സെലിബ്രിറ്റി സംസ്‌കാരം മുതല്‍ സൈബര്‍ബാല്‍ക്കനൈസേഷന്‍ വരെ: ലിബറല്‍ വര്‍ഗ്ഗത്തിന്റെ മരണപാതകള്‍

ക്രിസ് ഹെജസ് എഴുതിയ ‘ഡെത് ഓഫ് ദ ലിബറല്‍ ക്ലാസ്സ്’ എന്ന പുസ്തകത്തിന്റെ വായന – 2

ക്രിസ് ഹെജസ് ഈ ഗ്രന്ഥം എഴുതിക്കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖ ഇന്ത്യന്‍ ദാര്‍ശനികനായ ഐജാസ് അഹമ്മദ് ഇന്ത്യന്‍ ലിബറല്‍ വര്‍ഗ്ഗത്തിന്റെ ചാഞ്ചാട്ടത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതുകയുണ്ടായി.

‘ഇന്ത്യ: ലിബറല്‍ ഡെമോക്രസി ആന്റ് ദ എക്സ്ട്രീം റൈറ്റ്’ (2016) എന്ന ഈ ലേഖനം 2014ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പ്രവചനാത്മകമായി വിലയിരുത്തുന്ന ഒന്നാണെന്ന് പറയാം. പ്രസ്തുത ലേഖനത്തില്‍ നിന്നുള്ള ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

”കഴിഞ്ഞ കാല്‍നൂറ്റാണ്ടായി – 1990 മുതല്‍ 2015 വരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന പാത, പ്രത്യേകിച്ച് 2014-ലെ തെരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ വ്യക്തതയിലേക്ക് വരുമ്പോള്‍- അത് സ്ഥിരമായ വലതുപക്ഷത്തിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് നമുക്ക് പറയാം…. ലിബറല്‍ കേന്ദ്രത്തിലേക്ക് അടുക്കുന്നത് വലതുപക്ഷമല്ല… മറിച്ച് വലതുപക്ഷത്തേക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുന്നത് ലിബറല്‍ കേന്ദ്രമാണ്.

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം ചരിത്രപരമായി അഭൂതപൂര്‍വമായ ഒരു പ്രക്രിയയിലൂടെ കടന്നുപോകുന്നതായി തോന്നുന്നു: ലിബറല്‍ ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപന മാനദണ്ഡങ്ങളും പാലിക്കാനുള്ള പ്രതിബദ്ധതയോടെ, സംസ്‌കാരം, സമൂഹം, പ്രത്യയശാസ്ത്രം, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വിശാലമായ മേഖലകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തീവ്ര വലതുപക്ഷത്തിന്റെ അപ്രതിരോധ്യമായ ഉയര്‍ച്ച.

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വിപ്ലവങ്ങള്‍ക്ക് പതിവായിരുന്നതുപോലെ, മുന്നണി പിടിച്ചെടുക്കലിലൂടെയല്ല, മറിച്ച് സ്ഥാപനങ്ങളെ കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ട്, ആ സ്ഥാപനങ്ങളെ ഉള്ളില്‍ നിന്ന് ക്ഷമയോടെ രൂപകല്‍പ്പന ചെയ്ത് നിയമാനുസൃതമായി ഏറ്റെടുക്കുന്നതിലൂടെ.

‘സ്ഥാപനങ്ങളിലൂടെ ഒരു ലോംഗ് മാര്‍ച്ച്’ നടത്താനും സമ്പൂര്‍ണ്ണ ഭരണകൂട അധികാരം പിടിച്ചെടുക്കാനുമുള്ള ഈ ഇച്ഛാശക്തി വളരെ വ്യത്യസ്തമായ ഒരു ചോദ്യം ഉയര്‍ത്തുന്നു: ലിബറല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും തീവ്ര വലതുപക്ഷം ഭരണകൂടം ഏറ്റെടുക്കുന്നതിനും ഇടയില്‍ യഥാര്‍ത്ഥത്തില്‍ ഒരു പൊരുത്തപ്പെടുത്താനാവാത്ത വൈരുദ്ധ്യമോ, നികത്താനാവാത്ത വിടവോ ഉണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ലിബറല്‍ സ്ഥാപനങ്ങളിലൂടെ തീവ്ര വലതുപക്ഷത്തിന് ഭരിക്കാനും സ്വന്തം അജണ്ട പിന്തുടരാനും കഴിയുമോ?”

പ്രൊഫ. ഐജാസ് അഹമ്മദ് ഏതാണ്ട് ഒരു പതിറ്റാണ്ട്കാലം മുമ്പ് ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരം ഇന്ന് അതിന്റെ എല്ലാ പ്രകടനാത്മകതയോടും കൂടി നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുന്നു. ഇന്ത്യയിലെ ലിബറല്‍ സ്ഥാപനങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ തീവ്രവലതുപക്ഷം കയ്യടക്കിക്കഴിഞ്ഞുവെന്ന് മാത്രമല്ല, മൂന്നാം തവണയും അധികാരത്തിലേറിയ സംഘപരിവാര്‍ ഭരണകൂടം ഇന്ത്യന്‍ ലിബറല്‍ വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും കയ്യൊഴിയുകയും ചെയ്തിരിക്കുന്നു.

അദാനി എന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കി ഭരണത്തോട് സന്ധിചെയ്തുകൊണ്ട്, തങ്ങള്‍ നട്ടുനനച്ച് പരിപാലിച്ചുപോന്ന ലിബറല്‍ സ്ഥാപനങ്ങിലുള്ള എല്ലാ ആശകളും സ്വാധീനവും നഷ്ടപ്പെട്ട്, ചോദ്യം ചെയ്യലുകളില്ലാത്ത, കീഴടങ്ങലിന്റെ ശരീരഭാഷ സ്വായത്തമാക്കിക്കഴിഞ്ഞ, സ്വയം മൃത്യുവിന്റെ പാതയിലേക്ക് നടന്നുകയറിക്കൊണ്ടിരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ത്യന്‍ ലിബറല്‍ വര്‍ഗ്ഗം.

കോര്‍പ്പറേറ്റുകളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ അകപ്പെട്ടു കഴിഞ്ഞ ലിബറല്‍ വര്‍ഗ്ഗം, മനുഷ്യരെക്കാള്‍ സാമ്പത്തിക ശാസ്ത്രവും വിപണിയും ആയിരിക്കണം രാഷ്ട്രീയവും സാമ്പത്തികവുമായ പെരുമാറ്റത്തെ നയിക്കേണ്ടതെന്ന കോര്‍പ്പറേറ്റ് മന്ത്രത്തെ സ്വാംശീകരിച്ചുകഴിഞ്ഞെന്നും സ്വതന്ത്ര വിപണി മുതലാളിത്തമെന്ന ഒട്ടും ലിബറല്‍ അല്ലാത്ത ഒരു വിശ്വാസ സമ്പ്രദായം, ലിബറല്‍ ചിന്തയെ പുനര്‍നിര്‍വചിച്ചുവെന്നും ഹെജസ് വിശദീകരിക്കുമ്പോള്‍ (liberal defectors, p-203) പുതുകാല ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഒരു ചിത്രം കൂടി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഹെജസ് വിശദീകരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് ഭിന്നമായി വിശ്വാസത്തെയും ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും കൂട്ടുപിടിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഭൂമിക വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ തീവ്രവലതുപക്ഷത്തിന് സാധിച്ചുവെന്നത് കൂടി ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്.

സൈബര്‍ബാല്‍ക്കനൈസേഷന്‍ (cyberbalkanization) എന്ന പ്രക്രിയയെക്കുറിച്ച് ഹെജസ് അല്‍പ്പം വിശദമായിത്തന്നെ തന്റെ ഗ്രന്ഥത്തില്‍ വിലയിരുത്തുന്നുണ്ട്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഡയലോഗുകളുടെ അനന്തസാധ്യതകളെയും, സാംസ്‌കാരികമായ അതിരുകളുടെ ലംഘനങ്ങളെയും, ജനാധിപത്യത്തിന്റെ വിശാല തുറവികളെയും സംബന്ധിച്ച അതിമനോഹരമായ സ്വപ്നങ്ങള്‍ കേവലം ഉട്ടോപ്യനായ ഒരു ആശയം മാത്രമാണെന്നു ഇന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പരസ്പര ശത്രുതയോടെ പ്രവര്‍ത്തിക്കുന്ന, ഇതര വിഭാഗങ്ങള്‍ക്ക് പ്രവേശനം സാധ്യമാകാത്ത, വെര്‍ച്വല്‍ ഗോത്ര ഗ്രൂപ്പുകളുടെ സൃഷ്ടി ഇന്ന് ഒരു അനായാസ സംഗതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സൈബര്‍ബാല്‍ക്കനെസേഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്രിയ അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയാല്‍ നയിക്കപ്പെടുന്ന പുതിയൊരുതരം സൈബര്‍ ഗോത്രങ്ങളുടെ സൃഷ്ടിയെ ത്വരിതപ്പെടുത്തുന്നു.

അജ്ഞാതശരീരികളായ ഈ സൈബര്‍ ചേരികള്‍ ആശയവിനിമയത്തിനും സംഭാഷണങ്ങള്‍ക്കും പകരം പുതിയൊരു അസംബന്ധ ഭാഷയിലൂടെ ജനക്കൂട്ടത്തെ എപ്പോഴും പ്രകോപിതരായി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളോട്, കുടിയേറ്റ സമൂഹത്തോട്, അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളോട് വെറുപ്പിന്റെ വഴി സ്വീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. അതിനായി അവര്‍ സ്വീകരിക്കുന്ന-ചരിത്രത്തോടോ, വസ്തുതകളോടോ, ധാര്‍മ്മികതകളോടോ ഒട്ടും നീതിപുലര്‍ത്താത്ത- അസംബന്ധ ഭാഷയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും സമൂഹത്തിന്റെ അടിത്തട്ടിലുള്ള വിഭാഗങ്ങള്‍തന്നെയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. സൈബര്‍ ബാല്‍ക്കനൈസേഷന്റെ ഈ പുതുപ്രവണതയെക്കുറിച്ച്, അതിന്റെ സൂക്ഷ്മവഴികളെക്കുറിച്ച് ഹെജസ് വിശദീകരിക്കുമ്പോള്‍ അത് നിലവിലെ ഇന്ത്യനവസ്ഥകളെ സംബന്ധിച്ച വിശകലനമായി നമുക്ക് അനുഭവപ്പെട്ടേക്കാം.

സൈബര്‍ബാല്‍ക്കനൈസേഷന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ തീവ്രവലതുപക്ഷമല്ലാതെ മറ്റാരുമല്ലെന്ന് നമുക്കറിയാം. സോഷ്യല്‍ മീഡിയകള്‍ക്കായി ഇത്രയേറെ പണവും സമയവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നത് ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികളാണെന്നതും അതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അവര്‍ എങ്ങിനെയാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും നമുക്കറിയാം.

അമേരിക്കന്‍-ഇന്ത്യന്‍ ലിബറല്‍ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ ചില വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടിയും ഹെജസ് വിശദീകരിക്കുന്ന അമേരിക്കന്‍ ലിബറല്‍ ക്ലാസ്സിന്റെ മരണം ഇന്ത്യ കടന്നുപോകുന്ന വര്‍ത്തമാന സാഹചര്യങ്ങളുടെ കൂടി വിശകലനമായി മാറുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

Latest Stories

MI VS RCB: ഈ ശിവനും ശക്തിയും ചേർന്നാൽ മാസ് ഡാ, വൈറലായി താരങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോ; വൈബ് തിരിച്ചുവന്ന സന്തോഷത്തിൽ ക്രിക്കറ്റ് പ്രേമികൾ

MI VS RCB: രോഹിത് കണക്കിലെ കളികൾ പഠിപ്പിക്കുകയാണ് കുട്ടികളെ, മോശം ഫോമിൽ ആണെങ്കിലും ഈ ഹിറ്റ്മാൻ കാണിക്കുന്ന സ്ഥിരത അസാധ്യം എന്ന് ആരാധകർ; നോക്കാം രോഹിത് മാജിക്ക്

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍

MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം