ഹരിയാനയിലെ ഗോദയില്‍ കോണ്‍ഗ്രസിനായി വിനേഷ് ഫോഗട്ടും; തറ പറ്റുമോ മോദിയുടെ കാവിപ്പട?, തിരിച്ചുവരാന്‍ 18 അടവും പയറ്റി കോണ്‍ഗ്രസ്

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ സര്‍ക്കാര്‍ വീഴുമോയെന്ന് പേടിച്ച് ഹരിയാനയില്‍ താമരതണ്ടൊടിയാതെ കാക്കാനുളള ശ്രമമായിരുന്നു ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായത്. അട്ടിമറിക്കാന്‍ താല്‍പര്യമില്ലാതെ ഉടന്‍ വരുന്ന തിരഞ്ഞെടുപ്പിനായി കാത്തിരുന്ന കോണ്‍ഗ്രസ് തന്ത്രമാണ് കാലാവധി പൂര്‍ത്തിയാക്കാന്‍ നായബ് സിങ് സെയ്‌നിയുടെ സര്‍ക്കാരിനെ അനുവദിച്ചത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാന്‍ തയ്യാറായതും ബിജെപിയ്‌ക്കൊപ്പമുണ്ടായ സ്വതന്ത്രര്‍ കൈവിട്ടതും ചില്ലറ പൊല്ലാപ്പല്ല ഹരിയാനയില്‍ കാവിപ്പാര്‍ട്ടിയ്ക്കുണ്ടാക്കിയത്. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടെത്തിയ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് പറഞ്ഞു. 10ല്‍ 10 2019ല്‍ ജയിച്ചു നിന്ന ബിജെപി 2024ല്‍ അഞ്ചിലേക്ക് കൂപ്പുകുത്തി. പൂജ്യത്തില്‍ നിന്ന് അഞ്ചിലേക്ക് കോണ്‍ഗ്രസ് കുതിച്ചു കയറി.

കര്‍ഷക സമരം കത്തി നിന്ന ഭൂമിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരുവായാണ് പലരും ഇത് വിലയിരുത്തുന്നത്. 2014ല്‍ മോദി ഫാക്ടര്‍ കളിച്ചയിടത്ത് ഒന്നുമല്ലാതായി പോയ കോണ്‍ഗ്രസ് 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വമ്പന്‍ പ്രകടനമാണ് ഹരിയാനയില്‍ നടത്തിയത്. 90 അംഗ നിയമസഭയില്‍ 31 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ഇക്കുറിയും ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂല മാറ്റമുണ്ടാകുമെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. നൂഹിലുണ്ടായ സംഘര്‍ഷവും കര്‍ഷക സമരത്തെ മര്‍ക്കട മുഷ്ടി ഉപയോഗിച്ച് നേരിട്ടതും ഹരിയാനയില്‍ ബിജെപിയെ തിരിഞ്ഞു കൊത്തും.

മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി സെയ്‌നിയെ മുഖ്യമന്ത്രിയാക്കി ഭരണവിരുദ്ധ വികാരം മാറ്റാനുള്ള ശ്രമമൊന്നും ബിജെപിയ്ക്ക് വലിയ ഗുണമുണ്ടാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കാക്കിയാണ് ഒബിസി വോട്ട് ലക്ഷ്യം വെച്ച് മനോഹര്‍ ലാല്‍ ഖട്ടാറിനെ മാറ്റി നായബ് സിങ് സെയ്നിയെ മോദി- ഷാ ടീം മുഖ്യമന്ത്രിയാക്കിയത്. ഭരണവിരുദ്ധ വികാരം ഒഴിവാക്കാനുള്ള ബിജെപി തന്ത്രമായി ഖട്ടറിന്റെ രാജിയെ പലരും തിരിച്ചറിഞ്ഞതും സെയ്നി സര്‍ക്കാര്‍ വന്നതോടെ പിന്തുണച്ചു നിന്ന സ്വതന്ത്രന്‍മാരും ബിജെപിയില്‍ നിന്ന് അകന്നതും ഹരിയാനയില്‍ വലിയ രാഷ്ട്രീയ ചലനമുണ്ടാക്കിയിട്ടുണ്ട്.

10 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഉയരുന്ന ഹരിയാനയില്‍ ഗുസ്തി ഗോദയിലെ പ്രശ്‌നങ്ങളും വൈകാരിക ചലനമുണ്ടാക്കിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയിലൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ കര്‍ഷകരെ അടിച്ചമര്‍ത്തിയത് മറന്നിട്ടില്ലാത്ത ഹരിയാനക്കാര്‍ക്ക് മുന്നില്‍ ഡല്‍ഹിയിലെ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ട ഗുസ്തി താരങ്ങളുമുണ്ട്. ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലപ്പത്തുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പോരാട്ടവും ഹരിയാന മറന്നിട്ടില്ല. ബ്രിജ് ഭൂഷണെന്ന ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന പ്രതിയെ പൊതിഞ്ഞു കാത്ത ബിജെപിയ്ക്ക് ഹരിയാനയില്‍ പലതിനും ഉത്തരം പറഞ്ഞേ മതിയാകു. വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക് മെഡല്‍ നഷ്ടമടക്കം വലിയ രോഷമുണ്ടാക്കിയ ഹരിയാനയില്‍ മൂന്നാം അങ്കം അത്ര സുഖകരമാവില്ല കാവിപ്പടയ്ക്ക്.

ഗുസ്തി താരങ്ങളുടെ സമരത്തിന് മുന്‍നിരയില്‍ നിന്ന വിനേഷ് ഫോഗട്ടും ബജ് രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിയ്ക്ക് തിരിച്ചടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വരുന്ന ഒക്ടോബറിലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഒക്ടോബര്‍ ഒന്നിന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിട്ടുണ്ട്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് മാറ്റം. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8ന് നടക്കും.

ഗ്രൂപ്പുവഴക്കുകൊണ്ട് താളംതെറ്റിയാണ് കോണ്‍ഗ്രസ് 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പി.സി.സി. പ്രസിഡന്റ് അശോക് തന്‍വര്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെന്ന പേരില്‍ വലിയ രീതിയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഒടുവില്‍ തന്‍വറിനെ തഴഞ്ഞു മുന്‍മുഖ്യമന്ത്രിയും പ്രമുഖ ജാട്ടുനേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ പ്രതിപക്ഷ നേതാവാക്കിയതാണ് 2019ല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത്. തിരഞ്ഞെടപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടത്തിയ തീരുമാനം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് തന്നെ കാരണമായി. തന്‍വറിന് വേണ്ടി ഹൂഡയെ മാറ്റി നിര്‍ത്തിയ ഹൈക്കമാന്‍ഡ് വൈകിയെങ്കിലും കാര്യം മനസിലാക്കി. തന്‍വറാകട്ടെ കാര്യം കഴിഞ്ഞപ്പോള്‍ ചാടി ബി.ജെ.പിക്കൊപ്പം പോയി. ഹൂഡയാണ് ഇപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ അമരത്ത്. രണ്‍ദീപ് സുരേജ് വാലയും കുമാരി സെല്‍ജയും പാര്‍ട്ടിയ്ക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് കാരണമായത് കോണ്‍ഗ്രസിന് തലവേദനയാണ്. പക്ഷേ വിനേഷ് ഫോഗട്ടിന്റെ വരവ് നല്‍കുന്ന മൈലേജ് വൈകാരിക തലത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് തര്‍ക്കങ്ങളെ മറികടക്കാനാകുമെന്ന് ഹൂഡയും ടീമും വിശ്വസിക്കുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം