Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

INTERVIEW

എം.എം മണിക്ക് ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയില്ല, ഉദ്യോഗസ്ഥർക്ക് റാൻ മൂളുന്ന മന്ത്രി എന്തിന് ? വി.ഡി സതീശൻ

, 12:27 pm

റിനി ആൻ ജോർജ്

 

ഡാം മാനേജ്മെന്റിന്റെ എബിസിഡി പോലും അറിയാത്ത വൈദ്യുതി മന്ത്രി എം. എം മണിയുടെ കഴിവുകേടാണ് പ്രളയ ദുരന്തം അതിരൂക്ഷമാക്കിയതെന്ന് വി . ഡി സതീശൻ എം എൽ എ. ഉദ്യോഗസ്ഥർ പറഞ്ഞ കാര്യങ്ങൾക്ക് റാൻ മൂളുക മാത്രമാണ് മണി ചെയ്തത്. ഉദ്യോഗസ്ഥർ അറിയിക്കുന്ന കാര്യങ്ങൾ വിചിന്തനം ചെയ്ത് നടപ്പാക്കുകയാണ് മന്ത്രിമാരുടെ ഉത്തരവാദിത്വം. അല്ലാത്ത പക്ഷം മന്ത്രിമാരുടെ ആവശ്യം എന്താണ് ? കുറെ ഉദ്യോഗസ്ഥന്മാർ ചേർന്ന് ഭരണം നടത്തിയാൽ മതിയല്ലോ. ഇടുക്കി ഡാം തുറക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥന്മാർ പറയുന്നത് അതേപടി അനുസരിക്കുകയാണ് മന്ത്രി ചെയ്തത്. അതാണ് പ്രളയം ഒരു മനുഷ്യനിർമ്മിത ദുരന്തമാണെന്ന് നിയമസഭയിൽ വിശദീകരിച്ചതെന്നും സൗത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിൽ സതീശൻ പറഞ്ഞു.

കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തെ ഒരു പ്രകൃതി ദുരന്തമായി കാണാൻ സാധിക്കില്ല. ഇത് തികച്ചും ഒരു ‘മാൻ മേഡ് ഡിസാസ്റ്റർ’ തന്നെയാണെന്നും പറയുന്ന വി ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് മുന്നോട്ടു വെക്കുന്നത്. ഡാം തുറക്കുന്ന കാര്യത്തിൽ സ്റ്റാൻഡേർഡ് പ്രൊസിജർ പോലും പാലിക്കാതെ വരുത്തി വെച്ച ദുരന്തത്തെ ഉദ്യോഗസ്ഥർക്കു വേണ്ടി ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വികസിത രാജ്യങ്ങൾക്ക് പോലും വിദഗ്ധ ഉപദേശം നൽകുന്ന ഡാം എൻജിനിയർമാർ ഉള്ളതും ലോകത്ത് ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ളതുമായ രാജ്യമാണ് ഇന്ത്യ. എന്നിട്ടും അത്തരത്തിലുള്ള ഏജൻസികളുടെ വിദഗ്ധ ഉപദേശം തേടാനുള്ള ഒരു ശ്രമവും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

വൈദ്യുതി ബോർഡ് ചെയർമാനോ, ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കോ ഡാം മാനേജ്മെന്റിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ഇങ്ങിനെ ഉള്ള ആളുകൾ ചേർന്നാണ് ഈ വെള്ളപ്പൊക്കത്തെ ഒരു മഹാ ദുരന്തമാക്കി മാറ്റിയത്. വെള്ളം ഒഴുക്കിയത് വേലിയേറ്റ സമയത്ത് ആകാതിരിക്കാനുള്ള ഒരു സാമാന്യ ബോധം പോലും ഇവർക്ക് ഉണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തിയ കാര്യമാണെന്ന് സതീശൻ പറഞ്ഞു. ജൂൺ മാസത്തിലെ കാലാവസ്ഥ പ്രവചനവും ഓഗസ്റ്റിൽ എട്ടു മുതൽ പതിനെട്ടു വരെ അതി തീവ്രമഴ എന്ന ഇന്ത്യൻ മീറ്റിരിയോളജിക്കൽ ഡിപ്പാർട്മെന്റിന്റെ പ്രവചനത്തെയും തള്ളിക്കളഞ്ഞ സർക്കാർ അപ്പോൾ തന്നെ കുറേശെ ആയി വെള്ളം ഒഴുക്കി വിട്ടിരുന്നു എങ്കിൽ ദുരന്തത്തിന്റെ തീവ്രത പരമാവധി കുറയ്ക്കാൻ കഴിയുമായിരുന്നു. ഇടുക്കി ഡാം 2397 അടി ആകുമ്പോൾ ട്രയൽ റൺ നടത്തും എന്ന് എം എം മണി അറിയിച്ചു. എന്നാൽ വെള്ളം തുറന്ന് വിടില്ല എന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസും വ്യക്തമാക്കി. 2400 അടി കടക്കുന്നത് വരെ നോക്കി നിന്നു . നാൽപതു കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാൻ വേണ്ടിയുള്ള ഇലക്ട്രിസിറ്റി ബോർഡിന്റെ ഈ നടപടി കോടാനുകോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് വരുത്തിവെച്ചത്.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടു വേണ്ടത്ര മുന്നറിയിപ്പും ജനങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. തന്മൂലം ജനങ്ങളുടെ ജീവനും വിലപ്പെട്ട വസ്തുക്കൾക്കും ഹാനി വരാതെ മാറ്റിപാർപ്പിക്കാൻ സാധിച്ചില്ല . ചെങ്ങന്നൂരിൽ അടക്കം ജനങ്ങൾ ഉറങ്ങി കിടക്കുമ്പോൾ ആണ് വെള്ളം കയറിയത്. ബാണാസുരസാഗറിലും പമ്പയാറിലും തികഞ്ഞ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക് പേജിൽ ‘ജനങ്ങൾ ജാഗ്രത പാലിക്കണം, വെള്ളത്തിൽ ഇറങ്ങരുത് ഹൈറേഞ്ചിലേക്കു യാത്ര ചെയ്യരുത്’ തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് പരാമർശിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ തലയ്ക്കു മീതെ വെള്ളം ഇരച്ചു കയറുന്ന ഒരവസ്ഥയാണ് നാം കണ്ടത് . ഒരു മീറ്റർ വെള്ളം ഉയരും എന്ന് അറിയിച്ചിരുന്നിടത്തു ആറു മീറ്റർ ആണ് ജലം ഉയർന്നത്. ഓഗസ്റ്റ് പതിനഞ്ചു രാത്രിയാണ് വലിയ തോതിൽ ജലം ഉയർന്നത് എന്നാൽ ഓഗസ്റ്റ് പതിനാലു മുതൽ ശക്തമായ മഴ ആരംഭിച്ചിരുന്നു . ജനങ്ങളെ മാറ്റിപാർപ്പിക്കാൻ മുപ്പത്താറ് മണിക്കൂർ സമയം ഉണ്ടായിരുന്നു. ദുരന്ത നിവാരണ അതോറിറ്റിയും കാര്യക്ഷമമായി പ്രവർത്തിച്ചില്ല, സതീശൻ കുറ്റപ്പെടുത്തുന്നു.

സെൻട്രൽ വാട്ടർ കമ്മീഷന്റെ [ സി ഡബ്ള്യു സി] റിപ്പോർട്ടാണ് സർക്കാർ ന്യായീകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത്. ഡാമുകൾ മൂലം അല്ല,  അതി തീവ്ര മഴ മാത്രമാണ് കേരളത്തിൽ ദുരന്തം വിതച്ചത് എന്ന വാദഗതി തികച്ചും തെറ്റാണ് . ഇത് യഥാർത്ഥത്തിൽ തമിഴ് നാടിനെ പിന്തുണയ്ക്കുന്ന നടപടിയാണ്. മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിന് എതിരെ വിധി ഉണ്ടായത് സി ഡബ്ള്യു സിയുടെ ഇത്തരം നിലപാടുകൾ മൂലമാണ്. ഡാമുകൾ തുറന്നത് മൂലം അല്ല പ്രളയം ഉണ്ടായത് എന്ന റിപ്പോർട്ട് മുല്ലപെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ നടുവൊടിക്കുന്ന തരത്തിൽ ഉള്ളതാണ്. 139 അടി ആയി ജലനിരപ്പ് നിലനിർത്താൻ സുപ്രീംകോടതി താത്കാലിക ഉത്തരവ് നൽകിയതിനെ അട്ടിമറിക്കാനുള്ള തമിഴ്നാടിൻറെ ശ്രമത്തിനെ അനുകൂലിക്കുന്ന തരത്തിലായി തീരുകയാണ് സർക്കാരിന്റെ നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടുക്കി, മുല്ലപ്പെരിയാർ, ഇടമലയാർ ഡാമുകളിൽ നിന്ന് ഒന്നിച്ചു വെള്ളം എത്തിയപ്പോൾ ആണ് ആലുവ, പറവൂർ അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിലായത്. ഡാം ഇല്ലാത്ത പ്രദേശങ്ങളിൽ പുഴകൾ കരകവിയുക മാത്രമാണ് ഉണ്ടായത്.  എന്നാൽ ഡാമിലെ വെള്ളം വന്ന പ്രദേശങ്ങൾ വലിയ പ്രതിസന്ധിയിലായി. റെസ്ക്യൂ ഓപ്പറേഷൻ  പൂർണ പരാജയമായിരുന്നു എന്നും സതീശൻ പറഞ്ഞു. യഥാർത്ഥത്തിൽ വടക്കൻ പറവൂരിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ കൊണ്ടു വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നാം ദിവസമാണ് ആർമി എത്തിയത്. നേവിയുടെ ഒരു ചെറിയ ടീം ആണ് എത്തിയത്. നാലാം ദിവസം തന്റെ ശ്രമഫലമായി ഡെറാഡൂണിൽ നിന്ന് റാഫ്റ്റ് കൊണ്ട് വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . പിന്നീടാണ് പല സർക്കാർ സംവിധാനങ്ങളും എത്തിയത്. അപ്പോഴേക്കും വെള്ളം താഴ്ന്നതു മൂലം ജനങ്ങൾ തന്നെ ഇറങ്ങി പോരുകയായിരുന്നു. ഇവിടെ 200 പോലീസുകാർ ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത് . എന്നാൽ  വെറും ഏഴ് പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിൽ കുറച്ചു ഭക്ഷണ സാധങ്ങൾ എത്തിച്ചു കൊടുത്തു എന്നല്ലാതെ കാര്യമായ രക്ഷാപ്രവർത്തനം ഒന്നും തന്നെ പറവൂരിൽ നടന്നിട്ടില്ല.

കേരളത്തെ പുതിയ രീതിയിൽ പുനർനിർമ്മിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.  അതിന്റെ ഭാഗമായി ‘റീബിൽഡ് പറവൂർ’ എന്ന പദ്ധതിയാണ് പറവൂരിൽ ആവിഷ്കരിക്കുന്നത്. വിവിധ പദ്ധതികളിലൂടെ പഞ്ചായത്തുകൾ വഴി അത് നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement