Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

EDITORIAL

ചാരമായത് ചാരക്കേസല്ല രാഷ്ട്രീയ സദാചാരം

, 1:58 pm

ഡോ.സെബാസ്റ്റ്യന്‍ പോള്‍

ആരുടെയെങ്കിലും അറസ്റ്റിനുവേണ്ടി ആള്‍ക്കൂട്ടം ആര്‍പ്പുവിളിക്കുന്നതിലെ അര്‍ത്ഥരാഹിത്യം കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ ദുരുപദിഷ്ടമായ അറസ്റ്റിനുള്ള ശിക്ഷ സുപ്രീം കോടതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന സിബിയും വിജയനും ജോഷ്വയും ചേര്‍ന്ന് അകാരണമായി പീഡിപ്പിച്ച നമ്പി നാരായണന് 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കണം. സര്‍ക്കാര്‍ പണം നല്‍കിയാലും അത് ആ മൂവരില്‍നിന്ന് ഈടാേക്കണ്ടതാണ്.

ആരുടെ കൈയിലും അണിയിക്കാന്‍ വിലങ്ങുമായി നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പാണിത്. പ്രമുഖമായ പത്രങ്ങളുടെ നിര്‍ലജ്ജമായ സഹായത്തോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടുക്കളകളില്‍ തയാറാക്കിയ മാലി മസാല വിഷക്കൂട്ടായിരുന്നുവെന്ന് കാല്‍ നൂറ്റാണ്ടിനുശേഷം സുപ്രീം കോടതി കണ്ടെത്തി. സത്യം എന്നായാലും പുറത്തുവരും; വരണം. അതുകൊണ്ടാണ് എല്ലാം അവസാനിച്ചുവെന്ന് വൈതാളികര്‍ സമാശ്വസിച്ചിരിക്കുമ്പോള്‍ സുപ്രീം കോടതിയുടെ അന്വേഷണം വരുന്നത്.

ശാസ്ത്രജ്ഞനായ നമ്പി നാരായണനും അദ്ദേഹം പങ്കാളിയായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും സംഭവിച്ച തിരിച്ചടിയും മാലിയിലെ ആ സ്ത്രീകള്‍ക്കുണ്ടായ പീഡനവും അനായാസം മറക്കാവുന്നതല്ല. നഷ്ടപരിഹാരത്തിന് ആ സ്ത്രീകളും അര്‍ഹരാണ്. ലക്ഷ്യം തെറ്റുന്ന റോക്കറ്റ് കൂപ്പുകുത്തുന്നതുപോലെ പത്രങ്ങളുടെ ധാര്‍മികതയും വിശ്വാസ്യതയും നെല്ലിപ്പലക പിന്നിട്ട് താഴേയ്ക്കുപോയ സന്ദര്‍ഭമായിരുന്നു അത്. ആരും ഖേദം പ്രകടിപ്പിച്ചില്ല; ആരോടും മാപ്പ് പറഞ്ഞില്ല. ഒരു പാഠവും ആരും പഠിച്ചില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ചാരമായത് ചാരക്കേസല്ല, രാഷ്ട്രീയ സദാചാരമാണ്.

തേജോവധത്തിനും രാഷ്ട്രീയവധത്തിനും ഇരയായത് കരുണാകരനായിരുന്നു. ഭീഷ്മാചാര്യര്‍ അപമാനിതനായി ശരശയ്യയില്‍ കിടന്നു. ആര്‍ക്കും എന്തും ആകാമെന്ന അവസ്ഥ. ഉത്തരവാദികളും പ്രതികളും സജീവമായി ഇന്നും രംഗത്തുണ്ട്. കാല്‍ നൂറ്റാണ്ടുകൊണ്ട് അവര്‍ ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. ആരാണയാള്‍ എന്ന് ജസ്റ്റിസ് ജെയിന്‍ കണ്ടെത്തും. ഉമ്മന്‍ ചാണ്ടിയാണോ ആ ആള്‍ എന്ന ചാനല്‍ ചോദ്യത്തിന് അത് ചാനലില്‍ പറയുന്നില്ലെന്നു മാത്രമാണ് പത്മജ വേണുഗോപാല്‍ പറഞ്ഞത്. പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും അതെന്നു മാത്രം അവര്‍ സൂചന നല്‍കി. അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

Advertisement