'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടവും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടി കോട്ടയിലെ പൊരിഞ്ഞ പോരില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് അമിത് ഷായും നരേന്ദ്ര മോദിയും. തിരഞ്ഞെടുപ്പില്‍ നേരത്തെ കരുതിയ മുന്‍തൂക്കമുണ്ടാവില്ലെന്ന് പല കോണില്‍ നിന്നും അഭിപ്രായം ഉയരുമ്പോള്‍ ഗുജറാത്തില്‍ സംസ്ഥാന പാര്‍ട്ടി ഘടകത്തിലുണ്ടാകുന്ന തമ്മില്‍തല്ലില്‍ ആദ്യമായി പകച്ചുനില്‍ക്കുകയാണ് ബിജെപി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ഇഫ്‌കോയില്‍ വിമത സ്ഥാനാര്‍ത്ഥി ജയിച്ചതോടെ ഗുജറാത്തില്‍ പഴയ മോദി മോഡലല്ല ബിജെപിയെന്ന് വ്യക്തമാകുകയായിരുന്നു. ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് അഥവാ ഇഫ്‌കോ ഡയറക്ടറായി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ വീഴ്ത്തി വിമത സ്ഥാനാര്‍ത്ഥി ജയേഷ് റാഡിയ ജയിച്ചതോടെ സംസ്ഥാന പാര്‍ട്ടി നേതൃത്വം ശക്തമായ പ്രതിരോധത്തിലായി.

അമിത് ഷായും മോദിയും തീരുമാനിക്കും മറ്റുള്ളവര്‍ അനുസരിക്കുമെന്ന 10 കൊല്ലത്തെ രീതിയ്ക്ക് ഗുജറാത്തില്‍ തന്നെ മാറ്റമുണ്ടായതാണ് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നത്. അമിത് ഷാ പിന്തുണച്ച ബിപിന്‍ പട്ടേലിനെ തോല്‍പ്പിച്ചത് ഇഫ്‌കോ ചെയര്‍മാനായ ദിലീപ് സംഘാണി പിന്തുണച്ച ജയേഷ് റാഡിയയാണ്. ചെയര്‍മാനായി ഇഫ്‌കോയില്‍ സംഘാണി ഉറച്ചിരുന്നതോടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടില്‍ സംഘാണിയ്‌ക്കെതിരെ പരസ്യപ്രതികരണത്തിനും മടിച്ചില്ല. സഹകരണ പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞു പാര്‍ട്ടിയ്ക്കുള്ളിലെ ചിലര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുന്നുവെന്നാണ് ദിലീപ് സംഘാണിയെന്ന മുതിര്‍ന്ന ബിജെപി നേതാവിനെ ലക്ഷ്യമിട്ട് പാര്‍ട്ടി സംസ്ഥാന മേധാവി സി ആര്‍ പാട്ടീല്‍ പറഞ്ഞത്.

രാവിലെ ബിജെപിയില്‍ ചേരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉച്ചയാകുമ്പോള്‍ സ്ഥാനാര്‍ഥിത്വം നല്‍കുന്നത് ആരാണെന്ന ചോദ്യവുമായി സംഘാണി പാട്ടീലിനെ നേരിട്ടതോടെ പ്രശ്‌നം വ്യക്തമായി. ചാടിച്ചു കൊണ്ടുവരുന്നവരെയെല്ലാം സ്ഥാനമാനങ്ങള്‍ വാരികോരി കൊടുത്ത് ഒപ്പം നിര്‍ത്തിയപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളിലെ ആളുകളില്‍ ഉണ്ടായ അനിഷ്ടം നേതൃത്വം കണ്ടില്ലെന്ന് നടിച്ചു. ഇതാണ് ഗുജറാത്തിലെ പൊട്ടിത്തെറിയ്ക്ക് പിന്നില്‍. പിന്നാലെ അമ്രേലി എപിയായിരുന്ന നരന്‍ കഛാഡിയയും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ഇന്നലെ വന്ന കോണ്‍ഗ്രസുകാര്‍ വേദിയിലിരിക്കുമ്പോള്‍ ഇവിടെ കാലങ്ങളായി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ സദസ്സിലിരിക്കുന്നുവെന്ന് പറഞ്ഞു. കഛഡിയയ്ക്ക് സീറ്റ് നിഷേധിച്ചതിന്റെ അമര്‍ഷവും കൂടി ചേര്‍ന്നതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ സൗരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപിയ്ക്കാര്‍ ശബ്ദം ഉയര്‍ത്തി എന്നതാണ് സത്യം.

സൗരാഷ്ട്രയില്‍ സ്വാധീനമുള്ള മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇതോടെ ഔദ്യോഗിക പക്ഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണവുമായി കേന്ദ്ര നേതൃത്വത്തിനു മുന്നിലുമെത്തി. ഇക്കുറി സീറ്റ് നല്‍കാത്ത അംറേലിയില്‍ നിന്നുള്ള നിലവിലെ എംപി നരണ്‍ കഛാഡിയ, മുന്‍ മന്ത്രിമാരായ ധര്‍മേന്ദ്രസിങ് ജഡേജ, ജവഹര്‍ ചാവ്ദ എന്നിവരെയാണ് വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടിയ്ക്ക് വിധേയമാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ഏറ്റവും പ്രകടമായത് അമ്‌റേലിയിലാണ്, നിലവിലെ എംപി നരന്‍ കഛാഡിയ്യ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായത് ഭരത് സുതാരിയയായിരുന്നു. ഇരു കൂട്ടരും തമ്മിലുള്ള തര്‍ക്കം ശക്തമായതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് സുതാരിയ രംഗത്തെത്തി. അങ്ങനെ പാര്‍ട്ടിയുടെ അനൈക്യം തുറന്നുകാട്ടപ്പെട്ടു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് തുരങ്കം വയ്ക്കാനും ആഭ്യന്തര പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ എതിരാളികളെ പിന്തുണയ്ക്കാനും കഛാഡിയയുടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് സുതാരിയ ദേശീയ നേതൃത്വത്തിനും പരാതി നല്‍കി.

അടുത്തിടെ ബിജെപിയിലേക്ക് മാറിയ മുന്‍ കോണ്‍ഗ്രസ് അംഗം അരവിന്ദ് ലഡാനിയേയുടെ പാര്‍ട്ടി നേതൃത്വത്തിനുള്ള കത്തും വിമത നീക്കങ്ങളുടെ പേരില്‍ അസ്വാരസ്യം ഉയര്‍ത്തിയിട്ടുണ്ട്. മാനവാദര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി ജവഹര്‍ ചാവ്ദയുടെ കുടുംബം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കത്തിലുള്ളത്. കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെച്ചാണ് ലഡാണി, അതേസീറ്റില്‍ ബിജെപിക്കായി മത്സരിച്ചത്. 2022 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരനായ ലഡാണി അന്ന് തോല്‍പ്പിച്ചത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ചാവ്ദയേയായിരുന്നു. ചാടി ലഡാണി ബിജെപിയിലെത്തിയപ്പോള്‍ സീറ്റ് പോയ ചാവ്ദയും അനുയായികളും ലഡാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ ചാവ്ദയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നുവെന്നതും ചാടിച്ച് ബിജെപിയില്‍ എത്തിച്ചതാണെന്നതുമാണ് മറ്റൊരു വസ്തുത.

ഇത്തരത്തില്‍ വന്നവരും നിന്നവരും ആദ്യം വന്നവരും പിന്നീട് വന്നവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ഗുജറാത്ത് ബിജെപിയിലെ വിമത നീക്കങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ ഒട്ടാകെ ബിജെപി നേരിടുന്ന വമ്പന്‍ പ്രതിസന്ധിയും ഇത് തന്നെയാണ്. വന്നവരും നിന്നവരും ആദ്യം വന്നവരുമൊക്കെ ചേര്‍ന്നുള്ള വലുപ്പ ചെറുപ്പത്തിന്റെ ചക്കിളത്തിപ്പോര് മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ നിന്നായത് പാര്‍ട്ടിയ്ക്കുള്ളില്‍ ഇരുവര്‍ക്കുമുള്ള അപ്രമാദിത്യത്തിന് മങ്ങലേല്‍ക്കുന്നതിന്റെ സൂചനയാണ്. ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സംഘാണിയെ ആദരിക്കാന്‍ അമ്രേലിയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടിയ്ക്കുള്ളില്‍ വിമതരെന്ന് മുദ്രകുത്തപ്പെട്ടവരുടേയും അസംതൃപ്തരുടേയും ചായകുടി സമ്മേളനമായി മാറിയതും ഗുജറാത്തില്‍ താമരപ്പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Latest Stories

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്