ആരാധനാലയ അവകാശ പരാതിക്കാരെ കൊണ്ട് പൊറുതിമുട്ടി സുപ്രീം കോടതി; 'മതി, നിര്‍ത്തിക്കോ', മോദി രാജിലെ കമ്മറ്റിക്കാരോട് കടുപ്പിച്ച് സുപ്രീം കോടതി

‘Enough is Enough’ രാജ്യത്തിന്റെ പരമോന്നത നീതിപീഠം രാജ്യത്തെ ഇപ്പോഴത്തെ ആരാധനാലയ തര്‍ക്കങ്ങളുടെ പ്രവണതയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇവിടെ പാലയില്‍ പള്ളിപ്പറമ്പില്‍ കപ്പ കൃഷിയ്ക്ക് തടമെടുക്കുമ്പോള്‍ കണ്ട കല്ല്, ശിവലിംഗമാണെന്ന് പറഞ്ഞു ആരാധന തുടങ്ങിയ സമയത്താണ് അങ്ങ് ഡല്‍ഹിയില്‍ ആരാധനാലയങ്ങളുടെ അവകാശതര്‍ക്കവുമായി മോദി ഭരണകാലത്ത് കുത്തിയൊഴുകുന്ന പരാതികള്‍ കണ്ട് മതി നിര്‍ത്തിക്കോ എന്ന് സഹികെട്ട് സുപ്രീം കോടതി പറയുന്നത്. ഇതിന് ഒരു അവസാനം വേണമെന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറയുന്നു. നിലവിലെ ആരാധനാലയങ്ങളുടെ മേല്‍ മറ്റ് മതാചാരങ്ങളില്‍പ്പെട്ടവര്‍ അവകാശമുന്നയിച്ച് കൊണ്ട് നീതിന്യായപീഠത്തിന് മുന്നിലേക്ക് എത്തുന്ന കഴിഞ്ഞ കുറച്ചു കൊല്ലങ്ങള്‍ക്ക് ഇടയില്‍ ട്രെന്‍ഡായി മാറിയ പ്രവണതയില്‍ തന്റെ അതൃപ്തി തുറന്നുകാട്ടുകയാണ് ചീഫ് ജസ്റ്റിസ്.

1991ലെ ആരാധനാലയ ആക്ടിനെ വെല്ലുവിളിച്ചുകൊണ്ട് കോടതികളില്‍ കുന്നുകൂടുന്ന ക്ഷേത്രകമ്മിറ്റിക്കാരുടെ പരാതികളിലെ ആശങ്കയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കടുത്ത വാക്കുകളില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ആരാധനാലയം തിരിച്ചുപിടിക്കുന്നതിനും അതിന്റെ സ്വഭാവം മാറ്റുന്നതിനും വേണ്ടിയുള്ള മത- സാമുദായിക സംഘടനകളുടെ ഇടപെടല്‍ തടയാന്‍ വേണ്ടിയുള്ള 1991ലെ ആരാധനാലയ നിയമത്തെ വെല്ലുവിളിക്കുന്ന പരാതികള്‍ വര്‍ത്തമാന ഇന്ത്യയില്‍ പെരുകുകയാണ്. അതായത് 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഏത് ആരാധനാലയം ആരുടെ പക്കലായിരുന്നോ ആ തല്‍സ്ഥിതി തുടരണമെന്നതാണ് രാജ്യത്ത് നിലവിലുള്ള നിയമം. പക്ഷേ ഇന്ന് പഴയ പാരമ്പര്യത്തിന്റേയും ക്ഷേത്രം പൊളിച്ചു പണിത പള്ളികളെന്ന പേരില്‍ തിരിച്ചുപിടിക്കാന്‍ മതസംഘടനകള്‍ ഇറങ്ങിയതോടെ രാജ്യത്ത് വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്ത് 15-ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റാന്‍ അനുവദിക്കരുതെന്ന നിയമം 1991-ല്‍ പാസാക്കിയതാണ്. രാമജന്മഭൂമി തര്‍ക്കം ഇതിന്റെ പരിധിക്ക് പുറത്തായിരുന്നുവെന്ന് മാത്രമല്ല ബാബ്‌റി മസ്ജിദ് തകര്‍ത്ത കര്‍സേവകരും ആര്‍എസ്എസും ബിജെപിയ്ക്ക് വേണ്ടി തേര് തെളിച്ചെത്തിയതിന്റെ ബാക്കി പത്രമാണ് 2014 മുതല്‍ രാജ്യം കാണുന്നത്. ഈ ബിജെപി ഭരണകാലത്താണ് പല ന്യൂനപക്ഷ ആരാധനാലയങ്ങളും വീണ്ടും തിരിച്ചുപിടിക്കലുകളുടെ ശ്രമഫലമായി കലാപാന്തരീക്ഷത്തിലേക്ക് വീണത്.

അയോധ്യ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയായി ക്ഷേത്രമായി 2024ല്‍ പൂര്‍്ത്തിയായതോടെ മറ്റ് ചിലയിടങ്ങളിലേക്ക് തീവ്രഹിന്ദുത്വവാദികള്‍ ചേക്കേറി. പരിണിതഫലമായി സംഭാലിലെ ഷാഹി ജമാ മസ്ജിദും വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയും ബദാവനിലെ ഷംസി ജമാ മസ്ജിദും രാജസ്ഥാനിലും അജ്മീര്‍ ഷരീഫ് ദര്‍ഗയുമെല്ലാം തര്‍ക്കഭൂമികളായി. തീവ്രവലതുപക്ഷ ഭരണത്തിന്‍ കീഴില്‍ ഇവയെല്ലാം ഹരഹര്‍ മഹാദേവന്റേയും നീലകണ്ഠന്റേയുമെല്ലാം ക്ഷേത്രങ്ങളായിരുന്നുവെന്നും മുസ്ലീം ഭരണാധികാരികള്‍ തകര്‍ത്തതാണെന്നുമെല്ലാമുള്ള വാദത്തില്‍ ഹിന്ദുമഹാസഭയുടെ അടക്കം നേതൃത്വത്തില്‍ കോടതികളില്‍ അവകാശവാദവുമായെത്തി.

1947ലെ പോലെ തല്‍സ്ഥിതി തുടരണമെന്ന 91ലെ നിയമം കോടതികള്‍ക്കുള്ളില്‍ വെച്ച് തന്നെ ചോദ്യ ചിഹ്നമായി പലയിടങ്ങളിലും കീഴ്‌ക്കോടതികള്‍ സര്‍വ്വേയ്ക്ക് ഉത്തരവ് നല്‍കി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ഭരിക്കുന്നവര്‍ക്ക് കിട്ടിയ ആയുധം രാജ്യത്തെ കാര്‍ന്ന് തിന്നുമ്പോഴാണ് മതി നിര്‍ത്തിക്കോ, ഇതിനൊരു അന്ത്യം വേണമെന്ന ചീഫ് ജസ്റ്റിസിന്റെ കടുത്ത വാക്കുകള്‍ രാജ്യം കേള്‍ക്കുന്നത്. 1991 ലെ ആരാധനാലയ നിയമം ഉള്‍പ്പെട്ട വിഷയത്തില്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ഈ വാക്കുകള്‍ പറഞ്ഞത്. പുതിയതായി അവകാശം ഉറപ്പിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിലെ വര്‍ധന കണ്ട് ഈ വിഷയത്തില്‍ പുതിയ ഹര്‍ജികളൊന്നും സുപ്രീം കോടതി കേള്‍ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയായിരുന്നു. ഇതുവരെ സമര്‍പ്പിച്ച പുതിയ ഹര്‍ജികളില്‍ നോട്ടീസ് അയയ്ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തില്‍ കൂടുതല്‍ കാരണങ്ങളോടെ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കോടതി അനുവദിക്കുകയും ചെയ്തു.

ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം. തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള നിയമപരമായ ശ്രമങ്ങള്‍ക്ക് നിര്‍ണായകമാണ് 1991ലെ ആക്ടിന്റെ സാധുത ഹര്‍ജികളില്‍ സുപ്രീം കോടതി ഇടപെടല്‍. ഇത് സംബന്ധിച്ച് നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള ഹര്‍ജി സമര്‍പ്പിച്ചത് അശ്വിനി കുമാര്‍ ഉപാധ്യായയാണ്. എന്നാല്‍ രാജ്യത്തെ 10 പള്ളികള്‍ ഹിന്ദുക്ഷേത്രങ്ങളായിരുന്നുവെന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വ പാര്‍ട്ടികള്‍ നല്‍കിയ 18 കേസുകളില്‍ നടപടികള്‍ കോടതി കഴിഞ്ഞ വര്‍ഷം നിര്‍ത്തിവെച്ചിരുന്നു. പകരം ക്ഷേത്ര-മസ്ജിദ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് ഒന്നായി പരിഗണിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ 91ലെ നിയമം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ മോദി ഭരണകാലത്തെ കാവി ഇടപെടലകളില്‍ ആവേശഭരിതരായ വലതുപക്ഷ തീവ്രഹിന്ദുത്വ വാദികളും സംഘടനകളും എല്ലാം തിരിച്ചുപിടിക്കണമെന്ന കലാപാന്തരീക്ഷം ഉയര്‍ത്തുകയാണ് രാജ്യത്ത്. അതിന്റെ തീവ്രത കണ്ടാണ് അതില്‍ കൂടുതല്‍ പേര്‍ കക്ഷിയാകുന്നത് കണ്ടാണ് മതി നിര്‍ത്തൂ, ഇതിനൊരു അവസാനം വേണമെന്ന് സുപ്രീം കോടതി പോലും പറഞ്ഞുവെയ്ക്കുന്നത്.