പത്മജയുടെ താമര ചാട്ടത്തില്‍ ബിജെപിയുടെ ലാഭമെന്ത്?

ലീഡര്‍ എവിടെ തിരിഞ്ഞാലും ഇന്ദിരയ്‌ക്കൊപ്പമായിരുന്നു, കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ പോലും തന്റെ പാര്‍ട്ടി പേരില്‍ ഇന്ദിരയെ മാത്രം മാറ്റാതെ പ്രതിഷ്ഠിച്ചിരുന്നു കെ കരുണാകരന്‍. അങ്ങനെ ഇന്ദിരാ കോണ്‍ഗ്രസുകാരനായിരുന്ന കെ കരുണാകരന്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് എന്ന ഡിഐസി ഉണ്ടാക്കിയതും പിന്നീട് തിരിച്ചു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതുമെല്ലാം ചരിത്രമാണ്. ഇന്നാ കോണ്‍ഗ്രസുകാരന്റെ മകള്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് പേര് അന്വര്‍ത്ഥമാക്കുമ്പോള്‍ ലീഡറിന്റെ പേര് തന്നെയാണ് അവിടേയും ചര്‍ച്ചയാകുന്നത്. പത്മജാ വേണുഗോപാല്‍ എന്ന കോണ്‍ഗ്രസുകാരി ബിജെപിയ്‌ക്കൊപ്പം പോയാല്‍ ഇടിഞ്ഞു വീഴാന്‍ പാകത്തിനൊരാകാശം അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടാക്കിയിട്ടില്ല. പക്ഷേ ലീഡറിന്റെ മകള്‍ ബിജെപിക്കാരിയാവുന്നു എന്നത് ചില്ലറ തിരിച്ചടിയൊന്നുമല്ല കോണ്‍ഗ്രസിനുണ്ടാക്കുന്നത്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍. ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ പണി തുടങ്ങുമ്പോഴും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസിനായിട്ടില്ലാത്തവേളയില്‍.

ഇന്ത്യയൊട്ടാകെ കൈപ്പത്തി ചിഹ്നത്തെ താമര വിഴുങ്ങുമ്പോള്‍ കേരളത്തില്‍ നിന്ന് ഒന്നുകൂടി എന്നതാണ് രാഷ്ട്രീയ ചിത്രം. എകെ ആന്റണിയുടെ മകന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയതിന് പിന്നാലെ കെ കരുണാകരന്റെ മകള്‍ ബിജെപിയിലെത്തുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു കാലത്ത് കൊമ്പുകോര്‍ത്ത് മുന്നണി മാറി മല്‍സരിച്ച എകെ ആന്റണിയും കെ കരുണാകരനും പക്ഷേ മക്കള്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേരുമെന്ന് കരുതിയിട്ടുണ്ടാവില്ല. അതില്‍ ഒരാള്‍ ഇതൊന്നും കാണാനില്ലെങ്കിലും എ കെ ആന്റണി എന്നും കൂട്ടുപിടിക്കാറുള്ള മൗനത്തിനപ്പുറത്തേക്ക് കോണ്‍ഗ്രസിനുള്ളില്‍ നിശബ്ദനാക്കപ്പെട്ടതില്‍ പത്തനംതിട്ട സീറ്റില്‍ ബിജെപി പ്രതിഷ്ഠിച്ച മകന്റെ പേര് പതിഞ്ഞിട്ടും. ആന്റണിയുടെ എ ഗ്രൂപ്പും കരുണാകരന്റെ ഐ ഗ്രൂപ്പും കോണ്‍ഗ്രസിനുള്ളില്‍ അധികാര വടംവലി നടത്തിയ കാലത്തും പിന്നീടുമെല്ലാം കെ കരുണാകരന്റെ വീടും കിച്ചന്‍ ക്യാബിനെറ്റുമെല്ലാം പലകുറി ചര്‍ച്ചയായതാണ്.

ഇന്ന് ദേശീയ മാധ്യമങ്ങളില്‍ പത്മജ വാര്‍ത്തയാകുന്നത് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകള്‍ ബിജെപിയില്‍ എന്ന തരത്തില്‍ മാത്രമാണ്. ഇതുമാത്രമാണ് ബിജെപിയുടെ ലാഭവും. നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ കെ കരുണാകരനെന്ന അതികായനായ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ ബിജെപിയിലെത്തിയെന്നതാണ് ബിജെപിയ്ക്കുള്ള ലാഭം. പത്മജയ്‌ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകി ബിജെപിയിലേക്കെത്തുമെന്ന് കേരളത്തിലെ ബിജെപി നേതാക്കളും കേന്ദ്രനേതാക്കളും കരുതുന്നുണ്ടാവില്ല. പക്ഷേ കരുണാകരന്റെ മകള്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേക്കേറി എന്നതാണ് ബിജെപിയ്ക്ക് കിട്ടാവുന്ന ബൂസ്റ്റ്. അതീ തിരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യും. കോണ്‍ഗ്രസുകാര്‍ സീറ്റ് നല്‍കി തന്നെ നിര്‍ത്തി തോല്‍പ്പിക്കുന്നുവെന്ന് പരാതിപ്പെടുന്ന പത്മജയ്ക്ക് ബിജെപിയിലെന്തായാലും അങ്ങനെ ഒരു പരാതി മുന്‍കാലത്തെ വിജയം ചൂണ്ടിക്കാണിച്ച് ഉന്നയിക്കാനാവില്ല. കാരണം ഒരിക്കല്‍ വിരിഞ്ഞ നേമത്തിനപ്പുറം നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു താമര വിജയം ഇതുവരെ ബിജെപിയ്ക്കില്ലെന്നത് തന്നെ.

ഇതുവരെ വിജയിക്കാത്ത ഒരു സീറ്റ് അതിപ്പോള്‍ ചാലക്കുടിയായാലും പത്മജയ്ക്ക് നല്‍കിയാല്‍ സിറ്റിംഗ് സീറ്റ് പോകുമെന്ന കോണ്‍ഗ്രസിനുണ്ടാവുന്ന പേടി ബിജെപിയ്ക്ക് ഉണ്ടാവേണ്ട കാര്യവുമില്ല. ബിജെപിയെ സംബന്ധിച്ച് രാജ്യസഭാ സീറ്റെന്ന അപ്പം തന്നെ പത്മജയ്ക്ക് നല്‍കിയാലും ചാലക്കുടിയില്‍ ഒരു ലോക്‌സഭാ സീറ്റു നല്‍കിയാലും കാര്യങ്ങളൊക്കെ ഒരു പോലെയാണ്. ചാലക്കുടി സീറ്റ് വേണ്ടെന്നും പെട്ടെന്നങ്ങു പോയി മല്‍സരിക്കാനാവില്ലെന്നുമൊക്കെ പത്മജ പറയുന്നത് ചുളുവില്‍ ഒരു എംപി സ്ഥാനത്തിന് നല്ലത് രാജ്യസഭയാണെന്ന് കണ്ടുതന്നെയാണ്. ബിജെപിയെ സംബന്ധിച്ച് അത് നിസാരമെന്ന കണക്കുകൂട്ടലും പത്മജയ്ക്കുണ്ട്. കാരണം നിലവിലെ രാജ്യസഭയില്‍ സമ്പൂര്‍ണ ആധിപത്യത്തിന് ഇനി മൂന്നോ നാലോ സീറ്റ് മതി ബിജെപിയ്ക്ക്.

അപമാനിച്ച് ഈ കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കിയെന്നാണ് പത്മജ പറയുന്നത്. തനിക്ക് ആദ്യമായി സീറ്റ് തന്നത് പോലും 20 പേരില്‍ 19 പേരും തോറ്റ സമയത്താണെന്നും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍പ്പിച്ചതെന്നും ഇടത് തരംഗ കാലത്ത് മാത്രമാണ് തന്നെ മല്‍സരിപ്പിച്ചതെന്നുമെല്ലാം കോണ്‍ഗ്രസിനെതിരെ പത്മജ പറയുന്നുണ്ട്. പാര്‍ട്ടി സ്ഥാനമാനങ്ങളെല്ലാം പല ഘട്ടങ്ങളില്‍ വിലപേശി വാങ്ങുകയും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പലപ്പോഴും പാര്‍ട്ടിയെ പ്രതിലന്ധിയിലാക്കുകയും ഒക്കെ ചെയ്താണ് പത്മജ ഒടുവില്‍ ബിജെപി പാളയത്തിലെത്തുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് പത്മജ ഒരു വോട്ട് ബാങ്കൊന്നുമല്ലെങ്കിലും സിപിഎമ്മിന് തങ്ങളെ അടിയ്ക്കാന്‍ കിട്ടിയ നല്ല വടിയാണെന്ന് ഏവര്‍ക്കും അറിയാം. കരുണാകരന്റെ മകള്‍ ബിജെപി പാളയത്തിലെത്തിയത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചരണായുധമാക്കാനും തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നതും ഒരുപോലാണെന്നും ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്നുമുള്ള പ്രചാരണം ഇടത് പക്ഷത്തെ കേരളത്തില്‍ കുറച്ചൊന്നുമല്ല തുണയ്ക്കാന്‍ സാധ്യത. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബിജെപി ബന്ധവും ചാടിപ്പോകാനുള്ള സാധ്യതയും പത്മജയുടെ കൂറുമാറ്റം ചൂണ്ടി ഉന്നയിക്കുമ്പോള്‍ കഴിഞ്ഞ കുറച്ചു നാളുകളായി തങ്ങള്‍ ഒപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വോട്ടുകളില്‍ കാര്യമായ ചായ്‌വുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ട്. കോണ്‍ഗ്രസിന്റെ പേടിയും ഇതാണ്. തങ്ങളെ നിര്‍ബാധം പലഘട്ടങ്ങളിലും പിന്തുണച്ച ന്യൂനപക്ഷ വോട്ടുകള്‍ ഇടറി വീഴാന്‍ പത്മജയുടെ കൂറുമാറ്റം കാരണമാകുമോയെന്ന പേടിക്കപ്പുറം പത്മജ ബിജെപിയിലേക്ക് പത്തു നൂറു വോട്ടു കൊണ്ടുപോകുമെന്ന പേടി കോണ്‍ഗ്രസിനില്ല. കേരളത്തില്‍ സിപിഎം ഈ വിഷയം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നത് മാത്രമാണ് കോണ്‍ഗ്രസിനെ തളര്‍ത്തുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ