ഹിമന്തയുടെ പൊലീസും രാഹുലിന്റെ ന്യായ് യാത്രയും

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന അസം മുഖ്യമന്ത്രിഹിമന്തയ്‌ക്കെതിരെ പോരാടാനാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്റെ സന്ദേശം ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍എസ്എസിനേയും ബിജെപിയേയും ഭയക്കുന്നില്ല. നിങ്ങളെ അസമില്‍ ഞങ്ങള്‍ തോല്‍പ്പിക്കും. പൊലീസുദ്യോഗസ്ഥരായ നിങ്ങളോട് പോരടിക്കാനല്ല ഞങ്ങളിവിടെ വന്നത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞങ്ങളിവിടെ വന്നത് ഏറ്റവും വലിയ അഴിമതിക്കാരനായ സിഎം ഹിമന്തയ്‌ക്കെതിരായ പോരാട്ടത്തിനാണ്. ഈ വഴിയാണ് ബജ്‌റംഗിദള്‍ പോയത്, ബിജെപി മേധാവി ജെപി നഡ്ഡയുടെ റാലി പോയത്. പക്ഷേ കോണ്‍ഗ്രസിന് മാത്രം പോകാനാവില്ലെന്ന് പറയുന്നു. അതിനാലാണ് ആ ബാരിക്കേഡ് തൂക്കിയെറിഞ്ഞത്. ഞങ്ങള്‍ നിയമം കയ്യിലെടുക്കില്ല. ഞങ്ങള്‍ അസമില്‍ പ്രവേശിച്ചതുമുതല്‍, ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി തന്റെ ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ വാഹനവ്യൂഹങ്ങള്‍ക്കും സാധനസാമഗ്രികള്‍ക്കും നേതാക്കന്മാര്‍ക്കും നേരെ നിരന്തരമായ ആക്രമണം നടത്തുകയാണ്.

ഗുവാഹത്തിയില്‍ പൊലീസുകാരും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആശ്രിതരും കോണ്‍ഗ്രസുകാരെ നേരിട്ട രീതിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിച്ചത് മുതല്‍ നേരിടുന്ന തടസവാദങ്ങളും അനുമതി റദ്ദാക്കലും ബിജെപി പാളയത്തിലെത്തിയ പഴയ ഒരു കോണ്‍ഗ്രസുകാരന്റെ കൊതിക്കെറുവിന്റെ ബാക്കിപത്രമായാണ് കോണ്‍ഗ്രസുകാര്‍ കാണുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിരവധി തവണ മന്ത്രിയായി ഒടുവില്‍ പാര്‍ട്ടിയേയും തന്നെ വളര്‍ത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയേയും പിന്നില്‍ നിന്ന് കുത്തി ബിജെപി പാളയത്തിലെത്തിയ ഹിമന്ത ബിശ്വ ശര്‍മ്മ ബിജെപിക്കാരേക്കാള്‍ വലിയ കോണ്‍ഗ്രസ് വിരുദ്ധനായി മാറാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. അഴിമതി കേസുകള്‍ തന്നെ മൂടിയപ്പോഴാണ് നരേന്ദ്ര മോദി- അമിത് ഷാ ചൊല്‍പ്പടിക്ക് ഹിമന്ത 2015ല്‍ ബിജെപിയിലെത്തിയത്. ഇന്ന് അന്ന് ഉയര്‍ന്നുവന്ന ഇഡി കേസുകളില്‍ നിന്നെല്ലാം ഊരിപ്പോന്ന ഹിമന്ത മോദിയുടെ പ്രിയങ്കരനുമാണ്.

അങ്ങനെയുള്ളപ്പോഴാണ് പഴയ ബോസ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലേക്ക് എത്തുന്നത്. യാത്ര തടയാനും ആള്‍ക്കൂട്ടം ഇല്ലാത്ത മേഖലകളില്‍ മാത്രം യാത്ര നടത്താനുമുള്ള രീതിയില്‍ റൂട്ട് തിരിക്കാനുള്ള അസം മുഖ്യമന്ത്രിയുടെ ശ്രമം സംസ്ഥാനത്ത് കയ്യാങ്കളിയില്‍ കലാശിച്ചിരിക്കുകയാണ്.

രാഹുലിന്റെ യാത്ര ഗുവാഹത്തിയില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. നഗരത്തിന് പുറത്ത് പോലീസ് റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തെറിഞ്ഞു. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുന്‍നിശ്ചയിച്ച റൂട്ടുകളില്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് രാഹുലിന്റെ ന്യായ് യാത്ര നീങ്ങിയത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അയ്യായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പോലീസിനോട് നിര്‍ദേശിച്ചു.

ഇത് അസം സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും സമാധാനമുള്ള സംസ്ഥാനമാണ് അസമെന്നും പറഞ്ഞ ഹിമന്ത ഇത്തരം നക്‌സലൈറ്റ് തന്ത്രങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിന് അന്യമാണെന്ന് കൂടി പറയുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമൂലവും അച്ചടക്കമില്ലായ്മയും മൂലം ഗുവാഹത്തിയില്‍ വലിയ ഗതാഗതകുരുക്കു രൂപപ്പെട്ടതായും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് നിങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും നിങ്ങളുടെ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തെളിവായി ഉപയോഗിക്കാനും ഞാന്‍ അസം പോലീസ് ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇത്രയും പറഞ്ഞ ഹിമന്ത ന്യായ് യാത്ര അസമില്‍ കയറിയത് മുതലുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ചില്ലറൊയന്നുമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസ്വസ്ഥരെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നുണ്ടായ സംഘര്‍ഷം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയപാര്‍ട്ടി ബിജെപി മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ അസം മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസുകാരനുമായ ഹിമന്ത ബിശ്വ ശര്‍മ നയം നേരത്തെ വ്യക്തമാക്കിയതാണ്. അടുത്ത 10 വര്‍ഷത്തേക്കു നരേന്ദ്ര മോദിക്ക് എതിരാളിയുണ്ടാവില്ലെന്ന് പറയുന്ന മോദിയുടെ അടുത്തയാളായി മാറിയ ഹിമന്ത കോണ്‍ഗ്രസ് പ്രാദേശികകക്ഷികളൊന്നായി ചുരുങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് ആര്‍പ്പുവിളിക്കുന്ന ബിജെപിക്കാര്‍ക്കൊപ്പം ചേര്‍ന്ന് കാലങ്ങളോളം പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിക്കെതിരെ അതിലും ഉറക്കെ ഹിമന്ത വിളിക്കുന്നതിന്റെ രാഷ്ട്രീയം അധികാരവും പണവും അഴിമതി കേസുകളില്‍ നിന്നുള്ള വിടുതലുമാണെന്ന് അറിഞ്ഞു തന്നെയാണ് അസമില്‍ കോണ്‍ഗ്രസുകാര്‍ ഹിമന്തയ്‌ക്കെതിരെ തിരിച്ചടിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അത് പൊലീസിനെ ഉപയോഗിച്ച് തടുത്തിടാനുള്ള ശ്രമം തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോയെന്ന് അറിയാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാക്കണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ