അങ്ങ് പുതുപ്പള്ളി വിജയത്തിലെ എന്നാ താന്‍ കൊണ്ടുപോ മീമിന് ശേഷം വീണ്ടും ഓണ്‍ എയറില്‍ ഒരു സുധാകരന്‍- സതീശന്‍ ഷോയ്ക്ക് കോണ്‍ഗ്രസിന്റെ സമരാഗ്നിയാണ് വേദിയായത്. ഇവര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ത്തിട്ട് എങ്ങനെ തിരഞ്ഞെടുപ്പിലേക്ക് കടക്കുമെന്ന് എഐസിസിയ്ക്ക് വരെ ആവലാതിയുണ്ടാക്കുന്നതാണ് ഓണ്‍ എയറിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രകടനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെപിസിസിയുടെ ‘സമരാഗ്‌നി’ ജനകീയ പ്രക്ഷോഭയാത്രയുടെ ആലപ്പുഴ പതിപ്പ് കോണ്‍ഗ്രസ് സ്വന്തം മൂട്ടില്‍ തീയിട്ട പോലെയായത് കേന്ദ്രനേതൃത്വത്തേയും ചൊടിപ്പിക്കുന്നുണ്ട്. മൈക്കിന് മുന്നിലെ സ്ഥിരം വാക് പ്രഭാവം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രകടിപ്പിച്ചപ്പോള്‍ പൊള്ളിയത് പ്രതിപക്ഷ നേതാവിനാണ്.
പ്രസിഡന്റേ മൈക്ക് ഓണാണ്, തിരുവാ തുറക്കല്ലേ… എന്ന മട്ടില്‍ ഷാനിമോള്‍ ഉസ്മാനും മൈക്ക് മാത്രമല്ല ക്യാമറയും ഓണാണെന്ന് പറഞ്ഞു ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദും ചാടി വീണിട്ടും കേള്‍ക്കാനുള്ളത് മാളോകരെല്ലാം കേട്ടു. ഇയാളിത് എവിടെ പോയി കിടക്കുവാ, എന്ത് —– ആണെന്നുള്ള തെറിവാക്ക് പ്രസിഡന്റിന്റെ വായില്‍ നിന്ന് വി ഡി സതീശനായി വീണപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിപ്പിക്കാനും ശ്രമിച്ചു.
പ്രകോപിതനായി കൂടുതല്‍ പറയാതെ പ്രസിഡന്റ് സുധാകരന്‍, വൈകി വന്ന വി ഡി സതീശനോട് ചിരിച്ച് ഇടപെട്ട് സംസാരിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളന ശേഷം ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞെങ്കിലും സുധാകരന്റെ അസഭ്യ പ്രയോഗം ചര്‍ച്ചയായതോടെ ഇതെങ്ങനേയും ഒതുക്കി തീര്‍ത്താല്‍ മതിയെന്ന മട്ടിലായി കോണ്‍ഗ്രസ് നേതൃത്വം. ഒരു പ്രശ്‌നവുമില്ലെന്ന് കാണിക്കാന്‍ ഒരേ വാഹനത്തില്‍ സഞ്ചരിച്ചൊക്കെ കാണിച്ചെങ്കിലും കെ സുധാകരന്റെ തെറി വിളിയില്‍ എഐസിസി നേതൃത്വത്തിനോട് പരാതി പറയാനും വി ഡി സതീശന്‍ മടിച്ചില്ല.
കേന്ദ്രത്തിലാണെങ്കിലും കേരളത്തിലാണെങ്കിലും കേന്ദ്ര ഇടപെടലെന്നാല്‍ കോണ്‍ഗ്രസിനിപ്പോള്‍ കെ സി വേണുഗോപാലായതിനാല്‍ പരാതിയും കെസിയ്ക്ക് മുന്നിലെത്തി. പ്രശ്‌ന പരിഹാരത്തിന് കെ സി ഇറങ്ങുകയും ഇരുനേതാക്കളോടും നമ്മളൊന്നാണെന്ന് നാട്ടുകാരെ ഒന്നിച്ചെത്തി അറിയിക്കാനും നിര്‍ദ്ദേശിച്ചു. സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ച് പ്രശ്‌നമില്ലെന്ന് പറയാന്‍ കെ സി നിര്‍ദേശിച്ചെങ്കിലും പിണക്കം മാറാതെ ആദ്യം സതീശന്‍ ഒഴിഞ്ഞുനിന്നു. പക്ഷേ കെ സുധാകരന്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കണ്ടു എല്ലാത്തിനും പിന്നില്‍ മാധ്യമങ്ങളാണെന്ന് വിശദീകരിച്ചു. മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും തന്റെ ഭാഗത്ത് പാളിച്ചയില്ലെന്നും താനും സതീശനും ജേഷ്ഠാനുജന്മാരെ പോലെയാണെന്നും സുധാകരന്‍ പറഞ്ഞു.
ഐആം വെരി സ്‌ട്രെയ്റ്റ് ഫോര്‍വേഡ് എന്ന് പറഞ്ഞു തുടങ്ങിയ കെ സുധാകരന്‍ സമരാഗ്നി ജാഥയ്ക്ക് മുന്നിട്ടിറങ്ങിയ വി ഡി സതീശനെ പുകഴ്ത്തുകയും എല്ലാം സതീശനെ ബോധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. സതീശനെ തള്ളിപ്പറയാനോ മോശമാക്കാനോ തനിക്ക് ഈ ജീവിതത്തില്‍ കഴിയില്ലെന്ന് പറഞ്ഞു കെപിസിസി പ്രസിഡന്റ് നാക്ക് വായിലിടും മുമ്പേ തന്നെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി വി ഡി സതീശനും രംഗത്തുവന്നു. സുധാകരന്‍ പറഞ്ഞ ജേഷ്ഠാനുജ ബന്ധത്തിനൊപ്പം അതിനപ്പുറം സൗഹൃദ ബന്ധമാണുള്ളതെന്ന് കൂടി വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഇവന്‍ എവിടെ പോയി കിടക്കുന്നുവെന്ന് ചോദിക്കാനുള്ള സ്വാതന്ത്രം കെപിസിസി പ്രസിഡന്റിനുണ്ടെന്ന് പറഞ്ഞു വിഷയം തണുപ്പിക്കാനായി എത്തിയ വി ഡി സതീശനും മാധ്യമങ്ങളെ കുറ്റക്കാരാക്കി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ വളച്ചൊടിക്കേണ്ടതില്ലെന്ന് കൂടി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ എഐസിസിയെ പ്രതിഷേധം അറിയിച്ചതും കെസി ഇടപെട്ടതുമെല്ലാം ഇരുകൂട്ടരും നൈസായി ഒതുക്കി. എന്തായാലും സഭവം എഐസിസിക്ക് മുന്നിലെത്തിയത് കൊണ്ട് കെസി ഇടപെടലില്‍ ഹൈക്കമാന്‍ഡിന്റെ ശാസന എത്തുമോ അതോ ഇരുകൂട്ടരോടും കടുത്ത രീതിയില്‍ പൊടിക്ക് അടങ്ങാന്‍ കേന്ദ്രനേതൃത്വം നേരിട്ട് വിളിപ്പിക്കുമോ എന്ന ചോദ്യം ബാക്കിയുണ്ട്. പുതുപ്പള്ളിയില്‍ കണ്ട എന്നാ താന്‍ ഒറ്റയ്ക്ക് കൊണ്ടുപോ ആറ്റിറ്റിയൂഡില്‍ പ്രതിപക്ഷ നേതാവും എന്നെ കാത്തിരിപ്പിക്കുന്നോ മനോഭാവത്തില്‍ കെപിസിസി പ്രസിഡന്റും നില്‍ക്കുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ തിരഞ്ഞെടുപ്പിന് മുന്നേയുള്ള പ്രക്ഷോഭ ജാഥയുടെ തീയണയുമോ അതോ തങ്ങളെ തന്നെ ചുട്ടുപൊള്ളിക്കുമോയെന്ന പേടിയിലാണ് കോണ്‍ഗ്രസ് അണികള്‍.