Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

EDITORIAL

എഡിറ്റോറിയല്‍- മാധ്യമങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്

, 6:56 pm

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് അവളുടെ ബന്ധുക്കളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെവിന്‍ – ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള ദുരഭിമാനകൊലകള്‍ നമ്മുടെ നാട്ടിലും സംഭവിക്കുന്നുവെന്നുള്ളത് തീര്‍ത്തും ഗൗരവമായി തന്നെ ചിന്തിക്കേണ്ട വിഷയമാണ്. പുരോഗമനവാദത്തിന്റെ മേലങ്കിയണിയുകയും എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ ഉള്ളിലൊളിപ്പിച്ച ജാതീയ ചിന്തകള്‍ പുറത്തെടുക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് കെവിന്റെ കൊലപാതകത്തില്‍ കണ്ടത്. ജാതിയിലും സമ്പത്തിലും തങ്ങളേക്കാള്‍ താഴ്ന്നു പോയതുകൊണ്ടാണ് മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍  നീനുവിന്റെ പിതാവും സഹോദരനും തീരുമാനിക്കുന്നത്. സാമാനതകളില്ലാത്ത ഒരു കുറ്റകൃത്യമായിരുന്നു അത്.

ഈയൊരു സംഭവം നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍, കൈകാര്യം ചെയ്ത രീതി കൂടി നമ്മള്‍ കാണേണ്ടതുണ്ട്. മാധ്യമധര്‍മ്മം എന്നൊന്നുണ്ടോ എന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു നമ്മുടെ ചാനലുകളുടെ ആക്രോശം. സംഭവത്തിന്റെ നിജസ്ഥിതിയെന്താണെന്ന് അന്വേഷിക്കാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ മാധ്യമ വിചാരണകളാണ് ന്യൂസ് റൂമുകളില്‍ കണ്ടത്. എന്നാല്‍ ഈ മാധ്യമ വിചാരണകളെ ജനം അവര്‍ അര്‍ഹിക്കുന്ന രീതീയില്‍ തന്നെ തള്ളിയെന്നതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ സജി ചെറിയാന്റെ ജയം. മാധ്യമങ്ങള്‍ക്ക് തങ്ങളുടെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല ‘വാര്‍ത്ത’ എന്നും അത് സത്യസന്ധവും സുതാര്യവുമായിരിക്കണമെന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വമെങ്കിലും നമ്മുടെ ചില ദൃശ്യമാധ്യമങ്ങള്‍ ഇടയ്ക്ക് ഓര്‍ക്കുന്നത് നന്നായിരിക്കും.

നല്ലനിലയില്‍ മാധ്യമങ്ങള്‍ പ്രവൃത്തിക്കണം എന്ന മുന്നറിയിപ്പാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്. മാധ്യമങ്ങളുടെ കണ്ണീരൊലിപ്പിക്കുന്നതും ചോര ദാഹിക്കുന്നതുമായ ആക്രമണണത്തിലും സത്യസന്ധമല്ലാത്ത പ്രചാരണ വേലകളിലും തങ്ങള്‍ വീണു പോകില്ല എന്ന നിലപാട് കൂടി ചെങ്ങന്നൂരിലെപ്രബുദ്ധരായ വോട്ടര്‍മാര്‍ കൈക്കൊണ്ടു.

Advertisement