ബിജെപിയുടെ 'ബുള്‍ഡോസര്‍ രാജ്' സുപ്രീം കോടതിയില്‍; കുടുംബത്തിലൊരാള്‍ കുറ്റം ചെയ്തതിന് വീട് ഇടിച്ചു തകര്‍ക്കാമോ?

നിയമം കയ്യിലെടുക്കുന്ന ബുള്‍ഡോസര്‍ രാജ് കേന്ദ്രം എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് വര്‍ധിച്ചുവരുമ്പോള്‍ സുപ്രീം കോടതി കയറിയിരുക്കുകയാണ് വിഷയം. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റ് ചിലയിടങ്ങളിലേക്കും ഇടിച്ചുനിരത്തല്‍ നിയമം കയ്യിലെടുക്കുന്ന രീതിയിലേക്ക് വ്യാപിച്ചതോടെയാണ് വിഷയത്തില്‍ പരമോന്നത നീതി പീഠം ഇടപെടുന്നത്. ഒരാള്‍ ചെയ്ത കുറ്റത്തിന് ഒരു കുടുംബത്തെയാകമാനം വീടില്ലാത്തവരാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് കോടതിയില്‍ ഉയരുന്നത്. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ വീടോ കെട്ടിടമോ പാളിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുമെന്ന സുപ്രധാന ചോദ്യമാണ് സുപീംകോടതി സര്‍ക്കാരിനോട് ചോദിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണം പോലെ കുറ്റം നടന്നു കഴിയുമ്പോള്‍ സര്‍ക്കാരിന് മേലുണ്ടാകുന്ന ആരോപണങ്ങളും കേസില്‍ എന്ത് ചെയ്തുവെന്ന ചോദ്യവുമാണ് രാഷ്ട്രീയ പ്രേരിതമായ ഇത്തരം ഇടിച്ചു പൊളിക്കലുകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. തല്‍ക്കാലം നാട്ടുകാരുടെ വായടപ്പിച്ച് ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയതവരെ ഞങ്ങള്‍ തെരുവില്‍ നേരിടുമെന്നും വീട് ഇടിച്ചുനിരത്തി മറ്റുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കുമെന്നതുമാണ് പല സംസ്ഥാന സര്‍ക്കാരുകളുടേയും നയമാകുന്നത്. ഒരാള്‍ കുറ്റാരോപിതനാകുമ്പോള്‍ അയാളുടെ കുടുംബത്തെ അടക്കം പെരുവഴിയിലാക്കുന്ന സമീപനം ധാര്‍മ്മികമായോ നിയമപരമായോ ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദ്യത്യനാഥ് സര്‍ക്കാരും മധ്യപ്രദേശില്‍ മുന്‍ ബിജെപി മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമാണ് ബുള്‍ഡോസര്‍ രാജ് തുടങ്ങിവെച്ചത്. നിലവില്‍ മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ മോഹന്‍ യാദവും ഈ പാതയാണ് പിന്‍പറ്റുന്നത്. രാജസ്ഥാനിലും ബിജെപി സര്‍ക്കാര്‍ ഇതേ സമീപനം പിന്തുടര്‍ന്നപ്പോള്‍ വലിയ രീതിയില്‍ കാര്യം ചര്‍ച്ചയായി. രാജസ്ഥാനിലെ മുസ്ലീങ്ങള്‍ക്ക് നേരെയാണ് ഈ ‘ബുള്‍ഡോസര്‍ നീതി’ കൂടുതലായും പ്രയോഗിക്കുന്നതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. പൗരന്മാരുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി പല സംഘടനകളും ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ ശിക്ഷയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

Read more

സ്റ്റേറ്റിന്റെ പിന്തുണയോടള്ള ഇത്തരം എക്‌സ്ട്രാ ജുഡീഷ്യല്‍ ശിക്ഷകള്‍ വേണ്ടെന്ന് പറയുമ്പോള്‍ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ മാത്രമാണ് പൊളിച്ചു മാറ്റുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസ്റ്റില്‍ ജനറല്‍ തുഷാര്‍മേത്ത പറഞ്ഞത്. രാജ്യവ്യാപകമായി ബുള്‍ഡോസര്‍ രാജ് നടപടികള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേയാണ്. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇനി നിയമവിരുദ്ധ നിര്‍മ്മാണമാണ് പൊളിച്ചുനീക്കുന്നതെങ്കില്‍ കൂടി കെട്ടിട്ടം പൊളിക്കുന്നതിന് രാജ്യവ്യാപകമായി മാര്‍ഗരേഖ പുറത്തിറക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 17ന് സുപ്രീംകോടതി ഹരജി വീണ്ടും പരിഗണിക്കും. പൊതുവഴികള്‍ കയ്യേറുന്ന ഒരു അനധികൃത നിര്‍മ്മാണവും തങ്ങള്‍ സംരക്ഷിക്കില്ലെന്ന് പറഞ്ഞ കോടതി അതൊരു ക്ഷേത്രമാണെങ്കില്‍ കൂടെ അനധികൃത നിര്‍മ്മാണം സംരക്ഷിക്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി. പക്ഷേ പൊളിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയത്. തന്റെ മകന്‍ ക്രിമിനലാണെങ്കില്‍ അച്ഛന്റെ വീട് പൊളിക്കുന്നത് നീതിയാണോ എന്ന ചോദ്യമാണ് കോടതി സര്‍ക്കാരുകളോട് ചോദിക്കുന്നത്. ഒരാളുടെ കുറ്റത്തിന് ഒരു കുടുംബത്തെ ഒന്നാകെ ശിക്ഷിക്കുന്നത് ശരിയോ എന്ന ചോദ്യം ശക്തമായി ഉയരുമ്പോള്‍ കോടതി കൃത്യമായി വിഷയത്തില്‍ ഇടപെടാന്‍ ഉറച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ കോടതി മുറിയിലെ വാക്ക് പോര്.