ചുവപ്പണിഞ്ഞ് അമേരിക്ക, ട്രംപിന്റെ 'വിജയഭേരി', 'തോറ്റ പ്രസിഡന്റിന്റെ' തിരിച്ചുവരവ്

Make America Great Again എന്ന മുദ്രാവാക്യവുമായി വൈറ്റ് അമേരിക്കന്‍സിന്റെ സ്വദേശീയവാദവുമായി പ്രചാരണത്തിന് ഓടിനടന്ന ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ വിജയഭേരി മുഴക്കുകയാണ്. ട്രംപിന്റെ വിജയം ഒട്ടനവധി കാര്യങ്ങള്‍ കൊണ്ട് നിര്‍ണായകമാണ്. ഒന്ന്, ഒരിക്കല്‍ തോറ്റ പ്രസിഡന്റിന്റെ തിരിച്ചുവരവ് അമേരിക്ക കാണുന്നത് ഒരു നൂറ്റാണ്ടിന് ശേഷമാണ്. ആദ്യത്തെ റീ-ഇലക്ഷന്‍ ബിഡ് പരാജയപ്പെട്ടതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. 2016ലെ യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായിരുന്ന ട്രംപിന് 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. തുടര്‍ച്ചയായ രണ്ടാം ടേം കിട്ടാതിരുന്ന ട്രംപ് മൂന്നാം അങ്കത്തില്‍ തിരിച്ചുവന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. തോറ്റ ഒരു അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലേക്ക് മടങ്ങിവന്നത് 127 വര്‍ഷങ്ങള്‍ക്ക് ശേഷം, ചരിത്രത്തിലെ രണ്ടാമനായി ട്രംപ്് റെക്കോര്‍ഡിട്ടിരിക്കുന്നു. ട്രപിന് മുമ്പ് ചരിത്രത്തില്‍ ഒന്നാമനായി അടയാളപ്പെടുത്തിയിരിക്കുന്ന തോറ്റ പ്രസിഡന്റിന്റെ തിരിച്ചുവരവ് സംഭവ്യമാക്കിയ വ്യക്തി ഗ്രോവര്‍ ക്ലവ്‌ലാന്‍ഡാണ്. ട്രംപ് റിപ്പബ്ലിക്കനാണെങ്കില്‍ ഗ്രോവര്‍ ഒരു ഡെമോക്രാറ്റാണ്. അമേരിക്കയുടെ 22മത്തേയും 24മത്തേയും പ്രസിഡന്റായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗ്രോവര്‍ ക്ലവ്‌ലാന്‍ഡ്. 1885 മുതല്‍ 89വരെയായിരുന്നു ആദ്യ ടേം, 1893 മുതല്‍ 1897 വരെയാണ് ഗ്രോവറിന്റെ രണ്ടാം ടേം. ഇപ്പോള്‍ ട്രംപ് 47മത് യുഎസ് പ്രസിഡാന്റാകുമ്പോള്‍ തോറ്റ പ്രസിഡന്റിന്റെ തിരിച്ചുവരവ് ചര്‍ച്ചയാകുമ്പോള്‍ ഗ്രോവറും ഓര്‍മ്മയിലെത്തുന്നു

ട്രംപിന്റെ വിജയം പിന്നേയും ഓര്‍മ്മപ്പെടുത്തുന്നത് അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും അവസരം നല്‍കിയെന്നുള്ളതാണ്. 2020ല്‍ വൈറ്റ് ഹൗസില്‍ നിന്ന് പിടിച്ചു പുറത്താക്കേണ്ട അവസ്ഥയിലാണ് ട്രംപ് പുറത്തേക്ക് ഇറങ്ങിയത്. അന്ന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ മടിച്ച ട്രംപ് തന്റെ അണികളെ അഴിച്ചുവിട്ട് അക്രമം വരെ നടത്തുന്ന സ്ഥിതിയുണ്ടായി. അമേരിക്കന്‍ തിരഞ്ഞെടുപ്പും ഭരണഘടനയും അട്ടിമറിക്കപ്പെടുമോയെന്ന് ലോകം ഉറ്റുനോക്കിയ അവസരത്തിലായിരുന്നു ട്രംപ് അധികാരമൊഴിഞ്ഞത്.

യുഎസ് കോണ്‍ഗ്രസ് ബൈഡന് വിജയിയായി പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ അത് തടയാനാണ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചെത്തിയത്. ആഭ്യന്തര ഭീകരവാദമെന്നാണ് എഫ്ബിഐ സംഭവത്തെ കുറിച്ചു പ്രതികരിച്ചത്. താന്‍ ഇംപീച്ച് ചെയ്യപ്പെട്ട ദിവസം ട്രംപ് തന്റെ അനുകൂലികളോട് ക്യാപിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള സംഘര്‍ഷത്തില്‍ 3 പൊലീസുകാരാും മൂന്ന് കലാപകാരികളും മരിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിക്കുകയും നിരവധി സംസ്ഥാനങ്ങളില്‍ നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു.

ഒന്നടങ്ങിയ മൂന്നൊര കൊല്ലത്തിന് ശേഷം തോറ്റയിടത്ത് വീണ്ടും തിരിച്ചെത്തി ചരിത്രത്തിലിടം നേടി ട്രംപ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്ലാ മേഖലയിലും വിജയിച്ചെത്തിയ ട്രംപിന്റെ വിജയം അതിശയകരം തന്നെയാണ്. 2016ല്‍ പോപ്പുലര്‍ വോട്ടുകള്‍ കുറവായിട്ടും ഇലക്ടറല്‍ വോട്ടുകളുടെ പച്ചപ്പിലാണ് ട്രംപ് കളം പിടിച്ചത്. യുഎസ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വോട്ടുകള്‍ ഇലക്ടറല്‍ വോട്ടുകളുടെയത്രയും നിര്‍ണായകമല്ല. ജനങ്ങളുടെ പോപ്പുലര്‍ വോട്ടുകളില്‍ പിന്നോട്ട് പോയാലും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥിയാകും പ്രസിഡന്റാവുക. 2016ല്‍ പോപ്പുലര്‍ വോട്ടുകളില്‍ പിന്നില്‍ പോയിട്ടും ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ഇലക്ടറല്‍ വോട്ടുകളില്‍ മുന്നേറിയാണ്. സാധാരണഗതിയില്‍ ഇലക്ടറല്‍ വോട്ടുകള്‍ പോപ്പുലര്‍ വോട്ടിനൊപ്പം ചേര്‍ന്ന് പോകുന്ന രീതിയാണ് യുഎസില്‍ കണ്ടുവരുന്നത്. വലിയ സംസ്ഥാനത്ത് കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ തീര്‍ച്ചയായും കൂടുതല്‍ ഉണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെറിയ സംസ്ഥാനങ്ങളില്‍ വലിയ മാര്‍ജിനുകളോടെ ധാരാളം പോപ്പുലര്‍ വോട്ടുകള്‍ ശേഖരിക്കാന്‍ കഴിയുമെങ്കിലും അവിടെ ഇലക്ടറല്‍ വോട്ടുകള്‍ കുറവായിരിക്കും. അതേസമയം എതിരാളിക്ക് വലിയ സംസ്ഥാനങ്ങളില്‍ ആവശ്യമായ പോപ്പുലര്‍ വോട്ടുകള്‍ മാത്രമേ ലഭിച്ചിട്ടുണ്ടാവകയുള്ളുവെങ്കിലും ധാരാളം ഇലക്ടറല്‍ വോട്ടുകള്‍ നേടി അതുവഴി വിജയിക്കാന്‍ കഴിയും. ജനകീയ വോട്ട് നഷ്ടപ്പെട്ടാലും ഇത്തരത്തില്‍ ഇലക്ടറല്‍ കോളേജില്‍ വിജയിക്കുക വഴി പ്രസിഡന്റാകാം. അങ്ങനെയാണ് 2016ല്‍ 270 എന്ന മാജിക് നമ്പറിനപ്പുറം 538ല്‍ 304 ഇലക്ടറല്‍ വോട്ടുകള്‍ നേടി ഹിലരി ക്ലിന്റണെ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്.

ഇക്കുറി പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മടങ്ങി വരവ്. ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കും മുമ്പേ ഡൊണാള്‍്ഡ് ട്രംപ് തന്റെ പെല്‍മാ ബീച്ചിലെ വാച്ച് പാര്‍ട്ടിയില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു സന്തോഷം പങ്കിട്ടതും ചരിത്ര ജയമെന്ന് പറഞ്ഞതും പോപ്പുലര്‍ വോട്ടില്‍ നേടിയ വിജയം കൂടി എടുത്തുപറഞ്ഞാണ്. ട്രംപിന് നേരെയുണ്ടായ വധശ്രമവും ട്രംപിന്റെ പ്രതികരണവും അനധികൃത കുടിയേറ്റത്തിനെതിരായ പ്രസംഗവുമെല്ലാം വിജയത്തിലേക്കുള്ള പടിയായി. മിഷിഗണിലടക്കം മുസ്ലിം വോട്ടുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമല ഹാരീസിന് നഷ്ടമായതും ട്രംപിന്റെ വിജയത്തിനാക്കം കൂട്ടി. മിഡില്‍ ഈസ്റ്റിലെ യുദ്ധങ്ങളില്‍ അമേരിക്കയുടെ സ്വാധീനമാണ് നിലവില്‍ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ മിഷിഗണ്‍ മുസ്ലീമുകളുടെ വികാരത്തിന് പിന്നില്‍. അമേരിക്ക, അമേരിക്കക്കാരുടെ സുരക്ഷ, കുടിയേറ്റക്കാരുടെ കടന്നുകയറ്റവും ദേശീയ സുരക്ഷ പ്രയോഗവും അമേരിക്കയ്ക്ക് വേണ്ടിയുള്ള ഡോളര്‍ ചെലവാക്കല്‍ പ്രസംഗവുമെല്ലാം ട്രംപിന്റെ പ്രചാരണത്തിലെ പ്രധാന സങ്കേതങ്ങളായിരുന്നു.

Read more

കഴിഞ്ഞ കുറി ഡെമോക്രാറ്റുകളെ തുണച്ച സ്വിങ് സ്‌റ്റേറ്റുകള്‍ അഥവാ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ട്രംപിന്റെ വാക്കുകളില്‍ വീണുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പബ്ലിക്കന്‍സിനെ അടപടലം പിന്തുണച്ച വോട്ടിംഗ് ഫലം. 20 വര്‍ഷത്തിനിടെ രണ്ടാം തവണ അധികാരത്തിലെത്തുന്ന രണ്ടാമത്തെ റിപ്പബ്ലിക്കന്‍ നേതാവായിരിക്കുകയാണ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോര്‍ജ്ജ് ഡബ്ല്‌യു ബുഷാണ് ഇതിന് മുമ്പ് രണ്ട് വട്ടം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2001 മുതല്‍ 2009 വരെ തുടര്‍ച്ചയായി ബുഷ് പ്രസിഡന്റായിരുന്നു. 78 വയസുകാരന്‍ ഡൊണാള്‍ഡ് ട്രംപ് അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റായി. ജോ ബൈഡനും 78ാം വയസിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും അമേരിക്കയുടെ നീണ്ട തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു മാഡം പ്രസിഡന്റിനായി ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.