സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കാനാവില്ലെന്ന് പറയാതെ പറഞ്ഞ് സിപിഐ

വിപിന്‍ദേവ് വിപി

ജനസദസ് നടത്തുന്നതിന് മുന്‍പ് കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ പണം നല്‍കണം! നടന്‍ ജയസൂര്യയ്ക്കെതിരെ കൊലവിളി മുഴക്കാന്‍ വരട്ടെ. പറഞ്ഞത് ജയസൂര്യ അല്ല!  പ്രതിപക്ഷവും അല്ല.

രാജാവ് നഗ്‌നനാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ സ്വന്തം ഘടകകഷി ആയ സിപിഐ തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആണ് സര്‍ക്കാരിന്റെ മുഖം വികൃതമാണെന്ന് സിപിഐ വിളിച്ച് പറഞ്ഞത്. ഇത് മാത്രമല്ല സര്‍ക്കരിന്റെ പിടിപ്പുകേടുകളും നേരിടുന്ന അഴിമതി ആരോപണങ്ങളും യോഗം എണ്ണി എണ്ണി പറയുകയായിരുന്നു.

സര്‍വത്ര അഴിമതി നിറഞ്ഞ ഭരണം നിയന്ത്രിക്കുന്നത് ഭൂമി, ക്വാറി മാഫിയകളും കോര്‍പ്പറേറ്റുകളുമാണെന്ന് സിപിഐ ധൈര്യത്തോടെ പറഞ്ഞു. സിപിഎം നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മൗനം മാത്രം മറുപടിയാക്കിയിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്കും യോഗം ഒരു കൊട്ട് കൊടുത്തിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം തിരുത്തലുകള്‍ക്ക് തയ്യാറാകാതെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തെറ്റായ നിലപാടുകള്‍ക്ക് അടിമപ്പെടുകയാണെന്നും പറഞ്ഞത് സാക്ഷാല്‍ കാനം രാജേന്ദ്രനെ ഉദ്ദേശിച്ചാണ്, അല്ലെങ്കില്‍ കാനത്തിനെ മാത്രം ഉദ്ദേശിച്ചാണ്.

അധികാരത്തിലേറിയ നാള്‍ മുതല്‍ സിപിഎം എന്ത് പറഞ്ഞാലും എന്ത് ചെയ്താലും മൗനാനുവാദം നല്‍കുന്ന കാനത്തിനും സിപിഐ സംസ്ഥാന നേതൃത്വത്തിനും ചെയ്തതിനൊക്കെയുള്ള ഫലം സ്വന്തം പാര്‍ട്ടി അണികളിലൂടെ തിരിച്ച് കിട്ടി തുടങ്ങിയിരിക്കുന്നുവെന്ന് സാരം. രണ്ടര വര്‍ഷമായി സര്‍ക്കാര്‍ ജനക്ഷേമ പരിപാടികള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്ന് ആരോപിച്ച യോഗം സ്വന്തം മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടി ഒക്കത്തും തോളിലുമിരുത്തി മന്ത്രിമാരെ വഷളാക്കിയെന്നും സിപിഐ അണികള്‍ക്ക് ആക്ഷേപമുണ്ട്. കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പിണറായി വിജയന്റെ വിശദീകരണം സിപിഐയ്ക്ക് പോലും തൃപ്തികരമായില്ലെന്ന് പറയുമ്പോള്‍ ആ വിശദീകരണം കേട്ട സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും അല്ലേ….!

അഴിമതി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ അനിയന്ത്രിതമായി പുറത്ത് വരുമ്പോഴും ഒറ്റപ്പെട്ട സംഭവമെന്ന് ഒറ്റ വരിയില്‍ പറഞ്ഞ് തീര്‍ക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ആ വലിയ മനസ് സിപിഐയ്ക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് തോന്നുന്നു. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലും സിപിഐയ്ക്ക് ആശങ്കയുള്ളത് അഴിമതികളോട് സിപിഎമ്മിന്റെ വിശാലമായ കാഴ്ചപ്പാട്‌ മനസിലാകാത്തത്കൊണ്ട് തന്നെയാവും.

ഏത് തിരഞ്ഞെടുപ്പില്‍ തോറ്റാലും ഇടത് പക്ഷം വിജയിക്കുന്ന തിരഞ്ഞെടുപ്പാണ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ളത്. അതിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് സിപിഐ പറയുമ്പോള്‍, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല സഖാവേ. കാരണം ആ പറഞ്ഞതില്‍ ചില വാസ്തവങ്ങളുണ്ട്.

പിആര്‍ അരവിന്ദാക്ഷനില്‍ നിന്ന് ഇഡി അന്വേഷണം സിപിഎം ഉന്നത നേതാക്കളിലേക്ക് മെല്ലെ വഴിമാറിയിരിക്കുന്നു. അതുകൊണ്ട് ഇനിയും കലത്തിലെ ഒരു കറുത്ത വറ്റെന്ന് പറഞ്ഞാല്‍ അതിനെ പിണറായിയുടെ ഫലിതങ്ങളെന്ന് കാലം വിളിച്ചേക്കും. ഇനിയെല്ലാ പാപക്കറയും ജനസദസ് കൊണ്ട് കഴുകിക്കളയാം എന്ന് തീരുമാനിച്ചാലും കാര്യമില്ല. മണ്ഡലങ്ങളില്‍ ജനസദസ് നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതെന്തിനെന്ന ചോദ്യത്തിന് സിപിഎമ്മിന് പോലും ഉത്തരമുണ്ടാകില്ല.

സര്‍ക്കാരിനെ അധികാരത്തിലേറ്റിയ സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മനസിലാക്കാന്‍ സിപിഎമ്മിന് ഒടുവില്‍ സിപിഐ കൗണ്‍സില്‍ യോഗം വേണ്ടിവന്നു. എന്തായാലും ഇത്രയൊക്കെ യോഗത്തില്‍ സംഭവിച്ചിട്ടും കാനം രാജേന്ദ്രന്‍ വെടിവച്ചാലും കുലുങ്ങാത്ത കരിമ്പാറയെ പോലെ സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുന്നുണ്ട്.

കാനത്തിന് നേരിയ തോതിലെങ്കിലും വിമര്‍ശനം ഉള്ളത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ധൂര്‍ത്തിനെ കുറിച്ചാണ്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്കൊന്നും പറയാനില്ലെന്നാണ് കാനത്തിന്റെ നിലപാട്. പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ഭരണ പക്ഷത്തെ വിമര്‍ശിക്കുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും അതിനൊപ്പം നില്‍ക്കാനാവില്ലെന്നും പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി പാര്‍ട്ടി മാറി സിപിഎമ്മില്‍ അംഗത്വം എടുത്തോ എന്ന് കേള്‍ക്കുന്നവരില്‍ പോലും സന്ദേഹം ജനിപ്പിക്കുന്നുണ്ട്.

പിണറായി വിജയന്റെ ഇരട്ട ചങ്കില്‍ ഒരു ചങ്ക് കാനത്തിന്റേതാണെന്ന് തോന്നിപ്പിക്കും വിധം വിധേയപ്പെട്ടിട്ടുണ്ട് സിപിഐ സംസ്ഥാന നേതൃത്വം. സര്‍ക്കാരിനെ തള്ളി പറഞ്ഞാല്‍ അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണോ, അതോ വിമര്‍ശനം ഉന്നയിച്ചാല്‍ മുഖ്യന്‍ കടക്ക് പുറത്തെന്ന് പറയുമെന്ന ആശങ്കയാണോ കാനം രാജേന്ദ്രന്‍ മൗന വ്രതത്തില്‍ തുടരുന്നതിന് കാരണമെന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

Latest Stories

മധുര വിമാനത്താവളം 'ആക്രമിച്ച്' ടിവികെ പ്രവര്‍ത്തകര്‍; ഗേറ്റുകളടക്കം തകര്‍ത്തു; മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത് വിജയ് കേരളത്തില്‍ നിന്നെത്തിച്ച ബൗണ്‍സര്‍മാര്‍; പൊലീസ് കേസെടുത്തു

സന്തോഷ് വർക്കിക്ക് ജാമ്യം; സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്ന് താക്കീത്

അവനോട് എനിക്ക് എന്തും പറയാം, ആദ്യ ദിവസം മുതൽ ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ട്; പ്രിയപ്പെട്ട സഹാതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി

യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍

കണ്ണൂരിൽ സിനിമാ സഹ സംവിധായകൻ കഞ്ചാവുമായി അറസ്റ്റിൽ

ഒപ്പം നില്‍ക്കാത്തവരെ അതിരൂക്ഷമായി കൈകാര്യംചെയ്യുന്നു; മാധ്യമ പ്രവര്‍ത്തകരെ അധിപക്ഷേപിക്കുന്നു; മോദിക്ക് കീഴില്‍ മാധ്യമങ്ങള്‍ നേരിടുന്നത് വെല്ലുവിളി; റിപ്പോര്‍ട്ട് പങ്കുവെച്ച് സിപിഎം

'ഞാനൊരു മികച്ച നടനല്ല, കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്; മെയ്യഴകൻ പോലൊരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല : സൂര്യ

കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രിയരഞ്ജൻ കുറ്റക്കാരൻ; സിസിടിവി നിർണായക തെളിവ്, ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക്

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് കോടതിയലക്ഷ്യമെന്ന് കോം ഇന്ത്യ; പ്രതികാരനടപടിയ്ക്ക് പിന്നില്‍ സാമ്പത്തിക ശക്തികളുടെ പ്രേരണ; സി ഐയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യയുടെ പരാതി

IPL 2025: രോഹിത് ആ കാര്യത്തിൽ അൽപ്പം പിറകിലാണ്, അതുകൊണ്ടാണ് അവനെ ഞങ്ങൾ ഇമ്പാക്ട് സബ് ആയി ഇറക്കുന്നത്; തുറന്നടിച്ച് മഹേല ജയവർധന