പ്രതിപക്ഷ ഐക്യത്തില്‍ ഒരു മുന്നണി രൂപം കൊണ്ടപ്പോള്‍ തന്നെ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യകക്ഷികളെല്ലാം പറഞ്ഞത് സീറ്റ് വീതം വെയ്ക്കലിലെത്തുമ്പോള്‍ തീരും പ്രതിപക്ഷത്തെ ഐക്യമെന്നാണ്. അവരവര്‍ക്ക് ആധിപത്യം ഉള്ള സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലും കോണ്‍ഗ്രസുമായും സീറ്റിന്റെ കാര്യത്തില്‍ തമ്മില്‍തല്ലുമെന്നും തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്നും ബിജെപി നേതാക്കള്‍ ഇന്ത്യ മുന്നണി രൂപം കൊണ്ടപ്പോള്‍ തന്നെ പറഞ്ഞതാണ്. എന്നാല്‍ ഓരോ മീറ്റിംഗ് കഴിഞ്ഞതിന് ശേഷവും മുന്നണി ഗുരുതര പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകുന്നത് ബിജെപിയെ ഉലച്ചിരുന്നു. കാരണം പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ എന്ന് പറയുന്നത് 37 ശതമാനമാണ്. ബാക്കി 63 ശതമാനം പല പാര്‍ട്ടികളിലായി ചിതറി കിടക്കുകയാണ്. ആ വോട്ടുകള്‍ ഏകീകരിച്ചാല്‍ കാര്യങ്ങള്‍ മോദി പ്രഭാവത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബിജെപിയ്ക്ക് തുണയാവില്ലെന്ന് പാര്‍ട്ടിക്കറിയാം. അങ്ങനെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് അടക്കം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് തങ്ങള്‍ തന്നെയാണ് മുമ്പില്‍ എന്നറിയിക്കാനുള്ള പലവിധ തന്ത്രങ്ങള്‍ മോദിയും അമിത് ഷായും മെനയുന്നുണ്ട്.
അത്തരത്തില്‍ ബിജെപി ക്യാമ്പുകള്‍ ചടുല നീക്കങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ മുന്നണി സീറ്റ് വീതംവെയ്ക്കലില്‍ കിതയ്ക്കുകയാണ്. ഉത്തര്‍ പ്രദേശ് മുതല്‍ ഇങ്ങ് കേരളത്തിലെ വയനാട്ടില്‍ വരെ സീറ്റ് തര്‍ക്കമുണ്ട് ഇന്ത്യ മുന്നണിയില്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തങ്ങള്‍ക്കെതിരെ മല്‍സരിക്കാന്‍ നില്‍ക്കരുതെന്നാണ് സിപഐയുടെ ആവശ്യം.
ഇവിടെ ഈ കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കെതിരെ തായംതുള്ളാതെ അങ്ങ് ഹിന്ദി ബെല്‍റ്റില്‍ പോയി മല്‍സരിക്കണം ഹേ, എന്നാണ് സിപിഐയുടെ നിലപാട്. കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് ബിജെപിയുമായി നേരിട്ട് പോരാടുന്ന ഏതെങ്കിലും സീറ്റില്‍ മല്‍സരിക്കണമെന്ന് ഇടത് പാര്‍ട്ടികള്‍ പറയുന്നു.
ഇനി ഇന്ത്യ മുന്നണിയില്‍ ശക്തമായ സീറ്റ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ചില ഇടങ്ങള്‍ എവിടെയെല്ലാമെന്ന് നോക്കാം.
മധ്യപ്രദേശാണ് ഇക്കാര്യത്തില്‍ മുന്നണിക്കുള്ളില്‍ പ്രശ്‌നമായ സംസ്ഥാനങ്ങളില്‍ ഒന്ന്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നിട്ടും ബിജെപി താമര ഓപ്പറേഷനിലൂടെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച മധ്യപ്രദേശില്‍ ഇക്കുറി ജീവന്മരണ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇതറിഞ്ഞിട്ടും സംസ്ഥാനത്ത് അത്ര സ്വാധീനം ഒന്നുമില്ലാത്ത ആംആദ്മി പാര്‍ട്ടി ആദ്യം തന്നെ കയറി 10 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അങ്ങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഭരണത്തില്‍ നിന്ന് താഴെയിറക്കിയ ആംആദ്മി പാര്‍ട്ടി മധ്യപ്രദേശിലും ചരടുവലിച്ച് തുടങ്ങിയത് കോണ്‍ഗ്രസുകാരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും ഇതുതന്നെയാണ് ആംആദ്മിയുടെ സമീപനമെന്ന് കൂടി ഓര്‍ക്കണം. അങ്ങ് ഡല്‍ഹിയിലും പഞ്ചാബിലും പൊതു തിരഞ്ഞെടുപ്പിലെ സീറ്റ് വീതം വെയ്ക്കലില്‍ ഇരുകൂട്ടര്‍ക്കും തമ്മില്‍ അടി നടക്കുന്നതിന് ഇടയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനിട്ട് ചെക്കുവെയ്ക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നീക്കം. പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈരയെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ആപ് ബന്ധം വഷളായിരിക്കുകയാണ്. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റ് എങ്ങനെ വീതംവെയ്ക്കുമെന്ന കാര്യം ഇതോടെ പരുങ്ങലിലായിരിക്കുകയാണ്. ആംആദ്മിക്കെതിരായ പഞ്ചാബ് കോണ്‍ഗ്രസിലെ വികാരം അണയ്ക്കാന്‍ ദേശീയ നേതൃത്വത്തിന് പാട് പെടേണ്ടി വരും.
പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും ആംആദ്മിയ്ക്കും ഇടയില്‍ വളരുമ്പോള്‍ ആംആദ്മി ഇന്ത്യ സഖ്യത്തിനോട് പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട് അരവിന്ദ് കെജ്രിവാള്‍. ഒരിക്കലും മുന്നണിയെ വിട്ടു മാറി നില്‍ക്കില്ലെന്നും.
ഇനി പ്രശ്‌നം അങ്ങ് ബിഹാറിലാണ്. ഇന്ത്യ മുന്നണിയുടെ മീറ്റിങിനെല്ലാം മുമ്പില്‍ നിന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവുമാണ് സീറ്റ് വീതം വെയ്ക്കലില്‍ ഉടക്കി തുടങ്ങിയിരിക്കുന്നത്. ജനതാദള്‍ യുണൈറ്റഡും രാഷ്ട്രീയ ജനതാദളും ലോക്‌സഭാ സീറ്റിന്റെ പേര് പറഞ്ഞാണ് പോരടിയ്ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും തമ്മില്‍ മധേപുര, ഗോപാല്‍ ഗഞ്ജ്, സിവാന്‍, ബഗല്‍പൂര്‍ ബങ്ക, സീതാമഡി എന്നീ സീറ്റുകളിലാണ് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്. ഈ സീറ്റുകളില്‍ എല്ലാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് ലാലുവിന്റെ പാര്‍ട്ടി സമര്‍ത്ഥിക്കുന്നത്. എന്നാല്‍ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണം കഴിഞ്ഞ കുറി നേടിയ ജെഡിയു ഈ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. 2019ല്‍ ഒറ്റ സീറ്റ് പോലും നേടാനാവാത്ത ആര്‍ജെഡിയ്ക്ക് ഇക്കുറി തങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റ് വിട്ടുനല്‍കാന്‍ ജെഡിയു തയ്യാറല്ല. ജെഡിയുവിനൊപ്പം നിന്ന് ബിഹാറില്‍ 17 സീറ്റാണ് ബിജെപി പിടിച്ചെടുത്തത് കഴിഞ്ഞ തവണ. ബിജെപി തന്റെ പാര്‍ട്ടിയെ വിഴുങ്ങുമെന്ന് കണ്ടാണ് പിന്നാലെ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ടു പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത്.
പ്രശ്‌നങ്ങള്‍ ചര്‍ച്ചകളില്‍ ഉണ്ടായാലും വലിയ കടുംപിടുത്തങ്ങള്‍ക്ക് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ലാലുവും നിതീഷും തയ്യാറല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 16-16 ഫോര്‍മുലയില്‍ ബിഹാറിലെ പ്രശ്‌നങ്ങള്‍ ലാലുവും നിതീഷും ഒതുക്കി തീര്‍ത്ത് കോണ്‍ഗ്രസിനും വിജയ സീറ്റ് നല്‍കി മുന്നണിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള വിട്ടുവീഴ്ചാ ശ്രമത്തിന് ഇരുനേതാക്കളും സന്നദ്ധരാകുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന് വേണ്ടി ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ ലാലുപ്രസാദ് യാദവ് മുന്‍കൈ എടുത്തിട്ടുമുണ്ട്.
ബിജെപി കയ്യടക്കിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്താനുള്ള ശ്രമങ്ങളില്‍ കല്ലുകടി തുടക്കത്തിലുണ്ടായത് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 2500ല്‍ താഴെ വോട്ടുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് സീറ്റ് നേടാന്‍ കഴിയാതെ പോയത്. ഈ സീറ്റില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മല്‍സരത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷം ഉണ്ട്. ഇതേ സമയം യുപിയിലെ ഖോസിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രവര്‍ത്തിച്ചിരുന്നു. ഖോസിയില്‍ അഖിലേഷിന്റെ പാര്‍ട്ടി ജയിക്കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും മുന്നിട്ട് ഇറങ്ങുന്നുണ്ട്. എസ്പി- ആര്‍എല്‍ഡി- കോണ്‍ഗ്രസ് എന്നിവരാണ് യുപിയില്‍ ഇന്ത്യ മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍. 80 ലോക്‌സഭാ സീറ്റാണ് യുപിയില്‍ ഉള്ളത്. ഇതില്‍ തങ്ങള്‍ക്ക് ഇതുവരേയും ജയിക്കാനാവാത്ത 19 സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥിയെ ഇറക്കില്ലെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും യുപിയില്‍ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ കണ്ണുവെച്ചിട്ടുണ്ട്. പുതിയതായി നിയമിതനായ യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവട്ടെ 80 സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കണമെന്ന് തുടരെ തുടരെ പറയുന്നുമുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശില്‍ 12 സീറ്റെങ്കിലും വേണമെന്ന് ആര്‍എല്‍ഡിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജയന്ത് ചൗധരിയുടെ ജാട്ട് ബോട്ട് ബാങ്ക് പാര്‍ട്ടിക്ക് എത്ര സീറ്റുകള്‍ നല്‍കാന്‍ അഖിലേഷ് യാദവ് തയ്യാറാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
പശ്ചിമ ബംഗാള്‍ പിന്നെ പണ്ടേ മമതാ ബാനര്‍ജിയുടെ കോട്ടയാണ്. സഖ്യത്തില്‍ ഒപ്പമുണ്ടെങ്കിലും കോണ്‍ഗ്രസും – സിപിഎമ്മും ഒന്നിച്ചു നിന്നാണ് നിയമസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ടത്. 42 സീറ്റുള്ള പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒന്ന് അയഞ്ഞു നിന്നാലും സിപിഎമ്മിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നില്‍ക്കില്ല. സിപിഎമ്മിന്റെ സമീപനവും മമത ബാനര്‍ജിയോട് വിട്ടുവീഴ്ചയില്ലാത്തതാണ്.
കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പിഡിപിയും തമ്മിലുള്ള പോര് ഇന്ത്യ മുന്നണിയിലെത്തിയിട്ടും തുടരുകയാണ്. ഇന്ത്യാ ബ്ലോക്കിലെ അംഗങ്ങള്‍ ഇതിനകം കൈവശം വച്ചിരിക്കുന്ന സീറ്റുകളില്‍ അതായത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രാതിനിധ്യം ഉറപ്പാക്കിയ സീറ്റുകളില്‍ ഇനിയൊരു ചര്‍ച്ച വേണ്ട എന്നതാണ് ഒമര്‍ അബ്ദുള്ളയുടെ നിര്‍ദേശം. ബിജെപിയുടേയോ എന്‍ഡിഎയുടെയോ ഭാഗമായ പാര്‍ട്ടികളുടെ കൈവശമുള്ള സീറ്റുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ കൈവശം വച്ചിരിക്കുന്ന സീറ്റുകള്‍ ബെഞ്ചില്‍ ചര്‍ച്ചയ്ക്ക് വരാന്‍ പാടില്ല എന്നതുമാണ് അബ്ദുള്ള മുന്നോട്ട് വെച്ച നിര്‍ദേശം. ഈ നിര്‍ദേശം എന്തായാലും പിഡിപിയ്ക്കും കോണ്‍ഗ്രസിനും ഉലച്ചിലുണ്ടാക്കിയിട്ടുണ്ട് മറ്റെവിടെ ഇല്ലെങ്കിലും കാശ്മീര്‍ താഴ് വരയില്‍. കാരണം ഇവിടുള്ള മൂന്ന് ലോക്‌സഭാ സീറ്റും ഇപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കൈയ്യിലാണ്. അപ്പോള്‍ സ്വാഭാവികമായും മുഫ്തി ഉടക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പെര്‍ഫോമന്‍സ് അനുസരിച്ച് വേണം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും സീറ്റ് നിര്‍ണയമെന്നൊക്കെയാണ് ‘ഇന്ത്യ’യുടെ തീരുമാനമെങ്കിലും ഒരു ഏകീകരണത്തിലേക്ക് എത്താന്‍ മുന്നണിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇനി കേരളത്തിലാണെങ്കില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യമൊന്നും ഉണ്ടാവില്ലെന്ന് പണ്ടേയ്ക്ക് പണ്ടേ സിപിഎം നയം വ്യക്തമാക്കിയിട്ടുണ്ട്. ആകെ പാര്‍ട്ടിക്ക് ഭരണമുള്ള സംസ്ഥാനത്ത് ഒരുവിധത്തിലുള്ള ചങ്ങാത്തത്തിന് തയ്യാറല്ലെങ്കിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമെല്ലാം കോണ്‍ഗ്രസിനോടൊപ്പമുള്ള സഖ്യത്തില്‍ ഒട്ടിനില്‍ക്കാന്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. സംസ്ഥാന നേതൃത്വത്തന്റെ നിര്‍ബദ്ധ ബുദ്ധികാരണമാണ് ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേറ്റിംഗ് കമ്മിറ്റിയില്‍ നിന്ന് പോലും സിപിഎം വിട്ടുനിന്നത്. എന്തായാലും കേരളത്തില്‍ 20 സീറ്റില്‍ 19ഉം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു എന്നിരിക്കെ സിപിഎം ചങ്ങാത്തത്തിന് കോണ്‍ഗ്രസിനും വലിയ താല്‍പര്യം ഇല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മുന്നണിയെന്ന നിലയില്‍ കേരളത്തിലൊരു സഖ്യ പോരാട്ടത്തിന് സാധ്യതയില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും തീരുമാനിച്ചുറച്ചത് പോലാണ് കാര്യങ്ങള്‍.
Read more
ഒക്ടോബറില്‍ സീറ്റ് ഷെയറിംഗില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണി വ്യക്തമാക്കുന്നത്. പരാതിയും പ്രശ്‌നങ്ങളുമെല്ലാം ഉയരുന്നുണ്ടെങ്കിലും എല്ലാത്തിലും പരിഹാരം കണ്ട് ഇന്ത്യ മുന്നണി മുന്നോട്ട് പോകുമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറയുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പന് മുന്നേ നടക്കുന്ന മധ്യപ്രദേശ്- രാജസ്ഥാന്‍ അടക്കം നാല് സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ ഭിന്നതകള്‍ക്കപ്പുറം ഇന്ത്യ മുന്നണി കരുത്ത് തെളിയിക്കുമെന്നും പവാര്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഫലം നിര്‍ണായകമാണെന്നിരിക്കെ ഇന്ത്യ മുന്നണിയുടെ വിലയിരുത്തല്‍ കൂടെയാകും വര്‍ഷാന്ത്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍. പൊതു തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ വീഴുമോ കിതയ്ക്കുമോ പോരാടി ജയിക്കുമോ എന്നതിന്റെ ട്രെന്റാകും ഈ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുക.