നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു പെണ്‍മുഖം ഉണ്ടോ?

നമ്മുടെ നാട്ടിൽ പൊതുവെ ഒരു പറച്ചിൽ ഉണ്ട്… പുരുഷന്മാരോട് അവരുടെ ശമ്പളം ചോദിക്കരുതെന്ന്.. സത്യത്തിൽ പറച്ചിൽ മാത്രമല്ല, കാര്യം ഏറെക്കുറെ ശരി തന്നെയാണ്.. എത്ര ഭാര്യമാർക്ക് അവരുടെ ഭർത്താവിന്റെ ശമ്പളം അറിയാം എത്ര അമ്മമാർക്കും അച്ഛന്മാർക്കും അവരുടെ ആൺ മക്കളുടെ ശമ്പളം അറിയാം എന്നത് ഒരു ചോദ്യം തന്നെയാണ്… പക്ഷേ നേരെ തിരിച്ച് ഭാര്യമാരുടെ കൃത്യ ശമ്പളം അറിയാത്ത ഭർത്താക്കന്മാരും മകളുടെ ശമ്പളം അറിയാത്ത മാതാപിതാക്കളും വളരെ ചുരുക്കമായിരിക്കും. ഇതിൽ തന്നെ സ്ത്രീകൾ അധ്വാനിച്ചു കൊണ്ടുവരുന്ന സമ്പാദ്യം കലാകാലങ്ങളായി കൈകാര്യം ചെയ്തു വരുന്നത് പുരുഷന്മാരുമാണ്. കാലം മാറി നമ്മുടെ സ്ത്രീകളിൽ ഒരുപാട് പേർ ജോലിക്ക് പോയി സമ്പാദിക്കുന്നവരുണ്ട്. വീട്ടിൽ ഇരുന്ന് സമ്പാദിക്കുന്നവരും ധാരാളമുണ്ട്.. എന്നാൽ നമ്മുടെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത എത്രത്തോളമുണ്ടെന്ന് നമ്മുടെ വീടുകളിലേക്ക് ഒന്ന് നോക്കിയാലും ചുറ്റിലുമൊന്ന് കണ്ണോടിച്ചാലും മനസിലാകും. അത് തന്നെയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന ചർച്ചാ വിഷയവും.

‘നിക്ഷേപം സ്ത്രീകളിലൂടെ, പുരോഗതി വേഗത്തിലാക്കുക’ എന്നതാണ് ഈ വനിതാ ദിനത്തിലെ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മള്‍ ധാരാളം കേള്‍ക്കുന്നതാണ്. പക്ഷേ എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം? സ്വന്തം ചെലവുകള്‍ നിറവേറ്റാന്‍ ആവശ്യമായ സമ്പത്ത് കൈവശം ഉണ്ടാവുക എന്നതാണ് ആ വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാൻ കഴിയുന്നതിനെയും സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയാം. സ്ത്രീകളുടെ കാര്യത്തിൽ ഇത് ഓരോ സ്ത്രീക്കും വ്യത്യസ്തമാണ് എന്നുള്ളതാണ് സത്യം. ജോലിയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച്, സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കുന്നതോ സാമ്പത്തികമായി അതിജീവിക്കാന്‍ സഹായിക്കുന്നതോ ആകാം അത്. എന്നാൽ ഗൃഹസ്ഥയായ ഒരു സ്ത്രീയെ സംബന്ധിച്ച്, ആവശ്യമുള്ളപ്പോഴെല്ലാം പണം ചെലവഴിക്കാൻ സാധിക്കുന്നതോ അടിയന്തര ഘട്ടങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ സഹായിക്കുന്നതോ ആകാം അത്.

യഥാർത്ഥത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതൽ സുരക്ഷിതത്വ ബോധവും ബഹുമാനവും നൽകും. ഇതിന്‍റെ ഫലം സ്ത്രീകളിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. സാമ്പത്തികമായി കൂടുതൽ സ്വതന്ത്രരായ സ്ത്രീകൾ ഉള്ള സമൂഹം ആരോഗ്യകരവും സുരക്ഷിതവും ആയ പുരോഗമന സമൂഹം ആയിരിക്കും. ഇത് മാത്രമല്ല, നമ്മുടെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ലിംഗ പക്ഷപാതിത്വത്തെ പിഴുതെറിയാൻ സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾക്ക് സഹായിക്കുകയും ചെയ്യും. കൂടാതെ ജീവിതത്തതിൽ പ്രസവം, കുട്ടികളെ വളർത്തൽ തുടങ്ങി ഭാരിച്ച ചുമതലകൾ വഹിച്ച ശേഷം പ്രായാധിക്യത്തിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ വിശ്രമകരമായ വിരമിക്കല്‍ ജീവിതം ആസ്വദിക്കാന്‍ സഹായിക്കും.

ഇതൊക്കെ പറയുമ്പോഴും നമ്മുടെ സാക്ഷര കേരളത്തിൽ ഉൾപ്പെടെ ലോകത്തെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ലക്ഷങ്ങൾ സമ്പാദിക്കുന്ന സ്ത്രീകൾ ഉള്ള കുടുംബങ്ങളിൽ പോലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരായിരിക്കും. അധ്വാനിച്ചു കൊണ്ട് വന്ന പുരുഷന്റെ കൈകളിൽ ഏൽപ്പിക്കുക, അത് അച്ചനായാലും സഹോദരനായാലും ഭർത്താവായാലും ഭൂരിഭാഗം സ്ത്രീകളും ചെയ്തു വരുന്നത് കാലാകാലങ്ങളായി പിന്തുടരുന്ന ഈ സമ്പ്രദായമാണ്. അത്യാവിശ്യ ഘട്ടങ്ങളിൽ പോലും കയ്യിൽ ഒരു രൂപ ഇല്ലാതെ നിസ്സഹരായി നിൽക്കുന്ന സ്ത്രീകളെ നമ്മുടെയൊക്കെ വീടുകളിൽ കാണാൻ സാധിക്കും. എന്തിനേറെ പറയുന്നു ഭാര്യമാരുടെ എടിഎം കാർഡുകൾ വരെ സ്വന്തം പോക്കറ്റിലാക്കി നടക്കുന്ന പുരുഷ കേസരിമാർ ഉള്ള നാടാണ് നമ്മുടെത്. ഇതൊരിക്കലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് അറിയാത്തതുകൊണ്ടല്ല, സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച്, പുരുഷന്മാരേക്കാൾ പൈസ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ചെലവുകൾ ചുരുക്കാൻ അറിയാവുന്നവരും സ്ത്രീകളണെന്നാണ്. കുടുംബ ബജറ്റ് സ്ത്രീകൾ നിയന്ത്രിച്ചാൽ സാമ്പത്തികമായി താളം തെറ്റാതെ പോകാൻ കഴിയുമെന്നും ഭൂരിഭാഗം സ്ത്രീകൾക്കും ഈ കഴിവ് ഉണ്ടെന്നുമാണ് അവർ പറയുന്നത്.

വസ്തുതകൾ ഇങ്ങനെയൊക്കെ ആണെങ്കിലും സാമ്പത്തികം സ്ത്രീകൾ സ്വന്തമായി നിയന്ത്രിച്ചു തുടങ്ങിയാൽ പുരുഷന്മാരുടെ മാനം കപ്പൽ കയറുമെന്ന ചിന്തക്ക് നമ്മുടെ കേരളത്തിൽ പോലും മാറ്റമില്ല. അതുകൊണ്ടുതന്നെയാണ് അവർ അധ്വാനിച്ചു കൊണ്ട് വരുന്നത് പോലും പുരുഷന്മാർ കൈക്കലാക്കുന്നതും കൈകാര്യം ചെയ്യുന്നതും. മറ്റൊരു പ്രധാന പ്രശ്നം സ്വത്തിന് മേലുള്ള പുരുഷൻമാരുടെ ആധിപത്യമാണ്. ഭാര്യയും ഭർത്താവും ഒരുമിച്ച് സമ്പാദിക്കുന്ന വസ്തു വകകളിൽ പോലും അവകാശം ഭർത്താവിന്റെ പേരിൽ മാത്രമായിരിക്കും. കോടിക്കണക്കിന് നിക്ഷേപവും സമ്പാദ്യവുമുള്ള ഭർത്താക്കന്മാരുടെ ഭാര്യമാരുടെ പലരുടെയും ബാങ്ക് ബാലൻസ് സീറോ ആയിരിക്കും. സമ്പാദ്യത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന അടിസ്ഥാനപരമായ ചിന്ത പോലും ഇല്ലാത്ത പുരുഷന്മാരാണ് സമൂഹത്തിൽ ഭൂരിഭാഗവുമെന്ന് നിസംശയം പറയാനാകും.

നമ്മുടെ ചുറ്റുമുള്ള വസ്തു വകകളുടെയോ വീടുകളുടെയോ ആധാരം എടുത്തൊന്ന് പരിശോധിച്ചാൽ ഈ യാഥാർഥ്യം നമുക്ക് മനസിലാകും. സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വസ്തു വകകൾ എണ്ണത്തിൽ വളരെ കുറവാണ്. സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീധനം പോലും കല്യാണത്തിന് മുൻപോ കല്യണം കഴിഞ്ഞുടനെയോ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമുള്ള പുരുഷന്മാരുടെ നാട് കൂടിയാണ് നമ്മുടേത്.

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്ന സ്ത്രീകളിൽ ആത്മവിശാസം വർധിക്കും. ഇതും സമൂഹത്തെ പേടിപ്പിക്കുന്ന ഒരു വസ്തുതയാണ്. ആത്മവിശ്വാസം ഉള്ള ഒരു സ്ത്രീക്ക് അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും. ഇതിലൂടെ ഭർത്താവിൽ നിന്നോ മറ്റ് ആരിൽ നിന്നോ ഉള്ള അതിക്രമങ്ങൾക്കെതിരെ പോരാടാൻ സാധിക്കും, വീടുകളിൽ അനുഭവിക്കുന്ന ചൂഷങ്ങളിൽ അടിമക്കയി കഴിയാതെ അവിടെ നിന്ന് പുറത്തേക്ക് വരാനും സ്വന്തമായി ജീവിക്കാനും ഇനി കുട്ടികൾ ഉണ്ടെങ്കിൽ അവരെ സ്വന്തമായി വളർത്താനും കഴിയും. ഇത് കാലാകാലങ്ങളായി കുടുംബത്തിലെ അടിമകളായി സ്ത്രീകളെ കണ്ടു വരുന്ന പൊതു സമൂഹത്തിന് ഈ മാറ്റം ഒരു വെല്ലുവിളി തന്നെയാണ്. സ്ത്രീകളെ സാമ്പത്തികമായി സ്വത്രക്കാത്ത സമൂഹത്തിന് പിന്നിൽ ഇങ്ങനെയൊരു കാരണമാ കൂടിയുണ്ട്.

മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് പണപ്പെരുപ്പം പോലുള്ള വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ കുടുംബത്തിലെ ഓരോ അംഗവും സാമ്പത്തികമായി സ്വതന്ത്രരായിരിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകളുടെ കാര്യമെടുത്താൽ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയുന്നവരിൽ, ചിലർക്ക് സ്വന്തം കുടുംബത്തിനു വേണ്ടിയോ മക്കളെ വളര്‍ത്തുന്നതിനായോ സ്വന്തം കരിയർ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു സാഹചര്യമുണ്ട്. ഇന്ത്യയില്‍ വളരെയധികം സ്ത്രീകള്‍ വിവാഹത്തിന് ശേഷം സ്വന്തം ഭാവി കുടുംബത്തിനായി മാറ്റിവെയ്ക്കാറുണ്ട്. ഈ അവസ്ഥയിലേക്ക് എത്തുന്നതോടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്ത സ്ത്രീകൾ പോലും പിന്നോക്കാവസ്ഥയിലേക്ക് പോകും. ഒരു കരിയർ ഗാപ് ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞാൽ തിരികെ കരിയറിലേക്ക് എത്താൻ എടുക്കുന്ന സമയവും അതിനുവേണ്ടി സ്ത്രീകൾ കടന്നു പോകേണ്ടി വരുന്ന അവസ്ഥയും അവരെ സാമ്പത്തികമായും മറ്റ് രീതികളിൽ എല്ലാം തന്നെ തളർത്തി കളയും.

ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട 2024 ലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യത്തെ 10 പേരുകളിൽ ഇടം നേടിയിട്ടുള്ളത് ഒരു സ്ത്രീ സംരംഭയുടെ പേര് മാത്രമാണ്. ഐടി ഉൾപ്പെടെ ഏതു മേഖലയിൽ ആയാലും സ്ഥാനാപനങ്ങളിലെ ഉന്നത മേധാവികളുടെ പട്ടികയിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം എന്നും കുറവ് തന്നെയാണ്. ഒരേ സ്ഥാനത്തിരിക്കുന്ന ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും കിട്ടുന്ന വേതനത്തിൽ പോലും വ്യത്യസമുണ്ട്. കായിക മേഖലയിൾ ഉൾപ്പെടെയുള്ള ഈ വേർതിരുവകൾ ഒക്കെ നമ്മുടെ രാജ്യത്തുൾപ്പെടെ നാം കാണുന്നതാണ്.

കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, നേതൃസ്ഥാനങ്ങളിലെ ലിംഗ വ്യത്യാസം ഇപ്പോഴും വളരെയധികം വേരൂന്നിയതാണ്, കൂടാതെ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ മണിക്കൂറുകൾ ശമ്പളമില്ലാത്ത വീട്ടുജോലിക്കായി ചെലവഴിക്കുന്നത് തുടരുന്നു. നിലവിലെ പ്രവണതകൾ തിരുത്തിയില്ലെങ്കിൽ, 2030 ഓടെ 340 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

യുഎൻ വിമൻ പറയുന്നതനുസരിച്ച്, ഇന്ന് 10 സ്ത്രീകളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അവരുടെ പഠനങ്ങൾ കാണിക്കുന്നത് ഏകദേശം 340 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും – ലോകത്തിലെ സ്ത്രീ ജനസംഖ്യയുടെ 8 ശതമാനം – ഇത്തരത്തിൽ പോയാൽ 2030 ആയാൽ പോലും കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറില്ല എന്നാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം