17ല്‍ 4ല്‍ മാത്രം ഇടത്തേയ്ക്ക്, വീണ്ടും 'കൈ'പിടിക്കുമോ എറണാകുളം

സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനത്തില്‍ ഇക്കുറി വീണ്ടും കോണ്‍ഗ്രസും സിപിഎമ്മുമായുള്ള നേരിട്ടുള്ള പോരാട്ടമാണ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിനപ്പുറം പൊതുവില്‍ ഇടത് സ്വതന്ത്രന്‍മാരെ ഇറക്കിയാണ് ലോക്‌സഭയില്‍ ഇടതുപക്ഷം എറണാകുളം പിടിച്ചിട്ടുള്ളത്. അതില്‍ നിന്ന് വിഭിന്നമായി സിപിഎം നേരിട്ട് എറണാകുളത്ത് പോരാട്ടത്തിനിറങ്ങിയ അവസരം ചുരുക്കമാണെങ്കിലും കഴിഞ്ഞ തവണ പി രാജീവിനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമം സിപിഎം നടത്തിനോക്കിയതിന്റെ തുടര്‍ച്ചയാണ് ഇക്കുറി കെ ജെ ഷൈന്‍ ടീച്ചറിനെ ഇറക്കിയും മണ്ഡലത്തില്‍ പരീക്ഷിക്കുന്നത്. പി രാജീവിന് കഴിഞ്ഞകുറി രാഹുല്‍ ഗാന്ധി തരംഗത്തില്‍ നഷ്ടമായത് കെ ജെ ഷൈന്‍ ടീച്ചറിലൂടെ ഹൈബി ഈഡനെ മലര്‍ത്തിയടിച്ച് നേടാമെന്നാണ് സിപിഎം കരുതുന്നത്. 17 ലോക്‌സഭാ തിരഞ്ഞെടുപ്പിടുപ്പില്‍ നാലില്‍ മാത്രമാണ് എറണാകുളം ഇടത്തേക്ക് ചെരിഞ്ഞത്. അതില്‍ മൂന്ന്് തവണയും ഇടതുപക്ഷത്തെ തുണച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. അതില്‍ തന്നെ ഇടത് പക്ഷത്തിന് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുകളിലടക്കം മണ്ഡലം പിടിച്ചു നല്‍കിയ ഇടത് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പോളാണ് എറണാകുളം ഇടതിലേക്ക് കൂടുതല്‍ തവണ തിരിച്ചത്. സ്വതന്ത്രനപ്പുറം സിപിഎം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ലോക്‌സഭയിലേക്ക് എത്തിയത് വി വിശ്വനാഥ മേനോന്‍ മാത്രമാണ്. ആ ചരിത്രം തിരുത്താനാണ് എറണാകുളത്ത് കെ ജെ ഷൈന്‍ ടീച്ചറെന്ന സിപിഎമ്മിന്റെ അടിത്തട്ടില്‍ വേരോട്ടമുള്ള സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഇറക്കിയത്.

കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ സിറ്റിംഗ് എംപിയായ മണ്ഡലത്തില്‍ മണ്ഡലം ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. കളമശേരി, പറവൂര്‍, വൈപിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പൊതുവേ വലതു സ്വഭാവമുള്ള എറണാകുളം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായാണ് പലപ്പോഴും നിലകൊണ്ടിട്ടുള്ളത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വലത്തേക്കാണ് മണ്ഡലം ചാഞ്ഞിട്ടുള്ളതും കൂടുതല്‍ 1952ല്‍ ട്രാവന്‍കൂര്‍- കൊച്ചി ഭാഗമായിരുന്ന കാലത്ത് സി മുഹമ്മദ് ഇബ്രാഹിം കുട്ടിയില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് വിജയ ചരിത്രം.

കേരള രൂപീകരണത്തിന് ശേഷം 1957ല്‍ എഎം തോമസ് കോണ്‍ഗ്രസിന്റെ പേരിലേക്ക് മണ്ഡലം മാറ്റി. 62ലും ജയം എഎം തോമസിന് തന്നെ. എഎം തോമസിന് ഹാട്രികിന് അവസരം നല്‍കാതെ സിപിഎമ്മിന്റെ വി വിശ്വനാഥ മേനോന്‍ ആദ്യമായി മണ്ഡലം ഇടത്തേക്ക് തിരിച്ചു. പക്ഷേ ജയം തുടരാന്‍ മേനോനായില്ല, 1971ല്‍ ഹെന്റി ഓസ്റ്റിനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചെടുത്തു. 91 വരെ കോണ്‍ഗ്രസ് മണ്ഡലം പിന്നീട് വിട്ടു കൊടുത്തില്ല. 77ല്‍ വിജയം ആവര്‍ത്തിച്ച ഹെന്റി ഓസ്റ്റിന് ശേഷം സേവ്യര്‍ അറയ്ക്കല്‍ 80ല്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിര്‍ത്തി. അന്ന് കോണ്‍ഗ്രസ് ഐയും കോണ്‍ഗ്രസ് യുവും തമ്മിലായിരുന്നു എറണാകുളത്തെ മല്‍സരം. ഹെന്റി ഓസ്റ്റിന്‍ കോണ്‍ഗ്രസ് യുവിനായി മല്‍സരിച്ചപ്പോള്‍ സേവ്യര്‍ അറയ്ക്കല്‍ ഇന്ദിര കോണ്‍ഗ്രസിനായി മല്‍സരിച്ച് ജയിച്ചു. പിന്നീട് എറണാകുളത്ത് കെ വി തോമസ് യുഗമായിരുന്നു. 84ലും 89ലും 91ലും തോമസ് മാഷ് മണ്ഡലം കോണ്‍ഗ്രസിന് പിടിച്ചു നല്‍കി. ഈ ഘട്ടത്തിലാണ് സിപിഎം എറണാകുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതായി തുടങ്ങിയത്. ഇടത് പിന്തുണയിലുള്ള സ്വതന്ത്രരായിരുന്നു പിന്നീട് മുഖ്യ കോണ്‍ഗ്രസ് എതിരാളികള്‍. 91ല്‍ പക്ഷേ വി വിശ്വനാഥ മേനോന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വീണ്ടും മണ്ഡലം പിടിക്കാനായി പാര്‍ട്ടി നിയോഗിച്ചു. പക്ഷേ കെവി തോമസ് ജയം തുടര്‍ന്നു.

പക്ഷേ 96ല്‍ പക്ഷേ കെ വി തോമസിനെ, കോണ്‍ഗ്രസുകാരനായി മണ്ഡലത്തില്‍ മുമ്പ് എംപിയായിരുന്ന സേവ്യറിനെ വെച്ച് ഇടതു മുന്നണി വീഴ്ത്തി. ഇടത് സ്വതന്ത്രനായി സേവ്യര്‍ അറയ്ക്കല്‍ മല്‍സരിച്ചു ജയിച്ചു. സേവ്യര്‍ അറയ്ക്കല്‍ രോഗബാധിതനായി മരണപ്പെട്ടതോടെ 1997ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന്‍ സെബാസ്റ്റ്യന്‍ പോളിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിര്‍ത്തി. പക്ഷേ 1998ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോര്‍ജ് ഈഡന്‍ സെബാസ്റ്റ്യന്‍ പോളിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ച് കോണ്‍ഗ്രസിനായി എടുത്തു. 1999ലും ജോര്‍ജ് ഈഡല്‍ തന്നെ മണ്ഡലം പിടിച്ചു. അന്ന് മണി വിതായത്തിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പക്ഷേ 2003ല്‍ ജോര്‍ജ് ഈഡന്‍ മരിച്ചതോടെ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ്. ഇടത് ഉപതിരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് എന്ന പേരിലേക്ക് സെബാസ്റ്റ്യന്‍ പോള്‍ മാറിയത് ഈ വിജയത്തിലൂടെയാണ്. കഴിഞ്ഞ തവണ ഉപതിരഞ്ഞെടുപ്പിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തോറ്റെങ്കില്‍ ഇക്കുറി 2004ലെ 14ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചു കയറി.

സ്വാശ്രയ വിഷയം കത്തിപ്പടര്‍ന്ന് നില്‍ക്കവെ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ 2006ല്‍ മല്‍സരിച്ച എസ്എഫ്‌ഐ തീപ്പൊരി നേതാവ് സിന്ധു ജോയിയെ 2009ല്‍ എറണാകുളത്ത് എത്തിച്ച് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിച്ച് മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമം നടത്തി. പക്ഷേ എറണാകുളം പിടിക്കാന്‍ കെ വി തോമസിനെ ഇറക്കിയ കോണ്‍ഗ്രസ് മണ്ഡലം ശക്തമായ പോരാട്ടത്തിനൊടുവില്‍ പിടിച്ചു. 2014ലും കെ വി തോമസ് മണ്ഡലം പിടിച്ചു നിര്‍ത്തി. ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നു ഇടത് സ്വതന്ത്രന്‍.

2019ലാണ് കെ വി തോമസ് – കോണ്‍ഗ്രസ് ഉടക്കലും സീറ്റ് തര്‍ക്കവുമെല്ലാം. കെ വി തോമസാണ് എറണാകുളം ലോകസഭ മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ ജയിച്ചത്. 1984, 1989, 1991,2009, 2014 വര്‍ഷങ്ങളില്‍ വിജയിച്ച ് ലോക്സഭയില്‍ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ച മാഷിന് പ്രായാധിക്യം കാരണം പറഞ്ഞു കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടു. സിറ്റിങ് എംപിമാരില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഏകയാള്‍ എന്ന അതൃപ്തി പിന്നീട് കോണ്‍ഗ്രസിന് പുറത്തേക്ക് വരെ കെ വി തോമസിനെ എത്തിച്ചു.

എറണാകുളം കൈവിടാന്‍ തയ്യാറാകാതിരുന്ന കോണ്‍ഗ്രസ് എറണാകുളം സിറ്റിംഗ് എംല്‍എയായ ഹൈബി ഈഡനെ 2019ല്‍ ഇറക്കി. മണ്ഡലം എങ്ങനേയും പിടിക്കാന്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയെ ഇറക്കി, പി രാജീവ് വന്നെങ്കിലും ഹൈബിയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹൈബി ജയിച്ചു കയറിയത്. സാധാരണ തോല്‍വിക്ക് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളിലേക്ക് എറണാകുളത്ത് മാറുന്ന സിപിഎം പക്ഷേ ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ കെ ജെ ഷൈന്‍ എന്ന കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗത്തെ ഇറക്കിയത് മണ്ഡലം പിടിക്കാന്‍ വേണ്ടിയാണ്. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ കാലകാലങ്ങളില്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമുദായിക സമവാക്യം കൂടി കണക്കിലെടുക്കാറുണ്ട്. ഇത് കൂടി കണ്ടാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്. വടക്കന്‍ പരവൂര്‍ നഗരസഭയില്‍ പാര്‍ട്ടിയ്ക്കായി കോട്ട കാക്കുന്ന കെ ജെ ഷൈനിന് പാര്‍ലമെന്റ് മണ്ഡലത്തിലും പാര്‍ട്ടിയെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങളിലൂടെ കിട്ടിയ സ്വീകാര്യതയില്‍ പിടിച്ചുനിര്‍ത്താനാകുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. സ്വന്തം തട്ടകത്തില്‍ തനിക്ക് ഒരു എതിരാളിയും കരുത്തുകാട്ടി തടസമാകില്ലെന്ന ഉറച്ച ബോധ്യത്തിലാണ് ഹൈബിയുടെ പ്രചാരണം.

കഴിഞ്ഞ കുറി അല്‍ഫോണ്‍സ് കണ്ണന്താനം ഒന്നര ലക്ഷത്തിനടുത്ത് വോട്ടിന്റെ ബലത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയായുള്ള ഡോ. കെ എസ് രാധാകൃഷ്ണന്റെ രംഗപ്രവേശം. പ്രചാരണ രംഗത്ത് ഏറെ പിന്നിലാണെങ്കിലും വോട്ട് പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിഎസ് സി മുന്‍ ചെയര്‍മാന്‍ കൂടിയായ കെഎസ് രാധാകൃഷ്ണന്‍. കഴിഞ്ഞ തവണ ആലപ്പുഴയില്‍ വോട്ട് നില ഉയര്‍ത്തി. അതിനേക്കാള്‍ മികച്ച പ്രകടനം എറണാകുളത്ത് ഉണ്ടാകുമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നത്. എന്തായാലും സ്വതന്ത്രര സ്ഥാനാര്‍ത്ഥികള്‍ക്കപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ 1967ന് ശേഷം സിപിഎമ്മിന് എറണാകുളത്ത് വിജയമുണ്ടാകുമോ അതോ കൈയ്യോടുള്ള കയ്യഴിഞ്ഞ സ്‌നേഹം എറണാകുളം വീണ്ടും കാട്ടുമോ?

Latest Stories

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും

അങ്കണവാടിയിൽ കുഞ്ഞ് വീണത് മറച്ചുവെച്ച സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ, ഗുരുതര പരിക്കേറ്റ മൂന്നരവയസുകാരി ചികിത്സയിൽ

സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല, അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും അവനിലുണ്ട്