കെ സഹദേവൻ
ഏഴര പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ അനുഭവങ്ങളെ കൂടുതല്‍ സൂക്ഷ്മതയിലും ഗഹനതയിലും വിലയിരുത്തുന്ന, അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരമായ പുസ്തകങ്ങളിലൊന്നാണ്, ദേബാശിഷ് റോയ് ചൗധരിയും ജോണ്‍ കീനും ചേര്‍ന്നെഴുതിയ ‘ടു കില്‍ എ ഡെമോക്രസി: ഇന്ത്യാസ് പാസ്സേജ് ടു ഡെസ്പോട്ടിസം’ എന്ന പുസ്തകം.
യൂറോപ്യന്‍ ജനാധിപത്യ പരീക്ഷണങ്ങളില്‍ നിന്ന് ഭിന്നമെങ്കിലും സ്വന്തമായ ജനാധിപത്യ സംവിധാനങ്ങളും അനുഭവങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഒരു ജനത അവരറിയാതെ തന്നെ പരാശ്രിതത്വത്തിലേക്ക് വഴുതി വീഴേണ്ടി വന്നതിന്റെ ചരിത്ര പശ്ചാത്തലത്തില്‍, ഒരു അതോറിറ്റേറിയന്‍ ഹിന്ദു രാഷ്ട്രമായി പരിണമിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ ഗതിവിഗതികളെ കൂടുതല്‍ അടുത്ത് നിന്ന് മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാകും എന്നത് നിസ്തര്‍ക്കമാണ്.
സ്വേച്ഛാധിപത്യത്തിലേക്കോ, പരാശ്രിതത്തിലേക്കോ എപ്പോഴെങ്കിലും വഴുതിവീഴാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയിലെ പ്രസംഗത്തില്‍ വെച്ച് തന്നെ ഡോ.അംബേദ്കര്‍ സന്ദേഹിക്കുന്നുണ്ട്. അതില്‍പ്പിന്നീട് ഏതാണ്ട് കാല്‍ നൂറ്റാണ്ടിനുള്ളില്‍ തന്നെ അത്തരം അനുഭവത്തിലൂടെ രാജ്യത്തിന് കടന്നുപോകേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ’മെന്ന ഇന്ത്യയെക്കുറിച്ചുള്ള വിശേഷണം സാഹിത്യ രചനകളിലെ ക്ലീഷേകള്‍ക്കപ്പുറത്ത്, യാതൊരു മാനങ്ങളുമില്ലാത്ത, അര്‍ത്ഥശോഷണം സംഭവിച്ച പ്രയോഗമായിക്കഴിഞ്ഞുവെന്ന് ഇന്ന് നമുക്കറിയാം. ‘ഇലക്ടറല്‍ ഓട്ടോക്രസി’യെന്ന പൂര്‍വ്വ മാതൃകകളില്ലാത്ത രാഷ്ട്രീയ ഭരണക്രമത്തിലേക്കാണ് അതിന്റെ പ്രയാണമെന്ന് ഇന്ന് ലോകം വിലയിരുത്തുന്നു. ഈ ഒരു അപഭ്രംശത്തിന് ഇടയാക്കിയ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളെ, കേസ് സ്റ്റഡികളിലൂടെ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയുമാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരന്മാര്‍ ചെയ്യുന്നത്.
പൊതു വിഭവങ്ങളിലും സേവനങ്ങളിലും പ്രവേശനം നിഷേധിക്കപ്പെടുന്നവരുടെ സംഖ്യ രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് കോവിഡ്കാല അനുഭവങ്ങളിലൂടെയും മറ്റും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ‘ഗ്രൗണ്ട് റിയാലിറ്റീസ്’ എന്ന അധ്യായത്തില്‍ ഇന്ത്യയിലെ ‘ഊര്‍ജ്ജ തലസ്ഥാനമായ’ സിംഗ്രോലിയെക്കുറിച്ചുള്ള വിവരണം ഒട്ടും അതിശയോക്തിപരമല്ലെന്ന് 2016ല്‍ ‘ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്’ എന്ന പുസ്തകം എഴുതിയ ഒരാളെന്ന നിലയില്‍ ഉറപ്പിച്ചുപറയാന്‍ എനിക്ക് സാധിക്കും. ഭൂമിയടക്കമുള്ള പൊതുവിഭവങ്ങള്‍ അന്യമാക്കപ്പെടുന്ന ആദിവാസി ജീവിതാവസ്ഥകളെ തിരിച്ചറിയാന്‍ മാത്രം ഇന്ത്യന്‍ ജനാധിപത്യം വികസിതമായിട്ടില്ലെന്ന് ‘ഗ്രൗണ്ട് റിയാലിറ്റീസി’ലെ ഓരോ കേസ് സ്റ്റഡീസും നമ്മെ ബോധ്യപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ മുന്നുപാധികളിലൊന്ന് സാമ്പത്തിക വളര്‍ച്ചയാണെന്ന് നെഹ്രു മുതല്‍ക്കിങ്ങോട്ടുള്ളവര്‍ ഉറച്ചുവിശ്വസിച്ചിരുന്നുവെങ്കിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് ജനാധിപത്യം വിലങ്ങുതടിയാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചു കഴിഞ്ഞവരാണ് നാളിതുവരെയുള്ള എല്ലാ ഭരണനേതൃത്വങ്ങളും.
“Democracy is an insurrectionary faith open to the weakest of mortals”
എന്ന ഏറ്റവും ഉദാത്തമായ സങ്കല്പത്തെ അംഗീകരിക്കാനുള്ള പ്രത്യയശാസ്ത്ര ബോദ്ധ്യത്തിലേക്ക് വികസിതമാകുന്നതിന് പകരം സങ്കുചിത കക്ഷിരാഷ്ട്രീയത്തിലേക്കും ദേശീയബോധത്തിലേക്കും ചുരുങ്ങുകയായിരുന്നു ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും. വികസനമെന്നതിന്റെ ആത്യന്തിക ലക്ഷ്യം സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്കു കൂടി അവരുടെ ആത്മപ്രകാശനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടലായിരിക്കണം എന്നത് വിസ്മരിക്കുകയും ഭൗതിക സൗകര്യങ്ങളുടെ വളര്‍ച്ചയിലേക്ക് മാത്രമായി ചുരുക്കപ്പെടുകയും ചെയ്തതിന്റെ പരിണതഫലം കൂടിയാണ് ‘പൊളിഗാര്‍ക്കുക’ (poligarchs)ളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വേച്ഛാധിപത്യത്തിലേക്കുള്ള ത്വരിതഗതിയിലുള്ള പ്രയാണം.
ഏഴര പതിറ്റാണ്ടുകാലത്തെ ജനാധിപത്യ പരീക്ഷണങ്ങള്‍ പൊളിഗാര്‍ക്കുകള്‍ നിശ്ചയിച്ചുറപ്പിച്ച കമ്പോളവല്‍ക്കരണത്തിലേക്കും സമ്പത്തിന്റെ അസാധാരണമാംവിധമുള്ള കുമിഞ്ഞുകൂടലിലേക്കും രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചു. ”വാങ്ങല്‍ ശേഷിയുടെ അളവിലും ഉപയോഗത്തിലും മനുഷ്യരുടെയും അവരുടെ സ്വാഭാവിക പരിസ്ഥിതിയുടെയും വിധിയുടെ ഏക നടത്തിപ്പുകാരനാകാന്‍ കമ്പോള സംവിധാനത്തെ അനുവദിക്കുന്നത് സമൂഹത്തിന്റെ തകര്‍ച്ചയില്‍ കലാശിക്കു”മെന്ന കാള്‍ പോളാനിയുടെ പ്രവചനാത്മകമായ വാക്കുകള്‍ ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ വര്‍ത്തമാന ഗതിവിഗതികളുടെ നേര്‍പ്പകര്‍പ്പായി മാറി.
വളര്‍ന്നുവരുന്ന തൊഴിലില്ലായ്മ, സാമൂഹിക സുരക്ഷയുടെ അഭാവം എന്നിവ ചേര്‍ന്ന് സമൂഹത്തില്‍ പടര്‍ത്തിവിടുന്ന അസ്വസ്ഥതകളെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, പ്രത്യേകിച്ചും തീവ്രവലതുപക്ഷ രാഷ്ട്രീയം, എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നതിന്റെ തെളിവായി രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വകാര്യ സേനയുടെ വളര്‍ച്ചയെ ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ രാഷ്ട്രീയം എങ്ങനെയാണ് ഒരു ക്രേമാക്രസി(പണാധിപത്യം)യായി പരിണമിക്കുന്നതെന്ന് ഈ അധ്യായം വിശദീകരിക്കുന്നു. ഇലക്ട്രറല്‍ ബോണ്ടുകള്‍ വഴി വന്‍കിട കോപ്പറേറ്റുകളെയും സ്വകാര്യ ട്രസ്റ്റുകളെയും രാഷ്ട്രീയത്തിലേക്ക് പണമൊഴുക്കാന്‍ നിയമപരമായിത്തന്നെ അനുവദിക്കുന്നതിലൂടെ പണാധിപത്യത്തെ ലെജിറ്റിമേറ്റ് ചെയ്യാനുള്ള വഴികള്‍ ഒരുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്ന് ഗ്രന്ഥകാരന്മാര്‍ വ്യക്തമാക്കുന്നു.
സ്വകാര്യ-രാഷ്ട്രീയ സേനകള്‍ നടത്തുന്ന അക്രമം പോലെ, പണാധിപത്യം ജനാധിപത്യത്തിന്റെ ആത്മാവിനെയും സ്ഥാപനങ്ങളെയും കൂടുതല്‍ വികലമാക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വകാര്യ പണത്തിന്റെ സ്വാധീനം പ്രാതിനിധ്യത്തിന്റെ ഗുണനിലവാരത്തിന് എങ്ങിനെ ഹാനികരമാകുന്നുവെന്നും, പരിമിതമായ തെരഞ്ഞെടുപ്പ് സാധ്യതകളെപ്പോലും അട്ടിമറിച്ചുകൊണ്ട് ഒരു ‘പ്രോംപ്റ്റഡ് സെലക്ഷനി’ലേക്ക് എങ്ങിനെ തെരഞ്ഞെടുപ്പ് പ്രക്രിയയെ തരംതാഴ്ത്തുന്നുവെന്നും അത് വെളിപ്പെടുത്തുന്നു.
ദശലക്ഷക്കണക്കിന് പൗരന്മാര്‍ക്കും അതിന്റെ അടിസ്ഥാന ഭരണ സ്ഥാപനങ്ങള്‍ക്കും അവരുടെ സാമൂഹിക അടിത്തറ നഷ്ടപ്പെടുകയും ശിഥിലമാകുകയും ചെയ്യുമ്പോള്‍ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ത് വിധിയാണ് കാത്തിരിക്കുന്നത്? വന്‍കിട കോര്‍പ്പറേറ്റുകള്‍, കോടതികള്‍, സേന, കള്ളപ്പണം, മാധ്യമ പ്രചരണം, മസില്‍ പവര്‍ എന്നിവയാല്‍ ആധിപത്യം പുലര്‍ത്തുന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ എന്നിവയുടെ സഹായത്തോടെ അധികാരത്തിലേറുന്ന അധിരാകാര്‍ത്തിപൂണ്ട രാഷ്ട്രീയ ഭരണകൂടങ്ങല്‍ ജനാധിപത്യ സ്ഥാപനങ്ങളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ തയ്യാറാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ ഗ്രന്ഥകാരന്മാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
വംശീയവും വര്‍ഗ്ഗീയവുമായ പ്രത്യയശാസ്ത്ര ബോദ്ധ്യങ്ങളാല്‍ പ്രചോദിതരായ, തീവ്രവലതുപക്ഷ രാഷ്ട്രീയത്താല്‍ നയിക്കപ്പെടുന്ന ഒരു ഭരണസംവിധാനം കൂടുതല്‍ ഭീഷണമായ സ്വേച്ഛാധിപത്യ സ്വഭാവം കൈവരിക്കാനുള്ള സാധ്യതകളെ വിലയിരുത്തുമ്പോള്‍ തന്നെ അതിന് തടയിടാനാവശ്യമായൊരു രാഷ്ട്രീയ സഹജാവബോധം ഇന്ത്യന്‍ സാമൂഹ്യ മനസ്സാക്ഷിയില്‍ അന്തര്‍ലീനമായിട്ടുണ്ടെന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളടക്കം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ലേഖകര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
നാല് ഖണ്ഡങ്ങളില്‍ 13 അധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതിവിഗതികളെ സംബന്ധിച്ച ഈ പുസ്തകം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരിക്കും.
Read more
( 2021ൽ എഴുതിയ റിവ്യൂ ആണിത്. വർത്തമാന സാഹചര്യത്തിൽ ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്നു.)