സാധാരണ ജന്മമല്ലെന്ന് മോദി, വിദ്വേഷം പ്രസംഗിച്ചിട്ടും നടപടിയെടുക്കാതെ തി.കമ്മീഷന്‍; പ്രതിപുരുഷന്‍ ഇമേജുണ്ടാക്കാന്‍ മോദിയുടെ പെടാപ്പാട്

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിദ്വേഷം പ്രസംഗം കേട്ട് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ സംസ്ഥാനങ്ങളും ഞെട്ടിത്തരിച്ചിട്ടും രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പ്രതിപക്ഷമായ കോണ്‍ഗ്രസിലേക്ക് മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞത് വിദ്വേഷ പ്രസംഗമാണെന്നും തെറ്റാണെന്നും പറയുന്നതിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും പെരുമാറ്റച്ചട്ടം തെറ്റിച്ചെന്ന് പറഞ്ഞു ക്ലാസെടുക്കുകയാണ് രാജ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കാവല്‍ക്കാര്‍. ഒപ്പം ശിക്ഷയില്ല പക്ഷേ നല്ലനടപ്പ് വേണമെന്ന ഉപദേശം മാത്രമാണ് നരേന്ദ്ര മോദിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. മോദിയ്ക്കും ബിജെപിയ്ക്കും ഒറ്റയ്ക്ക് കുറ്റം ചെയ്ത കുട്ടിയുടെ മനസ് പോലെ വേദനിക്കേണ്ടെന്ന് കരുതിയാവും രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്കും നല്ലനടപ്പിന് താക്കീത് നല്‍കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം പരസ്പരവിദ്വേഷവും വിഭാഗീയതയും ഉളവാക്കുന്ന പ്രചാരണം നടത്തരുതെന്നാണ് കോണ്‍ഗ്രസിനുള്ള താക്കീത്. മതവിദ്വേഷവും വിഭാഗീതയുമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നു ബിജെപിയോടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പും ആറാംഘട്ടത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവും കഴിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപിയ്ക്കുള്ള താക്കീതെന്നതാണ് ശ്രദ്ധേയം. രാജസ്ഥാനില്‍ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം പരാമര്‍ശം പലയിടങ്ങളിലും ആവര്‍ത്തിച്ച് അത് തിരിച്ചടിയ്ക്കുമെന്ന് കണ്ട് ഞാന്‍ അങ്ങനെ മുസ്ലീങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു പ്രധാനമന്ത്രി മറുകണ്ടം ചാടി, പിന്നേയും വര്‍ഗീയ പരാമര്‍ശം നടത്തി കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിനെങ്കിലും ഉള്ള ഉപദേശമെന്നത് ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയപ്പോള്‍ തിരിച്ച് രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുമെതിരെ ബിജെപിയും പരാതി നല്‍കിയിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് അവസാനിക്കാറായ ഘട്ടത്തില്‍ മാത്രം ഇടപെട്ട് കമ്മിഷന്റെ ഒതുക്കിതീര്‍ക്കലില്‍ ഒതുങ്ങിയത്. മതവും ന്യൂനപക്ഷവിരുദ്ധതയുമെല്ലാം ആവോളം വിളമ്പി തിരഞ്ഞെടുപ്പ് പ്രചാരണമെല്ലാം മോദി ആഘോഷമായി പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഇവിടെ ഉണ്ടേ എന്നറിയിക്കാനായി ഒരു നിര്‍ദേശം, അതും ഭരിക്കുന്ന പാര്‍ട്ടിയ്‌ക്കൊപ്പം പ്രതിപക്ഷത്തിനും നല്‍കി ഒരു ബാലന്‍സിങ്. ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും കേടുപാട് ഒന്നും സംഭവിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തത്രപ്പാട് കണ്ടില്ലെന്ന് നടിക്കാനാവില്ല.

അവര്‍ രാമക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ കയറ്റും, മുസ്ലീങ്ങള്‍ക്ക് നിങ്ങളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി കൊടുക്കും അങ്ങനെയെല്ലാം പറഞ്ഞു നടന്ന മോദി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം കാര്യമായി എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ വീട്ടിലെ തൊട്ടി വരെ അവര്‍ എടുത്തുകൊണ്ടുപോകും എന്ന രീതിയിലേക്ക് പ്രസംഗം ചെറുതായി ഒന്നു മാറ്റിയിട്ടുണ്ട്.

പിന്നെ ദൈവത്തിന്റെ പ്രതിപുരുഷനാകാനുള്ള സ്വയം പ്രഖ്യാപിത ശ്രമങ്ങളും മോദി നടത്തുന്നുണ്ട്. അന്ന് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ദൈവമാണ് തന്നെ തെരഞ്ഞെടുത്തതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും താനൊരു സാധാരണ ജന്മമല്ലെന്ന് പറഞ്ഞു ദൈവം തിരഞ്ഞെടുത്തു വിട്ടവനാണെന്ന മട്ടിലാണ് നരേന്ദ്ര മോദിയുടെ അഭിമുഖങ്ങളും പ്രചാരണവും പുറത്തുവരുന്നത്.വാരണാസിയില്‍ കഴിഞ്ഞ ദിവസം ന്യൂസ് 18 ചാനലിന്റെ റുബിക ലിയാഖത്തിനോട് മോദി പറഞ്ഞത് തന്നെ ദൈവം ഭൂമിയിലേക്ക് അയച്ചതാണെന്നാണ്.

അമ്മ ജീവിച്ചിരുന്ന കാലത്തോളം ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ എല്ലാവരേയും പോലെ ബയോളിജിക്കലി ജനിച്ചതാണെന്നാണ്. പക്ഷേ അമ്മ മരിച്ചതിന് ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈശ്വരന്‍ എന്നെ ഇവിടേയ്ക്ക് അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.

അതായത് താന്‍ ജീവശാസ്ത്രപരമായി സൃഷ്ടിക്കപ്പെട്ട ഒരാളല്ലെന്നും ദൈവം ചില കാര്യങ്ങള്‍ നടപ്പാക്കാനായി എന്നെ ഇങ്ങോട്ട് അയച്ചതാണെന്നുമാണ് നരേന്ദ്ര മോദിയുടെ അവകാശവാദം. ചില ആള്‍ദൈവങ്ങളുടെ അവകാശവാദങ്ങളുടെ തുടക്കം പോലെ ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റുപറയാനാവില്ല. ഞാന്‍ ദൈവമാണെന്നും ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പറയുന്നതിന്റെ രാഷ്ട്രീയം ഒന്നുമാത്രമാണ്. എനിക്കെതിരെ ഒന്നും പറയാന്‍ നിങ്ങളായിട്ടില്ല. തിരുവായ്ക്ക് എതിര്‍വായില്ലാതെ താന്‍ പറയുന്നതെല്ലാം കല്പനകളും രാജശാസനങ്ങളുമാകണം. പണ്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്ന നാട്ടുരാജാക്കന്മാരും പറഞ്ഞിരുന്നത് തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നാണ്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!