പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രൈന്‍ സന്ദര്‍ശനവും സമാധാനത്തിന്റെ പക്ഷത്താണെന്ന പ്രഘോഷണവുമാണ് യുദ്ധക്കെടുതിയില്‍ വലയുന്ന യുക്രൈനുമായുള്ള നയതന്ത്രത്തിലെ പ്രധാനഘടകം. നേരത്തെ പുടിനെ കെട്ടിപ്പിടിച്ച മോദിയെ കണ്ടു യുക്രൈന്‍ പ്രസിഡന്റെ വ്‌ളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞ വാക്കുകള്‍ക്കുള്ള മറുപടിയായി കൂടി വേണം സമാധാന പക്ഷത്തിന്റെ ഭാഗത്താണ് താനെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ നയതന്ത്ര ഭാഷണത്തെ കാണാന്‍. അന്ന് റഷ്യയിലെത്തി വ്‌ലാദിമര്‍ പുടുനെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ ആലിംഗനം ചെയ്യുകയും പുടിനോടിച്ച വാഹനത്തില്‍ എസ്‌റ്റേറ്റ് ഗ്രൗണ്ടിലൂടെ കൈവീശി കാണിച്ച് സൗഹൃദാന്തരീക്ഷം ഊട്ടിഉറപ്പിക്കുകയും ചെയ്ത ദിവസം യുക്രൈനിലെ കുട്ടികളുടെ ആശുപത്രി റഷ്യയുടെ മിസൈലാക്രമണത്തില്‍ തകര്‍ന്ന ദിനം കൂടിയായിരുന്നു. അന്ന് സെലന്‍സ്‌കിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അത്യന്തം നിരാശാജനകവും സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരവുമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി ലോകത്തെ ഏറ്റവും ക്രൂരനായ ക്രിമിനലിനെ മോസ്‌കോയില്‍ ആലിംഗനം ചെയ്തുനില്‍ക്കുന്ന കാഴ്ച. അതും ഇതുപോലൊരു ദിവസത്തില്‍.
യുക്രെയ്ന്റെ തലസ്ഥാനമായ ക്വീവിലെ കരളലിയിപ്പിക്കുന്ന കുട്ടികളുടെ ആശുപത്രി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും വലിയ ബ്ലഡി ക്രിമിനലിനെ ഹഗ് ചെയ്യുന്ന കാഴ്ച അത്യന്തം നിരാശാജനകമാണെന്ന് സെലെന്‍സ്‌കി അന്ന് കുറിച്ചത്. അന്ന് വലിയ പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും ഇന്ന് യുക്രൈനിലെത്തിയ പ്രധാനമന്ത്രി മോദി പ്രസിഡന്റ് സെലന്‍സ്‌കിയെ ആലിംഗനം ചെയ്തതിന് പിന്നാലെ ഇതിനെല്ലാം മറുപടി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്.
ആളുകളെ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി മോദി പ്രസിഡന്റ് സെലന്‍സ്‌കിയെ ആശ്ലേഷിക്കുന്നത് ഞാന്‍ കണ്ടു. മുമ്പ് പല നേതാക്കളേയും പല അവസരങ്ങളിലും ആലിംഗനംചെയ്തിട്ടുണ്ട്.
ചോദ്യം ചോദിച്ച ബിബിസി മാധ്യമപ്രവര്‍ത്തകനുള്ള വിദേശകാര്യമന്ത്രിയുടെ മറുപടിയാണിത്. എന്തായാലും സോവിയറ്റ് യൂണിയനില്‍നിന്ന് 1991-ല്‍ യുക്രൈന്‍ സ്വതന്ത്രമായശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നതെന്ന വാര്‍ത്ത കൊണ്ട് തന്നെ ഇന്ത്യ- യുക്രൈന്‍ നയതന്ത്രം ലോകശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഇന്ത്യ ഒരിക്കലും ഒരു നിഷ്പക്ഷ സമീപനം സ്വീകരിച്ചിട്ടില്ലെന്നും എല്ലായെപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്ര സന്ദര്‍ശന വേളയില്‍ പറഞ്ഞത്. വിവിധ വിഷയങ്ങളില്‍ ഇന്ത്യയും യുക്രൈനും കരാറുകള്‍ ഒപ്പുവെച്ചുവെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി കഴിഞ്ഞു.
റഷ്യന്‍ അധിനിവേശത്തില്‍ തളര്‍ന്നു നില്‍ക്കുന്ന യുക്രൈനോട് മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പും മോദി നല്‍കിയിട്ടുണ്ട്. പക്ഷേ ഈ പറച്ചിലില്‍ എത്രത്തോളം ആത്മാര്‍ത്ഥത ഉണ്ടെന്ന ചോദ്യമാണ് ആഗോളതലത്തില്‍ ഉയരുന്നത്. കാരണം റഷ്യ- യുക്രൈന്‍ യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴും ആദ്യ ഘട്ടം മുതല്‍ ഇന്ത്യയെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് വാക്കുകളിലെ ആത്മാര്‍ത്ഥത ലോകം വീക്ഷിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം അതായത് 2022 ഫെബ്രുവരി 25-ന്, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ കരട് പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുദ്ധം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ യൂറോപ്യന്‍ യൂണിയനിലെയും അമേരിക്കയുടേയും നിലപാടുകളെ മുഖവിലയ്‌ക്കെടുക്കാതെ അവരെ ചൊടിപ്പിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യ വ്യക്തമായ പക്ഷം പിടിക്കുന്നതില്‍ നിന്ന് വിട്ടുനിന്നത്. തന്ത്രപരമായ നിഷ്പക്ഷതയുടെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ആദ്യം മുതല്‍ ഇന്ത്യ വിഷയത്തില്‍ ഇടപെട്ടത്. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നതും ഈ തന്ത്രപരമായ നിഷ്പക്ഷത ഊട്ടി ഉറപ്പിക്കാനാണ്. അതിനിടയിലാണ് ഇന്ത്യ നിഷ്പക്ഷമായല്ല നില്‍ക്കുന്നതെന്നും സമാധാനത്തിനൊപ്പമാണെന്നുമുള്ള മോദിയുടെ വാക്കുകള്‍. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടലിനെ യുക്രൈനടക്കം വലിയ പ്രതീക്ഷയോടെ കാണുമ്പോള്‍ നയതന്ത്രത്തിലെ നിഷ്പക്ഷ തന്ത്രം കൊണ്ട് ഇന്ത്യ ആഗോള തലത്തില്‍ രാഷ്ട്രീയം ചര്‍ച്ചയാവുകയാണ്. ഒരു പ്രശ്‌നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും വേര്‍പാടിന്റെ ദുംഖം താങ്ങാനുള്ള ശക്തി അവര്‍ക്കുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു. രക്തസാക്ഷികളായ കുരുന്നുകള്‍ക്ക് യുക്രൈന്‍ ദേശീയ ചരിത്ര മ്യൂസിയത്തിലെ സ്മാരകത്തില്‍ മോദി ആദരവ് അര്‍പ്പിക്കുകയും ചെയ്തു.
ലോകം മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തിന്റെ ആത്മാര്‍ത്ഥതയും നയതന്ത്രവും വിലയിരുത്തുമ്പോള്‍ മോദി യുക്രൈനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലും ആദരമര്‍പ്പിച്ചിരുന്നു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സാര്‍വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും നരേന്ദ്ര മോദി പിന്നീട് എക്‌സില്‍ കുറിയ്ക്കുകയും ചെയ്തു. നേരത്തെ ഗാന്ധി എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് മഹാത്മാ ഗാന്ധി എന്ന വ്യക്തിയെ ലോകം അറിഞ്ഞതെന്ന് വരെ പറഞ്ഞുകളഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുക്രൈനില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചു നിന്നതെന്നത് വേറൊരു വൈരുധ്യം. പുടിനേയും സെലന്‍സ്‌കിയേയും ആലിംഗനം ചെയ്ത് നിന്നത് പോലെ തന്നെ.