല്‍ കെ കരുണാകരനാണ് മണ്ഡലം കോണ്‍ഗ്രസ് വരിധിയില്‍ തന്നെ ഉറച്ച് നിര്‍ത്തിയത്. പക്ഷേ അച്ഛന്റെ വിജയം ആവര്‍ത്തിക്കാന്‍ ഇറങ്ങിയ പത്മജ വേണു ഗോപാലിന് പക്ഷേ കോണ്‍ഗ്രസ് കോട്ടയില്‍ പോലും അടിപതറി. 2004ല്‍ അങ്ങനെ പത്മജയെ തോല്‍പ്പിച്ച് സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടന്‍ മണ്ഡലം ഇടത് പേരിലാക്കി. മുകുന്ദപുരം എന്ന പേരിലെ അവസാന തിരഞ്ഞെടുപ്പ് അതായിരുന്നു.
2009ലാണ് ചാലക്കുടി എന്ന പേരില്‍ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ്. പത്മജയെ വീഴ്ത്തിയ മണ്ഡലത്തില്‍ കെ കരുണാകരന്റെ തന്ത്രപരമായ ഇടപെടലിലൂടെ കെ പി.ധനപാലന്‍ അവസാന നിമിഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുകയും മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. സിപിഎമ്മിനു വേണ്ടി യു പി ജോസഫായിരുന്നു ഇറങ്ങിയത്. ബിജെപി സ്ഥാനാര്‍ഥി കെ വി സാബു അന്ന് 45000 വോട്ട് പിടിച്ചു. ധനപാലന്റെ ഭൂരിപക്ഷം 71,679 വോട്ടുകളായിരുന്നു. 2014ല്‍ പക്ഷേ ഇടതുപക്ഷം സ്വതന്ത്രസ്ഥാനാര്‍ത്ഥിയാക്കി ഇന്നസെന്റിനെ ഇറക്കി. പി സി ചാക്കോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും ബി ഗോപാലകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായും ഇറങ്ങി. ബിജെപിയ്ക്കായി ഗോപാലകൃഷ്ണന് 92,848 വോട്ടുകള്‍ അതായത് കഴിഞ്ഞ കുറിയിലേക്കാള്‍ ഇരട്ടി വോട്ട് പിടിച്ചു. ഇരിഞ്ഞാലക്കുടക്കാരന്‍ ഇന്നസെന്റിനെ ചാലക്കുടിക്കാര്‍ ലോക്‌സഭയിലേക്ക് അയച്ചത് 13,884 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇതോടെയാണ് 2019ല്‍ മണ്ഡലത്തിലുള്ള ബെന്നി ബെഹനാനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടിന് തിരിച്ചു പിടിച്ചത്. ബിജെപി മൂന്ന് തിരഞ്ഞെടുപ്പിലും ചാലക്കുടിയില്‍ വോട്ട് ശതമാനം ഉയര്‍ത്തി. ആദ്യ തിരഞ്ഞെടുപ്പില്‍ 42,000വും രണ്ടാമത്തേതിന്‍ 92,000 ആയിരുന്നെങ്കില്‍ മൂന്നാം അങ്കത്തില്‍ എ എന്‍ രാധാകൃഷ്ണനെ ഇറക്കി നേടിയത് 1.54,000 വോട്ടാണ്. ഇക്കുറി ബിഡിജെഎസിനെ ഇറക്കി ഇത് ഉയര്‍ത്താനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസ് കോട്ട കാക്കാന്‍ ബെഹനാനും കയ്യില്‍ നിന്ന് പോയ ചാലക്കുടി ഇടതിലേക്ക് മാറ്റാന്‍ സി രവീന്ദ്രനാഥും പ്രചാരണ ചൂടിലാണ്.