സുപ്രീംകോടതി ഇന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിയുടെ ഹര്‍ജിയില്‍ ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഏവരേയും ഓര്‍മ്മിപ്പിച്ചിരുന്നു. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം ക്ലാസ് എടുത്തെന്ന് തന്നെ പറയാം. സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി പരാമര്‍ശത്തിലൂടെ ചര്‍ച്ചയാവുകയാണ് ആര്‍ട്ടിക്കിള്‍ 19(2). രാജ്യമെമ്പാടും മോദി സര്‍ക്കാര്‍ രാജ്യദ്രോഹ കേസില്‍ കുടുക്കി ആളുകളെ ജയിലിലാക്കുന്ന പ്രവണത വര്‍ധിപ്പിച്ചപ്പോള്‍ 2022ല്‍ ഇനി സെഡിഷന്‍ ലോ ഉപയോഗിച്ച് അതായത് ദേശദ്രോഹം ചുമത്തി ആരേയും വിചാരണ ചെയ്യേണ്ടതില്ലെന്ന് സുപ്രിം കോടതി പറയുകയും കൊളോണിയല്‍ കാലത്ത് തുടങ്ങിയ സെക്ഷന്‍ 124(എ) റദ്ദാക്കുകയും ചെയ്തിരുന്നു. അതായത് രാജ്യം ഭരിക്കുന്നവരേയും പാര്‍ട്ടിയേയും കുറിച്ച് ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അത് രാജ്യദ്രോഹമാകില്ലെന്ന താക്കീതായിരുന്നു സുപ്രീം കോടതിയുടെ ആ നീക്കം.
കൊളോണിയല്‍ കാലത്ത് സ്വാതന്ത്ര്യസമരത്തിനിറങ്ങുന്നവരുടെ പ്രസംഗവും എഴുത്തും ലഘുലേഖയും തടയുന്നതിനായി ബ്രിട്ടീഷുകാരും രാജ്ഞിയും ഉപയോഗിച്ചതായിരുന്നു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A. അതായത് തങ്ങള്‍ക്കെതിരെ നാവാടുന്നവരുടെ ശബ്ദം ഉയരാതിരിക്കാന്‍ ചമച്ച വകുപ്പ്. പില്‍ക്കാലത്ത് അതായത് സ്വാതന്ത്രാനന്തര ഇന്ത്യയില്‍ രാജ്യദ്രോഹ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയും ഇതിന്റെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യപ്പെട്ടു. കേദാര്‍ നാഥ് v/s സ്റ്റേറ്റ് ഓഫ് ബീഹാര്‍ എന്ന കേസ് 1962ലെ കേസില്‍ 5 അംഗ ബെഞ്ച് ഈ വ്യവസ്ഥ ശരിവയ്ക്കെുകയും സര്‍ക്കാര്‍ ഈ വകുപ്പ് പുനരാലോചിക്കുന്നതുവരെ 124എ വകുപ്പ് താത്കലികമായി നിലനിര്‍ത്തിക്കൊണ്ട് വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ രാജ്യദ്രോഹ കേസുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ബിജെപി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം 124 (എ) മോദിയ്ക്കും ഭരണത്തിനുമെതിരെ പറയുന്ന എല്ലാവര്‍ക്കുമെതിരെ എടുത്ത് ഉപയോഗിക്കുകയും അത് വ്യാപകമായി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇത് പോലൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടുണ്ടായിരുന്നില്ല. അതിനാലാണ് 2022ല്‍ സര്‍ക്കാര്‍ ഈ വകുപ്പ് ഇനിയെടുത്ത് പ്രയോഗിക്കേണ്ടെന്ന നിലപാടില്‍ കോടതി അത് റദ്ദ് ചെയ്യുകയും 2023 സെപ്റ്റംബറില്‍, രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി കുറഞ്ഞത് 5 ജഡ്ജിമാരുടെ ഒരു വലിയ ബെഞ്ചിലേക്ക് റഫര്‍ ചെയ്തു.
പുനഃപരിശോധനാ കാലയളവില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലുള്ളതാണെന്നും നിലവിലെ കാലഘട്ടത്തിന് ഈ നിയമം അനുയോജ്യമല്ലെന്നും നിയമത്തെ വിലയിരുത്തുന്ന പ്രക്രിയയിലാണ് തങ്ങളെന്നും മോദി സര്‍ക്കാര്‍ സമ്മതിച്ചു. പിന്നീട് 2023 ല്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത പുതിയ ബില്‍ അവതരിപ്പിക്കവെ ആഭ്യന്തര മന്ത്രി പഴയ കര്‍ക്കശമായ രാജ്യദ്രോഹ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഴയ 124 എയ്ക്ക് പകരം വന്ന ഭാരതീയ ന്യായ സംഹിതയിലെ ആക്ട് 150 ചില കാര്യങ്ങളില്‍ കൃത്യമായ മാറ്റം വരുത്തിയത് സുപ്രീം കോടതിയും പ്രതിപക്ഷവും കണ്ണുതുറന്ന് ഇരിക്കുകയാണെന്നത് കൊണ്ടാണ്. IPC-യുടെ 124 A വകുപ്പ് സര്‍ക്കാരിനോടുള്ള വെറുപ്പ് അല്ലെങ്കില്‍ അവജ്ഞ ഉണ്ടാക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതാണ്. ഇതാണ് മോദി സര്‍ക്കാര്‍ തങ്ങളുടെ ഭരണകാലയളവില്‍ കൂടുതല്‍ ആളുകളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചത്. ബിഎന്‍എസില്‍ ഈ വാക്കുകള്‍ ഒഴിവാക്കാന്‍ ബിജെപി നിര്‍ബന്ധിതരായി. പകരം, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും മനഃപൂര്‍വ്വമോ അറിഞ്ഞോ വാക്കുകളിലൂടെയോ, എഴുതിയോ പറഞ്ഞോ അടയാളങ്ങളിലൂടെയോ ദൃശ്യ പ്രതിനിധാനത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ സാമ്പത്തിക മാര്‍ഗങ്ങളുടെ ഉപയോഗത്തിലൂടെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍, വിഘടനം അല്ലെങ്കില്‍ സായുധ കലാപം അല്ലെങ്കില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കുകയോ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുകയോ, വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയോ അഖണ്ഡതയെയോ അപകടപ്പെടുത്തുകയോ ചെയ്താല്‍, അല്ലെങ്കില്‍ അത്തരം പ്രവൃത്തിയില്‍ സഹായകമാകുന്ന തരത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍, ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ ശിക്ഷിക്കപ്പെടാം, കൂടാതെ പിഴയും ലഭിക്കും.
ഈ തരത്തിലേക്ക് നിയമം പുതിയ രീതിയില്‍ മാറ്റി എഴുതി. രാജ്യദ്രോഹം എന്ന വാക്ക് ഒഴിവാക്കിയെന്നോ ഒഴിവാക്കേണ്ടി വന്നെന്നോ പറയാം. അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നതായി ആക്ട് 150ന്റെ കാതല്‍. ഇത്തരത്തില്‍ ഒരു മാറ്റത്തിലേക്ക് എത്തിയതിന് പിന്നില്‍ സുപ്രീം കോടതിയുടെ കാര്യമായ ഇടപെടല്‍ ഉണ്ടായി എന്നത് വസ്തുതയാണ്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിയുടെ ഹര്‍ജിയില്‍ ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് സുപ്രീം കോടതി ഊന്നിപ്പറയുന്ന കാര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളില്‍ ഈ കെട്ടകാലത്ത് പ്രതീക്ഷയാകുന്നത്. ഒരാള്‍ പറയുന്നത് തനിക്ക് ഇഷ്ടമായില്ലെന്ന കാരണത്താല്‍ അയാളുടെ അത് പറയാനുള്ള സ്വാതന്ത്ര്യം റദ്ദ് ചെയ്യാനാവില്ലെന്ന്. അതായത് വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ ഉടനെ ഒരാളെ പിടിച്ച് അകത്തിടാനാവില്ല ഒരു സര്‍ക്കാരിനും എന്ന്.
ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള അവകാശങ്ങളെ ആര്‍ട്ടിക്കിള്‍ 19(2) ഉപയോഗിച്ച് തടയാന്‍ ശ്രമിക്കരുതെന്ന താക്കീതും സുപ്രീം കോടതി നല്‍കുന്നുണ്ട്. അതാണ് ഇവിടെ പ്രസക്തം. രാജ്യദ്രോഹം പോലെ സര്‍ക്കാരിന്റെ അല്ലെങ്കില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന് ദുരുപയോഗിക്കാനുതകുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 19 സെക്ഷന്‍ 2. ദേശീയ സുരക്ഷ, ക്രമസമാധാനം, മാന്യത, ധാര്‍മ്മികത, മറ്റ് അസാധാരണ സാഹചര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി (ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഉറപ്പുനല്‍കുന്നു സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാരിന് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2). ഇത് തോന്നിയപോല്‍ എടുത്ത് ഉപയോഗിക്കരുതെന്നാണ് ഗുജറാത്ത് പൊലീസിന്റെ കോണ്‍ഗ്രസ് എംപിയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിയതിലൂടെ സുപ്രീം കോടതി പറയുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ‘ഏ ഖൂന്‍ കേ പ്യാസേ ബാത് സുനോ’ എന്ന കവിതയുടെ പേരിലാണ് ഇമ്രാനെതിരെ ഗുജറാത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കുന്ന തരത്തിലുള്ള ഗാനമാണ് ഇമ്രാന്‍ പങ്കുവച്ചതെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് എംപിയ്ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ പൊലീസ് അമിതാവേശം കാണിച്ചുവെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ അഭയ് എസ് ഓഖയും ഉജ്ജല്‍ ഭുയാനും നിരീക്ഷിച്ചു. സംസാരത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് യുക്തസഹമായ കാര്യങ്ങള്‍ക്ക് വേണ്ടിയാകണമെന്നും കോടതി പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ അഭിപ്രായം പറയാനും അതിനെ എതിര്‍ക്കാനുമുള്ള സ്വാതന്ത്യമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പരമോന്നത കോടതി ചിലര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകാന്‍ ഒരു ക്ലാസ് കൂടിയാണ് എടുത്തത്. ഇത്തരത്തിലാണ് ആ വാക്കുകള്‍.
വ്യക്തികളോ വ്യക്തികളുടെ കൂട്ടമോ സ്വതന്ത്രമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു പരിഷ്‌കൃത സമൂഹത്തില്‍ അവിഭാജ്യ ഘടകമാണ്. ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യമില്ലാതെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മാന്യമായ ജീവിതം നയിക്കുക അസാധ്യമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍, ഒരു വ്യക്തിയോ വ്യക്തികളുടെ കൂട്ടമോ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളെയോ ചിന്തകളെയോ നേരിടേണ്ടത് മറ്റൊരു ആശയം പ്രകടിപ്പിച്ചുകൊണ്ടാവണം. ഒരാള്‍ പറയുകോയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന അഭിപ്രായങ്ങള്‍ ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ആ വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. കവിത, നാടകം, സിനിമ, ആക്ഷേപഹാസ്യം, കല എന്നിവയുള്‍പ്പെടെയുള്ള സാഹിത്യങ്ങള്‍ മനുഷ്യജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നടപ്പിലാക്കാനും കോടതികള്‍ ബാധ്യസ്ഥരാണ്. ചിലപ്പോള്‍ ജഡ്ജിമാരായ നമുക്ക് പോലും ഒരാള്‍ സംസാരിക്കുന്നതോ എഴുതുന്നതോ ആയ വാക്കുകള്‍ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ, ആര്‍ട്ടിക്കിള്‍ 19(1) പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മുടെ കടമയാണ്. ഭരണഘടനയും അതത് ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യതയും ജഡ്ജിമാരായ നമുക്ക് ഉണ്ട്.
മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടേണ്ടത് കോടതിയുടെ കടമയാണ്. പ്രത്യേകിച്ച്, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ എല്ലാ കരുത്തോടേയും സംരക്ഷിക്കാന്‍ ഭരണഘടനാ കോടതികള്‍ മുന്‍പന്തിയില്‍ നില്‍ക്കണം. എല്ലാ ലിബറല്‍ ഭരണഘടനാ ജനാധിപത്യത്തിലും പൗരന്മാര്‍ക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമായ സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉള്‍പ്പെടെന്നു മൗലികാവകാശങ്ങള്‍ എപ്പോഴും സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നതിലേക്കായിരിക്കണം കോടതികള്‍ ഏറ്റവും കഠിനാദ്ധ്വാനം ചെയ്യേണ്ടത്. ഭരണഘടനയും ഭരണഘടനയുടെ ആദര്‍ശങ്ങളും ചവിട്ടിമെതിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണ്.