'ഇന്ത്യയുടെ വീണ്ടെടുപ്പ്' ബിജെപിയ്ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ സഖ്യം; 'ഒറ്റയ്ക്കില്ല' ബിജെപി, ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കര്‍മാരുടെ ഉദയം; കേരളത്തില്‍ ഇക്കുറിയും കനലൊരു തരി മാത്രം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി കുതിച്ചു നിന്ന ബിജെപിയെ അവശതയുടെ പടുകുഴിയില്‍ കിടന്നൊരു സംഘം ഒന്നിച്ചു നിന്ന് പിടിച്ചുകെട്ടിയെന്നാണ്. പ്രതിപക്ഷ നേതാക്കളെ അകത്താക്കിയും കേസില്‍ കുടുക്കിയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത് ആ പാര്‍ട്ടിയുടെ പ്രചാരണത്തെ തന്നെ അവതാളത്തിലാക്കി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചൊരു അധികാര സംഘത്തിന്റെ കണക്കുകൂട്ടലുകള്‍ അട്ടിമറിച്ചൊരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അബ് കി ബാര്‍ ചാര്‍ സൗ പാര്‍ എന്ന് പറഞ്ഞു മോദി ഗ്യാരന്റിയെന്ന വീണ്‍വാക്കും പറഞ്ഞു രാജ്യമൊട്ടാകെ ഓടി നടന്ന ഒരു പ്രധാനമന്ത്രിയുടെ മുന്നണിയ്ക്ക് 300 കടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. വാരണാസിയില്‍ നാലര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞകുറി ജയിച്ച പിഎം മോദി ഇക്കുറി ഒന്നരലക്ഷം കടന്നത് കിതച്ചാണ്.

ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശാണ് മോദിയ്ക്കും കൂട്ടര്‍ക്കും ഷോക്കേകിയത്. യുപി കെ ലഡ്‌കെ ട്രെന്‍ഡില്‍ അഖിലേഷ് യാദവ് – രാഹുല്‍ ഗാന്ധി സഖ്യം 80ല്‍ 43 സീറ്റുകള്‍ പൊതിഞ്ഞു പിടിച്ചപ്പോള്‍ 2019ല്‍ 62 സീറ്റ് നേടിയ ബിജെപി 33ലേക്ക് ഇടറി വീണു. മഹാരാഷ്ട്രയില്‍ പിളര്‍ത്തിയെടുത്ത് ഒപ്പം നിര്‍ത്തിയവരൊക്കെ വെറും പേപ്പര്‍ പുലികള്‍ മാത്രമെന്നും യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പമെന്ന മട്ടിലാണ് ഫലം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസാണ് സീറ്റിന്റെ കാര്യത്തില്‍ മുന്നില്‍, 48ല്‍ 12. പിന്നാലെയുള്ള ബിജെപിയ്ക്ക് 11. കോണ്‍ഗ്രസിനൊപ്പം നിന്ന ഉദ്ദവ് താക്കറെയുടെ ശിവസേനയ്ക്ക് 10, ശരദ് പവാറിന്റെ എന്‍സിപയ്ക്ക് 7. പിളര്‍ന്ന് പോയ എന്‍സിപിയ്ക്ക് 1ഉം പിളര്‍ന്ന് മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിയ്ക്ക് 6ഉം മാത്രമാണ് കിട്ടിയത്. മഹാരാഷ്ട്രയും യുപിയും തിരിഞ്ഞെങ്കിലും മധ്യപ്രദേശ് ഒരല്‍പം പോലും മാറാതെ 29ല്‍ 29ഉം ബിജെപിയ്ക്ക് നല്‍കി. ഗുജറാത്തില്‍ കനലൊരു തരിയായി ഒരു സീറ്റ് മാത്രമായി കോണ്‍ഗ്രസ്. 26ല്‍ 25ഉം ബിജെപിയുടെ കുത്തകയായി.

പശ്ചിമ ബംഗാളില്‍ സഖ്യമില്ലാതെ മല്‍സരിച്ചെങ്കിലും 29 സീറ്റ് മമത ബാനര്‍ജി നേടി ബംഗാളിലെ കിങ് മേക്കറായി. പക്ഷേ 12 സീറ്റുകള്‍ ബിജെപി പിടിച്ചു ആ ഭിന്നിച്ച ഇന്ത്യ മുന്നണി വോട്ടുകള്‍ക്കിടയില്‍. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി. ബിഹാറില്‍ എന്‍ഡിഎ മുന്നണിയ്ക്കായി മല്‍സരിച്ച ബിജെപി 12 സീറ്റും ജെഡിയു 12 സീറ്റും നേടി. കോണ്‍ഗ്രസ് 3 സീറ്റും ആര്‍ജെഡി 4 സീറ്റും നേടി. ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ വിജയിച്ചില്ലെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തരംഗത്തില്‍ ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസും വീണടിഞ്ഞു. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കിങ് മേക്കറാകാന്‍ നായിഡുവിനും അവസരം കൈവന്നിരിക്കുകയാണ്.

എന്‍ഡിഎയ്്ക്ക് മുന്നണിയെന്ന നിലയില്‍ 293 സീറ്റും ഇന്ത്യ സഖ്യത്തിന് 232 സീറ്റുമാണ് നിലവില്‍ എത്തിയിരിക്കുന്നത്. അവസാനഘട്ട ഫലം വന്നിട്ടില്ലെങ്കിലും നിലവില്‍ ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാഹചര്യം വന്നതോടെ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കം കിങ് മേക്കര്‍മാരായി. നായിഡുവിനെ നരേന്ദ്ര മോദി വിളിച്ചതോടെ ഇക്കാര്യം വ്യക്തമായി. നിതീഷ് കുമാര്‍ നിലവില്‍ എന്‍ഡിഎയിലാണെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പാണ് ഇന്ത്യ സഖ്യം വിട്ടത്. ശരദ് പവാര്‍ അനുരഞ്ജന നീക്കവുമായി ഇറങ്ങിയതോടെ ഇന്ത്യ മുന്നണിയും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണെന്ന് വ്യക്തമാണ്.

നിര്‍ണായകമായി മാറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുമായും നിതീഷ് കുമാറിന്റെ ജനതാ ദള്‍ യൂണൈറ്റഡുമായി മുന്നണികള്‍ ചര്‍ച്ച നടത്താന്‍ ഫലം വന്നപ്പോള്‍ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 225 സീറ്റിലധികം നേടിയ സാഹചര്യത്തില്‍ ജെഡിയു അടക്കമുള്ള മറ്റു പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന സ്ഥിതിയുണ്ട്. ഈ സാധ്യത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. ടിഡിപിയ്ക്കും ജെഡിയുവിനും കൂടി 31 സീറ്റാണുള്ളത്.

‘പപ്പു’ മുതല്‍ ‘ഷെഹ്സാദെ’ വരെ, വര്‍ഷങ്ങളായി ബിജെപിയുടെ പരിഹാസത്തിന്റെ മുള്‍മുനയേറ്റ് തളരാകെ ശക്തമായി പോരടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടവീര്യം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റിലേക്ക് കുതിച്ചത് 2019ലെ 52ല്‍ നിന്നാണ്. ഒരു പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് നിസംശയം പറയാം. എല്ലാ എക്സിറ്റ് പോളുകളേയും നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കുതിച്ചതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും അക്ഷീണ പ്രയത്‌നമുണ്ട്. ഇന്ത്യ മുന്നണിയുടെ വിജയത്തില്‍ ധ്രുവ് റാഠി എന്ന യുവാവിന്റെ പങ്കും നിസ്തുലമാണ്.

ഇനി കിങ് മേക്കര്‍മാരുടെ കാലവും ചര്‍ച്ചകളുമാണ് ദേശീയ രാഷ്ട്രീയത്തില്‍ വരുദിനങ്ങളിലുണ്ടാവുക. കേരളത്തിലാകട്ടെ ഇക്കുറിയും കനലൊരു തരിയായി ഇടത് പക്ഷം ഒതുങ്ങി. ദേശീയ തലത്തില്‍ പിന്നോട്ടെങ്കിലും കേരളത്തില്‍ ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറന്നത് വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആറ്റിങ്ങലില്‍ ത്രികോണ മല്‍സരവും തിരുവനന്തപുരത്തെ രണ്ടാം സ്ഥാനവും തൃശൂരെടുത്ത സുരേഷ് ഗോപിയുടെ ജോയ്‌ക്കൊപ്പം ബിജെപി ചേര്‍ത്തുവെച്ചു കഴിഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍