ഡോ ജോസ് ജോസഫ്
കാർഷിക വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (എം എസ് പി) നിയമ പരിരക്ഷ ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ കർഷകരുടെ ദീർഘകാല ആവശ്യങ്ങളെ പാടെ അവഗണിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2025-26 ലെ കേന്ദ്ര ബജറ്റ്. മിഡിൽ ക്ലാസ്സിന് ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവ് വാരിക്കോരി കൊടുത്ത ധനമന്ത്രി കർഷകർക്കായുള്ള പ്രഖ്യാപനങ്ങൾ ചുരുക്കം പദ്ധതികളിൽ ഒതുക്കി. പി എം കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി കർഷകർക്കു നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന ആവശ്യവും ധനമന്ത്രി തള്ളി. 2019-ലാണ് കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായധനമായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. ആണ്ടിൽ മൂന്ന് ഇൻസ്റ്റാൾമെൻ്റായി നൽകുന്ന ഈ തുക നിലവിലെ 6,000 രൂപയിൽ നിന്ന് പ്രതിവർഷം 12,000 രൂപയായി ഉയർത്തണമെന്ന് അടുത്ത കാലത്ത് കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്ക്കരണം എന്നിവ സംബന്ധിച്ച പാർലമെൻ്ററി സമിതി ശുപാർശ ചെയ്തിരുന്നു. പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി തുക കാലാനുസൃതമായി വർധിപ്പിക്കണമെന്ന സമിതിയുടെ നിർദ്ദേശമാണ് ബജറ്റിൽ ധനമന്ത്രി തളളിയത്. വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന കർഷകർക്ക് അനുകൂലമായി പരിഷ്ക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ല. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവുമാണ് കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് ബജറ്റിനു മുന്നോടിയായി പാർലമെൻ്റിൽ വെച്ച 2025-ലെ സാമ്പത്തിക സർവ്വെയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു രണ്ടും പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികളും ബജറ്റിൽ ഇല്ല.
2022 ഓടെ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന മുൻ വാഗ്ദാനം സർക്കാർ വിഴുങ്ങി. ഇപ്പോൾ 2047-ലെ വികസിത ഭാരതത്തേക്കുറിച്ചാണ് പ്രഭാഷണം. കർഷകർക്കു നൽകുന്ന താങ്ങുവില സമയബന്ധിതമായി ഉയർത്താനുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ല. കൃഷിയെ സാമ്പത്തികമായി ലാഭകരവും, പാരിസ്ഥിതികമായി സുസ്ഥിരവും, സാമൂഹികമായി അന്തസ്സുള്ളതാക്കാനുള്ള ഒരു പ്രഖ്യാപനവും ധനമന്ത്രി നടത്തിയിട്ടില്ല. മഖാന ബോർഡ് പോലുള്ള പ്രഖ്യാപനങ്ങൾ തിരഞ്ഞെടുപ്പ് അടുത്ത ബീഹാറിനെ ലക്ഷ്യമിട്ടുള്ളതാണ്. ഗ്രീൻഫീൽഡ് എയർപോർട്ടിനു പുറമെ മിഥിലാഞ്ചൽ മേഖലയിൽ ജലസേചനത്തിനു വേണ്ടി ഒരു കനാൽ പദ്ധതിയും ബീഹാറിനു വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ദരിദ്രർ, യുവാക്കൾ, അന്നദാതാക്കൾ, വനിതകൾ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശാലമായ 10 മേഖലകളിലാണ് ഈ ബജറ്റിൽ ധനമന്ത്രി വികസന പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക വളർച്ചയും ഉൽപ്പാദനക്ഷമതയും ഉത്തേജിപ്പിക്കുക എന്നതാണ് ആദ്യത്തെ മേഖല. കൃഷിയുമായി ബന്ധപ്പെടുത്തി ഗ്രാമീണ സമൃദ്ധിയും പ്രതിരോധശേഷിയും കെട്ടിപ്പടുക്കുന്നതാണ് രണ്ടാമത്തെ മേഖല. ഉല്പാദനം വർധിപ്പിക്കുക എന്നതല്ലാതെ കൂടുതൽ ഉല്പാദിപ്പിക്കുന്ന കർഷകന് നല്ല വില ഉറപ്പാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.
കാർഷികേതര വരുമാനം ഉൾപ്പെടെ എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിൻ്റെ പ്രതിമാസ വരുമാനം കേവലം 13661 രൂപ മാത്രമാണെന്ന് അടുത്തയിടെ പ്രസിദ്ധീകരിച്ച നബാർഡ് ആൾ ഇന്ത്യ റൂറൽ ഫിനാൽഷ്യൽ ഇൻക്ലുഷൻ സർവ്വെ – നാഫിസ് (2021-22) കണ്ടെത്തിയിരുന്നു. ഒരു കർഷക കുടുംബത്തിന് വിളകളുടെ കൃഷിയിൽ നിന്നു ലഭിക്കുന്ന വരുമാനം പ്രതിമാസം 4476 രൂപ മാത്രമാണ്. കൃഷിയിൽ നിന്നു മാത്രമുള്ള വരുമാനം മാത്രം കണക്കാക്കിയാൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിൻ്റെ പ്രതിദിന വരുമാനം 150 രൂപയിൽ താഴെ മാത്രം. ഒരു ശരാശരി കർഷക കുടുംബത്തിൻ്റെ അംഗസംഖ്യ 4.3 ആണെന്ന് സർവ്വെ റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിലെ ഒരംഗത്തിന് ഒരു ദിവസം കൃഷിയിൽ നിന്നു ലഭിക്കുന്ന പ്രതിശീർഷ വരുമാനം 35 രൂപ മാത്രമെന്നും സർവ്വെ കണ്ടെത്തിയിരുന്നു. അതേസമയം രാജ്യത്തെ ഭൂരിപക്ഷം കർഷകരും കടക്കെണിയിലാണ്. കർഷകരുടെ വരുമാനം വർധിപ്പിക്കാതെ ഉല്പാദനക്ഷമത മാത്രം വർധിപ്പിക്കുന്നതിൽ ഊന്നൽ നൽകുന്നത് കുടം കമഴ്ത്തി വെച്ച് വെളളം ഒഴിക്കുന്നതിനു തുല്യമായിരിക്കും.
മോദി സ്തുതി നിറഞ്ഞ ബജറ്റിൽ കൃഷിയ്ക്കു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന പദ്ധതി പ്രധാനമന്ത്രിയുടെ പേരിലുള്ളതാണ്. പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി എന്നാണ് പുതിയ പദ്ധതിയുടെ പേര്. ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് കേന്ദ്രം ഈ പദ്ധതി നടപ്പാക്കുന്നത്. പേരിൽ മാത്രമെ പദ്ധതിക്ക് പുതുമയുള്ളു. നിലവിലുള്ള പദ്ധതികളുടെയും പ്രത്യേക നടപടികളുടെയും സംയോജനത്തിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. കുറഞ്ഞ ഉൽപ്പാദനക്ഷമത, മിതമായ വിള സാന്ദ്രത, ശരാശരിയിൽ താഴെയുള്ള കാർഷിക വായ്പാ വിനിയോഗം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 100 ജില്ലകളെ പ്രധാൻ മന്ത്രി ധൻ ധാന്യ യോജനയിൽ ഉൾപ്പെടുത്തും. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണവും സുസ്ഥിര കാർഷിക രീതികളും നടപ്പാക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിനു ശേഷമുള്ള സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലകളിലെ ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കും. ദീർഘകാല – ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കും. 1.7 കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറയുന്നു.
സമഗ്ര ഗ്രാമവികസനത്തിന് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ‘റൂറൽ പ്രോസ്പെരിരിറ്റി ആൻഡ് റെസലിയൻസ്’ എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങും. നൈപുണ്യ വികസനം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ എന്നിവയിലൂടെ കാർഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യം. തൊഴിലിനു വേണ്ടി അന്യ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ കുടിയേറുന്ന സാഹചര്യം ഒഴിവാക്കും. ഗ്രാമീണ സ്ത്രീകൾ, യുവ കർഷകർ, ഗ്രാമീണ യുവാക്കൾ, ചെറുകിട-നാമമാത്ര കർഷകർ, ഭൂരഹിത കുടുംബങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കേരളം ഉൾപ്പെടെ ഉയർന്ന ദിവസ വേതനം ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ ഒഴുകിയെത്തുന്നത് തടയുകയാണ് ലക്ഷ്യം. കേന്ദ്ര ധനമന്ത്രിയുടെ പ്രതീക്ഷ എത്രമാത്രം പൂവണിയുമെന്ന് കണ്ടറിയണം. ബാങ്കുകളിൽ നിന്നുള്ള ധനസഹായമുൾടെ ഉറപ്പാക്കി ആദ്യഘട്ടത്തിൽ 100 ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക.
മസൂർ ദാൽ (ചുവന്ന പരിപ്പ്), ഉറാദ് ദാൽ (ഉഴുന്നു പരിപ്പ്), അർഹർ ദാൽ (തുവരപ്പരിപ്പ്) എന്നീ മൂന്ന് പയറു വർഗ്ഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത 6 വർഷത്തേക്ക് “പയർവർഗ്ഗങ്ങളിലെ ആത്മനിർഭരത മിഷൻ ” ഗവൺമെന്റ് ആരംഭിക്കും. എൻ സി സി എഫ് , നാഫെഡ് എന്നീ കേന്ദ്ര ഏജൻസികൾ വഴി എം എസ് പി ഉറപ്പാക്കി ഉല്പാദിപ്പിക്കുന്ന മുഴുവൻ പയറും അടുത്ത നാലു വർഷത്തേക്ക് കർഷകരിൽ നിന്നും സംഭരിക്കും. കർഷകർ ഈ ഏജൻസികളുടെ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ വികസനത്തിനായി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കും. വരുമാനം കൂടുന്നതനുസരിച്ച് പഴവർഗ്ഗങ്ങൾ പച്ചക്കറികൾ, ശ്രീ-അന്ന എന്നിവയുടെ ഉപഭോഗം സമൂഹത്തിൽ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകർക്ക് ഉൽപ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്കരണം, ന്യായമായ വില എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര പരിപാടി ആരംഭിക്കുമെന്ന് ബജറ്റിൽ പറയുന്നു. കർഷക ഉൽപ്പാദന സംഘടനകളുടെയും (എഫ് പി ഒ) സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ മഖാനയുടെ കൃഷി, സംസ്ക്കരണം, മൂല്യവർധനവ്, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ മഖാന ബോർഡ് സ്ഥാപിക്കും. സർക്കാർ നടപ്പാക്കി വരുന്ന പൂർവോദയ’ നയത്തിൻ്റെ ഭാഗമായി ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ ബീഹാറിൽ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്കു വേണ്ടി പ്രത്യേക വികസന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുന്നത് മോദി സർക്കാരിൻ്റെ സ്ഥിരം പരിപാടിയാണ്.
അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾക്കു വേണ്ടി ഒരു ദേശീയ മിഷൻ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി ഗവേഷണ സംവിധാനം ശക്തമാക്കും. കീടങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പ്രതിരോധ ശേഷിയും ഉല്പാദന ശേഷിയും കൂടുതലുള്ള വിത്തിനങ്ങൾ വ്യാപകമാക്കും. പ്രധാനമന്ത്രി കഴിഞ്ഞ വർഷം പുറത്തിറക്കിയ 109 വിള ഇനങ്ങളുടെ കൃഷി വാണിജ്യവൽക്കരിക്കും.
യൂറിയ ഉല്പാദനത്തിൽ സ്വയംപര്യാപ്ത നേടുന്നതിൻ്റെ ഭാഗമായി ആസ്സാമിലെ നംരൂപിൽ വാർഷിക ശേഷി 12.7 ലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള ഒരു പ്ലാന്റ് സ്ഥാപിക്കും.പരുത്തി കൃഷി ചെയ്യുന്ന ലക്ഷക്കണക്കിന് കർഷകരുടെ പ്രയോജനത്തിനായി, ‘പരുത്തി ഉൽപ്പാദനക്ഷമതയ്ക്കുള്ള മിഷൻ ‘ആരംഭിക്കും. അഞ്ച് വർഷത്തേക്കായിരിക്കും മിഷൻ്റെ പ്രവർത്തനം. പരുത്തിയുടെ ഉൽപാദനക്ഷമത വർധിപ്പിക്കും. സുസ്ഥിര കൃഷിരീതികൾ ഉറപ്പാക്കും. എക്സ്ട്രാ ലോങ് സ്റ്റേപ്പിൾ പരുത്തി ഇനങ്ങൾ പ്രോത്സാഹിപ്പിക്കും, സഹായിക്കും. പരുത്തി ഉല്പാദനത്തിന് ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യകൾ കർഷകർക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കും.
മത്സ്യോത്പാദനത്തിലും മത്സ്യക്കൃഷിയിലും ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. സമുദ്രമേഖലയുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി, ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, മത്സ്യോല്പാദനം വർധിപ്പിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കും. കൃഷി അനുബന്ധ മേഖലയിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ മൃഗസംരക്ഷണ മേഖലയ്ക്കു വേണ്ടി പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി പ്രകാരം പലിശ ഇളവോടു കൂടിയ ഹ്രസ്വകാല കാർഷിക വായ്പകളുടെ പരിധി നിലവിലുള്ള മൂന്ന് ലക്ഷം രൂപയിൽ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയർത്തി. 1998 ഓഗസ്റ്റിൽ തുടങ്ങിയ കെസിസി പൊതുമേഖലാ ബാങ്കുകൾ നടപ്പാക്കി വരുന്ന വായ്പാ പദ്ധതിയാണ്. കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും വായ്പാ പരിധി മൂന്നു ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ വർഷം മുതൽ പദ്ധതി മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും കൂടി വ്യാപിപ്പിച്ചു. ഏഴു ശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം പലിശ തിരികെ നൽകും. 2024 മാർച്ച് വരെ 77.5 ദശലക്ഷം കെസിസി അക്കൗണ്ടുകൾ പ്രവർത്തനക്ഷമമായിരുന്നു.
Read more
എല്ലാ ബജറ്റ് പ്രസംഗത്തിൻ്റെയും തുടക്കത്തിൽ അന്നദാതാക്കളായ കർഷകരെ പുകഴ്ത്തുന്നതും കാർഷിക പദ്ധതികൾ ആദ്യം തന്നെ പ്രഖ്യാപിക്കുന്നതും നിർമ്മല സീതാരാമൻ്റെ സ്ഥിരം പതിവാണ്. അത് ഈ ബജറ്റിലും തുടർന്നിട്ടുണ്ട്. അതിനപ്പുറം കർഷക ക്ഷേമം ഉറപ്പാക്കുന്നതിനുള്ള കാര്യമായ പദ്ധതികളൊന്നും 2025-26 ലെ ബജറ്റിൽ ഇല്ല.