ഒരു പെണ്‍വിപ്ലവത്തെ തെരുവില്‍ തച്ചുകൊന്ന് നിയമമാക്കുന്ന ഇറാന്‍

ഇറാനിലെ മതഭരണകൂടത്തിന്റെ ഏകാധിപത്യ രീതികള്‍ക്കെതിരെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ഉയര്‍ത്തെഴുന്നേറ്റതിന് കാരണമായ സംഭവമുണ്ടായത് ഒരു സെപ്തംബര്‍ 16ന് ആണ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതേ സെപ്തംബറില്‍ ആ മത ഏതാധിപത്യ ഭരണകൂടം ഇറാന്റെ തെരുവികളില്‍ കത്തിപ്പടര്‍ന്ന ഒരു ചുവന്ന വിപ്ലവത്തെ ശവപ്പെട്ടിയിലാക്കി ആണിയടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. തല മറച്ചില്ലെന്ന കുറ്റത്തിന് ഇറാന്റെ സദാചാര പൊലീസ് തച്ചുകൊന്ന മഹ്‌സാ അമിനിയെന്ന 22കാരി പെണ്‍കുട്ടിയ്ക്ക് വേണ്ടി തെരുവിലിറങ്ങിയവരെ കൊന്നും പരസ്യമായി വിചാരണ ചെയ്ത് ഭയം പടര്‍ത്തിയും അടിച്ചമര്‍ത്താന്‍ നോക്കിയ ഭരണകൂടം പാര്‍ലമെന്റിലൂടെ ആ കൃത്യം നിയമമാക്കിയെടുക്കുകയാണ്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാന്‍ തെരുവില്‍ ഒന്നിച്ചിറങ്ങിയ ഒരു കൂട്ടം ആളുകളും ഹിജാബും കറുത്ത വസ്ത്രവും കത്തിച്ചെറിഞ്ഞ പെണ്ണുങ്ങളും അടിച്ചമര്‍ത്തി മാത്രം ശീലിച്ച മതഭരണകൂടത്തെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. പൊലീസിനേയും സൈന്യത്തേയും ഉപയോഗിച്ച് തെരുവില്‍ കൂട്ടക്കുരുതി നടത്തിയിട്ടും ഒരു പ്രക്ഷോഭത്തിന്റെ കനലിനിയും ബാക്കിയുണ്ടെന്ന് കണ്ട് ഹിജാബ് വിഷയം നിയമം മൂലം കര്‍ശനമാക്കി മനുഷ്യാവകാശ ലംഘനം നടത്തുകയാണ് ഇറാനിയന്‍ ഭരണ കൂടം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയ സ്ത്രീകളേയും പുരുഷന്മാരേയും നോക്കുകുത്തികളാക്കി ഹിജാബ് നിര്‍ബന്ധമാക്കുകയാണ് നിയമം മൂലം ഇറാന്‍ ഭരണകൂടം.

ലോകരാഷ്ട്രങ്ങളില്‍ പലതും മനുഷ്യാവകാശ ലംഘനത്തിനെതിരെ രംഗത്ത് വരുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇറാനിലെ മതഭരണകൂടം. ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ഹിജാബ്- പരിശുദ്ധി ബില്ല് ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തേയും അവകാശങ്ങളേയുമാണ്. രാജ്യത്തിന്റെ നിര്‍ബന്ധിത വസ്ത്രധാരണ ചട്ടങ്ങളെ മറികടന്നാല്‍ 10 വര്‍ഷം വരെ കഠിന തടവ് ഉണ്ടാകുമെന്നാണ് പുതിയ നിയമത്തിലുള്ളത്. ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണമെന്നത് ഹിജാബ് -പരിശുദ്ധി ബില്ലിലൂടെ നിര്‍ബന്ധിതമാക്കുകയാണ് ഇറാന്‍. ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങള്‍ കാണുന്ന വസ്ത്രം എന്നിവയൊന്നും സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലെന്ന് ബില്ലില്‍ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങള്‍ കാണുന്ന വസ്ത്രം ധരിക്കരുതെന്നും ബില്ലിലുണ്ട്.

പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും കൂടുതല്‍ കടുത്ത ശിക്ഷയാണ് ബില്ല് ഉറപ്പാക്കുന്നത്. ഹിജാബ് ധരിക്കാത്തവര്‍, അങ്ങനെയുള്ളവരെ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, അവരെ അനുകൂലിക്കുന്ന സംഘടനകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 10 വര്‍ഷംവരെ കഠിന തടവ് ലഭിക്കാമെന്ന വ്യവസ്ഥയുണ്ട്. സമൂഹമാധ്യമങ്ങളിലൂടേയോ മറ്റ് മാധ്യമങ്ങളിലൂടേയോ നഗ്‌നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബിനെ പരിഹസിക്കുന്നവര്‍ക്കും ശിക്ഷ ബാധകമാണെന്ന് ഈ സദാചാര ബില്ലില്‍ പറയുന്നു. വനിതാ ഡ്രൈവര്‍മാരുള്ള വാഹനങ്ങളില്‍ അവരോ മറ്റ് യാത്രക്കാരോ നിര്‍ബന്ധിത ചട്ടത്തിനനുസരിച്ച് വസ്ത്രം ധരിച്ചില്ലെങ്കില്‍ വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്താമെന്നതടക്കം നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. സംഘടിതമായ രീതിയിലോ വിദേശ സര്‍ക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന ആരെയും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നങ്ങനെ പോകുന്നു ഇറാനിലെ ഹിജാബ് – പരിശുദ്ധി ബില്ല്.

ബുധനാഴ്ച ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ഹിജാബ് ബില്ലിനെ അനുകൂലിച്ച് 152 പേര്‍ വോട്ട് ചെയ്തു. 34 പേര്‍ എതിരായി വോട്ട് ചെയ്യുകയും 7 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് ബില്ല് പാസാക്കിയതിന് പിന്നാലെ ഇത് നിയമമാക്കാനായി ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ മുന്നിലേക്ക് അയച്ചിരിക്കുകയാണ്. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേല്‍നോട്ട സമിതിയായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ ബില്ലിന് അംഗീകാരം നല്‍കുന്നതോടെ ഇത് നിയമമാകും.

മഹ്‌സാ അമിനിയെ ഇറാനിയന്‍ മതകാര്യ പൊലീസ് കൊന്നതിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനങ്ങള്‍ പോലും തടഞ്ഞതിന് ശേഷമാണ് ഇറാനിയന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയെടുത്തത്. മഹ്‌സ അമിനിയുടെ പിതാവ് അംജദ് അമിനിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു ഇറാനിയന്‍ സുരക്ഷാ സേന. നിയമവിരുദ്ധ പ്രകടനങ്ങള്‍ നടത്തിയ വിപ്ലവകാരികളേയും ഭീകരവാദികളേയും അറസ്റ്റു ചെയ്തുവെന്ന തരത്തിലാണ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് മീഡിയകളില്‍ വന്ന വാര്‍ത്തകള്‍.

മഹ്‌സാ അമിനിയെന്ന തീപ്പൊരി ഇറാന്റെ മനസില്‍ കത്തിയെരിഞ്ഞത് 2022ലെ സെപ്തംബറിലാണ്. ഇറാനിയന്‍ സദാചാര പൊലീസ് ഗഷ്ത്-ഇ-ഇര്‍ഷാദ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന കുര്‍ദിഷ് യുവതി 2022 സെപ്തംബര്‍ 16 ന് ആയിരുന്നു കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മതാചാര പ്രകാരം നിര്‍ബന്ധമാക്കിയ ഹിജാബ് ധരിച്ചിരുന്നില്ല എന്ന ‘കുറ്റം’ ചുമത്തി സെപ്തംബര്‍ 13ന് ആയിരുന്നു മഹ്സയെ ഇറാനിയന്‍ ഭരണകൂടത്തിന്റെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂര മര്‍ദ്ദനത്തിനിടെ ബോധം പോയ മഹ്‌സയെ ടെഹ്റാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും അവള്‍ കോമയിലായിരുന്നു. മഹ്സ മരിച്ചതിന് പിന്നാലെ ഇറാന്‍ കണ്ടത് ഒരു പുതിയ പെണ്‍ വിപ്ലവമായിരുന്നു. തെരുവില്‍ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി മതഭരണകൂടത്തിനെതിരെ അണിനിരന്നു. ഒപ്പം മഹ്‌സയ്്ക്കായി ലോകം മുഴുവന്‍ മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇറാന്റെ തെരുവില്‍ ഹിജാബുകളും വസ്ത്രങ്ങളും എരിക്കപ്പെട്ടു. തലയില്‍ നിന്ന് ഹിജാബ് വലിച്ചെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി.

മഹ്‌സയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഭരണകൂടം സൈന്യത്തെ ഇറക്കി. 500ല്‍ അധികം പേരെ സൈന്യം തെരുവില്‍ കൊന്നൊടുക്കി. സ്ത്രീകളും കുട്ടികളുമെല്ലാം ഭരണകൂടം കൊന്നൊടുക്കിയവരില്‍ ഉണ്ട്. 10,000ല്‍ അധികം പേര്‍ തടവിലാക്കപ്പെട്ടു. പരസ്യമായി പ്രക്ഷോഭകാരികളെ കൊന്ന് ജനങ്ങളെ ഭയപ്പെടുത്താനും ഭരണകൂടം മടിച്ചില്ല. 7 പേരെയാണ് തൂക്കിലേറ്റിയത്. ഒരു വര്‍ഷത്തിലധികം നീണ്ട ആ പോരാട്ടങ്ങളെ ഒറ്റയടിക്ക് മര്‍ക്കട മുഷ്ടി ഉപയോഗിച്ച് റദ്ദ് ചെയ്യുകയാണ് ഹിജാബ് ബില്ലിലൂടെ ഇറാനിലെ മതഭരണകൂടം.

ഹിജാബ് ബില്‍ ഒരു തരത്തിലുള്ള (ജെന്‍ഡര്‍ അപ്പാര്‍തീഡ് അഥവാ ലിംഗ വര്‍ണ്ണവിവേചനമാണെന്ന് യുഎന്‍ വിദഗ്ധര്‍ നേരത്തെ തന്നെ വിമര്‍ശിച്ചതാണ്. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എന്നിവയ്‌ക്കെല്ലാം എതിരാണ് ഹിജാബ് നിയമം എന്നായിരുന്നു യുഎന്‍ അടക്കം വിമര്‍ശിച്ചത്. മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു അമേരിക്കയും യൂറോപ്യന്‍ യൂണിയനും. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ ജനങ്ങള്‍ക്കൊപ്പമാണ് അമേരിക്കയെന്ന് പ്രസിഡന്റെ ജോ ബൈഡന്‍ പറയുകയും ഇറാനിലെ ഭരണകൂടത്തെ ‘ഇറാനിലെ അത്യന്തം ഹീനമായി മനുഷ്യാവകാശ ദുര്‍വിനിയോഗം ചെയ്യുന്നവരെന്ന് വിളിക്കുകയും ചെയ്തിരുന്നു.

ലോകരാഷ്ട്രങ്ങളില്‍ നിന്നടക്കം പ്രതിഷേധവും വിമര്‍ശനവും ഉയരുമ്പോഴും സ്വന്തം ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രക്ഷോഭം ഉയരുമ്പോഴും മനുഷ്യാവകാശത്തെ ലംഘിച്ച് അതിന് നിയമം മൂലം ഉറപ്പ് നല്‍കുകയാണ് ഇറാനിലെ മതാധിപത്യ ഭരണകൂടം.

Latest Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ