ഗൗരിയെ പേടിച്ച ഹിന്ദുത്വ ഭീകരത, ഇരുട്ടിന്റെ മറവിലെ മൂന്ന് വെടിയുണ്ടകള്‍

കാവി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗൗരി ലങ്കേഷ് ചിന്തിയ ചോരയ്ക്ക് ആറാണ്ട്

ഗൗരി ലങ്കേഷ്, ആ പേര് ഊതി ഊതി കത്തുന്ന ഒരു തീക്കനലാണ് ഇന്ത്യന്‍ ഹൃദയത്തില്‍. വെറുപ്പിന്റെ രാഷ്ട്രീയക്കാരുടെ കാവി ഭീകരതയ്‌ക്കെതിരെ പടനയിച്ച് മരണത്തിലും ഹിന്ദുത്വയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ധീര രക്തസാക്ഷി. ഗൗരി ലങ്കേഷിന്റെ മെല്ലിച്ച ശരീരത്തില്‍ ഇരുട്ടിന്റെ മറവില്‍ നിന്നെത്തി പോയന്റ് ബ്ലാങ്കില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ഉതിര്‍ത്തത് 7 വെടിയുണ്ടകളാണ്, അതില്‍ മൂന്നെണ്ണം ഗൗരിയില്‍ തറഞ്ഞു കയറി. ആറാണ്ട് പിന്നിടുന്ന ആ രക്തസാക്ഷിത്വത്തിന്, ഇന്നും വിചാരണ നീണ്ടു പോവുകയാണ്. വലതുപക്ഷ തീവ്ര ഹിന്ദുത്വത്തെ ഊട്ടിഉറപ്പിക്കുന്ന, അതിനെ മുതലെടുത്ത് കരുത്താര്‍ജ്ജിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍, ജീവനുള്ളിടത്തോളം കാലം ഹിന്ദുത്വത്തിലൂന്നിയ ബിജെപിക്കെതിരെ തൂലിക ചലിപ്പിച്ച ഗൗരിയ്ക്ക് അര്‍ഹിച്ച നീതി കിട്ടുക എളുപ്പമല്ല. വിചാരണയുടെ മെല്ലപ്പോക്കിനെതിരെ ഗൗരി ലങ്കേഷിന്റെ കുടുംബം അതൃപ്തി അറിയിക്കുന്നത് 5 വര്‍ഷം മുമ്പ് കുറ്റപത്രം നല്‍കിയിട്ടും കേസ് ഇഴഞ്ഞുനീങ്ങുന്നതിനാലാണ്. 2022 മാര്‍ച്ചില്‍ തുടങ്ങിയ വിചാരണക്കിടയില്‍ 3 ജഡ്ജുമാരാണ് മാറിയത്. 530 സാക്ഷികളില്‍ 83 പേരെ മാത്രമാണ് വിസ്തരിച്ചത്.

ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍, ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഗൗരി ലങ്കേഷ് എന്ന് 55കാരി രാഷ്ട്രീയ ആക്ടിവിസ്റ്റായ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം രാജ്യത്തെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മുന്നില്‍ ചോദ്യ ചിഹ്നമായി ആറ് ആണ്ട് പിന്നിടുമ്പോഴും ഇന്നുമുണ്ട്.

ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഞാന്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു. ഹിന്ദുധര്‍മത്തിന്റെ ഭാഗമായി ജാതി വ്യവസ്ഥ ഊട്ടിയുറപ്പിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. ഹിന്ദു ധര്‍മത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു.

ഗൗരിയുടെ വാക്കുകളും ലേഖനങ്ങളും ഇത്തരത്തില്‍ കാവി രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നതായിരുന്നു എല്ലാക്കാലവും. ഗൗരിയെ കൊന്നത് ഹിന്ദുത്വ ഭീകരതയുടെ പലപേരുകളില്‍ ഒന്നായ സനാതന്‍ സന്‍സ്ത എന്ന സംഘടനയിലെ അംഗങ്ങളാണ്. ‘ഈവന്റ്’ എന്ന രഹസ്യ നാമത്തില്‍ ഗൗരിക്കുള്ള തോക്ക് മിനുക്കിയെടുക്കുകയായിരുന്നു ആ കാവിസംഘടന. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പാന്‍സരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിങ്ങനെ ഹിന്ദുത്വ ഭീകരവാദത്തെ എതിര്‍ത്ത പുരോഗമന ആശയങ്ങള്‍ പങ്കുവെച്ച ആക്ടിവിസ്റ്റുകളെയെല്ലാം കൊന്നൊടുക്കിയ 7.65 എം.എം തോക്ക് തന്നെയായിരുന്നു ഗൗരിയെയും ഇല്ലാതാക്കിയത്. രാജ്യത്തുടനീളം ഗൗരിയുടെ ഘാതകരെ പിടികൂടാന്‍ പ്രക്ഷോഭമുയര്‍ന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ പതിനെട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പരശുറാം വാഗ്മര്‍ എന്ന തീവ്ര ഹിന്ദുത്വവാദിയായ സനാതന്‍ സന്‍സ്തക്കാരാനാണ് ഗൗരിയെ വെടിവെച്ചതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. ശ്രീറാം സേന, സനാതന്‍ സന്‍സ്ത എന്നിവയുമായി ബന്ധമുണ്ടായിരുന്ന 25 കാരനായ പരശുറാം വാഗ്മറെയെ എസ്ഐടി സംഘം പിടികൂടിയതോടെ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് കൃത്യമായ നിര്‍ദ്ദേശപ്രകാരമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. 2018 മെയ് 30 നും നവംബര്‍ 23നുമായി 9325 പേജുള്ള രണ്ട് കുറ്റപത്രങ്ങള്‍ അന്വേഷണ സംഘം സമര്‍പ്പിച്ചു. പക്ഷേ ജഡ്ജികള്‍ മാറി മാറി വന്നും മറ്റുമായി വിചാരണയങ്ങനെ ഇഴഞ്ഞു നീങ്ങുകയാണ്

ഭയപ്പെടുത്തി നിശബ്ദയാക്കാനാകില്ലെന്ന് അറിഞ്ഞ് ഇല്ലാതാക്കാന്‍ കച്ചകെട്ടി ഇറങ്ങുകയായിരുന്നു റൈറ്റ് വിങ് ഹിന്ദുത്വയുടെ ആള്‍രൂപങ്ങള്‍. ബിജെപിക്കെതിരായും ബിജെപിയുടെ അസംഖ്യം പരിവാര സംഘടനകള്‍ക്കും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കുമെതിരായി സമരസപ്പെടാനാവാതെ സന്ധിയില്ലാതെ പോരാടിയ ഗൗരി ലങ്കേഷിനെ ഭൂമിയ്ക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് ഭരണചക്രത്തില്‍ സ്വാധീനമുള്ളവര്‍ തിട്ടൂരമിട്ടപ്പോള്‍ സ്വന്തം വീട്ടില്‍ ഗൗരി കൊല ചെയ്യപ്പെട്ടു.

2017 സെപ്തംബര്‍ 5ന് രാത്രി എട്ടു മണിക്ക് കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള രാജ് രാജേശ്വരി നഗറിലെ വീട്ടില്‍ തിരിച്ചെത്തിയ ഗൗരി ലങ്കേഷിനെ കാത്ത് ഇരുളിന്റെ മറവില്‍ അവരുണ്ടായിരുന്നു. വാതില്‍ തുറക്കും മുമ്പ് ഗൗരിയെ ലക്ഷ്യമിട്ട് പോയന്റ് ബ്ലാങ്കില്‍ വെടിയുണ്ടകള്‍ പാഞ്ഞെത്തി. മരണം ഉറപ്പിക്കാനായി തൊടുത്ത 7 വെടിയുണ്ടകളില്‍ മൂന്നെണ്ണം ഗൗരിയില്‍ തറഞ്ഞുകയറിയിരുന്നു, അതിലൊന്ന് നെഞ്ചിലും ഒരെണ്ണം തലയിലും കൊണ്ടുകയറിയ ഗൗരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്വന്തം വീട്ടില്‍ ഊണ് മേശക്കരികില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗിക്ക് പിന്നാലെ ഗൗരിയും ഹിന്ദുത്വ ഭീകരതയുടെ തോക്കിന് മുന്നില്‍ ചോരയിറ്റു വീണു. കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞവരുടെ തൂലികയ്ക്ക് ഇന്നും ചുവപ്പ് നിറമാണ്.

ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഗൗരിയുടെ തൂലിക തുമ്പില്‍ നിന്നൂര്‍ന്ന മഷിക്ക് ബിജെപി- ആര്‍എസ്എസ്- സംഘപരിവാര രാഷ്ട്രീയത്തെ ചുട്ടുപൊള്ളിക്കാനുള്ള കരുത്തുണ്ട്. ഗൗരി ലങ്കേഷ് ചോര ചുവപ്പില്‍ എഴുതി ചേര്‍ത്ത ചരിത്രത്തില്‍ ഹിന്ദുത്വ ഭീകരതയുടെ മുഖംമൂടി അഴിഞ്ഞുവീണിട്ടുണ്ട്. തങ്ങളുടെ പ്രത്യയ ശാസ്ത്രത്തെ എതിര്‍ക്കുന്നവരെ കൊന്നുതള്ളാന്‍ മടിയില്ലാത്ത കൂട്ടമാണ് തങ്ങളെന്ന് ഗൗരിയടക്കം ഒട്ടനവധി പേരുടെ ചോര വീഴ്ത്തി തെളിയിച്ചിട്ടുണ്ട് കാവി ഭീകരത. അത്തരത്തില്‍ ഭയം വിതയ്ക്കുന്ന ഒരു കൂട്ടമാളുകളെ എവിടെ ഇരുത്തണമെന്ന് കൃത്യമായി ജനം തീരുമാനിക്കുന്ന കാലത്തേക്ക് നാട് മുന്നേറാന്‍ ജനാധിപത്യത്തില്‍ പ്രതീക്ഷ വെച്ചവരാണ് ആ കൊലക്കത്തിക്ക് ഇരയായവരെല്ലാം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി