യൂറോപ്പ് ഹലാല്‍ നിരോധിക്കുന്നു. ഇനിയെന്താണ് സംഭവിക്കുക ?

യൂറോപ്യന്‍ രാജ്യങ്ങള്‍ ഹലാല്‍ ഘട്ടംഘട്ടമായി നിരോധിക്കുകയാണ്. നമ്മുടെ നാട്ടിലും ഹലാല്‍ എന്ന വാക്ക് അടുത്തിടെ കുറച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനാല്‍ത്തന്നെ കേള്‍ക്കുമ്പോള്‍ ആരിലും ജിജ്ഞാസയും ആകാംക്ഷയുമൊക്കെ ജനിക്കും. ഏതായാലും ഈ വാര്‍ത്ത ശരിയാണ്. നമുക്കതിന്റെ വിശദാംശങ്ങളിലേക്ക് ഒന്ന് കടന്നുചെല്ലാം.

‘ഹലാല്‍’ എന്നത് അനുവദനീയം എന്ന അര്‍ത്ഥത്തില്‍ മുസ്ലീങ്ങള്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ്. അത് ഭക്ഷണക്കാര്യത്തില്‍ മാത്രമല്ല. ധനം, സാമൂഹ്യഇടപെടലുകള്‍, വൈയക്തികശീലങ്ങള്‍ ഇവയിലെല്ലാം ഹലാലും ഹലാല്‍ അല്ലാത്തതുമുണ്ട്. ഹലാല്‍ അല്ലാത്തതിനെ ‘ഹറാം’ അഥവാ നിഷിദ്ധമായത് എന്നു പറയും. നമുക്ക് ഭക്ഷണത്തിലേക്ക് തത്കാലം ഫോക്കസ് ചെയ്യാം. ഹലാല്‍ സ്ലോട്ടര്‍ ആണ് കഴിഞ്ഞദിവസം ഗ്രീസ് നിരോധിച്ചത്. ഹലാല്‍ മാത്രമല്ല കോഷര്‍ സ്ലോട്ടറും നിരോധിച്ചിരിക്കുന്നു. എന്താണ് കോഷര്‍ ?

യഹൂദരുടെ ഹലാലാണ് കോഷര്‍. ഇവിടെ നിരോധനം എന്താണെന്നു ചോദിച്ചാല്‍ കൊല്ലുന്ന രീതിയെയാണ് നിരോധിച്ചത്. ഹലാലിലും കോഷറിലും മൃഗത്തെ കഴുത്തുമുറിച്ചാണ് കൊല്ലുന്നത്. അങ്ങനെ മൃഗം ചോരമുഴുവനും വാര്‍ന്നാണ് മരിക്കുന്നു. ഈ ചോരവാര്‍ന്നുമരിക്കല്‍ ഇരുകൂട്ടര്‍ക്കും മുസ്ലീങ്ങള്‍ക്കും യഹൂദര്‍ക്കും നിര്‍ബന്ധമാണ് കാരണം. അവര്‍ക്ക് രക്തം അനുവദനീയമായ ഭക്ഷ്യവസ്തുവല്ല. ആദ്യകാല കൃസ്ത്യാനികള്‍ക്കും യഹൂദക്രിസ്ത്യാനികള്‍ക്കും (യഹൂദവംശത്തില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ചവര്‍) കോഷര്‍ നിര്‍ബന്ധമായിരുന്നു. പില്‍ക്കാലത്താണ് ആ ശീലം മാറിയത്.

യഹൂദരുടെ ഹലാല്‍ ആണ് കോഷര്‍ എന്ന് പറഞ്ഞല്ലോ.. ഇവ രണ്ടും എന്താണെന്ന് നോക്കാം. സസ്യജന്യമായ എല്ലാ ഭക്ഷണവും പാനീയവും യഹൂദര്‍ക്ക് കോഷര്‍ ആണ്. ഇതില്‍ ആല്‍ക്കഹോള്‍ ഒഴികെ എല്ലാം മുസ്ലീങ്ങള്‍ക്ക് ഹലാലും ആയി. അതായത് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാത്ത എല്ലാസസ്യജന്യ ഭക്ഷണങ്ങളും ഹലാല്‍ ആണ്. അപ്പോള്‍ സസ്യവിഭാഗം അങ്ങുമാറി. ഇനി മാംസാഹാരം നോക്കാം.

മാംസഭുക്കുകളായ മൃഗങ്ങള്‍ ഹലാലും അല്ല. കോഷറും അല്ല. ഇരുകൂട്ടര്‍ക്കും അവയെ ഭക്ഷിക്കാന്‍ പാടില്ല. ഹറാം ആണ്. എന്നോര്‍ത്ത് എല്ലാ സസ്യഭുക്കുക്കളും അനുവദനീയമല്ല കേട്ടോ. സസ്യഭുക്കുകളില്‍ ആനയും കഴുതയും ഹലാല്‍ അല്ല . മൃഗങ്ങളില്‍ ഒട്ടകം, പന്നി, മുയല്‍ ഇവ യഹൂദര്‍ക്ക് അനുവദനീയമല്ല. എന്നാല്‍ ഇതില്‍ പന്നി ഒഴികെ ഒട്ടകവും മുയലും മുസ്ലീങ്ങള്‍ക്ക് ഹലാല്‍ ആണ്. അയവിറക്കുന്ന മൃഗങ്ങളെ എല്ലാറ്റിനെയും ഭക്ഷിക്കാം. ഇരട്ടക്കുളമ്പുള്ളവയില്‍ പന്നി ഒഴികെ എല്ലാം ഹലാലോ മക്‌റൂഹോ ആണ്. മക്‌റൂഹ് എന്താണെന്ന് പറയാം.

മത്സ്യങ്ങളില്‍ മിക്കവാറും ഹലാല്‍ ആണ്. എന്നാല്‍ ചെതുമ്പലും ചിറകും ഇല്ലാത്ത ചില വിഭാഗങ്ങളെ മുസ്ലീങ്ങളില്‍ ‘ഹനഫീ’ സ്‌കൂളുകാര്‍ ‘മക്‌റൂഹ് ‘ എന്ന ഒരു വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. കൂടാതെ ഞണ്ട്, നീരാളി തുടങ്ങിയ ചിലവയും ഹനഫീ ഫിഖ്ഹ് കാര്‍ മക്‌റൂഹ് ആയി കണക്കാക്കുന്നു. എന്നാല്‍ ഷാഫീ ഹംബലീ മാലികീ മദ്ഹബ് അഥവാ സ്‌കൂളുകള്‍ക്ക് അവ ഹലാല്‍ ആണ്. ഹലാലിലും ഹറാമിനും ഇടയിലാണ് മക്‌റൂഹിന് സ്ഥാനം എങ്കിലും ഹലാലിനോടാണ് മക്‌റൂഹിന് അടുപ്പം. മറ്റു ഭക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കേണ്ടത് എന്നാണ് ഇതിനര്‍ത്ഥം. മൃഗങ്ങളില്‍ കുതിര മക്‌റൂഹ് ആണ്. കഴിയുമെങ്കില്‍ ഒഴിവാക്കണം എന്നര്‍ത്ഥം. കഴുതയിറച്ചിയാകട്ടെ തീര്‍ത്തും ഹറാം ആണ്.

പക്ഷികളില്‍ കാക്ക പരുന്ത് കഴുകന്‍ ചില കടല്‍പ്പക്ഷികള്‍ ഇവയെ ഭക്ഷിക്കാന്‍ പാടില്ല. ഉരഗങ്ങളെയും ഉഭയജീവികളെയും ഭക്ഷിക്കാന്‍ പാടില്ല. അഥവാ പാമ്പുകളും ആമ തവള എന്നിങ്ങനെയുള്ളവ.

മുസ്ലീങ്ങളിലെ ഹനഫീ മദ്ഹബുകാരുടെ നിര്‍ബന്ധങ്ങളുമായി യഹൂദരുടെ കോഷറിന് സാമ്യം കൂടുതലാണ്. അവര്‍ക്ക് ഞണ്ട്, കൊഞ്ച് നീരാളി ഇവയൊന്നും കോഷര്‍ അല്ല. നിഷിദ്ധമാണ്. ഇനി അധികം കണ്‍ഫ്യൂസ് ചെയ്യിക്കുന്നില്ല.

അപ്പോള്‍ മുമ്പ് പറഞ്ഞതുപോലെ കഴുത്തില്‍ കത്തിയമര്‍ത്തി ചോരവാര്‍ന്ന് മരിച്ച മൃഗമാണ് ഹലാല്‍ . പക്ഷെ മറ്റുചില നിബന്ധനകള്‍ കൂടിയുണ്ട്. ഈ മൃഗം വയസ്സായി ആരോഗ്യം ക്ഷയിച്ചതാകാന്‍ പാടില്ല. രോഗങ്ങളുള്ളതാകാന്‍ പാടില്ല. അവശനാകാന്‍ പാടില്ല. ഉയരത്തില്‍നിന്നും വീണു മരിച്ചതാകാന്‍ പാടില്ല. മറ്റുമൃഗങ്ങളുടെ ദംശനം ഏറ്റതാകാന്‍ പാടില്ല. അറുത്തുകൊല്ലുന്നതിനുമുമ്പ് വെള്ളം കൊടുക്കണം. മറ്റു മൃഗങ്ങളുടെ മുന്നില്‍വെച്ച് അറുക്കാന്‍ പാടില്ല. ഇത്രയുമാണ് നിബന്ധനകള്‍. മുസ്ലീങ്ങള്‍ ഒരു മന്ത്രം ചൊല്ലുന്നു. യഹൂദര്‍ക്ക് ഇത് നിര്‍ബന്ധം പറയുന്നില്ലെങ്കിലും ഭക്ഷണം നല്‍കിയ ദൈവത്തിനായി നന്ദിസൂചന ഓപ്ഷണലായി അവര്‍ നില നിര്‍ത്തുന്നുണ്ട്.

ഇത്രയും മനസ്സിലായി എന്ന് കരുതുന്നു. ഇനി ചില പുരോഗമിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധനം പ്രഖ്യാപിച്ചിട്ടുള്ള ഹലാല്‍ സ്ലോട്ടര്‍ എന്താണ് എന്നു നോക്കാം. എല്ലാ ജീവികള്‍ക്കും വേദനയുണ്ട്. മൃഗങ്ങളെ മനുഷ്യന്‍ ഭക്ഷിക്കുന്നുണ്ട് എങ്കിലും അവയുടെ അവകാശമായി വേദനയില്ലാതെ കൊല്ലുക എന്ന സങ്കല്‍പ്പത്തെ ആധാരമാക്കിയാണ് സ്റ്റണ്ണിംഗ് കില്‍ എന്ന രീതി അനുവര്‍ത്തിച്ചു തുടങ്ങിയത്. മൃഗങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായിട്ടാണ് അവിടത്തെ ഗവണ്‍മെന്റുകള്‍ തീരുമാനമെടുത്തത്. എന്തായാലും കൊല്ലാനും തിന്നാനും വേണ്ടി അവയെ വളര്‍ത്തുന്നു. എന്നാല്‍ വേദനയില്ലാതെ കൊന്നുകൂടെ എന്ന നീതിബോധത്തിന്റെ ഫലമാണിത്. അതിനായി മൃഗത്തെ ബോധം കെടുത്തുന്നു. ബോധം കെടുത്താനായി കുത്തിവെപ്പോ വാതകം ശ്വസിപ്പിക്കലോ ആണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്തതിനുശേഷമേ ഇനി ഈ രാജ്യങ്ങളില്‍ അറുത്തുകൊല്ലാന്‍ അനുവദിക്കുകയുള്ളൂ. ഇതാണ് സ്റ്റണ്‍ കില്‍. ഇപ്പോഴാണ് ഗ്രീസ് ഈ നിയമം നടപ്പിലാക്കിയത്. മുമ്പ് ലാറ്റ്വിയ, സ്ലോവാക്യ, ബെല്‍ജിയം, എസ്റ്റോണിയ, സ്വിറ്റ്‌സര്‍ലാഫ്, ഓസ്ട്രിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി പത്തോളം രാജ്യങ്ങള്‍ നേരത്തേ നടപ്പിലാക്കിയിട്ടുണ്ട്.

ഇനി ഈ നിയമത്തോട് പ്രസ്തുത മതവിഭാഗക്കാരുടെ പ്രതികരണം പരിശോധിക്കാം. ഏറെക്കുറേ പകുതിയോളം ആളുകള്‍ക്കാണ് ഇക്കാര്യത്തില്‍ വിപരീത അഭിപ്രായമുണ്ടായിരുന്നത്. തങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടയുന്നതാണ് പുതിയ നിയമം എന്നഭിപ്രായമുള്ള ഏതാനും ഇസ്ലാമിക പുരോഹിതരും യഹൂദറബ്ബികളും വിവിധ അഭിപ്രായങ്ങളുമായി മുന്നോട്ടുവന്നു. എന്നാല്‍ സ്റ്റണ്ണിംഗ് എന്ന അനസ്‌തേഷ്യ നല്‍കിയാലും ഹലാല്‍ കട്ട് സാദ്ധ്യമാകും എന്ന ബോധ്യം വന്നതിനാല്‍ ഭൂരിഭാഗം ആളുകളും മാറിയ നിയമം സ്വീകരിക്കാന്‍ തയ്യാറായി. അതായത് ബോധം നഷ്ടപ്പെട്ട മൃഗത്തെ മുറിച്ചാലും ചോര മുഴുവനും വാര്‍ന്നുപോകുന്നു. എന്നാല്‍ വേദന ഇല്ലാതിരിക്കുന്നു. മുറിവിന്റെ വേദന ഇല്ല എന്നത് ശരിയാണ്. കാരണം അനസ്‌തേഷ്യ നല്‍കിയതിനുശേഷം നടത്തുന്ന സര്‍ജറി നമ്മള്‍ അറിയുന്നില്ല. എന്നാല്‍ മരണവേദന ഉണ്ടാകുമോ ഇല്ലയോ എന്നത് അന്വേഷണം നടത്തി കണ്ടുപിടിക്കാന്‍ സാധിക്കുന്ന കാര്യമല്ല എങ്കില്‍ത്തന്നെയും ജീവനോടെയുള്ളപ്പോള്‍ വേദനയറിയുന്നില്ല എന്നതിനാല്‍ മാറുന്ന കാലഘട്ടത്തെ സ്വീകരിച്ചുകൊണ്ട് പുരോഗമനപരമായ പരിഷ്‌കരണങ്ങളെ അംഗീകരിച്ചുകൊണ്ട് പോകുന്നതാണ് അഭികാമ്യമായ മാര്‍ഗ്ഗം. അതിനാല്‍ സ്റ്റണ്‍ കില്‍ അഥവാ സെഡേഷന്‍ സ്‌ളോട്ടറിനെ സ്വാഗതം ചെയ്യാം.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്