തെരുവുകളിലെ ആൾക്കൂട്ട നീതി; തിരുത്തലിന് ഇല്ലാതെ യു.പിയും ബി.ജെ.പിയും

ഇന്ത്യയിൽ രാഷ്ട്രീയ- ഭരണമികവിന് മകുടോദാഹരണമായി ബിജെപി ഉയർത്തിപ്പിടിക്കുന്നതാണ് യുപി മോഡൽ . എന്നാൽ ഒരു രാജ്യം മുഴുവനും ഒരു പക്ഷെ ലോക രാഷ്ട്രങ്ങൾവരെ ആശങ്കയോടെ ഉറ്റുനോക്കുന്ന ഭരണമികവാണ് ഉത്തർ പ്രദേശെന്ന സംസ്ഥാനം കാഴ്ചവെയ്ക്കുന്നതെന്ന് തിരിച്ചറിയാനാവാത്തതും ബിജെപിയ്ക്ക് മാത്രമായിരിക്കും. ക്രൈം റെക്കോഡുകളിൽ മുന്നിട്ടു നിൽക്കുന്ന ഒരു സംസ്ഥാനമായി യുപിയെ വളർത്തുന്ന ഭരണമികവാണ് യുപിയിൽ നടപ്പാക്കുന്നത് എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.

ആൾക്കൂട്ടാക്രമണങ്ങളും, ശിശുമരണങ്ങളും, ദയനീയപ്രകടനം കാഴ്ചവെയ്ക്കുന്ന ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളും.ഏറ്റുമുട്ടൽ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന പൊലീസും, ബലാൽസംഗവും, അരക്ഷിതമായ ജനജീവിതവും യുപിയെ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ കൊലപാതകങ്ങളാണ് യുപിക്ക് വാർത്താകോളങ്ങളിൽ ഇടം നേടിക്കൊടുത്തത്.

ഉത്തർ പ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും അതിലുപരി സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദും സഹോദരൻ അഷറഫ് അഹമ്മദും കഴിഞ്ഞദിവസം വെടിയേറ്റു മരിച്ചു. കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഇവരെ വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച സമയത്താണ് ആക്രമണം . മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ വന്ന് വെടിയുതിർത്ത പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുകയാണ് യുപി സർക്കാർ. ഈ സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഏപ്രിൽ 13 ന് അതീഖിന്റെ മകൻ ആസാദും കൊല്ലപ്പെട്ടിരുന്നു.

ആരാണീ അതീഖ് അഹമ്മദ്. രാഷ്ട്രീയ നേതാവ് എന്നതിനോടൊപ്പം തന്നെ കുപ്രസിദ്ധ ഗുണ്ടാനേതാവ് എന്ന് വിശേഷണം കൂടിച്ചേരുമ്പോൾ ആ ചരിത്രം ഒന്നു പരിശോധിക്കേണ്ടതുണ്ട്. 1962-ല്‍ അലഹാബാദിലാണ്( ഇപ്പോഴത്തെ പ്രയാഗ് രാജ്) അതിഖ് അഹമ്മദിന്റെ ജനനം. നഗരത്തിലെ കുതിരവണ്ടിക്കാരനായിരുന്നു പിതാവ്. വീട്ടിലെ ദാരിദ്ര്യം തീർക്കാൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അതീഖിന്റെ തുടക്കം ചെറിയ മോഷണങ്ങളിലൂടെയായിരുന്നു. ട്രെയിനുകളില്‍ നിന്ന് കല്‍ക്കരി മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീടത് റെയില്‍വേയിലെ ആക്രി സാധനങ്ങള്‍ കൈക്കലാക്കുന്നതിലേക്കും റെയില്‍വേയുടെ സ്‌ക്രാപ് ടെന്‍ഡറുകള്‍ സ്വന്തമാക്കാന്‍ കരാറുകാരെ ഭീഷണിപ്പെടുത്തുന്നതു വരെയുമായി.

ചെറിയ അടിപിടികളും കടന്ന് 17 -ാം വയസിൽ കൊലക്കേസിൽ പ്രതിയാകുന്നു. പിന്നീട് എതിരാളികളെപ്പോലും അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു അതീഖിന്റെ ക്രിമിനൽ ജീവിതത്തിൽ . സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവനിലേക്കായിരുന്നു ആ വളർച്ച. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടല്‍, കൊലപാതകങ്ങള്‍ എന്നിവയടക്കം നിരവധി കേസുകളിലേക്കുള്ള തുടക്കമായിരുന്നു അത്. ഏകദേശം നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ അതീഖ് പ്രതിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒപ്പം തന്നെ രാഷ്ട്രീയ പ്രവേശം. പിന്തുണയുമായി പ്രമുഖ പാർട്ടികൾ തന്നെ എത്തിയതോടെ എംഎൽഎയായും എംപിയായും രാഷ്ട്രീത്തിൽ നിറഞ്ഞാടി.

യു പിയിൽ ഇപ്പോൾ നടന്ന കൊലപാതകങ്ങൾ അപ്രതീക്ഷിതമായ സംഭവമല്ല വെറും തുടർച്ച മാത്രം. 2005 ൽ ബിഎസ്പി,എംഎൽഎ രാജുപാലിന്റെ കൊലപാതകമാണ് തുടക്കം. പിന്നീട് ആ കൊലപാത്കത്തിലെ ദൃക്സാക്ഷിയായിരുന്നു അഭിഭാഷകൻ ഉമേഷ് പാലിനെ 2006 ൽ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട് ചെയ്തിരുന്നു. 2023 ഫെബ്രുവരി 24 ന് ഉമേഷ് പാൽ കൊല്ലപ്പെട്ടു. ആ കേസിൽ അതീഖും കുടുംബവും പ്രതികളായി. 2023 മാർച്ച് 28 ന് അതീഖിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏപ്രിൽ 13 ന് അതീഖിന്റെ മകൻ 19 കാരനായ ആസാദ് കൊല്ലപ്പെടുന്നത്. ഏപ്രിൽ 15 ന് അതീഖും സഹോദരൻ അഷറഫും കൊല്ലപ്പെടുന്നു. 2005 മുതൽ തുടങ്ങുന്ന കൊലപാതക തുടർച്ച ഒരു പക്ഷെ യുപിക്കു മാത്രം അവകാശപ്പെടാനാകുന്നതായിരിക്കും.

ഒരു പ്രമുഖ രാഷ്ട്രീയനേതാവ്.  അഞ്ചു വട്ടം നിയമസഭയിലും, ഒരു തവണ ലോക്സഭയിലും ജനങ്ങളെ പ്രതിനിധീകരിച്ച വ്യക്തി എന്നതിലുപരി കുപ്രസിദ്ധ ഗുണ്ടാനേതാവ് എന്നവിശേഷണം കൂടി ഏഴുതിച്ചേർക്കേണ്ടി വരുന്നിടത്ത് ചോദ്യം ചെയ്യപ്പെടുന്നത് ആ ജനതയുടെ ജീവിത സാഹചര്യവും,അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയുമാണ്. അതീഖ് അഹമ്മദ് വിഷയത്തിൽ ഉത്തരം പറയേണ്ടത് ഭരണകക്ഷിയായ ബിജെപി മാത്രമല്ല ബിഎസ്പിയും അപ്നാദളും കൂടിയാണ്. കാരണം സംസ്ഥാനം ഭയപ്പെടുന്ന ഗുണ്ടാനേതാവ് സ്വതന്ത്രമായി രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ പിന്തുണയുമായെത്തിയത് അവരാണ്. മറ്റൊന്ന് തെരുവുകളിൽ നടപ്പാക്കപ്പെടുന്ന കാടൻ നീതികൾ ഉയർത്തുന്ന ആശങ്കയാണ്. 2017 മുതലുള്ള കണക്കെടുത്താൻ യുപിയിൽ ഇതിനോടകം 183 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അയ്യായിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. യുപി പൊലീസ് പുറത്തുവിട്ട ഈ കണക്കുകൾ ഭയപ്പാടോടെയല്ലാതെ കാണാനാവില്ല.

രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് യുപിയിലാണെന്നത് വെറും ആരോപണമല്ല. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുപി പൊലീസ് മോഡലിൽ ഐക്യരാഷ്ട്രസഭ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി തന്നെ വിമർശനങ്ങളുംപ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അതൊന്നും യോഗിയേയോ, ബിജെപി സർക്കാരിനെയോ ബാധിക്കുന്നില്ല എന്നതരത്തിലാണ് അവരുടെ നടപടികൾ. ജീവിത നിലവാരത്തേക്കാൾ, സാമൂഹിക സുരക്ഷയേക്കാൾ പ്രധാനമാണ് വോട്ടുബാങ്കുകൾ എന്നാണ് അവരുടെ പ്രധാന നിലപാട്.

ഒരു പശുവിന്റെ പരിഗണന പോലും മനുഷ്യനില്ലാത്ത ഇടമാണെന്ന് പണ്ടേ തെളിയിച്ച സംസ്ഥാനമാണ് യുപി. അതിന് കൊടിപിടിച്ചതാകട്ടെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയും. മനുഷ്യമനഃസാക്ഷിയെ നടുക്കിയ ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, ശിശുമരണങ്ങൾ. തെരുവുകളിൽ നിയമം നടപ്പാക്കുന്ന പൊലീസ് സംവിധാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വികസനത്തിന്റെ പേരിൽ മത്സരിക്കുമ്പോൾ യുപിയുടെ വളർച്ച ഇത്തരത്തിലായിരുന്നു. ഏത്ര വിമർശനങ്ങൾ ഉയർന്നാലും.ആരൊക്കെ അപലപിച്ചാലും വർഗീയ കലാപങ്ങളും കൂട്ടക്കൊലകളും ആയുധമാക്കി വളർന്നു വന്ന ഒരു രാഷ്ട്രീയപ്പാർട്ടിയും നേതാക്കളും തിരച്ചറിവ് നേടുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നതിന് തെളിവാണ് ഈ കൊലപാതകങ്ങൾ.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!