പട്ടി കഴിക്കാത്ത ബിസ്‌കറ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണോ രാഹുല്‍ കൊടുത്തത്?

രാഗയുടെ സ്‌നേഹത്തിന്റെ കടയിലെ ബിസ്‌കറ്റ് വേണ്ടെന്ന് വെച്ച നായയും, നായ മുഖം തിരിച്ച ബിസ്‌ക്കറ്റ് കൈനീട്ടി വാങ്ങേണ്ടി വന്ന മനുഷ്യനുമെന്ന ബിജെപിയുടെ കണ്ണീര്‍കഥ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളിലും സംഘപരിവാര്‍ ഹാന്‍ഡിലുകളിലും നിറഞ്ഞ സ്‌ക്രീനില്‍ പ്രദര്‍ശനം തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ നായകളോടുള്ള സ്‌നേഹവും പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാവ് കാണുന്നത് നായകളെ പോലെയാണെന്നും പറഞ്ഞ് ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞാടുകയാണ്. മോദി യൂണിവേഴ്‌സിലെ പ്രധാന കാര്യക്കാരനായി മാറാന്‍ ശ്രമിക്കുന്ന പഴയ കോണ്‍ഗ്രസുകാരാന്‍ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഭാരത് ജോഡോ ന്യായ് യാത്രയിലെ കോണ്‍ഗ്രസ് പങ്കുവെച്ച ചിത്രത്തില്‍ നിന്നും വിവാദത്തിനുള്ള വക കണ്ടെത്തിയത്.

ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കട്ടയ്ക്ക് കൂടെ നിന്നതോടെ വീഡിയോയ്ക്കിടയിലെ ഒരു രംഗം കദനകഥയായി മാറുകയായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ളതാണ് രാഹുലിന്റെ വീഡിയോ. ഒരു പട്ടിക്കുട്ടിയെ അടുത്തു നിര്‍ത്തി തലോടുകയും ഓമനിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധി അതിന് ബിസ്‌കറ്റ് നല്‍കുന്നു. ആദ്യം ബിസ്‌കറ്റ് കടിച്ചെടുത്തെങ്കിലും പിന്നീട് വലിയ താല്‍പര്യം കാണിക്കാതെ നായ മുഖം തിരിക്കുന്നു. ഇതോടെ നായക്കുട്ടി വേണ്ടെന്ന് വെച്ച ബിസ്‌ക്കറ്റ് അടുത്തുനില്‍ക്കുന്ന ആള്‍ക്ക് കൊടുക്കുന്ന രാഹുല്‍ ഗാന്ധി.

വീഡിയോയ്ക്ക് വേറെ വശങ്ങളുണ്ടെങ്കിലും സംഭവം ഇവിടെ കൊണ്ടങ്ങ് ഈ ഒരു പോയന്റില്‍ നിര്‍ത്തുകയാണ് ബിജെപി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും രാഹുല്‍ ഗാന്ധി പട്ടികളെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതാക്കളും പാര്‍ട്ടി അനുകൂല പേജുകളും ഈ വീഡിയോ പൊക്കിയെടുത്തു കൊണ്ടുവന്നത്. സ്വന്തം പ്രവര്‍ത്തകരെ നായകളായി കാണുന്നുവെന്ന ആരോപണം മാത്രമല്ല ട്രോളുകളും വിമര്‍ശനങ്ങളും ഈ പാതിമുറിഞ്ഞ വീഡിയോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു.

സവര്‍ക്കര്‍ ജീയെ തൊഴുതുനില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ കവര്‍ഫോട്ടോയാക്കിയ മുംബൈയിലെ ബിജെപി ഐടി സെല്ലിന്റെ കോ കണ്‍വീനര്‍ പല്ലവിയുടെ പോസ്റ്റില്‍ അസം മുഖ്യമന്ത്രി ഹിമന്തയെ പരാമര്‍ശിച്ചതോടെയാണ് വിഷയം മേലേ തട്ടിലേക്ക് ബിജെപി ഏറ്റെടുത്തത്.

ഹൗ ഷെയിംലെസ് എന്ന് തുടങ്ങുന്ന ട്വിറ്റര്‍ പോസ്റ്റില്‍, ആദ്യം രാഹുല്‍ ഗാന്ധി ഹിമന്ത ജീയെ രാഹുലിന്റെ വളര്‍ത്തുനായ പിടിയുടെ അതേ പ്ലേറ്റില്‍ നിന്ന് ബിസ്‌കറ്റ് കഴിപ്പിച്ചുവെന്നും ഇപ്പോള്‍ രാജകുമാരന്‍ പട്ടിയ്ക്ക് വേണ്ടാത്ത ബിസ്‌കറ്റ് പാര്‍ട്ടി പ്രവര്‍ത്തകന് നല്‍കിയെന്നും പല്ലവി കുറിച്ചു. ഇതിന് ഉടനടി മറുപടിയുമായി അസം മുഖ്യമന്ത്രിയെത്തിയതോടെയാണ് ചര്‍ച്ച കൊഴുത്തത്.

പല്ലവി ജി, രാഹുല്‍ ഗാന്ധിയെന്നല്ല ആ കുടുംബത്തിലെ എല്ലാവരും ശ്രമിച്ചിട്ടും എന്നേ കൊണ്ട് ആ ബിസ്‌കറ്റ് കഴിപ്പിക്കാന്‍ കഴിഞ്ഞില്ല. ഞാനൊരു അഭിമാനിയായ ആസാമീസും ഇന്ത്യനുമാണ്. അത് വേണ്ടെന്ന് പറയുകയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.

ഇനി ഹിമന്തയുടെ പേര് ഇതിലേക്ക് വരാനുള്ള കാരണം കൂടി പറയാം. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഹിമന്ത ബിശ്വ ഇഡി വേട്ടയാടലില്‍ അഴിമതി കേസില്‍ കുടുങ്ങുമെന്ന് പേടിച്ചാണ് ബിജെപിയിലെത്തിയതെന്നത് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി മുഖ്യമന്ത്രിയായതിന് ശേഷം മോദിയെ പുകഴ്ത്തുന്നതിനൊപ്പം കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യംവെച്ച് പല പരാമര്‍ശങ്ങളും ഹിമന്ത നടത്തിയിരുന്നു. പലപ്പോഴും അഭിമുഖങ്ങളില്‍ ഹിമന്ത ഒരു സംഭവം വിവരിക്കാറുണ്ട്. താനും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒരു കൂടിക്കാഴ്ചയ്ക്കായി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ത്തുനായ പിഡിയ്ക്ക് ഒരു പ്ലേറ്റില്‍ രാഹുല്‍ ബിസ്‌കറ്റ് നല്‍കുകയായിരുന്നുവത്രേ. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതേ പ്ലേറ്റില്‍ നിന്ന് ബിസ്‌ക്കറ്റ് എടുത്ത് രാഹുല്‍ ഗാന്ധി നീട്ടിയത്രേ. ഈ സംഭവം ഒന്നിലധികം അഭിമുഖങ്ങളില്‍ ശര്‍മ്മ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതാണ് പല്ലവി ട്വീറ്റില്‍ ഓര്‍മ്മിപ്പിച്ചത്.

എന്തായാലും ഇതോടെ രാഹുലിന്റെ അക്രമവും അഹങ്കാരവും കിരീടാവകാശി മെന്റാലിറ്റിയും ബിജെപി ഹാന്‍ഡിലുകളിലൂടെ പ്രചരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകന് പട്ടിയ്ക്ക് കൊടുത്ത ബിസ്‌കറ്റ് നല്‍കിയ അഹങ്കാരിയായി രാഹുല്‍ ഗാന്ധി. ഇനി ബിജെപിക്കാര്‍ കുറ്റം പറഞ്ഞു നടക്കുന്ന ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കുന്നത് കൂടി പറയാം.

ഞാന്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നായ  ഭയപ്പെട്ടു. നായ പരിഭ്രാന്തനായി വിറച്ചു. അങ്ങനെ ആ സമയം തൊട്ടടുത്തുനിന്ന നായയുടെ ഉടമസ്ഥന് ഞാന്‍ ബിസ്‌ക്കറ്റ് കൊടുത്തു. അപ്പോള്‍ നായ അയാളുടെ കയ്യില്‍ നിന്ന് ബിസ്‌കറ്റ് തിന്നു. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്ന് വ്യക്തമാക്കുന്നതാണ് ബിജെപിക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കി പ്രചരിപ്പിക്കുന്ന വീഡിയോയിലെ മറ്റു ഭാഗങ്ങള്‍. നായയുടെ ഉടമസ്ഥന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നുണ്ട്. രുഹുല്‍ പറഞ്ഞതുപോലെ അയാളുടെ കൈയ്യില്‍ നല്‍കിയ ബിസ്‌കറ്റ് നായ കഴിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ബിജെപിക്ക് നായകളോടുള്ള അഭിനിവേശം എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും നായ്ക്കള്‍ അവരെ എങ്ങനെ ദ്രോഹിച്ചുവെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അതിലൊരു മുനയില്ലേയെന്ന് തോന്നും.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം