അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹൂല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കുകയും അതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയും ചെയ്യുമ്പോഴും അതിനെ ഒരു രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം മനസില്‍ കണ്ടപ്പോള്‍ മാനത്തുകാണാന്‍ പിണറായി വിജയനും സി പിഎമ്മിനുമായി എന്നതാണ് കോണ്‍ഗ്രസിനെ വിഷമസന്ധിയിലാക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സ്പീക്കറുടെ തിരുമാനം വന്നപ്പോള് ഒരു നിമിഷം പോലും കളയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തുവന്നു. അതിന് ശേഷം സി പി എമ്മിലെ മററു നേതാക്കെളെല്ലാം കോണ്‍ഗ്രസിനെ അമ്പരിപ്പിച്ച വേഗതയിലാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
രാഹുല്‍ഗാന്ധിക്കെതിരായ ബി ജെ പിയുടെ നീക്കത്തിലൂടെ രാഷ്ട്രീയമായി നേട്ടങ്ങളുണ്ടാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയരുത് എന്ന തന്ത്രപരമായ സമീപനമാണ് സി പിഎം ഇതിലൂടെ കൈക്കൊണ്ടത്. അതേ സമയം രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലങ്കില്‍ വയനാട്ടില്‍് ഉപതിരഞ്ഞെടുപ്പ് വരും. അപ്പോള്‍കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സി പി എമ്മിനും ഇടതു മുന്നണിക്കും കഴിയുകയില്ല. സൂറത്ത് കോടതി വിധിക്ക് മേല്‍ക്കോടതിയില്‍ നിന്നും സ്‌റ്റേ കിട്ടും എന്നാണ് സി പിഎം പ്രതീക്ഷിക്കുന്നത്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് രാഹുല്‍ഗാന്ധിക്കെതിരെയുള്ള അയോഗ്യനാക്കല്‍ നടപടിക്കെതിരെ കിട്ടിയ അവസരത്തില്‍ സി പിഎം ചാടിയിറങ്ങിയത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ ശ്വാസം വിടുന്നതിന് മുമ്പ് തന്നെ സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണം വന്നു കഴിഞ്ഞിരുന്നു.
സംഘപരിവാറിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനെക്കാള്‍ ആത്മാര്‍ത്ഥത സി പിഎമ്മിനാണെന്ന് വരുത്തി തീര്‍ക്കുക എ്്ന്നതാണ് ഈ പിന്തുണ പ്രഖ്യാപിക്കലിലൂടെയുള്ള സി പി എമ്മിന്റെ പ്രാഥമിക ലക്ഷ്യം. അത് വഴി മതന്യുനപക്ഷങ്ങളുടെ ഇടയില്‍ സി പി എമ്മിനു ഇപ്പോഴുള്ള സ്വാധീനം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തിലും, ലൈഫ് മിഷന്‍ അഴിമതിക്കേസിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ പിണറായിക്കും കുടുംബത്തിനും എതിരാവുകയാണെങ്കില്‍ ആ സാഹചര്യം ചൂഷണം ചെയ്യുന്നതില്‍ രാഹുല്‍ഗാന്ധിക്ക് പിണറായി ഇപ്പോള്‍ പ്രഖ്യാപിച്ച നിര്‍ലോഭമായ പിന്തുണ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നില്‍ വലിയ തടസമായി നിലകൊളളും. തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധി നന്ദി പറയുകയും ചെയ്തുവെന്നോര്‍ക്കണം. അഖിലേന്ത്യ തലത്തില്‍ ബി ജെ പിയെ എതിര്‍ക്കാന്‍ മുന്നില് നില്‍ക്കുന്നത് തങ്ങളാണെന്ന് മതന്യുനപക്ഷങ്ങളെ ബോധ്യപ്പെടുത്തിയാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്കാം എന്നാണ് സി പി എം കരുതുന്നത്. സത്യത്തില്‍ ഈ അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ വിഷമ വൃത്തത്തിലാക്കുന്നത്.
സൂറത്ത് കോടതി വിധി റദ്ദാക്കപ്പെടുകയും രാഹുല്‍ തന്നെ വയനാട്ടില്‍ വീണ്ടും മല്‍സരിക്കുകയും ചെയ്യുന്ന സാഹചര്യം 2024 ല്‍ ഉണ്ടാവുകയും എന്ത് ചെയ്യണമെന്ന ഒരു സന്ദിഗ്ധാവസ്ഥ സി പി എമ്മിനുണ്ട്. ഇനി വിധി റദ്ദാക്കപ്പെടാതിരുന്നാല്‍ വയനാട്ടില്‍ ഉടനെ തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ഇടതു പക്ഷത്തിനാകില്ല. ആ സൂചനകള്‍ സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിക്കഴിഞ്ഞു.പിന്തുണ രാഹുലിനല്ല രാഹുല്‍ നേരിട്ടപ്രശനത്തിനാണ് എന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്. ഇതില്‍ നിന്നും ഒരു കാര്യം മനസിലാക്കാം.രാഹുല്‍ ഗാന്ധിയെ അഖിലേന്ത്യാ തലത്തില്‍ സി പി എം പിന്തുണക്കുന്നത് ബി ജെ പി വിരുദ്ധത മുന്‍നിര്‍ത്തിയാണ്. ആ കട്ടില്‍ കണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും പനിക്കണ്ട. എന്ന വ്യക്തമായ സന്ദേശമാണ് സി പി എം നല്‍കിയത്.
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദായ സംഭവത്തിന്റെ രാഷ്ട്രീയ അനകൂല്യം നേടാന്‍ ഒരു കാരണവശാലും കേരളത്തിലെ പ്രതിപക്ഷത്തെ അനുവദിക്കില്ലന്ന ദൃഡനിശ്ചയത്തിലാണ് പിണറായിയും സി പി എമ്മും. ഇവിടെയാണ് കോണ്‍ഗ്രസ് ശരിക്കുംവെട്ടിലാകുന്നത്. കേരളത്തില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ രഹസ്യധാരണയിലാണെന്ന ആരോപണം ഇനി അത്ര ശക്തിയായി ഉയര്‍ത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയില്ല. രാഹുലിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനിട്ട ഫേസ് ബുക്ക് പോസ്റ്റില്‍ സംഘപരിവാറിനെ കുറ്റപ്പെടുത്താതെ കറുത്തശക്തികള്‍ എന്നുമാത്രം പറഞ്ഞതും, എന്നാല്‍ പിണറായി വിജയന്‍ തന്‍െ ഫേസ് ബുക്ക് പോസ്റ്റില്‍ സംഘപരിവാര്‍ എന്ന് എടുത്ത് പറഞ്ഞു വിമര്‍ശിച്ചതും ചൂണ്ടിക്കാട്ടിയാണ് സി പിഎം തങ്ങളുടെ ബി ജെ പി വിരുദ്ധ നിലപാടിന് ഊര്‍ജ്ജം സംഭരിക്കുന്നത്.
Read more
ഏതായാലും രാഹുല്‍ഗാന്ധിയെ പിന്തുണക്കുന്ന കാര്യത്തില്‍ പോലും ഒരു മുഴം മുമ്പെ എറിയാന്‍ സി പി എം കാണിച്ച രാഷ്ട്രീയ വിവേചന ബുദ്ധിയെ തല്‍ക്കാലത്തേക്കെങ്കിലും അഭിനന്ദിക്കാതെ വയ്യ.