‘അവര്‍ക്ക് ഇത് മര്യാദയ്ക്ക് ഈ ഷോ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ എനിക്കത് കഴിയും.’
ഇന്ത്യ മുന്നണി ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നേരിടലില്‍ സംസ്ഥാനങ്ങളില്‍ പലഘട്ടങ്ങളിലും വഴിപിരിഞ്ഞു സഞ്ചരിച്ച് സൗഹൃദമല്‍സരങ്ങള്‍ക്ക് ഇടയില്‍ കാലിടറി വീഴുമ്പോള്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണ്. കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ മനസ് ഭരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ തലപ്പത്ത് കോണ്‍ഗ്രസ് നില്‍ക്കുന്നത് കൊണ്ട് ഒരു മെച്ചവും ഉണ്ടാകുന്നില്ലെന്ന് അവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായതോടെയാണ് തലപ്പത്ത് കോണ്‍ഗ്രസിനപ്പുറം ഒരാള്‍ എന്ന ചര്‍ച്ച വീണ്ടും സജീവമായത്. കാരണക്കാരിയായത് ബംഗാളിലെ ദീദിയും. കഴിഞ്ഞയാഴ്ച ഇന്ത്യാ ബ്ലോക്കിന്റെ പ്രവര്‍ത്തനത്തില്‍ മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിക്കുകയും അവസരം ലഭിച്ചാല്‍ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മറ്റ് ഇന്ത്യ കക്ഷികളും മമതയുടെ നേതൃത്വത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തി കോണ്‍ഗ്രസിനെ വശംകെടുത്തുന്നുണ്ട്.
കോണ്‍ഗ്രസിന് വൃത്തിയായിട്ട് കാര്യങ്ങള്‍ നടത്തി കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ തനിക്ക് അത് കഴിയുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജി അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് പരാജയങ്ങളാല്‍ തളര്‍ന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്ത് കടുത്ത ചോദ്യം ചെയ്യലാണ് നേരിടുന്നത്. കാലങ്ങളായി പിന്തുണച്ചു ഒപ്പമുണ്ടായിരുന്നവര്‍ പോലും മമത ബാനര്‍ജിയുടെ ശക്തമായ പ്രതികരണത്തില്‍ ഉലഞ്ഞു കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു തുടങ്ങി. അതില്‍ പ്രധാനി ആര്‍ജെഡിയുടെ ലാലു പ്രസാദ് യാദവാണ്. ഈ കാലഘട്ടത്തില്‍ എന്നും കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും അതിയായ സ്‌നേഹവും മമതയും കാണിച്ചിരുന്ന ലാലു പ്രസാദ് യാദവാണ് മമതയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത പ്രമുഖരില്‍ പ്രധാനി. പ്രതിപക്ഷ സഖ്യത്തെ നയിക്കാനുള്ള മമതാ ബാനര്‍ജിയുടെ താല്‍പര്യത്തെ ‘നല്ല തമാശ’ എന്ന് പറഞ്ഞ് തള്ളിയ കോണ്‍ഗ്രസിന് ഒരു പ്രഹരമായിരുന്നു ലാലുവിന്റെ കൈവിട്ടുകളയല്‍.
മമതയുടെ ആവശ്യത്തില്‍ തെറ്റില്ലെന്നും ഒരവസരം അവര്‍ക്ക് നല്‍കേണ്ടതാണെന്നും തങ്ങള്‍ അതിന് എതിരല്ലെന്നുമാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് ഇതിനെ എതിര്‍ത്താലോ എന്ന ചോദ്യത്തിന് അതിലൊന്നും വലിയ കാര്യമില്ലെന്നും മമതയ്ക്ക് ഇന്ത്യ മുന്നണിയുടെ ചുമതല കൊടുക്കുകയാണ് വേണ്ടതെന്നും കൂട്ടി ചേര്‍ക്കാന്‍ ലാലു മടിച്ചില്ല. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മല്‍സരിച്ചു കനത്ത പരാജയം നേരിടേണ്ടി വന്ന എന്‍സിപി ശരദ് പവാര്‍ വിഭാഗവും കോണ്‍ഗ്രസിനെ ആദ്യം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ കുത്തിനോവിക്കാന്‍ പാകത്തിനായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.
അവര്‍ ഒരു മികച്ച കഴിവുള്ള നേതാവാണ്. അതിനാല്‍ തന്നെ ഈ ആവശ്യം ഉന്നയിക്കാനുള്ള അര്‍ഹത അവര്‍ക്കുണ്ട്.
രാഹുല്‍ ഗാന്ധിയെ ഇന്ത്യ മുന്നണിയുടെ തലപ്പത്ത് തങ്ങള്‍ കണ്ടിരുന്നില്ലെന്ന നിലപാടാണ് മറ്റൊരു സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടേത്. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ഇന്ത്യ മുന്നണിയുടെ തലപ്പത്തെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അഖിലേഷ് യാദവിന്റെ പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ് തള്ളിക്കളഞ്ഞത്. ഇന്ത്യ മുന്നണി നിലനില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടണമെന്നും പക്ഷേ എസ്പി നേതാവ് ആവര്‍ത്തിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ഇന്ത്യ മുന്നണി രൂപീകരണ സമയത്ത് പ്രതിപക്ഷത്തിനൊപ്പമുണ്ടായിരുന്ന നിതീഷ് കുമാറും പ്രതിപക്ഷ മുന്നണിയുടെ തലപ്പത്ത് ഇരിക്കാന്‍ ആഗ്രഹിച്ചവരാണ്. നിതീഷ് ഇടയില്‍ ചാടിപ്പോയി ബിജെപിയ്ക്ക് കൈകൊടുത്ത് ബിഹാറില്‍ ഭരണം കാത്തു. പക്ഷേ ബിജെപിയേക്കാള്‍ എംഎല്‍എമാര്‍ കുറഞ്ഞ സാഹചര്യത്തിലാണ് ബിഹാറില്‍ നിതീഷിന്റെ ജെഡിയുവിന്റെ നിലനില്‍പ്പ്. തൃണമൂല്‍ ആകട്ടെ പശ്ചമി ബംഗാളില്‍ കോണ്‍ഗ്രസിന് ഒപ്പം മല്‍സരിക്കാന്‍ പോലും തയ്യാറാവാതെ സംസ്ഥാനത്തിന് പുറത്ത് മാത്രമാണ് ഇന്ത്യ മുന്നണി കക്ഷിയായി നിന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ആദര്‍ശം തന്നെയാണ് പലഘട്ടത്തിലും മമതയും മുന്നോട്ടുവെച്ചിട്ടുള്ളത്. പക്ഷേ ബിജെപിയെ ശക്തമായി ബംഗാളില്‍ പ്രതിരോധിച്ച മമതയുടെ കോണ്‍ഗ്രസ് വിരോധത്തേക്കാള്‍ ബിജെപി വിരോധം ഇന്ത്യ മുന്നണിയില്‍ അവരെ സഖ്യകക്ഷികള്‍ക്ക് ഇടയില്‍ സ്വീകാര്യയാക്കുന്നുണ്ട്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഗാന്ധി കുടുംബത്തോടൊപ്പം എല്ലാ ഘട്ടത്തിലും ഉറച്ചു നിന്ന നേതാവായിട്ട് പോലും മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസിന്റെ മോശം പ്രകടനം അദ്ദേഹത്തെ പോലും ചൊടിപ്പിച്ചിട്ടുണ്ട്. സഖ്യത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ മമതയ്ക്ക് വേണ്ടി മറ്റ് ഇന്ത്യ ബ്ലോക്ക് നേതാക്കള്‍ ശബ്ദം ഉയര്‍ത്തി തുടങ്ങിയപ്പോള്‍ ലാലുവും ഒപ്പം ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.
Read more
ബിജെപിയുമായി നേരിട്ടുള്ള മത്സരത്തില്‍ സ്വയം തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് പാര്‍ട്ടിയുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മാത്രമല്ല സഖ്യകക്ഷികള്‍ക്കും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഈ കാര്യപ്രാപ്തിയില്ലായ്മ തങ്ങളുടെ മുന്നണിയ്ക്കും ദോഷം വരുത്തുന്നുവെന്നത് ഘടകകക്ഷികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കയായിട്ട് നാള് കുറച്ചായി. ഇവിടെയാണ് ബംഗാളില്‍ നേര്‍ക്ക് നേര്‍ നിന്ന് ബിജെപിയേയും കോണ്‍ഗ്രസ് സഖ്യത്തേയും വീഴ്ത്തിയ മമത ബാനര്‍ജി താന്‍ ഈ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് പറഞ്ഞു സധൈര്യം മുന്നോട്ട് വരുന്നത്. ആ പോരാട്ട വീര്യം വീണ്ടും പടയൊരുക്കാന്‍ മുന്നണിയിലെ കക്ഷികളെ പ്രചോദിപ്പിക്കുന്നുണ്ട്. മമതയ്ക്കുള്ള പിന്തുണയ്ക്ക് പിന്നിലെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കിതപ്പും കണ്ടുകൊണ്ടുള്ള സ്വയം പ്രതിരോധ ശ്രമമെന്നത് വ്യക്തമാണ്.