കഴിഞ്ഞ കുറച്ചു കാലങ്ങളായി കത്തി നില്‍ക്കുന്ന വിവാദമാണ് ഇന്ത്യന്‍ പോര്‍ട്ടലായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട ചൈനീസ് ഫണ്ടിംഗ് വിവാദവും പാര്‍ലമെന്റില്‍ അടക്കം ബിജെപി ഉന്നയിച്ച ആരോപണങ്ങളും. ഒപ്പം അമേരിക്കന്‍ വ്യവസായിയും കോടീശ്വരനുമായ നെവിലെ റോയ് സിംഘത്തിന്റെ പേരും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടുമായി ബന്ധപ്പെട്ടുണ്ടായ അഭ്യൂഹങ്ങളും. ബിജെപി ആരോപണങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പറ്റം മാധ്യമ പ്രവര്‍ത്തകരെ ഓടിച്ചിട്ടു പിടിച്ച് ഫോണും ലാപ്‌ടോപ്പും അടക്കം പൊക്കികൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ്.
വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യുഎപിഎ നിയമപ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. പിന്നാലെയാണ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളിലടക്കം പൊലിസ് റെയ്ഡ് നടത്തിയത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് ശേഷം അറസ്റ്റുകളൊന്നും ഇതുവരേയും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചോദ്യംചെയ്യലിനായി പല മാധ്യമപ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.
2002 ഗുജറാത്ത് കലാപം മുതല്‍ ബിജെപിയേയും നരേന്ദ്ര മോദിയേയും നിരന്തരം ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും ടീസ്ത സെതല്‍വാദിനെതിരെ കഴിഞ്ഞ കുറച്ചു കാലമായി ബിജെപി സര്‍ക്കാര്‍ തുടരുന്ന വേട്ടയാടല്‍ നടപടി ഈ മാധ്യമ റെയ്ഡിലും കാണാനുണ്ട്. മുംബൈയിലെ ജൂഹുവിലെ ടീസ്തയുടെ വീട്ടിലും പൊലീസ് റെയ്ഡു നടത്തി. സിപിഎമ്മിനെ സംബന്ധിച്ച് മുമ്പ് ചൈനീസ് ഫണ്ടിംഗ് വിഷയവുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ടിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കില്‍ ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് കൂടി വിഷയത്തിലേക്ക് വരികയാണ്. യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും ഡല്‍ഹി പൊലീസന്റെ റെയ്ഡ് നടക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ കാനിങ് റോഡിലെ 36-ാം നമ്പറിലുള്ള യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലാണ് റെയ്ഡ്. യെച്ചൂരി ഇവിടെ താമസിക്കാറില്ല പക്ഷേ സി.പി.എം. ഓഫീസിലെ ജീവനക്കാരന്റെ മകനായ ന്യൂസ് ക്ലിക്കിലെ ജീവനക്കാരന്‍ ഇവിടെ താമസിക്കുന്നതിനാലാണ് ഇവിടെ പോലീസ് റെയ്ഡ് നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോര്‍ട്ടലിനെതിരെ അതിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനുപിന്നാലെ പോര്‍ട്ടലുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ന്യൂസ് ക്ലിക്ക് ന്യൂസ് എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡ് നടന്നു. ഇവരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതായും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പലരും കുറിച്ചിട്ടുണ്ട്.
ഇനി എന്താണ് ബിജെപിയുടെ ആരോപണവും ഈ റെയ്ഡുകള്‍ക്ക് പിന്നിലെ കാരണങ്ങളുമെന്ന് നോക്കാം.
ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നരേന്ദ്ര മോദിക്കുമെതിരായ വിമര്‍ശനാത്മക സമീപനമെടുത്ത ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നാണ് ന്യൂസ് ക്ലിക്ക്. രാജ്യത്തിനെതിരായ അപവാദപ്രചാരണം നടത്താന്‍ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചിരുന്നതായി ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിനായി വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനായി ഫണ്ടിങ് നടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ പാര്‍ലമെന്റില്‍ അടക്കം ശക്തമായ ആക്ഷേപം ബി.ജെ.പി ഉയര്‍ത്തിയത് പ്രകാശ് കാരാട്ടും അമേരിക്കന്‍ വ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘവും തമ്മിലുള്ള ബന്ധം കൊണ്ടാണ്.
ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ ന്യൂസ്‌ക്ലിക്കിന് അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഘവുമുമായി ബന്ധമുള്ള ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് ധനസഹായം ലഭിച്ചതായി ആരോപിച്ചിരുന്നു. ചൈനീസ് അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഈ ഫണ്ടിംഗ് എന്നും ആക്ഷേപം ഉയര്‍ന്നു. തീവ്ര ഇടതുപക്ഷ ചിന്തകളെ പിന്തുണയ്ക്കുകയും അവ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ചൈനീസ് ഗവണ്‍മെന്റിന്റെ മാധ്യമ ശൃംഖലയുമായി അടുത്ത ബന്ധം ഉള്ള വ്യക്തിയാണ് നെവില്‍ റോയ് സിംഘം. ചൈനീസ് സര്‍ക്കാരിന്റെ ആശയ പ്രചരണത്തിനും അജന്‍ണ്ടകള്‍ക്കും ചുക്കാന്‍ പിടിക്കുന്ന സിംഘവുമായി പ്രകാശ് കാരാട്ട് ഇമെയില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് സിപിഎം ചൈനീസ് അജണ്ടകള്‍ക്കായി സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങള്‍ക്ക് കളമൊരുക്കിയെന്ന ആക്ഷേപം ബിജെപി ഉന്നയിച്ചത്.
ചൈനീസ് സര്‍ക്കാരിന്റെ ആവശ്യാനുസരണം ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിന് അമേരിക്കന്‍ പൗരനായ കോടീശ്വരന്‍ വഴി കോടികള്‍ ഫണ്ടിംഗ് നടത്തിയെന്നതാണ് ചുരുക്കി പറഞ്ഞാല്‍ ന്യൂസ് ക്ലിക്കിനെതിരായി ഉയരുന്ന ആരോപണം. പ്രകാശ് കാരാട്ടിനെതിരായി സമാന ആരോപണമാണ് ബിജെപി ഉന്നയക്കുന്നത്. ഇതില്‍ ന്യൂസ് ക്ലിക്കില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പൊലീസിനേയും കേന്ദ്ര ഏജന്‍സികളേയും ഉപയോഗിച്ച് നേരിടുകയാണ് കേന്ദ്രസര്‍ക്കാര്‍.
ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലും അതിന്റെ ഫണ്ടിംഗ് സ്രോതസ്സുകളും 2021-ല്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് ഫയല്‍ ചെയ്തതോടെയാണ് കേന്ദ്ര ഏജന്‍സികളുടെ റഡാറിലേക്ക് വന്നത്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് അന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോര്‍ട്ടലിനെതിരെ കേസെടുത്തത്. ന്യൂസ്‌ക്ലിക്ക് പ്രൊമോട്ടര്‍മാരെ അറസ്റ്റില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി സംരക്ഷിച്ചു നിര്‍ത്തിയിരുന്നു, വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്, അതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റേയും ഡല്‍ഹി പൊലീസിന്റേയും ഈ നീക്കം. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വന്നപ്പോഴും ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുരകായസ്ത പറഞ്ഞത് വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തന്നെ എല്ലാം കോടതിയ്ക്ക് മുന്നില്‍ കൃത്യമായി തന്നെ അവതരിപ്പിക്കുമെന്നാണ്.
ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവില്ലെന്നത് ചൂണ്ടിക്കാണിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം ശക്തമായി രംഗത്ത് വരുന്നത്. രാജ്യത്ത് പുറത്തുവരുന്ന ജാതി സെന്‍സസ് അടക്കം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ പൊലീസിനെ ഇറക്കി മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനുള്ള കേന്ദ്രനീക്കമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നു.
ന്യൂസ്‌ക്ലിക്കിലെ ഈ റെയ്ഡുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടക്കുന്നതെന്ന് ആര്‍ജെഡി നേതാവും എംപിയുമായ മനോജ് ഝാ പറഞ്ഞു. ഡല്‍ഹി പോലീസിന്റെ രീതികളെ വിമര്‍ശിച്ച ആര്‍ജെഡി എംപി അവര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലാണെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഒന്നും നടക്കില്ലെന്നും ഓര്‍മിപ്പിച്ചു.
പൊലീസ് നടപടിയെ കേന്ദ്രത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിശേഷിപ്പിച്ചത്. ഇത് മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞ ഖേര ബീഹാറിലെ ജാതി സെന്‍സസിന്റെ സ്‌ഫോടനാത്മകമായ കണ്ടെത്തലുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് ആരോപിച്ചു. രാജ്യത്തുടനീളമുള്ള വര്‍ദ്ധിച്ചുവരുന്ന ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തില്‍ നിന്നടക്കം ശ്രദ്ധ തിരിക്കാനാണ് ഈ റെയ്‌ഡെന്നും ഖേര ഉറപ്പിച്ചു പറയുന്നു. സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ നേരിടുമ്പോള്‍, അവന്‍ തന്റെ പ്രവചിക്കാവുന്ന സിലബസില്‍ നിന്നുള്ള ഒരേയൊരു മറുപടിയിലേക്ക് തിരിയുകയാണ് ചെയ്യുന്നതെന്നാണ് ഖേരയുടെ പരാമര്‍ശം. ശ്രദ്ധ തിരിക്കല്‍ മാത്രമാണ് നരേന്ദ്ര മോദിക്ക് അറിയാവുന്ന ഏകകാര്യമെന്ന പരിഹാസമാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ റെയ്ഡുകളില്‍ ആശങ്ക രേഖപ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിനോട് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
പ്രതിഷേധം ശക്തമാകുമ്പോള്‍ ബിജെപി നേതാക്കളും പൊലീസിനേയും സര്‍ക്കാരിനേയും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.