ഹരിയാന ആവര്‍ത്തിക്കാന്‍ മഹാരാഷ്ട്രയില്‍ ബിജെപിക്കാകുമോ?; ശത്രുവിനെ നോക്കി തന്ത്രം മെനയല്‍

മഹാരാഷ്ട്ര പിടിക്കുക എന്നത് നരേന്ദ്ര മോദിയ്ക്കും കൂട്ടര്‍ക്കും അഭിമാനപ്രശ്‌നമാണ്. പണ്ട് കൂടെനിന്ന ശിവസേന താക്കറെ വിഭാഗം പിരിഞ്ഞുപോയതിന്റെ ഇടിവാണ് ഇക്കുറി വോട്ടില്‍ പ്രതിഫലിച്ചതെന്ന് പറയിപ്പിക്കാതിരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കാരണം കഴിഞ്ഞ കുറി തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിട്ട ശേഷമാണ് അടിയും തടയുമായി ബിജെപിയും ശിവസേനയും രണ്ടായത്. പിന്നാലെ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ശിവസേന മറാത്തയില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. പിരിച്ചു ഓപ്പറേഷന്‍ ലോട്ടസിറക്കിയും പിളര്‍ത്തിയും മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്തും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപി അധികാരം പിടിച്ച മഹാരാഷ്ട്രയില്‍ തുടര്‍ ഭരണം തന്നെയാണ് മോദിയും അമിത് ഷായും മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസും ലക്ഷ്യം വെയ്ക്കുന്നത്. മഹാരാഷ്ട്ര പോലെ തന്നെ ജാര്‍ഖണ്ഡും തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുന്നുവെങ്കിലും മോദിയുടേയും കൂട്ടരുടേയും പ്രഥമലക്ഷ്യം മഹാരാഷ്ട്രയാണ്.

ഹരിയാനയില്‍ ഭരണത്തുടര്‍ച്ച നേടി ബിജെപി മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റപ്പോഴും ബിജെപി ലക്ഷ്യം വെച്ചത് എന്‍ഡിഎ മുന്നണിയുടെ ശക്തി കാട്ടലാണ്. ഹാട്രിക് വിജയം നേടി ഹരിയാനയില്‍ റെക്കോര്‍ഡിട്ട ബിജെപിയുടെ ആത്മഹര്‍ഷം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വം ഒന്നടങ്കം പഞ്ച്കുലയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയും മുതിര്‍ന്ന നേതാക്കളും ഒപ്പം എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 18 മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഹരിയാനയില്‍ കളംപിടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഭരണത്തുടര്‍ച്ച മഹാരാഷ്ട്രയില്‍ നേടുകയെന്നതാണ് ബിജെപി ലക്ഷ്യംവെക്കുന്നത്. ആശംസകളറിയിച്ചെത്തിയ എന്‍ഡിഎ സഖ്യകക്ഷികളുടെ ലക്ഷ്യം വരാനാരിക്കുന്ന തിരഞ്ഞെടുപ്പിന്റെ തന്ത്രം മെനയലാണ്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ മെഗാ രാഷ്ട്രീയ ഒത്തുചേരല്‍ ബിജെപി എന്ന പാര്‍ട്ടി കരുത്താര്‍ജ്ജിക്കുന്നുവെന്ന് കാണിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയുടെ ശക്തിപ്രകടനമാണ് ഹരിയാനയില്‍ ഇന്ന് അരങ്ങേറിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ അജണ്ടകളില്‍ പ്രധാനം തിരഞ്ഞെടുപ്പാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മല്‍സരിച്ച് ഏറ്റവും കൂടുതല്‍ സീറ്റ് നേടുകയെന്നതാണ് ബിജെപി ലക്ഷ്യം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഒന്നാമതെത്തിയതിന്റെ ക്ഷീണം മാറ്റാന്‍ എതിരാളികളെ കണ്ടറിഞ്ഞാണ് തന്ത്രം മെനയല്‍. 288 അംഗ നിയമസഭയിലേക്ക് എന്‍ഡിഎ മുന്നണിയെന്ന മഹായുതിയായി മഹാരാഷ്ട്രയില്‍ മല്‍സരിക്കുന്ന ബിജെപി 155 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. അതായത് മഹായുതിയില്‍ ബിജെപി തന്നെയാണ് പ്രധാന സീറ്റുകളിലും ഏറ്റവും അധികം സീറ്റുകളിലും മല്‍സരിക്കുന്നത്. പണ്ട് മഹാരാഷ്ട്രയില്‍ വല്യേട്ടന്‍ മനോഭാവത്തില്‍ നിന്ന ശിവസേനയെ പിളര്‍ത്തി തങ്ങളുടെ മുന്നണിയിലെ ചെറിയ വിഭാഗമാക്കി മര്‍മ്മ പ്രധാന മേഖലകളെല്ലാം കയ്യടക്കിയാണ് മറാത്ത മണ്ണില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാന്‍ തയ്യാറെടുക്കുന്നത്.

ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ അടിത്തട്ടില്‍ തുടങ്ങി സോഷ്യല്‍ മീഡിയ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ മുമ്പത്തെ പോലെ തന്നെ ബിജെപി പണിതുടങ്ങിയിട്ടുണ്ട്. മറാത്ത പ്രക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഹരിയാന സ്ട്രാറ്റജിയില്‍ മറ്റുസമുദായ വോട്ടുകള്‍ ഏകീകരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് ജാട്ട് വോട്ടുകളില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഒബിസി വോട്ടുകളില്‍ നോട്ടം വെച്ചാണ് ഭരണവിരുദ്ധവികാരത്തെ ബിജെപി ഒതുക്കിയത്.

2019 തിരഞ്ഞെടുപ്പില്‍ 105 സീറ്റാണ് ബിജെപി മഹാരാഷ്ട്രയില്‍ നേടിയത്. ഭിന്നിക്കാത്ത ശിവസേന 56ഉം, ഭിന്നിക്കാത്ത എന്‍സിപി 41സീറ്റും നേടി. കോണ്‍ഗ്രസാകട്ടെ 44 സീറ്റുകളും. പക്ഷേ ജൂണില്‍ ഫലം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 ഇടത്ത് മല്‍സരിച്ച ബിജെപി 9 സീറ്റിലേക്ക് ഒതുങ്ങി പോയതാണ് പാര്‍ട്ടിയെ ആശയകുഴപ്പത്തിലാക്കുന്നത്. 14 സീറ്റാണ് കൈമോശം വന്നത്. കോണ്‍ഗ്രസാകട്ടെ ഒരു സീറ്റില്‍ നിന്ന് 13ലേക്ക് എത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കാനാണ് ബിജെപി തന്ത്രം മെനയുന്നത്. കോണ്‍ഗ്രസിന് 13 സീറ്റുകള്‍ ലഭിച്ച ലോക്സഭാ ഫലത്തില്‍ ശിവസേന (യുബിടി) വോട്ടര്‍മാരില്‍ പലര്‍ക്കും അതൃപ്തി ഉണ്ടത്രേ. ഈ അസ്വസ്ഥരായ ശിവസേന താക്കറെ അണികളെ കയ്യിലെടുക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ശിവസേന യുബിടിയിലും എന്‍സിപി ശരദ് പവാറിലും അസ്വസ്ഥരായവരുടെ വോട്ട് ഭിന്നിച്ചാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം കുറഞ്ഞാണെങ്കിലും വിജയിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഈ അതൃപ്തി വളര്‍ത്താനുതകുന്ന തരത്തില്‍ പിളര്‍ന്ന് നില്‍ക്കുന്ന വിഭാഗങ്ങളെ ഉണര്‍ത്തിവിടുന്നുമുണ്ട് ബിജെപി.

പ്രധാന ശിവസേന വോട്ടര്‍മാര്‍ ഒരിക്കലും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവരല്ല. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ശിവസേന (യുബിടി) മഹാവികാസ് അഘാഡി സഖ്യത്തിലായതിന്റെ പേരില്‍ വോട്ട് കൈമാറ്റം സഖ്യകക്ഷികള്‍ക്ക് വേണ്ടി നടത്തി. പാര്‍ട്ടി പറഞ്ഞ മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കിയതിനാല്‍ വിപരീതഫലം തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ല, അതുകൊണ്ടാണ് കോണ്‍ഗ്രസ് വളരെ മികച്ച രീതിയില്‍ പലയിടത്തും പ്രകടനം കാഴ്ചവെച്ചതെന്നാണ് ബിജെപി പറയുന്നത്. പക്ഷേ ബുദ്ധിമുട്ടുള്ള സീറ്റുകളില്‍ മത്സരിച്ച ശിവസേന (യുബിടി)ക്ക് പ്രതീക്ഷിച്ച പോലെ കോണ്‍ഗ്രസ് വോട്ടുകള്‍ ഗുണകരമായില്ലെന്ന ഒരു വിശകലനം ശിവസേനക്കാര്‍ക്ക് ഇടയിലുണ്ട്. ഇത് തങ്ങളുടെ നേട്ടത്തിന് ഉപകരിക്കുമെന്ന ബോധ്യത്തിലാണ് ബിജെപിയുടെ തന്ത്രം മെനയല്‍. ഈ ഭിന്നിപ്പിക്കല്‍ തന്ത്രം എത്രത്തോളം വിജയിക്കുമെന്നതിന് ആശ്രയിച്ചിരിക്കും പല സീറ്റുകളിലേയും മഹാവികാസ് അഘാഡിയുടേയും ബിജെപിയുടേയും വിജയം.

Read more